നിങ്ങൾക്കത് സാധിക്കും.
പ്രോത്സാഹനം പ്രാണവായു പോലെയാണ് - അതില്ലാതെ നമുക്ക് ജീവിക്കാനാകില്ല. കുത്രലീശ്വരൻ എന്ന പേരിൽ പ്രസിദ്ധനായ പതിമൂന്നുകാരൻ കുത്രൽ രമേഷിന്റെ കാര്യത്തിൽ ഇത് തികച്ചും ശരിയാണ്. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ നീന്തൽക്കാരൻ എന്ന റെക്കോർഡ് ഈ ബാലന്റെ പേരിലാണ്. ഒരു വേനൽക്കാല നീന്തൽ ക്യാമ്പിൽ വെച്ച് കെ.എസ്.ഇളങ്കോവൻ എന്ന കോച്ച് അവന്റെ പ്രതിഭ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നില്ലായിരുന്നെങ്കിൽ ഇത് സാധ്യമാകുകയില്ലായിരുന്നു. തണുത്ത, പ്രക്ഷുബ്ധമായ ഇംഗ്ലീഷ് ചാനലിൽ ഈ വലിയ നേട്ടത്തിനായുള്ള പരിശീലനം നടത്തുമ്പോൾ പലരും ഇന്ത്യയിലേക്ക് തിരിച്ചു പോകാൻ ആവശ്യപ്പെട്ട് അവനെ നിരുത്സാഹപ്പെടുത്തി. എന്നാൽ കോച്ചിന്റെയും തന്റെ പിതാവിന്റെയും പ്രോത്സാഹനം തനിക്ക് ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള മതിയായ പ്രചോദനമായിരുന്നു.
പീഡനത്തിന്റെ തണുത്ത, പ്രക്ഷുബ്ധമായ തിരമാലകൾ, പിന്മാറിപ്പോകാൻ യേശുവിൽ വിശ്വസിക്കുന്നവരെ പ്രേരിപ്പിച്ചു എങ്കിലും, വിശ്വാസയാത്ര തുടരുവാൻ പൗലോസും ബർണബാസും അവരെ പ്രോത്സാഹിപ്പിച്ചു. ദെർബെയിൽ സുവിശേഷം പ്രസംഗിച്ചതിനു ശേഷം അപ്പസ്തോലന്മാർ, "ലൂസ്ത്ര, ഇക്കോന്യ,അന്തോക്യ എന്നീ പട്ടണങ്ങളിലേക്ക് മടങ്ങിച്ചെന്നു, വിശ്വാസത്തിൽ നിലനില്ക്കേണം... എന്നും പ്രബോധിപ്പിച്ച് ശിഷ്യന്മാരുടെ മനസ്സ് ഉറപ്പിച്ച് പോന്നു" (അപ്പൊ. പ്രവൃത്തി 14:21, 22). യേശുവിലുള്ള വിശ്വാസത്തിൽ ഉറച്ച് നിലക്കുവാൻ അവർ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. പ്രതിസന്ധികൾ അവരെ തളർത്തി, എങ്കിലും ആശ്വാസത്തിന്റെ വാക്കുകൾ ക്രിസ്തുവിനായി ജീവിക്കാനുള്ള അവരുടെ നിശ്ചയത്തെ ദൃഢപ്പെടുത്തി. ദൈവശക്തിയാൽ മുമ്പോട്ട് പോകാമെന്ന് അവർ തിരിച്ചറിഞ്ഞു. കൂടാതെ, അവർ "അനേകം കഷ്ടങ്ങളിൽ കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു" (വാ.22) എന്ന കാര്യം ഗ്രഹിക്കുവാൻ പൗലോസും ബർണബാസും അവരെ സഹായിച്ചു.
യേശുവിനു വേണ്ടി ജീവിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്; കഠിനമായ "നീന്തൽ" ആണ്. പലപ്പോഴും പിന്മാറുവാൻ തോന്നും. ഭാഗ്യവശാൽ കർത്താവും സഹവിശ്വാസികളും മുന്നോട്ടു പോകാനുള്ള പ്രോത്സാഹനം നമുക്ക് നല്കുന്നു. അതുകൊണ്ട് നമുക്കത് സാധിക്കും.
പരിജ്ഞാനവും വിവേകവും
1373-ൽ 30 വയസ്സുള്ളപ്പോൾ നോർവിച്ചിലെ ജൂലിയന് മരണകരമായ രോഗം പിടിപെട്ടു. സഭാശുശ്രൂക്ഷകൻ അവൾക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ അവൾ നിരവധി ദർശനങ്ങൾ കണ്ടു; അതിൽ ക്രൂശിനായ ക്രിസ്തുവിനെ ദർശിച്ചത് അവൾ പ്രത്യേകം ഓർത്തു. അത്ഭുതകരമായി രോഗസൗഖ്യം പ്രാപിച്ച അവൾ പിന്നീടുള്ള 20 വർഷക്കാലം പള്ളിയുടെ ഒരു ചെറിയ മുറിയിൽ ഈ ദർശനം ഓർത്ത് പ്രാർത്ഥിച്ചുകൊണ്ട് ഏകാന്തതയിൽ കഴിഞ്ഞു. അവൾ പറഞ്ഞത് "സ്നേഹം മാത്രമായിരുന്നു അവന്റെ ഉദ്ദേശ്യം" എന്നാണ്. അതായത്, ക്രിസ്തുവിന്റെ ക്രൂശുമരണം ദൈവസ്നേഹത്തിന്റെ ഉത്തുംഗമായ പ്രദർശനമായിരുന്നു എന്ന്.
ജൂലിയന്റെ വെളിപ്പാടുകൾ പ്രസിദ്ധമാണ്. എന്നാൽ ദൈവം ഈ കാര്യങ്ങൾ അവൾക്ക് വെളിപ്പെടുത്തിക്കൊടുത്തതിന്റെ പിന്നിൽ അവൾ പ്രാർത്ഥനാപൂർവം ചെലവിട്ട സമയവും അദ്ധ്വാനവും പക്ഷേ ആളുകൾ കാണുന്നില്ല. ഈ രണ്ട് ദശാബ്ദങ്ങളിലും കർത്താവിന്റെ സാന്നിദ്ധ്യത്തിന്റെ അനുഭവം വ്യക്തമായി ഗ്രഹിക്കുന്നതിനുള്ള ദൈവികജ്ഞാനവും സഹായവും തേടുകയായിരുന്നു അവൾ.
ജൂലിയനോട് ചെയ്തത് പോലെ ദൈവം തന്റെ ജനത്തിനും തന്നെത്തന്നെ വെളിപ്പെടുത്താൻ കൃപ ചെയ്യുന്നു; അത് ബൈബിളിലെ വചനങ്ങളിലൂടെയാകാം, തന്റെ മന്ദസ്വരത്തിലൂടെയാകാം, ഒരു പാട്ടിലൂടെയാകാം, അല്ലെങ്കിൽ തന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ഒരു അവബോധം നല്കിക്കൊണ്ടുമാകാം. അങ്ങനെ നമുക്ക് ദൈവത്തിന്റെ ജ്ഞാനവും സഹായവും പ്രാപിക്കാനാകും. ഈ ജ്ഞാനമാണ് ശലേമോൻ തന്റെ മകനോട് പ്രാപിക്കുവാൻ പറഞ്ഞത്; ചെവി പരിജ്ഞാനത്തിനും ഹൃദയം വിവേകത്തിനും തിരിക്കുക എന്ന് ആഹ്വാനം ചെയ്തത് (സദൃശ്യവാക്യങ്ങൾ 2:2). അപ്പോൾ അവൻ "ദൈവപരിജ്ഞാനം കണ്ടെത്തും" (വാ. 5).
ദൈവം നമുക്ക് വിവേചന ബുദ്ധിയും വിവേകവും നല്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അവിടുത്തെ വഴികളെയും സ്വഭാവത്തെയും കുറിച്ചുള്ള അറിവ് കൂടുതലായി പ്രാപിക്കുന്തോറും നമുക്ക് ദൈവത്തെ ആഴമായി അറിഞ്ഞ് ആദരിക്കുവാൻ സാധിക്കും.
ഔദാര്യം
വ ല്ലാതെ സ്വയ കേന്ദ്രീകൃതമായി മാറിയിരിക്കുന്ന ഇന്നത്തെ ലോകത്തിൽ ഔദാര്യം എന്നത് അപൂർവമായി മാത്രം നാം ചിന്തിക്കുന്നതും അതിലും കുറച്ച് മാത്രം പ്രകടിപ്പിക്കുന്നതുമായ കാര്യമായിരിക്കുന്നു. വിശ്വാസികൾക്കും സ്വന്തകാര്യങ്ങളിൽ മുഴുകി മറ്റുള്ളവരെ പരിഗണിക്കാതിരിക്കാൻ സാധ്യതയുണ്ട്. തത്ഫലമായി, ഔദാര്യശീലം എന്നത് യേശുവിനോടുള്ള നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനഭാവവും രക്ഷയുടെ അവിഭാജ്യ ഘടകവുമാണെന്നത് നാം മറന്നു പോകുന്നു. സുവിശേഷ പ്രവർത്തനവും സാമൂഹ്യ പ്രവർത്തനവും പോലും ദൈവം നമ്മിൽ സാധ്യമാക്കുന്ന രൂപാന്തരത്തിന്റെ ഫലമായി നമ്മുടെ ഉള്ളിൽ നിന്നും ഉത്ഭൂതമാകുന്ന മഹാമനസ്കതയിൽ നിന്നല്ലാതെ, മഹാനിയോഗത്തോടുള്ള സ്വയ കേന്ദ്രീകൃതമായ പ്രതികരണം മാത്രമായിത്തീരാം.
പ്രത്യേകമായി സഭക്കകത്തും ദൈവജനത്തിന്റെയിടയിലും, നാം…
ഇതിലും വലിയ സ്നേഹമില്ല
ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ എഴുപത്തിയൊൻപതാം വാർഷികം രാജ്യം 2021-ൽ ആഘോഷിച്ചപ്പോൾ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമരസേനാനികളെ നാം ആദരിക്കുകയായിരുന്നു. 1944 ഓഗസ്റ്റ് 8-ന്, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് ആരംഭം കുറിച്ചു കൊണ്ട്, ഗാന്ധി തന്റെ പ്രസിദ്ധമായ "പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക" എന്ന പ്രസംഗം നടത്തി. "നാം ഒന്നുകിൽ ഇന്ത്യയെ സ്വതന്ത്രയാക്കും, അല്ലെങ്കിൽ അതിനായുള്ള പരിശ്രമത്തിൽ ജീവൻ വെടിയും; നമ്മുടെ അടിമത്തം ശാശ്വതമാകുന്നത് കാണാൻ വേണ്ടി നാം ജീവിക്കുകയില്ല."
തിന്മയെ പ്രതിരോധിക്കുവാനും അടിച്ചമർത്തപ്പെട്ടവരെ മോചിപ്പിക്കുവാനും സ്വന്തജീവനെ ഹോമിക്കുവാൻ തയ്യാറുള്ളവർ യേശുവിന്റെ ഈ വാക്കുകളെ ഓർമ്മിപ്പിക്കുന്നു: "സ്നേഹിതന്മാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല" (യോഹന്നാൻ 15:13). അന്യോന്യം സ്നേഹിക്കുന്നതിനെപ്പറ്റി ശിഷ്യന്മാരെ പഠിപ്പിക്കുന്നതിനിടയിലാണ് ക്രിസ്തു ഇത് പറയുന്നത്. ഇപ്രകാരമുള്ള സ്നേഹത്തിന്റെ വിലയും ആഴവും അവർ അറിയണമെന്ന് അവൻ ആഗ്രഹിച്ചു - ഒരാൾ മറ്റൊരാൾക്കു വേണ്ടി സ്വമനസ്സാ തന്റെ ജീവൻ ത്യജിക്കുന്ന സ്നേഹം! മറ്റുള്ളവരെ ത്യാഗപൂർവ്വം സ്നേഹിക്കുക എന്നതാണ് "അന്യോന്യം സ്നേഹിക്കുക" (വാ.17) എന്ന യേശുവിന്റെ കല്പനയുടെ അന്തസത്ത.
ചിലപ്പോൾ കുടുംബത്തിലെ പ്രായമായ ഒരാളുടെ ആവശ്യങ്ങളിൽ സഹായിക്കുന്നതാകാം ഈ ത്യാഗപൂർവ്വമായ സ്നേഹത്തിന്റെ പ്രകടനം. സ്കൂളിലെ തിരക്കുകളുടെയിടയിലും വീട്ടിലെ ജോലികളിൽ സഹായിക്കുന്നതുമാകാം. സുഖമില്ലാത്ത കുഞ്ഞിന്റെ പരിചരണം ഏറ്റെടുത്ത് ജീവിത പങ്കാളിയെ വിശ്രമിക്കുവാൻ അനുവദിക്കുന്നതുമാകാം. ഇങ്ങനെ ത്യാഗപൂർവ്വം പ്രവർത്തിക്കുന്നതാണ് സ്നേഹത്തിന്റെ മഹത്തായ പ്രകടനം.
അവൻ എന്റെ ഉള്ളത്തെ അറിയുന്നു
ഒരു ഷോപ്പിങ്ങ് മാളിൽ മുമ്പിലുള്ളയാൾ പണമടച്ച് മാറിയപ്പോൾ ഞാൻ കാഷ് കൗണ്ടറിനടുത്തേക്ക് നീങ്ങി നിന്നു. പെട്ടെന്ന്, ഒരാൾ ദേഷ്യത്തോടെ എന്നോടിടപെട്ടു. അവർ എനിക്കു മുമ്പേ അവിടെയുണ്ടായിരുന്നു എന്നത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. എന്റെ തെറ്റ് തിരിച്ചറിഞ്ഞപ്പോൾ ഞാൻ ആത്മാർത്ഥമായി സോറി പറഞ്ഞു. പക്ഷെ അവരത് മുഖവിലക്കെടുത്തില്ല.
ഇതു പോലുള്ള സന്ദർഭം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? നിങ്ങൾക്ക് ഒരു തെറ്റ് പറ്റുന്നു, തെറ്റ് സമ്മതിച്ച് ക്ഷമ ചോദിക്കുന്നു, പക്ഷെ മറ്റെയാൾ അത് നിഷ്കരുണം തിരസ്കരിക്കുന്നു. തെറ്റിദ്ധരിക്കപ്പെടുന്നതും തെറ്റായ കുറ്റാരോപണം നേരിടുന്നതും വലിയ സങ്കടകരമാണ്, പ്രത്യേകിച്ച് നമുക്ക് നല്ല അടുപ്പമുള്ളവരുമായി ബന്ധപ്പെട്ട്. അവർ നമ്മുടെ ഹൃദയം ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് നാം എത്ര ആഗ്രഹിച്ചു പോകും!
യെശയ്യാവ് 11: 1-5 വരെയുള്ള ഭാഗത്ത് ദൈവം നിയോഗിച്ചതും ജ്ഞാനത്തോടെ അന്യൂനമായ വിധി പറയുന്നതുമായ ഒരു ഭരണാധികാരിയെ നാം കാണുന്നു. "അവൻ കണ്ണു കൊണ്ടു കാണുന്നതു പോലെ ന്യായപാലനം ചെയ്യുകയില്ല; ചെവി കൊണ്ടു കേൾക്കുന്നതുപോലെ വിധിക്കുകയുമില്ല. അവൻ ദരിദ്രന്മാർക്ക് നീതിയോടെ ന്യായം പാലിച്ചു കൊടുക്കുകയും ദേശത്തിലെ സാധുക്കൾക്ക് നേരോടെ വിധികല്പിക്കുകയും ചെയ്യും" (വാ. 3, 4). യേശുവിന്റെ ജീവിതത്തിലും ശുശ്രൂഷയിലുമാണ് ഇത് യാഥാർത്ഥ്യമായത്. നമ്മുടെ പാപവും ബലഹീനതയും മൂലം എല്ലാം ശരിയായി കാണുന്നില്ലെങ്കിലും എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന സ്വർഗ്ഗത്തിലെ ദൈവം നമ്മെ മുഴുവനായി അറിയുകയും ശരിയായി വിധിക്കുകയും ചെയ്യും എന്നതിൽ നമുക്ക് ആശ്വസിക്കാം.
അതിജീവനവും അഭിവൃദ്ധിയും
ഗുഹാവാസിയായ ഒരാളുടെ കുടുംബത്തിന്റെ കഥ പറയുന്ന ഒരു ഇംഗ്ലീഷ് സിനിമയിൽ അയാൾ പറയുന്നത് "അവരുടെ ചെറിയ കുടുംബം ഒരുമിച്ച് നിന്നാലേ നിലനില്ക്കാനാകൂ" എന്നാണ്. അവർക്ക് ലോകത്തേയും മറ്റുള്ളവരെയും ഭയമാണ്. താമസിക്കുവാൻ മറ്റാരുമില്ലാത്ത ഒരിടം അവർ കണ്ടെത്തി. പക്ഷേ, അപരിചിതരായ മറ്റൊരു കുടുംബം ഇതിനകം തന്നെ ആ ഭാഗത്ത് താമസിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ അയാൾക്ക് ഭയമായി. എന്നാൽ പെട്ടെന്ന് തന്നെ അവർ വ്യത്യാസങ്ങൾ മറന്ന് സ്നേഹത്തിലാകുകയും ഒരുമിച്ച് ജീവിക്കുവാൻ തുടങ്ങുകയും ചെയ്തു. തങ്ങൾക്ക് യഥാർത്ഥത്തിൽ അവരുടെ സഹവാസം സന്തോഷകരമാണെന്നും പൂർണ്ണമായ ഒരു ജീവിതത്തിന് മറ്റുള്ളവരും അനിവാര്യമാണെന്നും അവർ മനസ്സിലാക്കി.
ബന്ധങ്ങൾ നിലനിർത്തുന്നത് ശ്രമകരമാണ് - ആളുകൾ നമുക്ക് ഹാനികരമായ രീതിയിൽ ഇടപെടാൻ സാധ്യതയുണ്ട്. എങ്കിലും ദൈവം സഭയെന്ന ശരീരത്തിൽ തന്റെ ജനത്തെ ഒരുമിച്ചാക്കിയത് അന്യോന്യം പ്രയോജനത്തിനായിട്ടാണ്. മറ്റുള്ളവരുമായുള്ള കൂട്ടായ്മ ബന്ധത്തിലാണ് നാം പക്വത പ്രാപിക്കുന്നത് (എഫേസ്യർ 4:13). "പൂർണ്ണ വിനയത്തോടെയും സൗമ്യതയോടെയും ദീർഘക്ഷമയോടെയും” (വാ.2) ജീവിക്കുവാൻ ദൈവത്തിൽ ആശ്രയിക്കേണ്ടതുണ്ട്. ഓരോരുത്തരുടെയും ജീവിതത്തെ "സ്നേഹത്തിൽ" പണിതുയർത്താൻ നാം അന്യോന്യം സഹായിക്കേണ്ടതുണ്ട് (വാ.16). നാം ഒരുമിച്ച് കൂടുമ്പോൾ സ്വന്തം കൃപാവരങ്ങൾ ഉപയോഗിക്കുകയും മറുള്ളവരുടേത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതു വഴി ദൈവത്തോടുകൂടെ നടന്ന് അവിടുത്തെ സേവിക്കുന്നതിന് നാം സജ്ജരാകുന്നു.
ദൈവം നയിക്കുന്നതിനനുസരിച്ച്, ദൈവജനത്തിന്റെ ഇടയിൽ നിങ്ങളുടെ ശുശ്രൂഷയെന്താണെന്ന് കണ്ടെത്താം. കേവലം അതിജീവനത്തിനപ്പുറം അതു ചെയ്യുവാൻ കഴിയും; പങ്കുവെക്കപ്പെടുന്ന സ്നേഹത്തിലൂടെ ദൈവത്തിന് മഹത്വം ഉണ്ടാകുകയും നാം കൂടുതലായി യേശുവിനെപ്പോലെയാകുകയും ചെയ്യും. യേശുവിനോടും മറ്റുള്ളവരോടുമുള്ള ബന്ധം വളരുന്നതനുസരിച്ച് നമ്മുടെ ദൈവാശ്രയത്വവും വർദ്ധിക്കും.