ഇത് സകലതും വ്യത്യാസപ്പെടുത്തുന്നു
തന്റെ തലമുറയിൽ ക്രിസ്തീയ ചരിത്രത്തിന്റെ ഒരു ആധികാരിക വക്താവായി അറിയപ്പെട്ട യെയൽ (Yale) യൂണിവേഴ്സിറ്റിയിൽ ദീർഘകാല പ്രൊഫസറായിരുന്ന ജറോസ്ലാവ് പെലിക്കൻ വിപുലമായ അക്കാദമിക യോഗ്യതകൾക്ക് പേരുകേട്ടയാളായിരുന്നു. അദ്ദേഹം മുപ്പതിലധികം പുസ്തകങ്ങൾ രചിക്കുകയും വിപുലമായ രചനാ സമ്പത്തിന്റെ പേരിൽ വിഖ്യാതമായ ക്ലൂഗ് പുരസ്കാരം നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വാക്കുകളായി ഒരു ശിഷ്യൻ പറഞ്ഞത്, മരണക്കിടക്കയിൽ വെച്ച് അദ്ദേഹം നടത്തിയ പ്രസ്താവനയാണ്; “ക്രിസ്തു ഉയിർത്തെഴുന്നേറ്റു എങ്കിൽ, മറ്റൊന്നും വിഷയമല്ല. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലയെങ്കിൽ മറ്റൊന്നു കൊണ്ടും കാര്യമില്ല.”
പൗലോസിന്റെ ബോധ്യവും ഇതു തന്നെയായിരുന്നു: “ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം” (1 കൊരിന്ത്യർ 15:14). അപ്പസ്തോലൻ ഇത്ര ധൈര്യമായി പ്രസ്താവിക്കുന്നതിന് കാരണം യേശുവിന്റെ ഉയിർപ്പ് കേവലം ഒരിക്കലായി സംഭവിച്ച അത്ഭുതം എന്നതിനപ്പുറം മാനവചരിത്രത്തിൽ ദൈവം ചെയ്ത രക്ഷാകര പ്രവൃത്തിയുടെ ഉത്തുംഗത്തിൽ നിൽക്കുന്ന കാര്യമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പുനരുത്ഥാനം എന്ന വാഗ്ദത്തം യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേല്ക്കും എന്നതിന്റെ ഉറപ്പ് മാത്രമല്ല, മൃതവും ദ്രവത്വം ബാധിച്ചതുമായ എല്ലാറ്റിനെയും (ജീവിതങ്ങൾ, അയൽപക്കങ്ങൾ, ബന്ധങ്ങൾ) ക്രിസ്തുവിലൂടെ ജീവനിലേക്ക് കൊണ്ടുവരും എന്നതിന്റെ സുനിശ്ചിതമായ പ്രഖ്യാപനവും കൂടിയാണ്. പുനരുത്ഥാനം ഇല്ലെങ്കിൽ നാം വലിയ പ്രതിസന്ധിയിലാണ് എന്ന് പൗലോസിനറിയാം. പുനരുത്ഥാനം ഇല്ലെങ്കിൽ മരണവും നാശവും വിജയം വരിക്കും.
“എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർത്തിരിക്കുന്നു” (വാ. 20). ജയാളിയായവൻ മരണത്തെ തകർത്ത് പരാജയപ്പെടുത്തി. ക്രിസ്തു, ഇനിയും ജീവനിലേക്ക് വരാനുള്ളവരുടെ “ആദ്യഫലം “ആണ്. അവൻ മരണത്തെയും തിന്മയെയും പരാജയപ്പെടുത്തിയതിനാൽ നമുക്ക് ധൈര്യമായും സ്വതന്ത്രമായും ജീവിക്കാം. ഇത് സകലത്തെയും വ്യത്യാസപ്പെടുത്തുന്നു.
സത്യസന്ധമായജീവിതം
കഠിനമായ ഒരു രാജ്യാന്തര ക്രോസ്-കൺട്രി മത്സരത്തിൽ പങ്കെടുക്കുന്ന കെനിയൻ റണ്ണറായ ആബെൽ മുതായ്, വിജയത്തിന് കേവലം വാരകൾ അകലെയായിരുന്നു - അദ്ദേഹത്തിന്റെ ലീഡ് സുരക്ഷിതവും.പാതയുടെ അടയാളങ്ങളിൽ ആശയക്കുഴപ്പത്തിലായമുതായ്,താൻ ഇതിനോടകം ഫിനിഷിംഗ് ലൈൻ മറികടന്നു എന്നുകരുതിഓട്ടം നിർത്തി. രണ്ടാം സ്ഥാനത്തുള്ള സ്പാനിഷ് ഓട്ടക്കാരൻ ഐവാൻ ഫെർണാണ്ടസ് അനയ, മുതായിയുടെ തെറ്റ് കണ്ടു. ഇത് മുതലെടുത്ത് വിജയത്തിനായി കുതിക്കുന്നതിനു പകരം, അദ്ദേഹം മുതായിയെ കൈ നീട്ടി പിടികൂടി, സ്വർണ്ണമെഡൽ വിജയത്തിലേക്ക് നയിച്ചു. എന്തിനാണ് മത്സരത്തിൽ മനഃപൂർവ്വം തോറ്റു കൊടുത്തതെന്ന് റിപ്പോർട്ടർമാർ അനയയോട് ചോദിച്ചപ്പോൾ, താനല്ല മുതായിയാണ് വിജയത്തിന് അർഹനെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. "അങ്ങനെയുള്ളഎന്റെ വിജയത്തിന്റെമേന്മഎന്തായിരിക്കും?ആ മെഡലിന്റെ മാനം എന്തായിരിക്കും? എന്റെ അമ്മ അതിനെക്കുറിച്ച് എന്ത് വിചാരിക്കും?'' ഒരു റിപ്പോർട്ട് പറയുന്നത് പോലെ: "അനയ, വിജയത്തിനു പകരം സത്യസന്ധത തിരഞ്ഞെടുത്തു."
സത്യസന്ധമായി ജീവിക്കുവാൻ ആഗ്രഹിക്കുന്നവർ, ജീവിതത്തിൽവിശ്വസ്തതയും ആധികാരികതയും പ്രദർശിപ്പിക്കണം എന്നാഗ്രഹിക്കുന്നവർ, എന്താണ് ഉചിതം എന്നതിനേക്കാൾ സത്യമായത് എന്താണെന്ന് അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പുകൾ നടത്തുമെന്ന് സദൃശവാക്യങ്ങൾ പറയുന്നു. "നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴി നടത്തും'' (11:3).സത്യസന്ധതയോടുള്ള ഈ പ്രതിബദ്ധത ജീവിക്കാനുള്ള ശരിയായ മാർഗ്ഗം മാത്രമല്ല, മെച്ചപ്പെട്ട ഒരു ജീവിതവും വാഗ്ദാനം ചെയ്യുന്നു. സദൃശവാക്യം തുടരുന്നു: "ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും" (വാ.3). കള്ളത്തരം ദീർഘകാലം ഗുണം ചെയ്യില്ല.
നാം നമ്മുടെ സത്യസന്ധത ഉപേക്ഷിച്ചാൽ ലഭിക്കുന്ന, "ഹ്രസ്വകാല വിജയങ്ങൾ" യഥാർത്ഥത്തിൽ തോൽവിയെ ഉളവാക്കും. എന്നാൽ വിശ്വസ്തതയും സത്യസന്ധതയും നമ്മെ ദൈവശക്തിയാൽ രൂപപ്പെടുത്തുമ്പോൾ, നാം സാവധാനം കലർപ്പില്ലാത്ത നല്ല ജീവിതം നയിക്കുന്ന ആഴമേറിയ സ്വഭാവമുള്ള മനുഷ്യരായി മാറുന്നു.
സുവാർത്തയുടെ സന്തോഷം
1964 ലെ ഒരു സായാഹ്നത്തിൽ, 9.2 തീവ്രത രേഖപ്പെടുത്തിയ ഗ്രേറ്റ് അലാസ്ക ഭൂകമ്പം, നാലു മിനിറ്റിനുള്ളിൽ ആങ്കറേജ് നഗരത്തെ തകിടം മറിച്ചു. ഇരുണ്ട, ഭീതിജനകമായ ആ രാത്രിയിൽ, വാർത്താ റിപ്പോർട്ടർ ജെനി ചാൻസ് അവളുടെ മൈക്രോഫോണിൽ നിന്ന്, അവരുടെ റേഡിയോകളിൽ ശ്രദ്ധിച്ചിരിക്കുന്നനിരാശരായ ആളുകൾക്ക് സന്ദേശങ്ങൾ കൈമാറി: തന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് അകലെ ജോലി ചെയ്യുന്ന ഒരു ഭർത്താവ് കേട്ടു; ബോയ് സ്കൗട്ട് ക്യാമ്പിലുണ്ടായിരുന്ന അവരുടെ മക്കൾക്കു കുഴപ്പമില്ലെന്ന് അസ്വസ്ഥരായ കുടുംബങ്ങൾ കേട്ടു; തങ്ങളുടെ കുട്ടികളെ കണ്ടെത്തിയതായി ചില ദമ്പതികൾ കേട്ടു. ഭയാനകമായ ആ സമയത്ത് ഇങ്ങനെയുള്ള ശുഭവാർത്തകൾ തുടർച്ചയായി റേഡിയോയിൽ വന്നുകൊണ്ടിരുന്നു – സർവ്വനാശത്തിനിടയിലെ സദ്വർത്തമാനം ആയിരുന്നു അത്.
പ്രവാചകനായ യെശയ്യാവിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ഇസ്രായേലിന് തോന്നിയതും അങ്ങനെത്തന്നെയായിരിക്കണം: "എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തു" (61: 1). തകർന്നുകിടക്കുന്ന അവരുടെ ജീവിതത്തിന്റെ ശൂന്യമായ ഭാവിയുടെ തരിശുഭൂമിയിലേക്ക് അവർ നോക്കിയപ്പോൾ, എല്ലാം നഷ്ടപ്പെട്ടതായി തോന്നിയ നിമിഷത്തിൽ യെശയ്യാവിന്റെ വ്യക്തമായ ശബ്ദം അവർക്ക് നല്ല വാർത്ത നൽകി. “ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും... തലമുറയായി നിർജ്ജനമായിരുന്ന ശൂന്യനഗരങ്ങളെ കേടുപോക്കുവാനും"(61:1, 4) ദൈവം ഉദ്ദേശിക്കുന്നു എന്ന ദൈവത്തിന്റെ ഉറപ്പായ വാഗ്ദാനം, അവരുടെ ഭീതിയുടെ നടുവിലും ജനങ്ങൾ കേട്ട ഏറ്റവും നല്ല വാർത്ത ആയിരുന്നു.
ഇന്ന് നമ്മെ സംബന്ധിച്ചിടത്തോളം, യേശുവിലാണ് നാം ദൈവത്തിന്റെ സുവാർത്ത കേൾക്കുന്നത് - സുവിശേഷം എന്ന വാക്കിന്റെ അർത്ഥംസുവാർത്തഎന്നാണല്ലോ. നമ്മുടെ ഭയം, വേദന, പരാജയം എന്നിവ മാറ്റുവാൻ അവൻ ഒരു നല്ല വാർത്ത നൽകുന്നു. നമ്മുടെ ദുരിതങ്ങൾ സന്തോഷത്തിന് വഴിമാറുന്നു.
സ്നേഹത്തിന്റെ ശക്തി
എൺപത് പിന്നിട്ട , അസാധാരണ ദമ്പതികളായിരുന്ന അവരിൽ, ഒരാൾജർമ്മനിയിൽനിന്നുംമറ്റെയാൾഡെന്മാർക്കിൽനിന്നുംഉള്ളവരായിരുന്നു. വിവാഹപങ്കാളിമരിക്കുന്നതിനു മുമ്പ് അവർ ഓരോരുത്തരും അറുപത് വർഷത്തെ ദാമ്പത്യം ആസ്വദിച്ചവരാണ്. പതിനഞ്ച് മിനിറ്റ് മാത്രം അകലത്തിലാണ് താമസിക്കുന്നതെങ്കിലും, അവരുടെ വീടുകൾ വ്യത്യസ്ത രാജ്യങ്ങളിലായിരുന്നു. എന്നിട്ടും, അവർ പ്രണയത്തിലായി, പതിവായി ഭക്ഷണം പാകം ചെയ്യുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ, 2020 ൽ, കൊറോണ വൈറസ് കാരണം, ഡാനിഷ് സർക്കാർ അതിർത്തി കടക്കുന്നത് തടഞ്ഞു. എങ്കിലും, മുടങ്ങാതെ, എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മണിക്ക്, അതിർത്തിയിലെ ശാന്തമായ ഒരു നാട്ടുപാതയിൽ അവർ ഇരുവരും കണ്ടുമുട്ടി, അതാത് വശങ്ങളിൽ ഇരുന്നു, ഒരു പിക്നിക്ക് പോലെ സമയം പങ്കിട്ടു. "ഞങ്ങൾ ഇവിടെ വന്നത് സ്നേഹം ഒന്നുകൊണ്ടുമാത്രമാണ്,"പുരുഷൻ വിശദീകരിച്ചു. അവരുടെ സ്നേഹം അതിരുകളേക്കാൾ ഗാഢമായിരുന്നു, പകർച്ചവ്യാധിയേക്കാൾ ശക്തമായിരുന്നു.
പ്രേമത്തിന്റെ അജയ്യമായ ശക്തിയുടെ ആകർഷണീയമായ പ്രദർശനമാണ് ഉത്തമഗീതം. "പ്രേമം മരണം പോലെ ശക്തമാണ്," ശലോമോൻ തീർത്തു പറഞ്ഞു (8:6). മരണത്തിൽ നിന്ന് രക്ഷപ്പെടുവാൻ മനുഷ്യർക്ക് കഴിയില്ല; അത് തകർക്കാനാവാത്ത ഉറപ്പുള്ള അന്ത്യമാണ്. എന്നാൽ, സ്നേഹംഅതിലും ശക്തമാണ്, "അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ" (വാ. 6) എന്നാണ് എഴുത്തുകാരൻ പറയുന്നത്. അഗ്നി പൊട്ടിത്തെറിച്ച് ആളിപ്പടരുന്നതു നിങ്ങൾ കണ്ടിട്ടുണ്ടോ? സ്നേഹം അഗ്നി പോലെയാണ്. അതു ഉൾക്കൊള്ളുവാൻ അസാദ്ധ്യമാണ്. "ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുത്തുവാൻ പോരാ; "നദികൾ അതിനെ മുക്കിക്കളകയില്ല(വാ. 7).
മനുഷ്യസ്നേഹം, അത് നിസ്വാർത്ഥവും സത്യവുമാകുമ്പോഴെല്ലാം, ഈ സവിശേഷതകളുടെ പ്രതിഫലനങ്ങൾ അവയിൽ കാണാം. എന്നിരുന്നാലും, ദൈവത്തിന്റെ സ്നേഹം മാത്രമാണ് ഒരിക്കലും വറ്റാത്തതും, പരിധിയില്ലാത്തതും, ദൃഡമായതും. ഈ അടങ്ങാത്ത സ്നേഹത്താൽ ദൈവം നമ്മെ ഓരോരുത്തരെയും സ്നേഹിക്കുന്നു എന്നതാണു ഏറ്റവും അതിശയകരമായത്.
മർത്യത; താഴ്മ
പുരാതന റോമിൽ പടനായകന്മാർ ഒരു ഇതിഹാസ യുദ്ധത്തിൽ വിജയിച്ചതിനുശേഷം തലസ്ഥാനവീഥികളിലൂടെ രാവിലെ മുതൽ സൂര്യാസ്തമയം വരെ വിജയരഥത്തിൽ വീരഘോഷയാത്ര നടത്തുന്ന കഥകൾ, പുരാതനപണ്ഡിതന്മാരായജെറോമുംതെർത്തുല്യനുംപരാമർശിച്ചിട്ടുണ്ട്. ആൾക്കൂട്ടം ഇരമ്പും; പടത്തലവൻ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമാനത്തിൽ ആഹ്ലാദിച്ചുകൊണ്ട് ആരാധനയിൽ മുഴുകും. എന്നിരുന്നാലും, ഒരു ദാസൻ ഈസമയം മുഴുവൻ പടത്തലവന്റെ പുറകിൽ നിന്നുകൊണ്ടു,‘മെമെന്റോ മോറി’ (നിങ്ങൾ മരിക്കുമെന്ന് ഓർക്കുക) എന്നു ചെവിയിൽ മന്ത്രിക്കുമെന്നാണ് ഐതിഹ്യം. എല്ലാ പ്രശംസകൾക്കുമിടയിൽ, പടത്തലവന്, താൻ മർത്യനാണെന്ന ഓർമ്മ സൃഷ്ടിക്കുന്ന വിനയം വളരെ ആവശ്യമായിരുന്നു.
ഊതിവീർപ്പിച്ച ആത്മാഭിമാനവും അഹംഭാവവും ബാധിച്ച ഒരു സമൂഹത്തിന്റെ അഹങ്കാരത്തെ അഭിമുഖീകരിച്ചുകൊണ്ട്, തുളച്ചുകയറുന്ന വാക്കുകളിലൂടെ യാക്കോബ് പറഞ്ഞു: "ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു" (യാക്കോബ് 4: 6). "കർത്താവിന്റെ മുമ്പിൽ [സ്വയം] താഴ്ത്തുക" എന്നതാണ് അവർക്ക് വേണ്ടത്. ഈ എളിമ അവർ എങ്ങനെ സ്വായത്തമാക്കും? റോമൻ പടനായകന്മാരെപ്പോലെ, തങ്ങൾ ഒരുനാൾ മരിക്കുമെന്ന ഓർമ്മ അവർക്കുണ്ടാവേണ്ടതുണ്ട്. "നാളെ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ അറിയുന്നില്ലല്ലോ;" യാക്കോബ് പറഞ്ഞു. "നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ." (4:14). നാം മർത്യരായ മനുഷ്യരാണെന്ന തിരിച്ചറിവ്, നമ്മുടെ ബലഹീന ശ്രമങ്ങളേക്കാൾ "കർത്താവിന്റെ ഉറപ്പുള്ള ഹിതത്തിൽ" ആശ്രയിച്ച് അനുദിനം ജീവിക്കുവാൻ നമ്മെ പ്രാപ്തരാക്കും (4:15).
ഈ ലോകത്തിൽ നമ്മുടെ ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു എന്നത് നാം മറക്കുമ്പോഴാണ് നാം അഹങ്കാരം നിറഞ്ഞവരാകുന്നത്. എന്നാൽ, നാം മർത്യരാണെന്ന ഓർമ്മയുണ്ടായാൽ, ഓരോ ശ്വാസവും ഓരോ നിമിഷവും അവന്റെ ദാനമാണെന്ന് നാം ഓർക്കും ;‘മെമെന്റോ മോറി.’
ഒരു വിവേകരഹിതമായ നിക്ഷേപം
വിജയ് കേഡിയ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ നിന്നാണ് വന്നത്; എങ്കിലും അയാൾക്ക് സ്റ്റോക്ക് മാർക്കെറ്റിൽ അതീവ താല്പര്യം ഉണ്ടായിരുന്നു. 2004-2005 ൽ ആളുകൾ അന്ന് വിലയില്ലാത്തതായി കരുതിയ മൂന്നു കമ്പനികളിൽ അയാൾ നിക്ഷേപിച്ചു. അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കാതെ അയാൾ സ്റ്റോക്കുകൾ വാങ്ങി. വിജയ്യുടെ ‘വിഡ്‌ഢിത്തം’ ഫലം കണ്ടു; കമ്പനിയുടെ മൂല്യം നൂറിലധികം മടങ്ങ് വർദ്ധിച്ച് പതിറ്റാണ്ടുകൾ നീണ്ടു നിൽക്കുന്ന കരുത്തുള്ള നിക്ഷേപമായി മാറി.
തികച്ചും അസംബന്ധം എന്ന് തോന്നിച്ച നിക്ഷേപം നടത്തുവാൻ ദൈവം യിരെമ്യാവിനൊട് ആവശ്യപ്പെട്ടു: “ബെന്യാമീൻ ദേശത്ത് അനാഥോത്തിലുള്ള നിലം വാങ്ങുക” (യിരെമ്യാവ് 32:8). ഇത് ഭൂമി വാങ്ങുവാനുള്ള സമയം അല്ലായിരുന്നു. രാജ്യം മുഴുവൻ കൊള്ളയടിക്കപ്പെടുന്നതിന്റെ വക്കിലായിരുന്നു. “അന്നു ബാബിലോൺരാജാവിന്റെ സൈന്യം യെരൂശലേമിനെ ഉപരോധിച്ചിരുന്നു“(വാ. 2). യിരമ്യാവ് വാങ്ങിയതെല്ലാം ഉടനെ ബാബിലോണ്യരുടെ കയ്യിലാകുമായിരുന്നു. എല്ലാം നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ഏതു വിഡ്ഢിയാണ് നിക്ഷേപം നടത്തുക?
ദൈവത്തെ കേൾക്കുന്ന വ്യക്തി —മറ്റാർക്കും വിഭാവനം ചെയ്യാൻ സാധിക്കാത്ത ഭാവിയെ ആസൂത്രണം ചെയ്യുന്നവനാണ്. “ഇനിയും ഈ ദേശത്തു വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” (വാ. 15). ദൈവം നാശത്തിനപ്പുറം കണ്ടു. ദൈവം വിടുതലും, രോഗശാന്തിയും, യഥാസ്ഥാപനവും വരുത്തുമെന്ന് വാഗ്ദത്തം ചെയ്തു. ദൈവത്തോടുള്ള ബന്ധത്തിലോ ശുശ്രൂഷയിലോ നടത്തുന്ന അസംബന്ധ നിക്ഷേപങ്ങൾ മൂഢമായതല്ല— ദൈവം നമ്മെ നയിക്കുമ്പോൾ അത് ഏറ്റവും ബുദ്ധിപരമായ നീക്കമായിരിക്കും. (ദൈവമാണ് നിർദ്ദേശത്തിനു പിന്നിലെന്ന് പ്രാർത്ഥനയോടെ നാം അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്). മറ്റുള്ളവരുടെ “മൂഢ” നിക്ഷേപം ദൈവം നയിക്കുമ്പോൾ ഏറ്റവും അർത്ഥവത്താകുന്നു.
ശക്തരായ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുത്തി
ന്യൂയോർക്ക് ടൈംസ്, "രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും മഹത്തരമായ ഒരു രക്ഷാദൗത്യം " സംഘടിപ്പിച്ചതിന്, 2010-ൽ , 94 വയസ്സുള്ള ജോർജ് വോയ്നോവിച്ചിന് അവാർഡായി ഒരു വെങ്കല നക്ഷത്രം സമ്മാനിച്ചു. അമേരിക്കയിലെ ഒരു സെർബിയൻ കുടിയേറ്റക്കാരന്റെ മകനായ വോയ്നോവിച്ച് അമേരിക്കൻ സൈന്യത്തിൽ ചേർന്നിരുന്നു. നിലം പതിച്ച അമേരിക്കൻ വൈമാനികർ യൂഗോസ്ലാവിയൻ വിപ്ലവകാരികളുടെ സംരക്ഷണത്തിലാണെന്ന വാർത്ത വന്നപ്പോൾ വോയിനോവിച്ച് സ്വന്തം പിതാവിന്റെ നാട്ടിലേക്ക് തിരിച്ചു പോയി വൈമാനികരെ കണ്ടുപിടിക്കുന്നതിന്നായി കാട്ടിൽ പാരച്ചൂട്ടിൽ ഇറങ്ങി. സൈനീകരെ ചെറിയ ഗ്രൂപ്പുകളായി തിരിച്ച് , എങ്ങിനെയാണ് സെർബിയക്കാരുമായി ചേർന്ന് പോകേണ്ടത് എന്ന് (സെർബിയക്കാരുടെ വസ്ത്രധാരണവും അവരുടെ ഭക്ഷണരീതിയും ) അവരെ പഠിപ്പിച്ചു. അതിനു ശേഷം അവർ കാട്ടിൽ വെട്ടിയുണ്ടാക്കിയ , വിമാനം ഇറങ്ങാനുള്ള പാതയിൽ കാത്തു കിടന്നിരുന്ന യാത്രാ വിമാനമായ C-47-ൽ ഓരോ ഗ്രൂപ്പിനേയും ഓരോ സമയത്തായി മാസങ്ങൾ കൊണ്ട് അദ്ദേഹം തനിയെ പുറത്ത് കൊണ്ടു വന്നു. ആവേശഭരിതരും സന്തോഷവാന്മാരുമായ 512 സൈനീകരെ വോയ്നോവിച്ച് രക്ഷപ്പെടുത്തി.
ദൈവം ദാവീദിനെ ശത്രുവിന്റെ കൈയ്യിൽ നിന്നും രക്ഷപ്പെടുവാൻ പറ്റാത്ത അവസ്ഥയിൽ നിന്ന് രക്ഷപ്പെടുത്തിയതിനെ ദാവീദ് വിവരിക്കുന്നുണ്ട്. “അവൻ ഉയരത്തിൽ നിന്നു കൈനീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽ നിന്നു എന്നെ വലിച്ചെടുത്തു” (2 ശമുവേൽ 22 :17) ദാവീദ് പറഞ്ഞു. ശൗൽ രാജാവ്, അസൂയ കൊണ്ട് കോപിഷ്ടനായി, ദാവീദിന്റെ രക്തത്തിനായി , നിഷ്ക്കരുണം വേട്ടയാടി കൊണ്ടിരുന്നു. പക്ഷേ ദൈവത്തിനു മറ്റൊരു പദ്ധതി ആയിരുന്നു. “ബലമുള്ള ശത്രുവിന്റെ കയ്യിൽ നിന്നും എന്നെ പകച്ചെവരുടെ പക്കൽ നിന്നും എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവർ ആയിരുന്നു ; "(വാ. 18) ദാവീദ് ഓർത്തെടുത്തു.
ദൈവം ദാവീദിനെ ശൗലിന്റെ കൈയ്യിൽ നിന്നും രക്ഷിച്ചു. അവൻ ഇസ്രായേലിനെ ഈജിപ്തിൽ നിന്ന് രക്ഷപ്പെടുത്തി. ദൈവം നമ്മെ രക്ഷിക്കുവാനായി വന്നു. യേശു പാപത്തിൽ നിന്നും, തിന്മയിൽ നിന്നും, മരണത്തിൽ നിന്നും നമ്മെ രക്ഷിക്കുന്നു. ഏത് ബലവാനായ ശത്രുവിനേക്കാളും വലിയവനാണ് നമ്മുടെ ദൈവം.
ഒരു വലിയ വെളിച്ചം
2018 ൽ , തായ്ലാന്റിലെ 12 കുട്ടികളും അവരുടെ ഫുട്ബോൾ കോച്ചും കൂടി , ഒരു സായാഹ്നം ആസ്വദിക്കാനായി, വളഞ്ഞുതിരിഞ്ഞ വഴികളുള്ള ഒരു ഗുഹക്കകത്ത് പ്രവേശിച്ചു. അപ്രതീക്ഷിതമായി മഴ പെയ്ത് ഗുഹയിൽ വെള്ളം കയറിയപ്പോൾ അവർ കൂടുതൽ കൂടുതൽ ഗുഹക്ക് അകത്തേക്ക് കയറിപ്പോയി. രണ്ടര ആഴ്ചകൾക്ക് ശേഷമാണ് അവരെ രക്ഷിച്ച് പുറത്തു കൊണ്ടുവരാനായത്. മുങ്ങൽ വിദഗ്ധ ടീം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്താനായി പരിശ്രമിച്ചു കൊണ്ടിരുന്നപ്പോൾ 6 ഫ്ലാഷ് ലൈറ്റുകളുമായി ഒരു ചെറിയ പാറയിടുക്കിൽ ഇരിക്കുകയായിരുന്നു കുട്ടികൾ. എങ്ങനെയെങ്കിലും വെളിച്ചവും സഹായവും വരുമെന്ന് പ്രതീക്ഷിച്ച്, അനേക മണിക്കൂറുകൾ അവർ ഇരുട്ടിൽ ചെലവഴിച്ചു.
പ്രവാചകനായ യെശയ്യാവ് വിവരിക്കുന്നത് ഇരുളു നിറഞ്ഞതും, അക്രമവും അത്യാഗ്രഹവും അതിക്രമിച്ചതും, മത്സരത്താലും മന:പീഢയാലും തകർന്നതുമായ ഒരു ലോകത്തെയാണ് (യെശ. 8:22). എവിടെയും അവശിഷ്ടങ്ങൾ മാത്രം. പ്രത്യാശയുടെ കിരണങ്ങൾ മിന്നി മറയുന്നു; അന്ധകാര ശൂന്യതയിലേക്ക് നിപതിക്കുന്നതിനു മുമ്പുള്ള സ്ഫുലിംഗങ്ങൾ മാത്രം. എങ്കിലും ഈ ഇരുണ്ട നാളുകൾ അവസാനമല്ലെന്ന് യെശയ്യാവ് ഉറപ്പിച്ച് പറയുന്നു. ദൈവത്തിന്റെ കരുണയാൽ "കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം നില്ക്കുകയില്ല" (9:1) എന്ന് പറയുന്നു. ദൈവം തന്റെ ജനത്തെ ഇരുളടഞ്ഞ അവശിഷ്ടങ്ങളിൽ ഉപേക്ഷിക്കയില്ല. പാപം മൂലം ഉണ്ടായ അന്ധകാരത്തെ നീക്കുവാൻ യേശു വരുന്നതിനെക്കുറിച്ച് പ്രവാചകൻ ജനത്തിന് പ്രത്യാശ നൽകുന്നു.
യേശു വന്നു. യെശയ്യാവിന്റെ വാക്കുകൾ ഇന്ന് പുതിയ അർത്ഥത്തിൽ നാം കേൾക്കുന്നു: "ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്ത് പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു" (വാ .2).
രാത്രി എത്ര കുരിരുൾ നിറഞ്ഞതുമാകട്ടെ ; സാഹചര്യങ്ങൾ എത്ര നിരാശപ്പെടുത്തുന്നവയുമാകട്ടെ ; നാം ഒരിക്കലും ഇരുട്ടിൽ ഉപേക്ഷിക്കപ്പെടുകയില്ല. യേശു ഇവിടെയുണ്ട്. ഒരു വലിയ വെളിച്ചം പ്രകാശിക്കുന്നു.
ശക്തനും സ്നേഹിക്കുന്നവനും
2020 ൽ, ഇക്വഡോറിലെ സങ്ങായ് അഗ്‌നി പർവ്വതം പൊട്ടി. "കറുത്ത ചാരത്തിന്റെ തൂണ് 12000 മീറ്ററിലധികം ഉയർന്നു " എന്നാണ് വാർത്താചാനലുകൾ വിവരിച്ചത്. ചാരവും പൊടിയും കലർന്ന ലാവ 4 പ്രവിശ്യകളെ (ഏതാണ്ട് 1,98,000 ഏക്കർ) മൂടിക്കളഞ്ഞു. ആകാശം കറുത്തിരുണ്ടു, വായു പൊടി നിറഞ്ഞ് ശ്വാസോച്ഛ്വാസം പ്രയാസകരമാക്കി. ഫെലിസിയാനോ ഇങ്ക എന്ന കർഷകൻ എൽ കൊമേർസിയോ എന്ന പത്രത്തോട് മനുഷ്യരെ തളർത്തിക്കളയുന്ന ഈ സംഭവത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: "ഇത്രയധികം പൊടി എവിടുന്നു വന്നു എന്ന് ഞങ്ങൾക്കറിയില്ല ... ആകാശം കറുത്തിരുണ്ടത് കണ്ട് ഞങ്ങൾ ഭയപ്പെട്ടു പോയി. "
സീനായിപർവ്വതത്തിന്റെ താഴ്വാരത്തിൽ നിന്ന യിസ്രായേല്യരും ഇതുപോലൊരു ഭയത്തിലൂടെ കടന്നു പോയി: " അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പർവതം ആകാശമധ്യത്തോളം തീ ആളിക്കത്തിക്കൊണ്ടിരുന്നു. " (ആവ. 4:11) ദൈവത്തിന്റെ ശബ്ദം മുഴങ്ങി, ജനം പേടിച്ച് വിറച്ചു. അത് ഭയാനകമായിരുന്നു.. ജീവനുള്ള ദൈവത്തെ അഭിമുഖീകരിക്കുന്നത് ജനത്തെ തളർത്തിക്കളയുന്ന വിധം ഭയങ്കരമായിരുന്നു.
"യഹോവ ... അരുളിച്ചെയ്തു " എന്നാൽ " .. ശബ്ദം മാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല" ( വാ . 12 ) അവരുടെ അസ്ഥികളെ വിറപ്പിച്ച ശബ്ദം അവർക്ക് ജീവനും പ്രത്യാശയും നൽകുന്നതുമായിരുന്നു. ദൈവം യിസ്രായേലിന് പത്തു കല്പനകൾ നൽകുകയും അവരുമായുള്ള ഉടമ്പടി പുതുക്കുകയും ചെയ്തു. അന്ധതമസ്സിൽ നിന്നുള്ള ശബ്ദം അവരെ വിറപ്പിക്കുക മാത്രമല്ല, മത്സര ബുദ്ധികളായ അവരോട് സ്നേഹ ഭാഷണം നടത്തുകയുമായിരുന്നു. (പുറ.34:6-7)
ദൈവം നമുക്ക് ഗ്രഹിച്ചു കൂടാത്തവിധം ശക്തനും ഭയങ്കരനുമാണ്. അതേസമയം സ്നേഹം നിറഞ്ഞവനും എല്ലായ്പ്പോഴും നമുക്ക് സമീപസ്ഥനുമാണ്. സർവ്വശക്തനും സ്നേഹ സമ്പൂർണ്ണനുമായ ഒരു ദൈവം എന്നതാണ് നമ്മുടെയെല്ലാം ഏറ്റവും അനിവാര്യമായ ആവശ്യം.
പരിശോധന
എന്റെ ആണ്മക്കളെ ഞാൻ ആദ്യമായി 14000 അടി ഉയരമുള്ള മലകയറുവാൻ കൊണ്ടു പോയപ്പോൾ, - അവർ പരിഭ്രാന്തരായി. അവർക്കത് സാധിക്കുമോ? അവർ വെല്ലുവിളി നേരിട്ടിരുന്നോ? എന്റെ ഇളയ മകൻ ഇടയ്ക്കിടയ്ക്ക് വിശ്രമത്തിനായി നിന്നു. "ഡാഡി, എനിക്ക് ഇനിയും മുൻപോട്ട് പോകാൻ കഴിയില്ലായെന്ന്" അവൻ തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ ഈ പരീക്ഷ അവർക്ക് നല്ലതാണെന്നും അതിനായി അവർ എന്നിൽ വിശ്വസിക്കണമെന്നും ഞാൻ ആഗ്രഹിച്ചു. കൊടുമുടിയിൽ എത്തുന്നതിന് ഒരു മൈൽ മുൻപേ, എന്നെക്കൊണ്ട് സാധിക്കില്ല എന്ന് പറഞ്ഞ മകൻ ഞങ്ങളെ പിന്നിലാക്കി കൊടുമുടി തൊട്ടു. അവന്റെ ഭയത്തിന്റെ നടുവിലും എന്നിൽ വിശ്വസിച്ചതിനാൽ അവൻ സന്തോഷവാനായിരുന്നു.
മലയ കയറുമ്പോൾ യിസ്സഹാക്കിന് തന്റെ പിതാവിലുണ്ടായിരുന്ന വിശ്വാസത്തെപ്പറ്റി എനിക്ക് അത്ഭുതം തോന്നാറുണ്ട്. അതിലുമുപരിയായി, തന്റെ മകന്റെമേൽ കത്തി ഉയർത്തിയ അബ്രഹാമിന് ദൈവത്തിലുള്ള വിശ്വാസത്തിൽ എനിക്ക് വാക്കുകളില്ല. (ഉല്പ.22:10). ആശയക്കുഴപ്പത്താൽ തകർന്ന ഹൃദയമായിരുന്നിട്ടും അബ്രഹാം ദൈവത്തെ അനുസരിച്ചു. ദയയോടെ ഒരു ദൂതൻ അവനെ തടഞ്ഞു. "ബാലന്റെമേൽ കൈവയ്ക്കരുതെന്ന്" ദൈവത്തിന്റെ ദൂതൻ പറഞ്ഞു (വാ.12). യിസ്സഹാക്ക് മരിക്കണമെന്ന് ദൈവം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല.
ഈ വ്യത്യസ്തമായ സംഭവുമായി നമ്മുടെ സാഹചര്യങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ശ്രദ്ധിക്കുക, ആ അദ്ധ്യത്തിന്റെ ആരംഭ വാക്യങ്ങൾ "ദൈവം അബ്രഹാമിനെ പരീക്ഷിച്ചു" എന്നാണ്(വാ.1). തനിക്ക് നേരിട്ട പരിശോധനയിലൂടെ താൻ ദൈവത്തിൽ എത്രത്തോളം ആശ്രയിക്കുന്നു എന്ന് അബ്രഹാം പഠിച്ചു. ദൈവത്തിന്റെ സ്നേഹിക്കുന്ന ഹൃദയത്തെയും ആഴമാർന്ന കരുതലിനെയും അവൻ മനസ്സിലാക്കി.
നമ്മുടെ ആശയക്കുഴപ്പത്തിലും, അന്ധകാരത്തിലും, പരിശോധനയിലും നാം നമ്മെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള സത്യങ്ങൾ മനസിലാക്കുന്നു. നമ്മുടെ പരീക്ഷകൾ ദൈവവുമായുള്ള ആഴത്തിലുള്ള വിശ്വസത്തിലേക്ക് നമ്മെ നയിക്കുന്നു.