നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ലെസ്ലി കോഹ്

പരിശുദ്ധാത്മാവിൽ നിന്നുള്ള സഹായം

ഞാനും എന്റെ സഹപാഠികളും സർവ്വകലാശാലയിൽ വല്ലപ്പോഴുമൊക്കെ നടക്കുന്ന പ്രഭാഷണങ്ങൾ ഒഴിവാക്കാറുണ്ടെങ്കിലും, വർഷാവസാന പരീക്ഷകൾക്ക് ഒരാഴ്ച മുമ്പു നടക്കുന്ന പ്രൊഫസർ ക്രിസിന്റെ പ്രഭാഷണത്തിൽ പങ്കെടുക്കാൻ എല്ലാവരും എപ്പോഴും ശ്രദ്ധിച്ചിരുന്നു. അപ്പോഴാണ് അദ്ദേഹം തയ്യാറാക്കിയ പരീക്ഷാ ചോദ്യങ്ങളെക്കുറിച്ചുള്ള വലിയ സൂചനകൾ നൽകുന്നത്.

ഞങ്ങൾ നന്നായി പഠിക്കണമെന്ന് പ്രൊഫസർ ക്രിസ് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നതുവരെ അദ്ദേഹം എന്തിനാണ് അങ്ങനെ ചെയ്തിരുന്നതെന്ന് ഞാൻ എപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് ഉയർന്ന മാനദണ്ഡങ്ങളുണ്ടായിരുന്നു, എങ്കിലും അവ പാലിക്കാൻ അദ്ദേഹം ഞങ്ങളെ സഹായിക്കുകയായിരുന്നു. ശരിയായി തയ്യാറെടുക്കുന്നതിന് ഞങ്ങൾ ചെയ്യേണ്ടത് പ്രഭാഷണത്തിൽ പങ്കെടുക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക എന്നതായിരുന്നു. 

ദൈവവും അങ്ങനെയാണെന്ന് അതെന്നെ ബോധ്യപ്പെടുത്തി. ദൈവത്തിന് തന്റെ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല, എന്നാൽ നാമും തന്നെപ്പോലെ തന്നെ ആയിരിക്കണമെന്ന് അവൻ അഗാധമായി ആഗ്രഹിക്കുന്നതിനാൽ, ആ മാനദണ്ഡങ്ങൾ പാലിക്കാൻ നമ്മെ സഹായിക്കുന്നതിന് പരിശുദ്ധാത്മാവിനെ നമുക്കു നൽകി.

യിരെമ്യാവ് 3:11-14 ൽ, അവിശ്വസ്തരായ യിസ്രായേലിനോട് അവരുടെ കുറ്റം സമ്മതിച്ച് അവങ്കലേക്ക് മടങ്ങിവരാൻ ദൈവം ആവശ്യപ്പെട്ടു. എന്നാൽ അവർ എത്രമാത്രം ശാഠ്യക്കാരും ബലഹീനരുമാണ് എന്നറിയുന്നതിനാൽ അവൻ അവരെ സഹായിക്കും. അവരുടെ വിശ്വാസത്യാഗ വഴികളെ സൗഖ്യമാക്കുമെന്ന് അവൻ വാഗ്ദത്തം ചെയ്തു (വാ. 22), അവരെ പഠിപ്പിക്കാനും നയിക്കാനും അവൻ ഇടയന്മാരെ അയച്ചു (വാ. 15).

നാം എത്ര വലിയ പാപത്തിൽ കുടുങ്ങിയാലും അല്ലെങ്കിൽ നാം ദൈവത്തിൽ നിന്ന് എത്ര ദൂരം അകന്നാലും നമ്മുടെ വിശ്വാസത്യാഗത്തെ സുഖപ്പെടുത്താൻ അവൻ തയ്യാറാണെന്ന് അറിയുന്നത് എത്ര ആശ്വാസകരമാണ്! നാം ചെയ്യേണ്ടത് നമ്മുടെ തെറ്റായ വഴികൾ അംഗീകരിക്കുകയും അവന്റെ പരിശുദ്ധാത്മാവിനെ നമ്മുടെ ഹൃദയങ്ങളിൽ മാറ്റം വരുത്താൻ അനുവദിക്കുകയും ചെയ്യുക എന്നതാണ്.

ഓരോ ശ്വാസവും

ശരീരത്തിന്റെ സ്വയം രോഗപ്രതിരോധത്തോടു ബന്ധപ്പെട്ട അപൂര്‍വമായ ഒരു രോഗം ടീ ഉന്‍നെ ബാധിച്ചിട്ട് അതവന്റെ എല്ലാ പേശികളെയും ദുര്‍ബലപ്പെടുത്തി. ഏതാണ്ട് മരണത്തിന്റെ വക്കോളം എത്തിയപ്പോഴാണ് ശ്വസിക്കാന്‍ കഴിയുന്നത് ഒരു ദാനമാണെന്ന് അവന്‍ മനസ്സിലാക്കിയത്. ഒരാഴ്ചയിലേറെയായി, സെക്കന്‍ഡുകളുടെ ഇടവേളകളില്‍ ഒരു യന്ത്രമുപയോഗിച്ച് ശ്വാസകോശത്തിലേക്ക് വായു പമ്പു ചെയ്യേണ്ടിവന്നു. ഇത് അവന്റെ ചികിത്സയുടെ വേദനാജനകമായ ഭാഗമായിരുന്നു.

ടീ ഉന്‍ അത്ഭുതകരമായ ഒരു തിരിച്ചുവരവു നടത്തി. ജീവിതവെല്ലുവിളികളെക്കുറിച്ചു പരാതിപ്പെടരുതെന്ന് ഇന്ന് അദ്ദേഹം സ്വയം ഓര്‍മ്മിപ്പിക്കുന്നു. 'ഞാന്‍ ഒരു ദീര്‍ഘനിശ്വാസം എടുക്കും, അതിന് എനിക്ക് കഴിയുന്നതിനു ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു.''

നമുക്ക് ആവശ്യമുള്ളതോ ആഗ്രഹിക്കുന്നതോ ആയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചിലപ്പോള്‍ ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യങ്ങള്‍ ഏറ്റവും വലിയ അത്ഭുതങ്ങളാകാമെന്ന കാര്യം മറക്കുന്നതും എത്ര എളുപ്പമാണ്! യെഹെസ്‌കേലിന്റെ ദര്‍ശനത്തില്‍ (യെഹെസ്‌കേല്‍ 37:1-14), ഉണങ്ങിയ അസ്ഥികള്‍ക്കു ജീവന്‍ നല്‍കാന്‍ തനിക്കു മാത്രമേ കഴിയൂ എന്നു ദൈവം പ്രവാചകനെ കാണിച്ചു. ഞരമ്പും മാംസവും ത്വക്കും പ്രത്യക്ഷപ്പെട്ടതിനുശേഷവും 'ശ്വാസം അവയില്‍ ഇല്ലാതെയിരുന്നു'' (വാ. 8). ദൈവം അവര്‍ക്കു ശ്വാസം നല്‍കിയപ്പോഴാണ് അവര്‍ക്കു വീണ്ടും ജീവിക്കാന്‍ കഴിഞ്ഞത് (വാ. 10).

യിസ്രായേലിനെ നാശത്തില്‍നിന്നു പുനഃസ്ഥാപിക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തെ ഈ ദര്‍ശനം ചിത്രീകരിക്കുന്നു. വലുതോ ചെറുതോ ആയ എനിക്കുള്ളതെന്തും ദൈവം എനിക്കു ശ്വാസം നല്‍കുന്നില്ലെങ്കില്‍ ഉപയോഗശൂന്യമാണെന്നും ഇത് എന്നെ ഓര്‍മ്മിപ്പിക്കുന്നു.

ഇന്നത്തെ ജീവിതത്തില്‍ ഏറ്റവും ലളിതമായ അനുഗ്രഹങ്ങള്‍ക്കു ദൈവത്തോടു നന്ദി പറയുന്നതിനെക്കുറിച്ച് എന്തു പറയുന്നു? ദൈനംദിന പോരാട്ടത്തിനിടയില്‍, ഒരു ദീര്‍ഘശ്വാസം എടുക്കാന്‍ ഇടയ്ക്കിടെ നിര്‍ത്താം; ''ശ്വാസമുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ'' (സങ്കീര്‍ത്തനം 150:6).

ടിക്, ടിക് ശബ്ദം ഉണ്ടാക്കുന്ന ഒരു വാച്ച്

ഒരു കൂട്ടം തൊഴിലാളികള്‍ ഒരു ഐസ്ഹൗസില്‍ ഐസ് സംഭരിക്കുകയായിരുന്നു. പെട്ടെന്ന് അവരില്‍ ഒരാള്‍ ജനാലയില്ലാത്ത ആ കെട്ടിടത്തില്‍ തന്റെ വാച്ച് നഷ്ടപ്പെട്ടുവെന്ന് മനസ്സിലാക്കി. അയാളും കൂട്ടുകാരും അത് തിരഞ്ഞുവെങ്കിലും നിഷ്ഫലമായി.

പ്രതീക്ഷ കൈവിട്ട അവര്‍ പുറത്തുകടക്കുന്നത് കണ്ട ഒരു ആണ്‍കുട്ടി കെട്ടിടത്തിലുള്ളിലേക്ക് പോയി. താമസിയാതെ അവന്‍ വാച്ചുമായി പുറത്തുവന്നു. ഇത് എങ്ങനെ കണ്ടെത്തിയെന്ന് ചോദിച്ചപ്പോള്‍ അവന്‍ മറുപടി പറഞ്ഞു: 'ഞാന്‍ വെറുതെ ശാന്തമായി ഇരുന്നു, താമസിയാതെ അതിന്റെ ടിക്, ടിക് ശബ്ദം എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു.'

മിണ്ടാതെയിരിക്കുന്നതിന്റെ മൂല്യത്തെക്കുറിച്ച് ബൈബിള്‍ വളരെയധികം സംസാരിക്കുന്നു. അതിശയിക്കാനില്ല, കാരണം ദൈവം ചിലപ്പോള്‍ മൃദു ശബ്ദത്തിലാണ് സംസാരിക്കുന്നത് (1 രാജാക്കന്മാര്‍ 19:12). ജീവിതത്തിന്റെ ഒച്ചപ്പാടുകളില്‍, അവനെ കേള്‍ക്കാന്‍ പ്രയാസമാണ്. എന്നാല്‍ നാം തിരക്കുകള്‍ നിര്‍ത്തി അവനോടും തിരുവെഴുത്തുകളോടും ഒപ്പം ശാന്തമായി സമയം ചെലവഴിക്കുകയാണെങ്കില്‍, നമ്മുടെ ചിന്തകളില്‍ അവിടുത്തെ സൗമ്യമായ ശബ്ദം കേള്‍ക്കാന്‍ കഴിയും.

ദുഷ്ടന്മാരുടെ 'ദുഷ്ട പദ്ധതികളില്‍' നിന്ന് നമ്മെ രക്ഷിക്കാനും അഭയം നല്‍കാനും വിശ്വസ്തരായി തുടരുന്നതിനു നമ്മെ സഹായിക്കാനും ദൈവത്തെ നമുക്കു വിശ്വസിക്കാമെന്ന് സങ്കീര്‍ത്തനം 37:1-7 ഉറപ്പുനല്‍കുന്നു. എന്നാല്‍, ചുറ്റുപാടും പ്രക്ഷുബ്ധമാകുമ്പോള്‍ നമുക്ക് ഇത് എങ്ങനെ ചെയ്യാന്‍ കഴിയും?

7-ാം വാക്യം ഇങ്ങനെ നിര്‍ദ്ദേശിക്കുന്നു: 'യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്ന് അവനായി പ്രത്യാശിക്കുക.' പ്രാര്‍ത്ഥനയ്ക്കു ശേഷം അല്പ മിനിറ്റുകള്‍ മൗനം പാലിക്കാന്‍ പഠിച്ചുകൊണ്ട് നമുക്ക് ആരംഭിക്കാം. അല്ലെങ്കില്‍ നിശബ്ദമായി ബൈബിള്‍ വായിച്ച് വാക്കുകള്‍ നമ്മുടെ ഹൃദയത്തെ കുതിര്‍ക്കാന്‍ അനുവദിക്കുക. അപ്പോള്‍, ഒരുപക്ഷേ, അവിടുത്തെ ജ്ഞാനം നമ്മോട് സംസാരിക്കുന്നത് നാം കേള്‍ക്കും - ഒരു വാച്ചിന്റെ ടിക്, ടിക് ശബ്ദം പോലെ ശാന്തമായും ക്രമമായും.

ദൈര്‍ഘ്യമുള്ള വഴി

തന്റെ സമപ്രായക്കാര്‍ക്ക് ഓരോരുത്തര്‍ക്കായി സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍, ബെന്യാമിന് അസൂയപ്പെടാനല്ലാതെ മറ്റൊന്നും കഴിഞ്ഞില്ല. ''നിനക്കെന്തുകൊണ്ടാണ് ഇതുവരെ ഒരു മാനേജരാകാന്‍ കഴിയാത്തത്? നീ അത് അര്‍ഹിക്കുന്നു,''സുഹൃത്തുക്കള്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ ബെന്‍ തന്റെ തൊഴില്‍ വിഷയം ദൈവത്തിനു വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു. ''ഇതാണ് എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെങ്കില്‍, ഞാന്‍ എന്റെ ജോലി നന്നായി ചെയ്യും,'' അദ്ദേഹം മറുപടി നല്‍കി.

വര്‍ഷങ്ങള്‍ക്കുശേഷം ബെന്നിന് സ്ഥാനക്കയറ്റം ലഭിച്ചു. അപ്പോഴേക്കും, അദ്ദേഹത്തിന്റെ അധിക അനുഭവം ആത്മവിശ്വാസത്തോടെ തന്റെ ജോലി ചെയ്യാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കുകയും കീഴുദ്യോഗസ്ഥരുടെ ബഹുമാനം നേടുകയും ചെയ്തു. അതേസമയം, അദ്ദേഹത്തിന്റെ ചില സമപ്രായക്കാര്‍ അവരുടെ മേല്‍നോട്ട ചുമതലകളുമായി മല്ലിടുകയായിരുന്നു, കാരണം അവര്‍ അതിനു തയ്യാറെടുക്കുന്നതിന് മുമ്പ് തന്നെ സ്ഥാനക്കയറ്റം ലഭിച്ചു. ദൈവം തന്നെ ''ദൈര്‍ഘ്യമുള്ള വഴിയെ'' കൊണ്ടുപോയെന്ന് ബെന്‍ മനസ്സിലാക്കി.

ദൈവം യിസ്രായേല്യരെ ഈജിപ്തില്‍ നിന്ന് പുറപ്പെടുവിച്ചപ്പോള്‍ (പുറപ്പാട് 13:17-18), കനാനിലേക്കുള്ള ''കുറുക്കുവഴി'' അപകടസാധ്യത നിറഞ്ഞതിനാല്‍ അവന്‍ ദൈര്‍ഘ്യമുള്ള വഴി തിരഞ്ഞെടുത്തു. ദൈര്‍ഘ്യമേറിയ യാത്ര, ബൈബിള്‍ വ്യാഖ്യാതാക്കള്‍ ശ്രദ്ധിക്കുക, തുടര്‍ന്നുള്ള യുദ്ധങ്ങളില്‍ ശാരീരികമായും മാനസികമായും ആത്മീയമായും സ്വയം ശക്തിപ്പെടുത്താന്‍ അവര്‍ക്ക് കൂടുതല്‍ സമയം നല്‍കി.

ഹ്രസ്വമായ മാര്‍ഗം എല്ലായ്‌പ്പോഴും മികച്ചതല്ല. ചില സമയങ്ങളില്‍ ജീവിതത്തില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ദൈവം നമ്മെ അനുവദിക്കുന്നു, അത് നമ്മുടെ ജോലിയിലായാലും മറ്റ് പരിശ്രമങ്ങളിലായാലും. അങ്ങനെ മുന്നോട്ടുള്ള യാത്രയ്ക്ക് നാം നന്നായി തയ്യാറാകും. കാര്യങ്ങള്‍ വേഗത്തില്‍ സംഭവിക്കുമെന്ന് തോന്നുന്നില്ലെങ്കില്‍, നമ്മെ നയിക്കുകയും വഴികാട്ടുകയും ചെയ്യുന്ന ദൈവത്തില്‍ നമുക്ക് ആശ്രയിക്കാന്‍ കഴിയും.

ഒരു അപകടകരമായ വഴിതിരിച്ചുവിടല്‍

എന്തൊരു സമയനഷ്ടം ഹേമ വിചാരിച്ചു. അവര്‍ വീണ്ടും കണ്ടുമുട്ടണമെന്ന് അവളുടെ ഇന്‍ഷുറന്‍സ് ഏജന്റ് നിര്‍ബന്ധിക്കുകയായിരുന്നു. ഇത് വില്പനയ്ക്കുള്ള മറ്റൊരു വിരസമായ ചര്‍ച്ച ആയിരിക്കുമെന്ന് ഹേമയ്ക്ക് അറിയാമായിരുന്നു, എങ്കിലും തന്റെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കാനുള്ള അവസരമെന്ന നിലയില്‍ അത് പരമാവധി പ്രയോജനപ്പെടുത്താന്‍ അവള്‍ തീരുമാനിച്ചു.

ഏജന്റിന്റെ പുരികം പച്ചകുത്തിയതായി ശ്രദ്ധയില്‍പ്പെട്ട അവള്‍ എന്തിനാണതെന്നു മടിച്ചുമടിച്ചു ചോദിച്ചു. അത് തന്റെ ഭാഗ്യം കൊണ്ടുവരുമെന്ന് തോന്നിയതിനാലാണ് എന്ന് ആ സ്ത്രീ മറുപടി നല്‍കി. ധനത്തെക്കുറിച്ചുള്ള ഒരു പതിവ് ചാറ്റില്‍ നിന്നുള്ള അപകടകരമായ ഒരു വഴിതിരിച്ചുവിടലായിരുന്നു ഹേമയുടെ ചോദ്യം. എങ്കിലും അത് ഭാഗ്യത്തെയും വിശ്വാസത്തെയും കുറിച്ചുള്ള സംഭാഷണത്തിലേക്കുള്ള വാതില്‍ തുറന്നു. എന്തുകൊണ്ടാണ് യേശുവില്‍ താന്‍ ആശ്രയിച്ചതെന്ന് സംസാരിക്കാന്‍ അതവള്‍ക്ക് അവസരം നല്‍കി. ആ ''പാഴായ'' മണിക്കൂര്‍ ഒരു ദൈവികമായ നിയമനമായി മാറി.

യേശു അപകടകരമായ വഴിതിരിച്ചുവിടല്‍ നടത്തി. യെഹൂദ്യയില്‍ നിന്ന് ഗലീലിയിലേക്കുള്ള യാത്രയ്ക്കിടെ, ഒരു ശമര്യക്കാരിയോട് സംസാരിക്കാനായി അവന്‍ വഴി മാറി നടന്നു — ഒരു യഹൂദന് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്നായിരുന്നു അത്. മറ്റ് ശമര്യക്കാര്‍ പോലും ഒഴിവാക്കിയ അഭിസാരികയായിരുന്നു അവള്‍. എന്നിട്ടും പലരുടേയും രക്ഷയിലേക്ക് നയിച്ച ഒരു സംഭാഷണത്തിലാണ് അവന്റെ യാത്ര ചെന്നെത്തിയത് (യോഹന്നാന്‍ 4:1-26, 39-42).

നിങ്ങള്‍ ശരിക്കും കാണാന്‍ ആഗ്രഹിക്കാത്ത ഒരാളെ കണ്ടുമുട്ടുന്നുണ്ടോ? നിങ്ങള്‍ സാധാരണ ഒഴിവാക്കുന്ന ഒരു അയല്‍വാസിയുടെ മുമ്പില്‍ നിങ്ങള്‍ കൂടെക്കൂടെ ചെന്നുപെടുകയാണോ? സുവാര്‍ത്ത പങ്കുവെക്കാന്‍ ''സമയത്തിലും അസമയത്തിലും'' തയ്യാറായിരിക്കാന്‍ ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു (2 തിമൊഥെയൊസ് 4:2). 'അപകടകരമായ വഴിതിരിച്ചുവിടല്‍'' പരിഗണിക്കുക. ആര്‍ക്കറിയാം, ഇന്ന് ദൈവത്തെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കാന്‍ ദൈവം നിങ്ങള്‍ക്ക് ഒരു ദിവ്യ അവസരം നല്‍കുന്നതായിരിക്കാം അത്!

വേര്‍പിരിയലിലെ ഐക്യപ്പെടല്‍

തന്റെ സഹപ്രവര്‍ത്തകനായ തരുണുമൊത്തുള്ള ഒരു പ്രോജക്ടില്‍ ഉള്‍പ്പെടുത്തപ്പെട്ടപ്പോള്‍ അശോക് ഒരു വലിയ വെല്ലുവിളി നേരിട്ടു: ഇതെങ്ങനെ നടത്താമെന്നതിനെക്കുറിച്ച് അദ്ദേഹത്തിനും തരുണിനും വളരെ വ്യത്യസ്തമായ ആശയങ്ങളാണുണ്ടായിരുന്നത്. അവര്‍ പരസ്പരം അഭിപ്രായങ്ങളെ മാനിക്കുമ്പോള്‍ തന്നേ, അവരുടെ സമാപനങ്ങള്‍ വളരെ വ്യത്യസ്തമായിരുന്നതിനാല്‍ തര്‍ക്കം ആസന്നമാണെന്ന് തോന്നി. എന്നിരുന്നാലും, സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പ്, രണ്ടുപേരും തങ്ങളുടെ ബോസുമായി അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമ്മതിച്ചു, അദ്ദേഹം അവരെ വ്യത്യസ്ത ടീമുകളില്‍ ഉള്‍പ്പെടുത്തി. അത് ബുദ്ധിപരമായ നീക്കമായി മാറി. ആ ദിവസം അശോക് ഒരു പാഠം പഠിച്ചു: ഐക്യപ്പെടുക എന്നാല്‍ എല്ലായ്‌പ്പോഴും ഒരുമിച്ച് കാര്യങ്ങള്‍ ചെയ്യുക എന്നല്ല.

താനും ലോത്തും ബെഥേല്‍ മുതല്‍ രണ്ടു വഴിക്കു തിരിയണമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ അബ്രഹാം ഈ സത്യം മനസ്സിലാക്കിയിരിക്കണം (ഉല്പത്തി 13:5-9). അവരുടെ രണ്ടുപേരുടെയും ആട്ടിന്‍കൂട്ടങ്ങള്‍ക്കു വേണ്ടത്ര ഇടമില്ലെന്ന് കണ്ട അബ്രഹാം വിവേകപൂര്‍വ്വം പിരിഞ്ഞുപോകാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ആദ്യം, 'തങ്ങള്‍ സഹോദരന്മാരാണ്'' (വാ. 8), എന്നു പറഞ്ഞുകൊണ്ട് തങ്ങളുടെ ബന്ധത്തെക്കുറിച്ച് ലോത്തിനെ ഓര്‍മ്മപ്പെടുത്തുന്നു. പിന്നെ, അബ്രഹാം മുതിര്‍ന്ന ആളാണെങ്കിലും ഏറ്റവും വിനയത്തോടെ, തന്റെ സഹോദരപുത്രനെ ആദ്യ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിച്ചു (വാ. 9). ഒരു പാസ്റ്റര്‍ വിവരിച്ചതുപോലെ, ഇത് ''സ്വരച്ചേര്‍ച്ചയുള്ള വേര്‍പിരിയല്‍' ആയിരുന്നു.

ദൈവത്താല്‍ അതുല്യമായി സൃഷ്ടിക്കപ്പെട്ടതിനാല്‍, ഒരേ ലക്ഷ്യം നേടുന്നതിന് നാം ചിലപ്പോള്‍ പ്രത്യേകം പ്രത്യേകം പ്രവര്‍ത്തിക്കേണ്ടിവന്നേക്കാം. വൈവിധ്യത്തില്‍ ഒരു ഐക്യമുണ്ട്. എന്നിരുന്നാലും, നാം ഇപ്പോഴും ദൈവകുടുംബത്തിലെ സഹോദരങ്ങളാണെന്ന കാര്യം നാം ഒരിക്കലും മറക്കരുത്. നാം കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്‌തേക്കാം, പക്ഷേ ഉദ്ദേശ്യത്തില്‍ നാം ഐക്യതയോടെ തുടരുന്നു.

ദൈവം ഉണ്ടോ?

ലീല ക്യാന്‍സര്‍ ബാധിച്ച് മരിച്ചുകൊണ്ടിരിക്കുകയായിരുന്നു, സ്‌നേഹവാനായ ഒരു ദൈവം തന്റെ ഭാര്യയെ കഷ്ടപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് ഭര്‍ത്താവ് തിമോത്തിക്ക് മനസ്സിലായില്ല. ഒരു ബൈബിള്‍ അദ്ധ്യാപികയായും അനേകര്‍ക്ക് ഉപദേഷ്ടാവായും അവള്‍ അവനെ വിശ്വസ്തതയോടെ സേവിച്ചിരുന്നു. ''എന്തുകൊണ്ടാണ് അങ്ങ് ഇത് സംഭവിക്കാന്‍ അനുവദിച്ചത്?'' അവന്‍ കരഞ്ഞു. എന്നിട്ടും തിമോത്തി ദൈവത്തോടുള്ള ബന്ധത്തില്‍ വിശ്വസ്തനായി തുടര്‍ന്നു.

''എന്നിട്ടും നിങ്ങള്‍ ഇപ്പോഴും ദൈവത്തില്‍ വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്?'' ഞാന്‍ അയാളോട് തുറന്നു ചോദിച്ചു. 'അവനില്‍ നിന്ന് പിന്തിരിയുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നതെന്താണ്?''

''മുമ്പ് സംഭവിച്ചതു നിമിത്തം,'' തിമോത്തി മറുപടി പറഞ്ഞു. ഇപ്പോള്‍ ദൈവത്തെ ''കാണാന്‍'' കഴിയാത്തപ്പോള്‍, ദൈവം തന്നെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്ത സമയങ്ങളെക്കുറിച്ച് അയാള്‍ ഓര്‍ത്തു. ദൈവം ഇപ്പോഴും തന്റെ കുടുംബത്തെ പരിപാലിക്കുന്നു എന്നതിന്റെ അടയാളങ്ങളായിരുന്നു അവ. ''ഞാന്‍ വിശ്വസിക്കുന്ന ദൈവം സ്വന്തം വഴിയിലൂടെ കടന്നുവരുമെന്ന് ഞാന്‍ അറിയുന്നു,'' അയാള്‍ പറഞ്ഞു.

തിമോത്തിയുടെ വാക്കുകള്‍ യെശയ്യാവ് 8:17-ലെ യെശയ്യാവിന്റെ വിശ്വാസപ്രകടനത്തെ പ്രതിധ്വനിക്കുന്നു. തന്റെ ആളുകള്‍ ശത്രുക്കളില്‍ നിന്നുള്ള ആപത്തുകള്‍ നേരിടുന്ന സമയത്ത് ദൈവസാന്നിദ്ധ്യം അനുഭവിക്കാന്‍ കഴിയാത്തപ്പോള്‍ പോലും, അവന്‍ 'കര്‍ത്താവിനായി കാത്തിരിക്കും.'' അവിടുത്തെ സാന്നിധ്യത്തെക്കുറിച്ച് അവന്‍ നല്‍കിയ അടയാളങ്ങള്‍ നിമിത്തം അവന്‍ ദൈവത്തില്‍ വിശ്വസിച്ചു (വാ. 18).

നമ്മുടെ കഷ്ടങ്ങളില്‍ ദൈവം നമ്മോടൊപ്പമില്ലെന്ന് തോന്നിയേക്കാവുന്ന സന്ദര്‍ഭങ്ങളുണ്ട്. നമ്മുടെ ജീവിതത്തില്‍ ഭൂതകാലത്തിലും വര്‍ത്തമാനകാലത്തും അവിടുന്നു ചെയ്തതും ചെയ്യുന്നതുമായി നമുക്ക് കാണാന്‍ കഴിയുന്ന പ്രവൃത്തികളില്‍ നാം ആശ്രയിക്കുന്നത് അപ്പോഴാണ്. അവ ഒരു അദൃശ്യ ദൈവത്തിന്റെ - എപ്പോഴും നമ്മോടൊപ്പമുള്ളവനും അവന്റെ സമയത്തിലും രീതിയിലും ഉത്തരം നല്‍കുന്നവനുമായ ഒരു ദൈവം - ദൃശ്യമായ ഓര്‍മ്മപ്പെടുത്തലാണ്.

പദ്ധതി തടസ്സപ്പെട്ടു

ഒരു സ്പീച്ച് തെറാപ്പിസ്റ്റാകാനുള്ള ജെയിന്റെ പദ്ധതി അവസാനിച്ചു. ജോലി അവള്‍ക്ക് വൈകാരികമായി വെല്ലുവിളിയാണെന്ന് ഇന്റേണ്‍ഷിപ്പില്‍ മനസ്സിലായതോടെയായിരുന്നു അത്. തുടര്‍ന്ന് ഒരു മാസികയ്ക്കുവേണ്ടി എഴുതാനുള്ള അവസരം അവള്‍ക്കു ലഭിച്ചു. ഒരു എഴുത്തുകാരിയെന്ന നിലയില്‍ അവള്‍ ഒരിക്കലും തന്നെ കണ്ടിരുന്നില്ല, എങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം അവള്‍ തന്റെ എഴുത്തിലൂടെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവളായി മാറി. ''തിരിഞ്ഞുനോക്കുമ്പോള്‍, ദൈവം എന്റെ പദ്ധതികള്‍ മാറ്റിയത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായി,'' അവള്‍ പറയുന്നു. ''എനിക്കായി ഒരു വലിയ പദ്ധതി അവന്റെ പക്കല്‍ ഉണ്ടായിരുന്നു.''

തകരാറിലായ പദ്ധതികളെക്കുറിച്ചുള്ള നിരവധി കഥകള്‍ ബൈബിളിലുണ്ട്. തന്റെ രണ്ടാമത്തെ മിഷനറി യാത്രയില്‍, സുവിശേഷവുമായി ബിഥുന്യയിലേക്ക് പോകുവാന്‍ പൗലൊസ് ശ്രമിച്ചുവെങ്കിലും യേശുവിന്റെ ആത്മാവ് അവനെ തടഞ്ഞു (പ്രവൃ. 16:6-7). ഇത് ദുരൂഹമായി തോന്നിയിരിക്കണം: ദൈവം നല്‍കിയ ദൗത്യത്തിന് അനുസൃതമായ പദ്ധതികളെ യേശു തടസ്സപ്പെടുത്തിയത് എന്തുകൊണ്ട്? ഒരു രാത്രി സ്വപ്‌നത്തില്‍ ഉത്തരം വന്നു: മാസിഡോണിയയ്ക്ക് അവനെ കൂടുതല്‍ ആവശ്യമുണ്ട്. അവിടെ പൗലൊസ് യൂറോപ്പിലെ ആദ്യത്തെ സഭ സ്ഥാപിച്ചു. ശലോമോന്‍ ഇപ്രകാരം നിരീക്ഷിച്ചു, ''മനുഷ്യന്റെ ഹൃദയത്തില്‍ പല വിചാരങ്ങളും ഉണ്ട്്്; യഹോവയുടെ ആലോചനയോ നിവൃത്തിയാകും'' (സദൃശവാക്യങ്ങള്‍ 19:21).

പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് വിവേകപൂര്‍ണ്ണമാണ്. ഇപ്രകാരം ഒരു ചൊല്ലുണ്ട്, ''ആസൂത്രണം ചെയ്യുന്നതില്‍ പരാജയപ്പെടുന്നവന്‍ പരാജയപ്പെടാന്‍ പദ്ധതിയിടുന്നു.'' എന്നാല്‍ ദൈവം നമ്മുടെ പദ്ധതികളെ തന്റേതായ രീതിയില്‍ തടസ്സപ്പെടുത്തിയേക്കാം. ദൈവത്തെ വിശ്വസിക്കാന്‍ കഴിയുമെന്ന് അറിഞ്ഞുകൊണ്ട് ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ് നാം ചെയ്യേണ്ടത്. നാം അവന്റെ ഹിതത്തിനു കീഴ്പെടുകയാണെങ്കില്‍, നമ്മുടെ ജീവിതത്തിനായുള്ള അവിടുത്തെ ഉദ്ദേശ്യവുമായി യോജിക്കുന്നതായി നാം കണ്ടെത്തും.

നാം പദ്ധതികള്‍ തയ്യാറാക്കുന്നത് തുടരുമ്പോള്‍, നമുക്ക് ഒരു പുതിയ കാര്യം ചേര്‍ക്കാന്‍ കഴിയും: കേള്‍ക്കാന്‍ പദ്ധതിയിടുക. ദൈവത്തിന്റെ പദ്ധതി കേള്‍ക്കുക.

സ്‌നേഹത്തില്‍ വിഭജിപ്പെടുക

വിവാദമായ സിംഗപ്പൂര്‍ നിയമത്തെക്കുറിച്ച് പൊതുചര്‍ച്ച പൊട്ടിപ്പുറപ്പെട്ടപ്പോള്‍, അതു വിശ്വാസികളെ വ്യത്യസ്ത വീക്ഷണങ്ങളിലായി വിഭജിച്ചു. ചിലര്‍ മറ്റുള്ളവരെ ''സങ്കുചിത ചിന്താഗതിക്കാര്‍'' എന്ന് വിളിക്കുകയോ അവരുടെ വിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് ആരോപിക്കുകയോ ചെയ്തു.

തര്‍ക്കങ്ങള്‍ ദൈവത്തിന്റെ കുടുംബത്തില്‍ കഠിനമായ ഭിന്നതയുണ്ടാക്കുകയും ആളുകളെ വളരെയധികം വേദനിപ്പിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യും. ബൈബിളിലെ പഠിപ്പിക്കലുകള്‍ എന്റെ ജീവിതത്തില്‍ എങ്ങനെ ബാധകമാക്കുന്നു എന്നതിനെക്കുറിച്ചുള്ള വ്യക്തിപരമായ ബോധ്യങ്ങളില്‍ ഞാന്‍ എന്നെ ചെറുതായി കാണുന്നു. ഞാന്‍ വിയോജിക്കുന്ന മറ്റുള്ളവരെ വിമര്‍ശിക്കുന്നതില്‍ ഞാനും ഒരുപോലെ കുറ്റക്കാരനാണെന്ന് എനിക്ക് ഉറപ്പുണ്ട്.

പ്രശ്‌നം, നമ്മുടെ കാഴ്ചപ്പാടുകള്‍ എന്തിനുവേണ്ടിയാണ് എന്നതോ എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതോ അല്ല, മറിച്ച് അത് ചെയ്യുമ്പോള്‍ നമ്മുടെ ഹൃദയത്തിന്റെ മനോഭാവം എന്താണ് എന്നതാണെന്ന് ഞാന്‍ ചിന്തിക്കുന്നു. നാം കാഴ്ചപ്പാടുകളോട് വിയോജിക്കുകയാണോ അതോ അവയ്ക്കു പിന്നിലുള്ള ആളുകളെ കീറിമുറിക്കാന്‍ ശ്രമിക്കുകയാണോ?

എങ്കിലും നാം തെറ്റായ പഠിപ്പിക്കലിനെ അഭിസംബോധന ചെയ്യാനോ നമ്മുടെ നിലപാട് വിശദീകരിക്കാനോ ചില അവസരങ്ങളുണ്ട്. താഴ്മ, സൗമ്യത, ക്ഷമ, സ്നേഹം എന്നിവ ഉപയോഗിച്ച് അവ പ്രകടിപ്പിക്കണമെന്ന് എഫെസ്യര്‍ 4:2-6 നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാറ്റിനുമുപരിയായി, ''ആത്മാവിന്റെ ഐക്യം നിലനിര്‍ത്താന്‍'' എല്ലാ ശ്രമങ്ങളും നടത്തുക (വാ. 3).

ചില വിവാദങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരും. എന്നിരുന്നാലും, ദൈവത്തിന്റെ വചനം നമ്മെ എല്ലായ്പ്പോഴും ഓര്‍മ്മിപ്പിക്കുന്നത് ആളുകളുടെ വിശ്വാസം വളര്‍ത്തിയെടുക്കലാണ്, അവരെ കീറിമുറിക്കുകയല്ല നമ്മുടെ ലക്ഷ്യം എന്നാണ് (വാ. 29). ഒരു വാദം ജയിക്കാന്‍ നാം മറ്റുള്ളവരെ തകര്‍ക്കുകയാണോ? അല്ലെങ്കില്‍, ഒരു കര്‍ത്താവിലുള്ള വിശ്വാസം നാം പങ്കുവെക്കുന്നുവെന്നോര്‍ത്ത് അവന്റെ സമയത്തിലും അവന്റെ വഴികളിലും അവന്റെ സത്യങ്ങള്‍ നമ്മെ ഗ്രഹിപ്പിക്കാന്‍ ദൈവത്തെ അനുവദിക്കുകയാണോ? (വാ. 4-6).

ദൈവത്തിനു സുന്ദരം

ഡെനീസ് അവളുടെ ബോയ്ഫ്രണ്ടുമായി ഡേറ്റിംഗ് ആരംഭിച്ചപ്പോള്‍, അവള്‍ മെലിഞ്ഞ ശരീരപ്രകൃതിയും സ്റ്റൈലായ വസ്ത്രധാരണവും നിലനിര്‍ത്താന്‍ ശ്രമിച്ചു. ആ നിലയില്‍ അവന്റെ മുമ്പില്‍ താന്‍ കൂടുതല്‍ ആകര്‍ഷകയായിരിക്കും എന്നവള്‍ കരുതി. മാത്രമല്ല, എല്ലാ സ്ത്രീ മാസികകളും ഉപദേശിക്കുന്നതും അതാണ്. വളരെ നാളുകള്‍ കഴിഞ്ഞാണ് യഥാര്‍ത്ഥത്തില്‍ അവന്‍ ചിന്തിച്ചിരുന്നതെന്താണ് എന്നവള്‍ കണ്ടുപിടിച്ചത്: 'നീ കുറച്ചു തടിച്ചിരുന്നാലും നിന്നെ ഞാനിഷ്ടപ്പെടും, നീ എന്ത് ധരിക്കുന്നു എന്നതെനിക്ക് വിഷയവുമല്ല!'

അപ്പോഴാണ് 'സൗന്ദര്യം' വ്യക്തിയധിഷ്ഠിതമാണെന്നു ഡെനീസ് മനസ്സിലാക്കിയത്. നമ്മുടെ സൗന്ദര്യ വീക്ഷണം എളുപ്പത്തില്‍ മറ്റുള്ളവരാല്‍ സ്വാധീനിക്കപ്പെടാറുണ്ട്. മിക്കപ്പോഴും അത് ബാഹ്യരൂപത്തില്‍ കേന്ദ്രീകരിക്കപ്പെടുകയും…