Category  |  odb

ഫലം പുറപ്പെടുവിക്കുന്ന ക്രിസ്തു വിശ്വാസികൾ

ലാഭം ലക്ഷ്യമാക്കാതെ പ്രവർത്തിച്ച ആ കമ്പനിയിൽ പുതിയ ജോലി കിട്ടിയതിൽ സിൻഡിക്ക് അത്യാവേശം ആയിരുന്നു. കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യാനുള്ള ഒരു അപൂർവ്വ അവസരം കൈവന്നതായി തോന്നി. എന്നാൽ സഹപ്രവർത്തകർക്ക് ഒന്നും അത്ര ആവേശമില്ല എന്നവൾക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. അവർ കമ്പനിയുടെ ലക്ഷ്യത്തെ വിമർശിച്ചു; ജോലിയിൽ ഉത്സാഹം കാണിച്ചില്ല; മറ്റ് ആകർഷകമായ ജോലിക്കായി പരിശ്രമിച്ചു കൊണ്ടിരുന്നു. ഈ ജോലിക്ക് ചേരേണ്ടായിരുന്നു എന്ന് സിൻഡിക്ക് അപ്പോൾ തോന്നി. അകലെ നിന്നപ്പോൾ നന്നായി തോന്നിയത് അടുത്ത് വന്നപ്പോൾ നിരാശപ്പെടുത്തി.

ഇതായിരുന്നു ഇന്നത്തെ വായനയിൽ, അത്തിവൃക്ഷവുമായി ബന്ധപ്പെട്ട യേശുവിന്റെ അനുഭവവും (മർക്കൊസ് 11:13). അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നു എങ്കിലും നേരത്തെ കായ്ച്ചു എന്ന് തോന്നിപ്പിക്കുന്നതായിരുന്നു അതിലെ  ഇലകളൊക്കെ. പക്ഷെ, ഇലയല്ലാതെ ഫലം ഒന്നും ഇല്ലായിരുന്നു. നിരാശനായി യേശു അത്തിയെ ശപിച്ചു, "ഇനി നിന്നിൽ നിന്ന് എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ"(വാ.14). പിറ്റെ ദിവസം രാവിലെ മരം മുഴുവൻ ഉണങ്ങി നില്ക്കുന്നത് കണ്ടു (വാ.20).

യേശു ഒരിക്കൽ 40 ദിവസം ഉപവസിച്ചിട്ടുള്ളതാണ്; വിശപ്പ് സഹിക്കാൻ അവന് അറിയാമായിരുന്നു. അതുകൊണ്ട് വിശപ്പുകൊണ്ടല്ല അത്തിയെ ശപിച്ചത്. അത് ഒരു പാഠം മനസ്സിലാക്കിത്തരാൻ ആയിരുന്നു. അത്തി ഇസ്രായേലിനെ പ്രതിനിധീകരിക്കുന്നു. അതിന് ഒരു യഥാർത്ഥ മതത്തിന്റെ മോടികൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഉദ്ദേശ്യത്തിൽ നിന്ന് തികച്ചും വ്യതിചലിച്ചിരുന്നു. അവർ അവരുടെ മശിഹായെ കൊല്ലാൻ വരെ തയ്യാറെടുക്കുകയായിരുന്നു. ഇതിൽപ്പരം ഫലശൂന്യമാകാൻ എങ്ങനെ കഴിയും?

നമ്മളും ദൂരെ നിന്ന് നോക്കുമ്പോൾ നല്ലവരായി കാണപ്പെടാം. എന്നാൽ യേശു അടുത്തു വന്ന്, പരിശുദ്ധാത്മാവ് നമ്മിൽ സൃഷ്ടിക്കുന്ന ഫലം തെരയും. നമ്മുടെ ഫലം ചിലപ്പോൾ പുറമെ ആകർഷകമായിരിക്കില്ല. എന്നാൽ അത് അസാധാരണമായിരിക്കും; സ്നേഹം, സന്തോഷം, പ്രതികൂലങ്ങളിൽ സമാധാനം എന്നിവയൊക്കെ ആയിരിക്കും അത് (ഗലാത്യർ 5:22). പരിശുദ്ധാത്മാവിൽ ആശ്രയിച്ച് നമുക്ക് യേശുവിന് ഫലം കായ്ക്കുന്നവരാകാം.

അടിസ്ഥാനങ്ങൾ വിട്ടു പോകരുത്

മക്ഡൊണാൾഡിന്റെ ക്വാർട്ടർ പൌണ്ടർ ബർഗർ ദശാബ്ദങ്ങളോളം ഫാസ്റ്റ് ഫുഡ് വിപണി ഭരിച്ചിരുന്നു. 1980 കളിൽ മറ്റൊരു കമ്പനി ഇവരെ താഴെയിറക്കുന്ന തന്ത്രവുമായി വന്നു. മക് ഡൊണാൾഡിന്റെ ബർഗറിന്റെ അതേ വിലക്ക് അതിനേക്കാൾ വലിപ്പമുള്ള തേർഡ് പൗണ്ട് ബർഗർ ആണ് എ& ഡബ്ളിയു എന്ന കമ്പനി വിപണിയിലിറക്കിയത്. ഗുണനിലവാര പരിശോധനയിലും ഇത് മികച്ചതായിരുന്നു. പക്ഷെ ഈ ബർഗർ പരാജയപ്പെട്ടുപോയി. ആരും ഇത് വാങ്ങിയില്ല. പതിയെ, കമ്പനി അത് നിർത്തലാക്കി. ഇതിന്റെ പരാജയ കാരണം പഠിച്ചപ്പോൾ മനസ്സിലായത് ഉപഭോക്താക്കൾ കരുതിയത് തേർഡ് പൗണ്ട് ബർഗർ ക്വാർട്ടർ പൗണ്ടറിനേക്കാൾ ചെറുതാണെന്നാണ്. ഒരു വലിയ ആശയം ആളുകൾക്ക് അടിസ്ഥാന ധാരണ തെറ്റിയതുകൊണ്ട് പരാജയപ്പെട്ടു.

എളുപ്പത്തിൽ അടിസ്ഥാനങ്ങൾ തെറ്റിപ്പോകാനുള്ള സാധ്യതയെക്കുറിച്ച് യേശു മുന്നറിയിപ്പ് തന്നിട്ടുണ്ട്. യേശു ക്രൂശിക്കപ്പെടാനുള്ള ആഴ്ചയിൽ മതനേതാക്കൾ അവനെ കുടുക്കേണ്ടതിന് ഏഴ് തവണ വിവാഹിതയായി വിധവയായ ഒരു സ്ത്രീയെക്കുറിച്ചുള്ള സാങ്കല്പിക ചോദ്യവുമായി യേശുവിനെ സമീപിച്ചു (മത്തായി 22:23-28). ഈ സാങ്കല്പിക പ്രതിസന്ധി ഒരു പ്രശ്നമേ അല്ല എന്ന നിലയിൽ യേശു മറുപടി പറഞ്ഞു. കൂടാതെ, "തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ട്" അവർക്ക് തെറ്റ് പറ്റുന്നു (വാ. 29) എന്നും പറഞ്ഞു. തിരുവെഴുത്തുകളുടെ പ്രഥമ ധർമ്മം നമ്മുടെ യുക്തിപരവും തത്വചിന്താപരവുമായ പ്രശ്നങ്ങൾക്ക് ഉത്തരം നല്കലല്ല, മറിച്ച്, യേശുവിനെ അറിയാനും സ്നേഹിക്കാനും അതുവഴി അവനിൽ "നിത്യജീവൻ പ്രാപിക്കാനും" (യോഹ.5:39) വേണ്ടി നമ്മെ യേശുവിലേക്ക് നയിക്കലാണ്. ഈ അടിസ്ഥാന കാര്യം മതനേതാക്കന്മാർ വിട്ടു പോയി.

നമുക്കും ഈ പ്രശ്നം വരാം. ബൈബിളിന്റെ പ്രധാന ലക്ഷ്യം യേശുവുമായി ഒരു സജീവബന്ധം സാധ്യമാക്കുക എന്നതാണ്. ഇത് കണ്ടെത്താതെ പോകുന്നത് ഹൃദയഭേദകമാണ്.

മറ്റുള്ളവരെ സ്നേഹിക്കുന്നതിലൂടെ ദൈവത്തെ സ്നേഹിക്കുക

ആൽബ കുടുംബം അപൂർവ്വമായ ഒരു അനുഭവത്തിലൂടെ കടന്നു പോയി; 13 മാസത്തെ ഇടവേളയിൽ 2 തവണ അവർക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു! അവരുടെ ജോലിക്കിടയിൽ ഈ 4 കുഞ്ഞുങ്ങളെ വളർത്തുന്ന ജോലി എങ്ങനെയാണ് അവർ ചെയ്യുക? അവരുടെ കുടുംബത്തിലെയും ചുറ്റുവട്ടത്തെയും സുഹൃത്തുക്കൾ സഹായിക്കാൻ തയ്യാറായി. 2 പേരുടെയും മാതാപിതാക്കൾ ഓരോ ജോഡി കുഞ്ഞുങ്ങളെ പകൽ സമയത്ത് നോക്കിയതുകൊണ്ട് ദമ്പതികൾക്ക് ജോലിക്ക് പോകാനും ആരോഗ്യ ഇൻഷൂറൻസ് മുടങ്ങാതെ അടക്കാനും കഴിഞ്ഞു. ഒരു കമ്പനി ഒരു വർഷത്തേക്കുള്ള ഡയപ്പറുകൾ സൗജന്യമായി നല്കി. സഹപ്രവർത്തകർ അവരുടെ വ്യക്തിപരമായ അവധിദിനങ്ങൾ ഇവർക്ക് കൈമാറ്റം ചെയ്തു. "ഇവരെല്ലാം ഇല്ലായിരുന്നെങ്കിൽ ഞങ്ങൾക്കിത് അസാധ്യമാകുമായിരുന്നു" എന്നവർ സമ്മതിച്ചു. ഒരു ടെലവിഷൻ ലൈവ് ഇന്റർവ്യൂ സമയത്ത് ഇന്റർവ്യൂ നടത്തിയവരിൽ ഒരാൾത്തന്നെ, കുതറിയോടിയ ഒരു കുഞ്ഞിനെ പിടിക്കാൻ മൈക്ക് ഇട്ടിട്ട് ഓടിയത്, സമൂഹത്തിന്റെ സേവനം വീണ്ടും തുടരുന്നു എന്നതിന്റെ ഉദാഹരണമായി!

മത്തായി 25:31-46 ൽ യേശു ഒരു ഉപമയിലൂടെ സമർത്ഥിക്കുന്നത് നാം മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിലൂടെ ദൈവത്തെ ശുശ്രൂഷിക്കുകയാണ് എന്നാണ്. വിശക്കുന്നവർക്ക് ആഹാരം നല്കുക, ദാഹിക്കുന്നവന് കുടിക്കാൻ നല്കുക, അനാഥനെ വീട്ടിൽ സ്വീകരിക്കുക, നഗ്നന് വസ്ത്രം നല്കുക, രോഗിയെ ആശ്വസിപ്പിക്കുക (വാ. 35, 36) എന്നീ നന്മ പ്രവൃത്തികൾ വിവരിച്ച ശേഷം യേശു പറഞ്ഞവസാനിപ്പിക്കുന്നത്, "എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന് നിങ്ങൾ ചെയ്തിടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോട് പറയുന്നു" (മത്തായി 25:40) എന്നാണ്.

നമ്മുടെ കാരുണ്യ പ്രവൃത്തികളുടെ ആത്യന്തിക സ്വീകർത്താവ് യേശുവാണ് എന്ന തിരിച്ചറിവാണ് നമ്മുടെ അയൽപക്കത്തും കുടുംബത്തിലും സഭയിലും ലോകത്തെവിടെയും ഉള്ളവരെ സഹായിക്കുന്നതിനുള്ള ശരിയായ പ്രചോദനം. മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി ത്യാഗപൂർവ്വം ചെലവഴിക്കുമ്പോൾ നാം കർത്താവിനെ സേവിക്കുകയാണ്. മറ്റുള്ളവരെ സ്നേഹിക്കുമ്പോൾ നാം ദൈവത്തെ സ്നേഹിക്കുകയാണ്.

യേശുവിലുള്ള നവോത്ഥാനം

 

ലിയനാർഡോ ഡാവിഞ്ചി നവോത്ഥാന മനുഷ്യനാണ്.  അദ്ദേഹത്തിന്റെ ബൗദ്ധികശേഷി വിവിധ മേഖലകളിൽ പുരോഗതിക്ക് കാരണമായി. എന്നിട്ടും ലിയനാർഡോ സങ്കടത്തോടെ എഴുതിയത് "നമ്മുടെ ഈ ദുരിത ദിനങ്ങൾ ... മനുഷ്യമനസ്സുകളിൽ നമ്മെക്കുറിച്ചുള്ള ഓർമ്മകളൊന്നും അവശേഷിപ്പിക്കുന്നില്ല" എന്നാണ്.

"ഞാൻ ജീവിക്കാൻ പഠിക്കുകയാണ് എന്ന് കരുതി എന്നാൽ യഥാർത്ഥത്തിൽ മരിക്കാൻ പഠിക്കുകയായിരുന്നു" എന്ന് ലിയനാർഡോ പറഞ്ഞു. അദ്ദേഹം മനസ്സിലാക്കാതെ തന്നെ ഒരു സത്യം പറയുകയായിരുന്നു. എങ്ങനെ മരിക്കാം എന്ന് പഠിക്കുന്നതാണ് ജീവിതത്തിന്റെ വഴി. യേശുവിന്റെ യരുശലേമിലേക്കുള്ള രാജകീയ പ്രവേശനം (ഓശാന ഞായർ ആയി ആഘോഷിക്കപ്പെടുന്നത് - യോഹ. 12:12-19), കഴിഞ്ഞ് യേശു പറഞ്ഞു: "ഗോതമ്പുമണി നിലത്തുവീണ് ചാകുന്നില്ല എങ്കിൽ അത് തനിയെ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും"(വാ.24). യേശു തന്റെ ജീവിതത്തെക്കുറിച്ചാണ് ഇത് പറഞ്ഞത് എങ്കിലും നമ്മെ സംബന്ധിച്ചും ഇത് ശരിയാണ് : "തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകയ്ക്കുന്നവൻ അതിനെ നിത്യജീവനായി സൂക്ഷിക്കും"(വാ.25).

അപ്പസ്തോലനായ പൗലോസ് ഇങ്ങനെ പറയുന്നു: "അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന് തന്നെ. അവന്റെ മരണത്തിന്റെ സാദൃശ്യത്തോട് നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും" (റോമർ 6:4,5).

തന്റെ മരണം വഴി യേശു നമുക്ക് വീണ്ടുംജനനം വാഗ്ദത്തം ചെയ്തു - ഇതാണ് യഥാർത്ഥ നവോത്ഥാനം. പിതാവിനോടൊത്തുള്ള നിത്യജീവന്റെ വഴി അവൻ നമുക്കായി രൂപപ്പെടുത്തി.

അതിരുകവിഞ്ഞ സ്നേഹം

ഫ്ലൈറ്റിൽ എന്റെ അടുത്തിരുന്ന സ്ത്രീ തന്നെ പരിചയപ്പെടുത്തി പറഞ്ഞത് അവർ ഒരു മത വിശ്വാസിയല്ല എന്നാണ്. ധാരാളം ക്രിസ്ത്യാനികൾ താമസിക്കുന്ന ഒരു ടൗണിലാണ് അവർ ഇപ്പോൾ താമസിക്കുന്നത്. അവിടെയുള്ള മിക്കവരും പള്ളിയിൽ പോകുന്നവരാണ് എന്നും പറഞ്ഞു. അയൽക്കാരുമായുള്ള ബന്ധത്തിന്റെ അനുഭവം ചോദിച്ചപ്പോൾ അവർ പറഞ്ഞത് അവരുടെ മഹാമനസ്കത പകരം നല്കാൻ കഴിയാത്തവിധം വലുതാണ് എന്നാണ്. അവളുടെ അവശനായ പിതാവിനെ ഈ സ്ഥലത്തേക്ക് കൊണ്ടുവന്നപ്പോൾ അയൽക്കാർ അവളുടെ വീടിന് ഒരു റാമ്പ് നിർമ്മിച്ച് നല്കുകയും ആശുപത്രിയിൽ ഒരു ബെഡും മറ്റ് സൗകര്യങ്ങളും  സൗജന്യമായി ഏർപ്പാടാക്കുകയും ചെയ്തു. അവൾ വീണ്ടും പറഞ്ഞു: 

"ക്രിസ്ത്യാനിയാകുന്നത് ഒരാളെ ഇങ്ങനെ കരുണയുള്ളവനാക്കുമെങ്കിൽ എല്ലാവരും ക്രിസ്ത്യാനികളാകേണ്ടതാണ്."

അവൾ പറഞ്ഞത് തന്നെയാണ് യേശു പ്രതീക്ഷിക്കുന്നത്! അവിടുന്ന് ശിഷ്യന്മാരോട് പറഞ്ഞു: "മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു , സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ"(മത്തായി 5:16). പത്രോസ് ക്രിസ്തുവിന്റെ ഈ കല്പന കേട്ട് മറ്റുള്ളവർക്ക് കൈമാറി: "ജാതികൾ ... നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശന ദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് അവരുടെയിടയിൽ നിങ്ങളുടെ നടപ്പ് നന്നായിരിക്കണം"(1പത്രോസ് 2:12).

യേശുവിൽ വിശ്വസിക്കാത്ത നമ്മുടെ അയൽക്കാർക്ക് നമ്മുടെ വിശ്വാസം എന്താണെന്നും എന്തു കൊണ്ടാണെന്നും മനസ്സിലാകണമെന്നില്ല. അത് മാത്രമല്ല, അവർക്ക് മനസ്സിലാകാത്ത മറ്റൊരു കാര്യം കൂടിയുണ്ട് - നമ്മുടെ പരിമിതിയില്ലാത്ത സ്നേഹവും. എന്റെ സഹയാത്രിക അതിശയത്തോടെ പറഞ്ഞ കാര്യം 'അവരിൽ ഒരാൾ' അല്ലാതിരുന്നിട്ടും ക്രിസ്ത്യാനികളായ അയൽക്കാർ അവളെ കരുതുന്നു എന്നതാണ്. യേശുവിനെ പ്രതിയാണ് അവളെ അവർ സ്നേഹിക്കുന്നത് എന്ന് മനസ്സിലാക്കി അവൾ ദൈവത്തിന് നന്ദി പറയുന്നു. അവൾ ഒരു വിശ്വാസി ആയെന്ന് വരില്ല, എന്നാൽ അവർ ചെയ്യുന്ന കാര്യത്തെ അവൾ കൃതജ്ഞതയോടെ ഓർക്കുന്നു.