ടര്‍ക്കികള്‍ പഠിപ്പിച്ചത്
ഒരു കൂട്ടം ടര്‍ക്കികളെ എന്താണ് വിളിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? അതിനെ റാഫ്റ്റര്‍ എന്നാണ് വിളിക്കുന്നത്. ഞാന്‍ എന്തിനാണ് ടര്‍ക്കികളെക്കുറിച്ച് എഴുതുന്നത്? കാരണം ഞാന്‍ ഒരു പര്‍വ്വത ക്യാബിനില്‍ ഒരു വാരാന്ത്യം ചിലവഴിച്ചതിനുശേഷം തിരിച്ചെത്തിയതേയുള്ളു. ഓരോ ദിവസവും, ടര്‍ക്കികളുടെ ഒരു നിര ഞങ്ങളുടെ പൂമുഖത്തുകൂടെ പരേഡു നടത്തുന്നതു ഞാന്‍ കണ്ടിരുന്നു.
ഞാന്‍ മുമ്പ് ടര്‍ക്കിയെ നിരീക്ഷിച്ചിട്ടില്ല. ശ്രദ്ധേയമായ പാദങ്ങള്‍ ഉപയോഗിച്ച് അവ ശക്തിയായി മാന്തുമായിരുന്നു. എന്നിട്ട് അവര്‍ വേട്ടയാടുകയും നിലത്തുകൊത്തുകയും ചെയ്തു. ഭക്ഷിക്കാനാണെന്നു ഞാന്‍ കരുതുന്നു (ഇത് എന്റെ ആദ്യത്തെ ടര്‍ക്കി നിരീക്ഷണമായതിനാല്‍, എനിക്കു 100 ശതമാനം ഉറപ്പില്ലായിരുന്നു). വരണ്ട ആ പ്രദേശം കണ്ടിട്ട് അവയ്ക്കൊന്നും അധികകാലം നിലനില്ക്കാന് കഴിയില്ലെന്നു തോന്നി. പക്ഷേ ഒരു ഡസനോളം വരുന്ന ഈ ടര്‍ക്കികള്‍ തടിച്ചുകൊഴുത്ത് ആരോഗ്യമുള്ളവയായി കാണപ്പെട്ടു.
നന്നായി പോഷിപ്പിക്കപ്പെട്ട ആ ടര്‍ക്കികളെ നിരീക്ഷിക്കുന്നത് മത്തായി 6:26-ലെ യേശുവിന്റെ വാക്കുകള്‍ ഓര്‍മ്മയില്‍ കൊണ്ടുവന്നു: ''ആകാശത്തിലെ പറവകളെ നോക്കുവിന്‍; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; കളപ്പുരയില്‍ കൂട്ടിവയ്ക്കുന്നതുമില്ല; എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലര്‍ത്തുന്നു. അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ?' നമ്മോടുള്ള കരുതലിനെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതിനായി, വിലയില്ലാത്തതായി കാണപ്പെടുന്ന പക്ഷികള്‍ക്കുവേണ്ടിയുള്ള ദൈവത്തിന്റെ കരുതലിനെ യേശു ഉപയോഗിക്കുന്നു. ഒരു പക്ഷിയുടെ ജീവിതം പ്രാധാന്യമര്‍ഹിക്കുന്നുവെങ്കില്‍, നമ്മുടേത് എത്രയധികം? നമ്മുടെ ദൈനംദിന ആവശ്യങ്ങളെക്കുറിച്ചു ആകുലപ്പെടുന്ന ജീവിതവും 'മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുന്ന,' അവിടുന്ന് നമ്മുടെ ആവശ്യങ്ങളെ സമൃദ്ധമായി കരുതുമെന്ന് ആത്മവിശ്വാസമുള്ള ജീവിതവും തമ്മിലുള്ള അന്തരം യേശു മനസ്സിലാക്കി തരുന്നു. കാരണം, കാട്ടു ടര്‍ക്കികളുടെ കൂട്ടത്തെ പരിപാലിക്കാന്‍ ദൈവത്തിന് കഴിയുമെങ്കില്‍, തീര്‍ച്ചയായും നിങ്ങളെയും എന്നെയും പരിപാലിക്കാന്‍ അവനു കഴിയും.
ഒരു ഗായികയുടെ ഹൃദയം
സ്തുതിഗീതം താഴത്തെ നിലയിലേക്ക് ഒഴുകിയിറങ്ങി. . . ഒരു ശനിയാഴ്ച രാവിലെ 6:33 ന്. മറ്റാരും ഉണര്‍ന്നിരിക്കുമെന്ന് ഞാന്‍ കരുതിയില്ല, പക്ഷേ എന്റെ ഇളയ മകളുടെ ശബ്ദം എന്റെ അനുമാനം തെറ്റാണെന്ന് തെളിയിച്ചു. അവള് ശരിക്കും ഉറക്കത്തില്‍ നിന്നും ഉണര്‍ന്നിരുന്നില്ല, പക്ഷേ അവളുടെ ചുണ്ടുകളില്‍ ഇതിനകം ഒരു പാട്ട് ഉണ്ടായിരുന്നു.
എന്റെ ഇളയവള്‍ ഒരു ഗായികയാണ്. വാസ്തവത്തില്‍, അവള്‍ക്ക് പാടാതിരിക്കാന്‍ കഴിയില്ല. അവള് ഉണരുമ്പോള്‍ പാടുന്നു. അവള് സ്കൂളില്‍ പോകുമ്പോള്‍, അവള് ഉറങ്ങാന്‍ പോകുമ്പോള്‍, എല്ലാം പാടുന്നു. ഹൃദയത്തില്‍ ഒരു പാട്ടോടെയാണ് അവള് ജനിച്ചത് - മിക്കപ്പോഴും, അവളുടെ ഗാനങ്ങള്‍ യേശുവിനെ കേന്ദ്രീകരിക്കുന്നു. അവള് എപ്പോള്‍ വേണമെങ്കിലും എവിടെയും ദൈവത്തെ സ്തുതിക്കും.
എന്റെ മകളുടെ ശബ്ദത്തിന്റെ ലാളിത്യവും ഭക്തിയും ആത്മാര്‍ത്ഥതയും ഞാന്‍ ഇഷ്ടപ്പെടുന്നു. അവളുടെ സ്വതസിദ്ധവും സന്തോഷകരവുമായ ഗാനങ്ങള്‍ തിരുവെഴുത്തിലുടനീളം കണ്ടെത്തിയ, ദൈവത്തെ സ്തുതിക്കുന്നതിനുള്ള ആഹ്വാനങ്ങളെ പ്രതിധ്വനിപ്പിക്കുന്നു. 95-ാം സങ്കീര്‍ത്തനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു, ''വരുവിന്‍, നാം യഹോവയ്ക്ക് ഉല്ലസിച്ചു ഘോഷിക്കുക; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആര്‍പ്പിടുക' (വാ. 1). കൂടുതല്‍ വായിച്ചാല്‍ അവന് ആരാണ് എന്നതില്‍ നിന്നും ('യഹോവ മഹാദൈവമല്ലോ; അവന് സകല ദേവന്മാര്ക്കും മീതേ മഹാരാജാവു തന്നേ,' വാ. 3) നാം ആരാണ് എന്നതില്‍ നിന്നും ('നാമോ അവന് മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ,''വാ. 7) ആണ് ഈ ആരാധന പുറപ്പെടുന്നത് എന്നു മനസ്സിലാകും.
എന്റെ മകളെ സംബന്ധിച്ചിടത്തോളം, ആ സത്യങ്ങളാണ് പ്രഭാതത്തിലെ അവളുടെ ആദ്യ ചിന്ത. ദൈവകൃപയാല്‍, ഈ കൊച്ചു ആരാധക, അവനു പാടുന്നതിന്റെ സന്തോഷത്തിന്റെ ആഴത്തിലുള്ള ഓര്‍മ്മപ്പെടുത്തല്‍ ഞങ്ങള്‍ക്കു നല്‍കുന്നു.
കുഴപ്പങ്ങളോട് സമാധാനമായിരിക്കുക
അത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഞങ്ങള്‍ മിക്കവാറും വീട്ടിലെത്തിയിരുന്നു: ഞങ്ങളുടെ കാറിന്റെ താപനില സൂചിപ്പിക്കുന്ന സൂചി കുത്തനെ മുകളിലേക്ക് ഉയര്‍ന്നിരുന്നു. ഞങ്ങള്‍ മുറ്റത്തെത്തിയപ്പോള്‍ ഞാന്‍ എഞ്ചിന് നിര്‍ത്തി പുറത്തേക്കു ചാടി. ബോണറ്റില്‍നിന്ന് പുക പുറത്തേക്ക് ഉയര്‍ന്നു. മുട്ട വറുക്കുന്നതുപോലെ എഞ്ചിന് വിറച്ചു. ഞാന്‍ കാര്‍ കുറച്ചു പുറകോട്ടു മാറ്റിയപ്പോള്‍ അവിടെ ഓയില്‍ വീണു കിടക്കുന്നതു കണ്ടു. എന്താണ് സംഭവിച്ചതെന്ന് തല്‍ക്ഷണം എനിക്കു മനസ്സിലായി: ഹെഡ് ഗ്യാസ്ക്കറ്റ് തെറിച്ചുപോയിരിക്കുന്നു.
ഞാന്‍ നെടുവീര്‍പ്പിട്ടു. മറ്റ് വിലയേറിയ അറ്റകുറ്റപ്പണികള്‍ക്ക് ഞങ്ങള്‍ പണം മുടക്കി. എന്തുകൊണ്ടാണ് കാര്യങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാത്തത്? ഞാന്‍ കൈപ്പോടെ പിറുപിറുത്തു. എന്തുകൊണ്ടാണ് കാര്യങ്ങള്‍ കേടാകുന്നത് നിര്‍ത്താന്‍ കഴിയാത്തത്?
നിങ്ങള്‍ക്ക് സമാനമായ അനുഭവമുണ്ടോ? ചിലപ്പോള്‍ നാം ഒരു പ്രതിസന്ധി മറകടക്കുന്നു, ഒരു പ്രശ്‌നം പരിഹരിക്കുന്നു, ഒരു വലിയ ബില്‍ അടയ്ക്കുന്നു, മറ്റൊന്നിനെ നേരിടാന്‍ വേണ്ടി മാത്രം. ചിലപ്പോള്‍ ആ പ്രശ്നങ്ങള്‍ ഒരു എഞ്ചിന് സ്വയം കേടാകുന്നതിനേക്കാള്‍ വളരെ വലുതാണ് - അപ്രതീക്ഷിതമായ ഒരു രോഗനിര്‍ണയം, ഒരു അകാല മരണം, ഒരു ഭയാനകമായ നഷ്ടം.
ആ നിമിഷങ്ങളില്‍, തകര്‍ന്നതും കുഴപ്പമില്ലാത്തതുമായ ഒരു ലോകത്തിനായി നാം ആഗ്രഹിച്ചു പോകുന്നു. യേശു വാഗ്ദത്തം ചെയ്ത ആ ലോകം വരുന്നു. എന്നാല്‍ ഇതുവരെയും ആയിട്ടില്ല: ''ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ട്'' എന്ന് യോഹന്നാന്‍ 16-ല്‍ യേശു തന്റെ ശിഷ്യന്മാരെ ഓര്‍മ്മിപ്പിച്ചു. ''എങ്കിലും ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു'' (വാ. 33). വിശ്വാസത്തിനുവേണ്ടിയുള്ള പീഡനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് യേശു ആ അധ്യായത്തില്‍ സംസാരിച്ചു. എന്നാല്‍ അത്തരം പ്രശ്നങ്ങള്‍, തന്നില്‍ പ്രത്യാശിക്കുന്നവര്‍ക്കുള്ള അവസാന വാക്ക് അല്ലെന്ന് അവന് പഠിപ്പിച്ചു.
ചെറുതും വലുതുമായ പ്രശ്നങ്ങള്‍ നമ്മെ തൂക്കിനോക്കും. എന്നാല്‍ അവനോടൊപ്പമുള്ള ഒരു നല്ല നാളെയെക്കുറിച്ചുള്ള യേശുവിന്റെ വാഗ്ദത്തം, നമ്മുടെ കഷ്ടതകള്‍ ഇന്നത്തെ നമ്മുടെ ജീവിതത്തെ നിര്‍വചിക്കാന്‍ അനുവദിക്കാതിരിക്കാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
ആത്മീയ ഡ്രൈവിംഗ്
ഞങ്ങള്‍ ഡ്രൈവിംഗ് പഠിക്കുന്ന സമയത്ത് ഞങ്ങളുടെ ഡ്രൈവിംഗ് പരിശീലകന്‍, നാം റോഡ് സൂക്ഷ്മമായി നിരീക്ഷിക്കുകയും, അപകടങ്ങള്‍ തിരിച്ചറിയുകയും അതെന്തു തരം അപകടമായിരിക്കുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കുകയും നാം എങ്ങനെ പ്രതികരിക്കുമെന്നു നിശ്ചയിക്കുകയും വേണ്ടിവന്നാല്‍ ആ പദ്ധതി നടപ്പാക്കുകയും വേണം എന്ന് എപ്പോഴും പറയുമായിരുന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍ മനഃപൂര്‍വ്വം പ്രവര്‍ത്തിക്കാനുള്ള തന്ത്രമായിരുന്നു അത്.
ആ ആശയം നമ്മുടെ ആത്മീയ ജീവിതത്തിലേക്ക് എങ്ങനെ പരിവര്‍ത്തനം ചെയ്യാമെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. എഫെസ്യര്‍ 5-ല്‍ പൗലൊസ് എഫെസ്യന്‍ വിശ്വാസികളോട് പറഞ്ഞു, ''ആകയാല്‍ സൂക്ഷ്മതയോടെ, അജ്ഞാനികളായല്ല ജ്ഞാനികളായത്രേ നടക്കുവാന്‍ നോക്കുവിന്‍'' (വാ. 15). ചില അപകടങ്ങള്‍ എഫെസ്യരെ - യേശുവിന്റെ പുതിയ ജീവിതവുമായി വൈരുദ്ധ്യമുള്ള പഴയ ജീവിതരീതികളിലേക്കു (വാ. 8, 10-11) - വഴിതെറ്റിക്കുമെന്ന് പൗലൊസിന് അറിയാമായിരുന്നു. അതുകൊണ്ട് വളര്‍ന്നുവരുന്ന സഭയോട് സൂക്ഷ്മത പുലര്‍ത്താന്‍ അവന്‍ നിര്‍ദ്ദേശിച്ചു.
''സൂക്ഷ്മതയോടെ നടക്കുക'' എന്ന് വിവര്‍ത്തനം ചെയ്ത വാക്കുകളുടെ അര്‍ത്ഥം, ചുറ്റും നോക്കുക. അപകടങ്ങള്‍ ശ്രദ്ധിക്കുക, മദ്യപാനം, അശ്രദ്ധമായ ജീവിതം പോലെയുള്ള വ്യക്തിപരമായ അപകടങ്ങള്‍ ഒഴിവാക്കുക (വാ. 18). പകരം, അപ്പൊസ്തലന്‍ പറഞ്ഞു, 'ബുദ്ധിഹീനരാകാതെ കര്‍ത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊള്‍വിന്‍' (വാ. 17), അതേസമയം, സഹവിശ്വാസികളോടൊപ്പം നാം പാടുകയും അവനു നന്ദി പറയുകയും ചെയ്യുന്നു (വാ. 19-20).
നാം എന്ത് അപകടങ്ങളെ അഭിമുഖീകരിച്ചാലും - നാം ഇടറിവീണാലും - ക്രിസ്തുവിന്റെ അതിരുകളില്ലാത്ത ശക്തിയെ ആശ്രയിച്ച് വളരുന്നതിനനുസരിച്ച് നമ്മുടെ പുതിയ ജീവിതം നമുക്ക് അനുഭവിക്കാന്‍ കഴിയും .
തഴച്ചുവളരുന്ന വൃക്ഷം
എനിക്ക് എപ്പോഴും വസ്തുക്കള്‍ ശേഖരിക്കുന്നയാളുടെ ഒരു മനസ്സാണുള്ളത. കുട്ടിക്കാലത്ത് ഞാന്‍ സ്റ്റാമ്പുകള്‍ ശേഖരിച്ചു. നാണയങ്ങള്‍. കോമിക്കുകള്‍. ഇപ്പോള്‍, ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍, എന്റെ കുട്ടികളിലും ഇതേ താല്‍പ്പര്യം ഞാന്‍ കാണുന്നു. ചിലപ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്, നിങ്ങള്‍ക്ക് ശരിക്കും മറ്റൊരു ടെഡി ബെയറിന്റെ ആവശ്യമുണ്ടോ?
തീര്‍ച്ചയായും, ഇത് ആവശ്യകതയെക്കുറിച്ചല്ല. ഇത് പുതിയ ചിലതിന്റെ ആകര്‍ഷണത്തെക്കുറിച്ചാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ പഴയതും അപൂര്‍വമായതുമായ എന്തെങ്കിലും നമ്മെ ആകര്‍ഷിക്കുന്നത്. നമ്മുടെ ഭാവനയെ ആകര്‍ഷിക്കുന്നതെന്തിനെക്കുറിച്ചും, നമുക്ക് ''എക്‌സ്'' ഉണ്ടായിരുന്നുവെങ്കില്‍ നമ്മുടെ ജീവിതം മികച്ചതായിരിക്കുമെന്ന് വിശ്വസിക്കാന്‍ നാം പ്രലോഭിപ്പിക്കപ്പെടുന്നു. നാം സന്തുഷ്ടരാകും. സംതൃപ്തരാകും.
എന്നാല്‍ അവയൊന്നും ഒരിക്കലും നന്മ നല്‍കുകയില്ല. എന്തുകൊണ്ട്? കാരണം, ദൈവം നമ്മെ സൃഷ്ടിച്ചത് അവനാല്‍ നാം നിറയപ്പെടാനാണ്, അല്ലാതെ നമ്മുടെ ഹൃദയങ്ങളെ തൃപ്തിപ്പെടുത്തുമെന്നു നാം വിചാരിക്കുന്ന നമ്മുടെ ചുറ്റുമുള്ള ലോകത്തിലെ വസ്തുക്കള്‍കൊണ്ടു നാം നിറയപ്പെടാനല്ല.
ഈ പിരിമുറുക്കം പുതിയതല്ല. സദൃശവാക്യങ്ങള്‍ രണ്ട് ജീവിതരീതികളെ താരതമ്യപ്പെടുത്തുന്നു: ദൈവത്തെ സ്‌നേഹിക്കുന്നതിലും ഉദാരമായി നല്‍കുന്നതിലും അധിഷ്ഠിതമായ ഒരു ജീവിതവും സമ്പത്തിന്റെ പുറകേ പോകുന്ന ഒരു ജീവിതവും. സദൃശവാക്യങ്ങള്‍ 11: 28-ല്‍ ഇപ്രകാരം പറയുന്നു: ''വസ്തുക്കള്‍ക്കായി നീക്കിവച്ചിരിക്കുന്ന ജീവിതം മരിച്ച ജീവിതമാണ്, ഒരു മരക്കഷണം; ദൈവത്താല്‍ രൂപപ്പെടുത്തപ്പെട്ട ജീവിതം തഴച്ചുവളരുന്ന വൃക്ഷമാണ്.'
എന്തൊരു ചിത്രം! ജീവിതത്തിന്റെ രണ്ട് വഴികള്‍: ഒന്ന് തഴച്ചുവളരുന്നതും ഫലദായകവുമാണ്, ഒന്ന് പൊള്ളയായതും ഫലശൂന്യവും. ഭൗതിക സമൃദ്ധി ''നല്ല ജീവിത''ത്തിന് തുല്യമാണെന്ന് ലോകം തറപ്പിച്ചുപറയുന്നു. നേരെമറിച്ച്, തന്നില്‍ വേരൂന്നാനും അവന്റെ നന്മ അനുഭവിക്കാനും ഫലപ്രദമായി തഴച്ചുവളരാനും ദൈവം നമ്മെ ക്ഷണിക്കുന്നു. അവനുമായുള്ള നമ്മുടെ ബന്ധത്താല്‍ നാം രൂപപ്പെടുമ്പോള്‍, ദൈവം അകത്തു നിന്ന് നമ്മെ രൂപാന്തരപ്പെടുത്തിക്കൊണ്ട് നമ്മുടെ ഹൃദയങ്ങളെയും ആഗ്രഹങ്ങളെയും പുനര്‍രൂപപ്പെടുത്തുന്നു.
ജീവിതത്തിന്റെ കുത്തൊഴുക്കുകളില്‍ വഞ്ചി നിയന്ത്രിക്കുക
''ഇടതുവശത്തുള്ള എല്ലാവരും, ശക്തമായി മൂന്ന് പ്രാവശ്യം തുഴയുക!'' ഞങ്ങളുടെ തോണിക്കാരന്‍ ഗൈഡ് അലറി. ഇടതുവശത്തുള്ളവര്‍ ശക്തിയായി തുഴഞ്ഞു ചുഴിയില്‍ നിന്ന് ഞങ്ങളുടെ വഞ്ചി വലിച്ചകറ്റി. മണിക്കൂറുകളോളം, ഞങ്ങളുടെ ഗൈഡിന്റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുന്നതിന്റെ പ്രാധാന്യം ഞങ്ങള്‍ മനസ്സിലാക്കി. തുഴച്ചില്‍ പരിചയമില്ലാത്ത ആറ് പേര്‍ക്ക് കുത്തൊഴുക്കുള്ള ഒരു നദിയിലൂടെ സുരക്ഷിതമായി വഞ്ചി തുഴയുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന്റെ തുടര്‍മാനമായ ആജ്ഞകള്‍ സഹായിച്ചു.
ജീവിതത്തിന് അതിന്റേതായ പ്രശ്നങ്ങളുണ്ട്, അല്ലേ? ഒരു നിമിഷം, ഇത് സുഗമമായ യാത്രയാണ്. അതിനുശേഷം ഒരു മിന്നല്‍, പെട്ടെന്ന് അപകടങ്ങള്‍ ഒഴിവാക്കാന്‍ നാം ഭ്രാന്തമായി തുഴയുന്നു. പ്രക്ഷുബ്ധമായ സമയങ്ങളില്‍ വഞ്ചിയെ നിയന്തരിക്കാന്‍ നമ്മെ സഹായിക്കുന്നതിന് വിദഗ്ദ്ധനായ ഒരു ഗൈഡ്, വിശ്വസനീയമായ ഒരു ശബ്ദം എന്നിവയുടെ ആവശ്യകതയെക്കുറിച്ച് ആ പിരിമുറുക്ക നിമിഷങ്ങള്‍ നമ്മെ വളരെയധികം ബോധവാന്മാരാക്കുന്നു.
32-ാം സങ്കീര്‍ത്തനത്തില്‍, ആ ശബ്ദമാകാമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു: ''ഞാന്‍ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചു തരും' (വാ. 8). നമ്മുടെ പാപങ്ങള്‍ ഏറ്റുപറയുന്നതും (വാ. 5), പ്രാര്‍ത്ഥനയോടെ അവനെ അന്വേഷിക്കുന്നതും (വാ. 6) അവന്റെ ശബ്ദം കേള്‍ക്കുന്നതില്‍ ഒരു പങ്കു വഹിക്കുന്നു. എന്നിരുന്നാലും, ''ഞാന്‍ നിന്റെമേല്‍ ദൃഷ്ടിവച്ചു നിനക്ക് ആലോചന പറഞ്ഞുതരും'' (വാ. 8) എന്നു ദൈവം വാഗ്ദാനം ചെയ്യുന്നതില്‍ ഞാന്‍ ആശ്വസിക്കുന്നു. അവന്റെ മാര്‍ഗനിര്‍ദേശം അവന്റെ സ്‌നേഹത്തില്‍ നിന്ന് ഒഴുകുന്നുവെന്ന ഓര്‍മ്മപ്പെടുത്തലാണത്. അധ്യായത്തിന്റെ അവസാനത്തോടുകൂടി സങ്കീര്‍ത്തനക്കാരന്‍ ഉപസംഹരിക്കുന്നു, ''യഹോവയില്‍ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും'' (വാ. 10). നാം അവനില്‍ വിശ്വസിക്കുമ്പോള്‍, ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ ഭാഗങ്ങളിലൂടെ നമ്മെ നയിക്കാമെന്ന അവിടുത്തെ വാഗ്ദാനത്തില്‍ നമുക്ക് വിശ്രമിക്കാം.
നിര്‍മ്മാണത്തില്‍
അവര്‍ ഈ റോഡ് നന്നാക്കി, ട്രാഫിക് മന്ദഗതിയിലായതിനാല്‍ ഞാന്‍ സ്വയം ചിന്തിച്ചു. ഇപ്പോള്‍ അത് വീണ്ടും ഇളകിത്തുടങ്ങിയിരിക്കുന്നു! എന്തുകൊണ്ടാണ് റോഡ് നിര്‍മ്മാണം ഒരിക്കലും പൂര്‍ത്തിയാകാത്തത്? ഞാന്‍ ചിന്തിച്ചു. ഞാന്‍ ഉദ്ദേശിക്കുന്നത്, ''റോഡുപണി പൂര്‍ത്തിയായി. ഈ മികച്ച റോഡ് ആസ്വദിക്കൂ' എന്നൊരു ബോര്‍ഡ് ഞാന്‍ ഒരിടത്തും കണ്ടിട്ടില്ല.'
എന്റെ ആത്മീയ ജീവിതത്തിലും ഇതു സമാനമായ നിലയില്‍ സത്യമാണ്. എന്റെ വിശ്വാസത്തിന്റെ തുടക്കത്തില്‍, പക്വതയുടെ ഒരു നിമിഷം എത്തുമെന്ന് ഞാന്‍ സങ്കല്‍പ്പിച്ചു. അതായത് എല്ലാം ''സുഗമമായി നടപ്പാക്കപ്പെടുന്ന'' ഒരു സമയം വരുമെന്ന്. മുപ്പത് വര്‍ഷത്തിന് ശേഷം, ഞാന്‍ ഇപ്പോഴും ''നിര്‍മ്മാണത്തിലാണ്'' എന്ന് ഏറ്റുപറയുന്നു. നിരന്തരം കുഴികള്‍ രൂപപ്പെടുന്ന റോഡുകള്‍ പോലെ, ഞാനൊരിക്കലും ''പൂര്‍ത്തിയായതായി'' തോന്നുന്നില്ല. ചിലപ്പോള്‍ അത് സമാനമായ നിലയില്‍ അസ്വസ്ഥപ്പെടുത്തുന്നതാണ്.
എന്നാല്‍ എബ്രായര്‍ 10-ല്‍ അതിശയകരമായ ഒരു വാഗ്ദാനം അടങ്ങിയിരിക്കുന്നു. 14-ാം വാക്യം പറയുന്നു, ''ഏകയാഗത്താല്‍ അവന്‍ വിശുദ്ധീകരിക്കപ്പെടുന്നവര്‍ക്ക് സദാകാലത്തേക്കും സല്‍ഗുണപൂര്‍ത്തി വരുത്തിയിരിക്കുന്നു.'' ക്രൂശിലെ യേശുവിന്റെ പ്രവൃത്തി ഇതിനകം നമ്മെ രക്ഷിച്ചു. പൂര്‍ണ്ണമായും. തികച്ചും. ദൈവത്തിന്റെ ദൃഷ്ടിയില്‍ നാം പൂര്‍ണരും പൂര്‍ത്തീകരിക്കപ്പെട്ടവരുമാണ്. വിരോധാഭാസമെന്നു പറയട്ടെ, നമ്മള്‍ ഭൂമിയിലായിരിക്കുന്ന സമയത്ത് ആ പ്രക്രിയ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നാം ഇപ്പോഴും അവിടുത്തെ സാദൃശ്യത്തിലേക്ക് രൂപപ്പെട്ടുകൊണ്ടിരിക്കുന്നു, ഇപ്പോഴും ''വിശുദ്ധരാക്കപ്പെടുന്നു.''
ഒരു ദിവസം നാം അവനെ മുഖാമുഖം കാണും, നാം അവനെപ്പോലെയാകും (1 യോഹന്നാന്‍ 3:2). എന്നാല്‍ അതുവരെ, നാം ഇപ്പോഴും ''നിര്‍മ്മാണത്തിലാണ്'', അഥവാ നമ്മിലെ ജോലി യഥാര്‍ത്ഥത്തില്‍ പൂര്‍ത്തിയാകുന്ന മഹത്തായ ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആളുകളാണു നാം.
ദുഃഖാര്‍ത്തനായ വാത്ത
പാര്‍ക്കിംഗ് സ്ഥലത്ത് എന്തുകൊണ്ടാണ് ഒരു ഫുട്‌ബോള്‍ വെച്ചിരിക്കുന്നത്? ഞാന്‍ അത്ഭുതപ്പെട്ടു. ഞാന്‍ അടുത്തെത്തുമ്പോള്‍, ചാരനിറത്തിലുള്ള വസ്തു ഒരു ഫുട്‌ബോള്‍ അല്ലെന്ന് ഞാന്‍ മനസ്സിലാക്കി: അതൊരു വാത്തയായിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദുഃഖാര്‍ത്തനായ വാത്ത.
തണുപ്പുള്ള മാസങ്ങളില്‍ എന്റെ ജോലിസ്ഥലത്തിനടുത്തുള്ള പുല്‍ത്തകിടിയില്‍ വാത്തകള്‍ ഒത്തുകൂടും. എന്നാല്‍ ഇന്ന് ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ, കഴുത്ത് പിന്നിലേക്ക് വളച്ച്, തല ഒരു ചിറകിനടിയില്‍ പൂഴ്ത്തി അതിരുന്നു. നിന്റെ കൂട്ടുകാര്‍ എവിടെ? ഞാന്‍ ചിന്തിച്ചു. പാവം അത് ഒറ്റയ്ക്കായിരുന്നു. അത് വളരെ ഏകാന്തമായി കാണപ്പെട്ടു, അതിന് ഒരു ആലിംഗനം നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചു.
എന്റെ ഈ ഏകാന്തമായ തൂവല്‍ ചങ്ങാതിയെപ്പോലെ ഒറ്റയ്ക്ക് ഒരു വാത്തയെ ഞാന്‍ അപൂര്‍വ്വമായി മാത്രമേ കണ്ടിട്ടുള്ളൂ. വാത്തകള്‍ സമൂഹജീവികളാണ്. കാറ്റിനെ വ്യതിചലിപ്പിക്കുന്നതിനായി v ആകൃതിയില്‍ കൂട്ടമായി അവ പറക്കുന്നു. ഒരുമിച്ച് ജീവിക്കുവാന്‍ സൃഷ്ടിക്കപ്പെട്ടവയാണ്് അവ.
മനുഷ്യരെന്ന നിലയില്‍, നാമും സമൂഹത്തിനും വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത് (ഉല്പത്തി 2:18 കാണുക). സഭാപ്രസംഗി 4:10-ല്‍, നാം തനിച്ചായിരിക്കുമ്പോള്‍ നാം എത്രത്തോളം ദുര്‍ബലരാണെന്ന് ശലോമോന്‍ വിവരിക്കുന്നു: ''ഏകാകി വീണാലോ അവനെ എഴുന്നേല്പിക്കുവാന്‍ ആരുമില്ലായ്കകൊണ്ട് അവന് അയ്യോ കഷ്ടം!'' എണ്ണത്തില്‍ ശക്തിയുണ്ട്, കാരണം, ''ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാല്‍ രണ്ടുപേര്‍ക്ക് അവനോട് എതിര്‍ത്തുനില്ക്കാം; മുപ്പിരിച്ചരട് വേഗത്തില്‍ അറ്റുപോകയില്ല' (വാ. 12).
ഇത് ശാരീരികമായി എന്നപോലെ ആത്മീയമായും സത്യമാണ്. നാം ഒറ്റയ്ക്ക് ''പറക്കാന്‍'' ദൈവം ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. പ്രോത്സാഹനത്തിനും ഉന്മേഷത്തിനും വളര്‍ച്ചയ്ക്കും നമുക്ക് പരസ്പര ബന്ധം ആവശ്യമാണ് (1 കൊരിന്ത്യര്‍ 12:21 കൂടി കാണുക).
ജീവിതത്തിന്റെ കൊടുങ്കാറ്റുകള്‍ നമ്മുടെ വഴിയേ വരുമ്പോള്‍ ഒരുമിച്ചാണെങ്കില്‍ നമുക്ക് എതിര്‍ത്തുനില്‍ക്കാന്‍ കഴിയും.
ഓരോ അവസരവും
എപ്പോഴെങ്കിലും ഒരു സിംഹത്തെ പിടിച്ചിട്ടുണ്ടോ? എന്റെ ഫോണില്‍ ഒരു ഗെയിം ഡൗണ്‍ലോഡ് ചെയ്യാന്‍ എന്റെ മകന്‍ എന്നെ ബോധ്യപ്പെടുത്തുന്നതുവരെ ഞാനും അതു ചെയ്തിരുന്നില്ല. യഥാര്‍ത്ഥ ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ഡിജിറ്റല്‍ മാപ്പ് നിര്‍മ്മിച്ചുകൊണ്ട് നിങ്ങളുടെ സമീപമുള്ള വര്‍ണ്ണാഭമായ സൃഷ്ടികളെ പിടിക്കാന്‍ ഗെയിം നിങ്ങളെ അനുവദിക്കുന്നു.
മിക്ക മൊബൈല്‍ ഗെയിമുകളില്‍ നിന്നും വ്യത്യസ്തമായി, ഇതിന് ചലനം ആവശ്യമാണ്. നിങ്ങള്‍ പോകുന്നിടമെല്ലാം ഗെയിമിന്റെ കളിസ്ഥലത്തിന്റെ ഭാഗമാണ്. ഫലം? ഞാന്‍ വളരെയധികം നടക്കുന്നു! ഞാനും മകനും കളിക്കുന്ന ഏത് സമയത്തും, നമുക്ക് ചുറ്റുമുള്ള പോപ്പ് അപ്പ് ചെയ്യുന്ന ക്രിട്ടറുകളെ പിടികൂടാനുള്ള എല്ലാ അവസരങ്ങളും പരമാവധി ഉപയോഗിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.
ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു ഗെയിമില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എളുപ്പമാണ്. ഞാന്‍ ഗെയിം കളിക്കുമ്പോള്‍, ഈ ചോദ്യം എന്നിലുയര്‍ന്നു: എനിക്ക് ചുറ്റുമുള്ള ആത്മീയ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ ഞാന്‍ ഇത്രമാത്രം തല്പരനാണോ?
നമുക്ക് ചുറ്റുമുള്ള ദൈവത്തിന്റെ വേലയെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത പൗലൊസിന് അറിയാമായിരുന്നു. കൊലൊസ്യര്‍ 4-ല്‍, സുവിശേഷം പങ്കിടാനുള്ള അവസരത്തിനായി അവന്‍ പ്രാര്‍ത്ഥന ചോദിച്ചു (വാ. 3). എന്നിട്ട് അവന്‍ അവരെ ആഹ്വാനം ചെയ്തു, ''സമയം തക്കത്തില്‍ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിന്‍' (വാ. 5). ക്രിസ്തുവിന്റെ സുവിശേഷവുമായി മറ്റുള്ളവരെ സ്വാധീനിക്കാനുള്ള ഒരു അവസരവും കൊലൊസ്യര്‍ നഷ്ടപ്പെടുത്തരുതെന്ന് പൗലൊസ് ആഗ്രഹിച്ചു. എന്നാല്‍ അങ്ങനെ ചെയ്യുന്നതിന് അവരെയും അവരുടെ ആവശ്യങ്ങളെയും യഥാര്‍ഥത്തില്‍ കാണുകയും തുടര്‍ന്ന് ''കൃപ നിറഞ്ഞ'' കാര്യങ്ങളില്‍ ഏര്‍പ്പെടുകയും വേണം (വാ. 6).
നമ്മുടെ ലോകത്ത്, ഒരു ഗെയിമിന്റെ സാങ്കല്‍പ്പിക സിംഹങ്ങളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നമ്മുടെ സമയത്തിനും ശ്രദ്ധയ്ക്കും വേണ്ടി മത്സരിക്കുന്നു. എന്നാല്‍ ഓരോ ദിവസവും ദൈവത്തെ ലോകത്തിനു ചൂണ്ടിക്കാണിക്കാനുള്ള അവസരം അന്വേഷിച്ചുകൊണ്ട് ഒരു യഥാര്‍ത്ഥ ലോക സാഹസികതയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ദൈവം നമ്മെ ക്ഷണിക്കുന്നു.
പൂര്‍ണ്ണ ശ്രദ്ധ
സാങ്കേതികവിദ്യ ഇന്ന് നമ്മുടെ നിരന്തരമായ ശ്രദ്ധ ആവശ്യപ്പെടുന്നതായി തോന്നുന്നു. ഇന്റര്‍നെറ്റ് എന്ന ആധുനിക ''അത്ഭുതം'' (ഇപ്പോള്‍ ആര്‍ക്കും എളുപ്പത്തില്‍ ലഭ്യമാകും) മാനവികതയുടെ ആകമാനമായ പഠനത്തെ സ്മാര്‍ട്ട്ഫോണ്‍ വഴി നമ്മുടെ കൈക്കുമ്പിളില്‍ സ്വീകരിക്കുവാനുള്ള അതിശയകരമായ ശേഷി നല്‍കുന്നു. എന്നാല്‍ ഇന്നും അനേകര്‍ക്ക് അത്തരം നിരന്തരമായ ലഭ്യത ചിലവേറിയതാണ്.
നാം ഒന്നും തന്നെ നഷ്ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍, എന്താണ് പുറത്തു സംഭവിക്കുന്നത് എന്നറിയാനുള്ള ആധുനിക പ്രവണതയെ വിവരിക്കുന്നതിനായി ''തുടര്‍ച്ചയായയ ഭാഗിക ശ്രദ്ധ'' എന്ന ഒരു പുതിയ പ്രയോഗം അടുത്തിയെ വിരചിക്കപ്പെട്ടു.
അപ്പൊസ്തലനായ പൗലൊസിന് ഉത്കണ്ഠയ്ക്കുള്ള വ്യത്യസ്ത കാരണങ്ങള്‍ നേരിട്ടുവെങ്കിലും, ദൈവത്തില്‍ സമാധാനം കണ്ടെത്തുന്നതിനായി നമ്മുടെ ആത്മാവ് അവനോടു ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് അവനറിയാമായിരുന്നു. അതുകൊണ്ടാണ് പീഡനം സഹിക്കുന്ന പുതിയ വിശ്വാസികള്‍ക്ക് എഴുതിയ കത്തില്‍ (1 തെസ്സലൊനീക്യര്‍ 2:14) 'എപ്പോഴും സന്തോഷിപ്പിന്‍; ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍; എല്ലാറ്റിനും സ്‌തോത്രം ചെയ്യുവിന്‍'' (5: 16-18) എന്ന് അവന്‍ അവരെ പ്രോത്സാഹിപ്പിച്ചത്.
'നിരന്തരം'' പ്രാര്‍ത്ഥിക്കുന്നത് പ്രയാസകരമായി തോന്നാം. എന്നാല്‍, നാം എത്ര തവണ നമ്മുടെ ഫോണുകള്‍ പരിശോധിക്കും? പകരം ആ പ്രേരണയെ ദൈവത്തോട് സംസാരിക്കാനുള്ള പ്രേരണയായി നാം മാറ്റിയാലോ?
അതിലും പ്രധാനമായി, ദൈവസന്നിധിയില്‍ നിരന്തരവും പ്രാര്‍ത്ഥനാപൂര്‍വ്വവുമായ വിശ്രമത്തിനായി എല്ലായ്‌പ്പോഴും ''അറിവില്‍'' ആയിരിക്കേണ്ടതിന്റെ ആവശ്യകത കൈമാറാന്‍ നമ്മള്‍ പഠിച്ചാലോ? ക്രിസ്തുവിന്റെ ആത്മാവിനെ ആശ്രയിക്കുന്നതിലൂടെ, ഓരോ ദിവസവും നാം സഞ്ചരിക്കുമ്പോള്‍ നമ്മുടെ സ്വര്‍ഗ്ഗീയപിതാവിന് നമ്മുടെ മുഴുവന്‍ ശ്രദ്ധയും നല്‍കാന്‍ പഠിക്കാം.