Category  |  odb

യേശുവിലുള്ള കൂട്ടായ്മ

ഞായറാഴ്ച രാവിലത്തെ ഞങ്ങളുടെ ആരാധനയ്ക്കുശേഷം വിളക്കുകൾ അണയ്ക്കുന്നതിനും പള്ളി പൂട്ടുന്നതിനും ഉത്തരവാദിത്വപ്പെട്ടവർ ആരാണെന്ന് എനിക്കറിയില്ല, പക്ഷേ ആ വ്യക്തിയെക്കുറിച്ച് എനിക്ക് ഒരു കാര്യം അറിയാം: അദ്ദേഹത്തിന്റെ ഞായറാഴ്ചത്തെ അത്താഴം വൈകും. കാരണം, നിരവധി ആളുകൾ ആരാധന കഴിഞ്ഞ് ചുറ്റിക്കറങ്ങാനും ജീവിത തീരുമാനങ്ങൾ, ഹൃദയപ്രശ്‌നങ്ങൾ, പോരാട്ടങ്ങൾ എന്നിവയെക്കുറിച്ചും മറ്റും പരസ്പരം സംസാരിക്കാനും ഇഷ്ടപ്പെടുന്നു. ആരാധന കഴിഞ്ഞ് ഇരുപത് മിനിറ്റിനുശേഷം ചുറ്റും നോക്കിയാൽ നിരവധി ആളുകൾ ഇപ്പോഴും പരസ്പരം സംസാരിച്ചിരിക്കുന്നത് കാണുന്നത് സന്തോഷകരമാണ്.

ക്രിസ്തുതുല്യമായ ജീവിതത്തിന്റെ ഒരു പ്രധാന ഘടകമാണ് കൂട്ടായ്മ. സഹവിശ്വാസികളോടൊപ്പം സമയം ചിലവഴിക്കുന്നതിലൂടെ ലഭിക്കുന്ന പരസ്പര ബന്ധം ഇല്ലെങ്കിൽ, ഒരു വിശ്വാസി എന്ന നിലയിലുള്ള നിരവധി നേട്ടങ്ങൾ നമുക്ക് നഷ്ടമാകും.

ഉദാഹരണത്തിന്, നമുക്ക് ''അന്യോന്യം പ്രബോധിപ്പിക്കാനും അന്യോന്യം ആത്മിക വർദ്ധനവരുത്താനും'' കഴിയുമെന്ന് പൗലൊസ് പറയുന്നു (1 തെസ്സലൊനീക്യർ 5:11). “തമ്മിൽ പ്രബോധിപ്പിക്കുവാൻ'' (10:25) ഒരുമിച്ചുകൂടുന്നത് അവഗണിക്കരുതെന്ന് പറഞ്ഞുകൊണ്ട് എബ്രായ ലേഖന കർത്താവ് അതിനോടു യോജിക്കുന്നു. നമ്മൾ ഒരുമിച്ചായിരിക്കുമ്പോൾ, “സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പിൻ’ (വാ. 24) എന്ന് എഴുത്തുകാരൻ പറയുന്നു.

യേശുവിനു വേണ്ടി ജീവിക്കാൻ സമർപ്പിതരായ ആളുകൾ എന്ന നിലയിൽ, “ബലഹീനരെ താങ്ങുവാനും,'' “എല്ലാവരോടും ദീർഘക്ഷമ കാണിക്കാനും’’ (1 തെസ്സലൊനീക്യർ 5:14) വിശ്വസ്തതയ്ക്കും സേവനത്തിനും നാം സ്വയം തയ്യാറെടുക്കുന്നു. അവൻ നമ്മെ സഹായിക്കുന്നതനുസരിച്ച് ആ വിധത്തിൽ ജീവിക്കുന്നത്, യഥാർത്ഥ കൂട്ടായ്മ ആസ്വദിക്കാനും “തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്യാനും’’ (വാക്യം 15) അനുവദിക്കുന്നു.

 

മതിൽ ഇടിച്ചു, ഐക്യം കണ്ടെത്തി

1961 മുതൽ, കുടുംബങ്ങളെയും സുഹൃത്തുക്കളെയും ബർലിൻ മതിൽ വേർപെടുത്തി. കിഴക്കൻ ജർമ്മൻ ഗവൺമെന്റ് ആ വർഷം സ്ഥാപിച്ച ഈ തടസ്സം അതിന്റെ പൗരന്മാരെ പശ്ചിമ ജർമ്മനിയിലേക്ക് പലായനം ചെയ്യുന്നതിൽ നിന്ന് തടഞ്ഞു. വാസ്തവത്തിൽ, 1949 മുതൽ ഈ മതിൽ നിർമ്മിക്കപ്പെട്ട ദിവസം വരെ, 2.5 ദശലക്ഷത്തിലധികം കിഴക്കൻ ജർമ്മൻകാർ പടിഞ്ഞാറോട്ട് കുടിയേറിയിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987-ൽ മതിലിനു സമീപം നിന്നുകൊണ്ട് പ്രസിദ്ധമായ ഈ വാക്കുകൾ പറഞ്ഞു, “ഈ മതിൽ പൊളിക്കുക.'' 1989-ൽ മതിൽ പൊളിച്ചതോടെ ഈ വാക്കുകൾ യാഥാർത്ഥ്യമായി. ജർമ്മനിയുടെ ആഹ്ലാദകരമായ പുനരേകീകരണത്തിലേക്ക് നയിച്ച മാറ്റത്തിന്റെ അടിസ്ഥാനത്തെ അദ്ദേഹത്തിന്റെ വാക്കുകൾ പ്രതിഫലിപ്പിച്ചു.

യേശു തകർത്ത ഒരു “വിദ്വേഷത്തിന്റെ മതിലിനെ’’ കുറിച്ച് പൗലൊസ് എഴുതി (എഫെസ്യർ 2:14). യെഹൂദന്മാർക്കും (ദൈവം തിരഞ്ഞെടുത്ത ആളുകൾ) വിജാതീയർക്കും (മറ്റെല്ലാ ആളുകൾക്കും) ഇടയിലാണ് മതിൽ നിലനിന്നിരുന്നത്. യെരൂശലേമിൽ വലിയ ഹെരോദാവ് സ്ഥാപിച്ച പുരാതന ആലയത്തിലെ വിഭജന മതിൽ (സോറെഗ്) അതിനെ പ്രതീകപ്പെടുത്തുന്നു. അകത്തെ പ്രാകാരങ്ങൾ കാണാൻ കഴിയുമെങ്കിലും, അത് വിജാതീയരെ ആലയത്തിന്റെ പുറത്തെ പ്രാകാരങ്ങൾക്കപ്പുറത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു. എന്നാൽ യേശു യെഹൂദന്മാർക്കും വിജാതീയർക്കും ഇടയിലും ദൈവത്തിനും എല്ലാ മനുഷ്യർക്കും ഇടയിൽ “സമാധാനവും’’ അനുരഞ്ജനവും കൊണ്ടുവന്നു. അവൻ അങ്ങനെ ചെയ്തത് “ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ'' (വാ. 14, 16). “അവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു. ... നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു'' (വാ. 17-18).

ഇന്ന് പല കാര്യങ്ങളും നമ്മെ ഭിന്നിപ്പിച്ചേക്കാം. നമുക്ക് ആവശ്യമുള്ളത് ദൈവം നൽകുന്നതിനാൽ, യേശുവിൽ കണ്ടെത്തിയ സമാധാനവും ഐക്യവും അനുസരിച്ചു ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം (വാ. 19-22).

 

പ്രത്യാശയുടെ വെളിച്ചം

ക്യാൻസർ കെയർ സെന്ററിലെ കട്ടിലിനരികിൽ അമ്മയുടെ തിളങ്ങുന്ന ചുവന്ന കുരിശ് തൂക്കിയിടേണ്ടതായിരുന്നു. അമ്മയുടെ ചികിത്സാ ക്രമീകരണങ്ങൾക്കിടയിൽ ക്രമീകരിച്ച അവധിക്കാല സന്ദർശനങ്ങൾക്കായി ഞാൻ തയ്യാറെടുക്കേണ്ടതായിരുന്നു. ക്രിസ്മസിന് ഞാൻ ആഗ്രഹിച്ചത് എന്റെ അമ്മയോടൊപ്പം മറ്റൊരു ദിവസം മാത്രമാണ്. പകരം ഞാൻ വീട്ടിലായിരുന്നു. . . അമ്മയുടെ കുരിശ് ഒരു ക്രിസ്തുമസ് ട്രീയിൽ തൂക്കിയിരിക്കുന്നു.

എന്റെ മകൻ സേവ്യർ ലൈറ്റ് ഇട്ടപ്പോൾ ഞാൻ മന്ത്രിച്ചു, “താങ്ക്‌സ്.’’ അവൻ പറഞ്ഞു, “യു ആർ വെൽകം.’’ മിന്നുന്ന ബൾബുകൾ ഉപയോഗിച്ച് എന്റെ കണ്ണുകളെ പ്രത്യാശയുടെ എക്കാലവും നിലനിൽക്കുന്ന വെളിച്ചത്തിലേക്ക് - യേശുവിലേക്ക് - തിരിച്ചതിന് ഞാൻ ദൈവത്തിന് നന്ദി പറയുകയാണെന്ന് എന്റെ മകന് അറിയില്ലായിരുന്നു.

42-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ തന്റെ സ്വാഭാവിക വികാരങ്ങളെ ദൈവത്തോട് പ്രകടിപ്പിച്ചു (വാ. 1-4). വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് മുമ്പ് അവൻ തന്റെ “തളർന്നതും വിഷാദിച്ചതുമായ’’ ആത്മാവിനെ അംഗീകരിച്ചു: “ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു’’ (വാ. 5). അവൻ ദുഃഖത്തിന്റെയും കഷ്ടപ്പാടുകളുടെയും തിരമാലകളാൽ കീഴടക്കപ്പെട്ടെങ്കിലും, സങ്കീർത്തനക്കാരന്റെ പ്രത്യാശ ദൈവത്തിന്റെ ഭൂതകാല വിശ്വസ്തതയുടെ സ്മരണയിലൂടെ പ്രകാശിച്ചു (വാ. 6-10). തന്റെ സംശയങ്ങളെ ചോദ്യം ചെയ്തുകൊണ്ടും തന്റെ ശുദ്ധീകരിക്കപ്പെട്ട വിശ്വാസത്തിന്റെ ദൃഢത ഉറപ്പിച്ചുകൊണ്ടും അവൻ അവസാനിപ്പിച്ചു: “എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും'' (വാ. 11).

നമ്മിൽ പലർക്കും, ക്രിസ്തുമസ് സീസൺ സന്തോഷവും സങ്കടവും ഉണർത്തുന്നു. സന്തോഷകരമെന്നു പറയട്ടെ, പ്രത്യാശയുടെ യഥാർത്ഥ വെളിച്ചമായ യേശുവിന്റെ വാഗ്ദത്തങ്ങളിലൂടെ ഈ സമ്മിശ്ര വികാരങ്ങൾ പോലും നിരപ്പിക്കാനും വീണ്ടെടുക്കാനും നമുക്കു കഴിയും.

 

ക്ഷമിക്കുകയും മറക്കുകയും

ഹൈപ്പർതൈമേഷ്യ എന്ന അവസ്ഥയോടെയാണ് ജിൽ പ്രൈസ് ജനിച്ചത്: തനിക്ക് സംഭവിച്ചതെല്ലാം അസാധാരണമാം വിധം വിശദമായി ഓർമ്മിക്കാനുള്ള കഴിവ്. അവളുടെ ജീവിതകാലത്ത് അവൾ അനുഭവിച്ച ഏതൊരു സംഭവത്തിന്റെയും കൃത്യമായ വിവരങ്ങൾ അവളുടെ മനസ്സിൽ ആവർത്തിക്കാനാകും.

അൺഫോർഗെറ്റബിൾ എന്ന ടിവി ഷോ ഹൈപ്പർതൈമേഷ്യ ബാധിച്ച ഒരു വനിതാ പോലീസ് ഓഫീസറെ മുൻനിർത്തിയായിരുന്നു-അവർക്ക് ട്രിവിയ ഗെയിമുകളിലും കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിലും അതു വലിയ നേട്ടമായിരുന്നു. ജിൽ പ്രൈസിനെ സംബന്ധിച്ചിടത്തോളം, ഈ അവസ്ഥ അത്ര രസകരമല്ല. വിമർശിക്കപ്പെടുകയോ, നഷ്ടം അനുഭവിക്കുകയോ, അഗാധമായി പശ്ചാത്തപിക്കുന്ന എന്തെങ്കിലും ചെയ്യുകയോ ചെയ്ത ജീവിതത്തിലെ നിമിഷങ്ങൾ അവൾക്ക് മറക്കാൻ കഴിയുമായിരുന്നില്ല. അവൾ വീണ്ടും വീണ്ടും ആ രംഗങ്ങൾ അവളുടെ തലയിൽ വീണ്ടും ആവർത്തിക്കുന്നു.

നമ്മുടെ ദൈവം സർവ്വജ്ഞാനിയാണ് (ഒരുപക്ഷേ ഒരുതരം ദിവ്യമായ ഹൈപ്പർതൈമേഷ്യ): അവന്റെ ജ്ഞാനത്തിന് പരിധിയില്ലെന്ന് ബൈബിൾ നമ്മോട് പറയുന്നു. എന്നിട്ടും യെശയ്യാവിൽ ഏറ്റവും ആശ്വാസദായകമായ ഒരു കാര്യം നാം കണ്ടെത്തുന്നു: ''ഞാൻ, ഞാൻ തന്നേ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല'' (43:25). എബ്രായലേഖനം ഇതിനെ ബലപ്പെടുത്തുന്നു: ''ആ ഇഷ്ടത്തിൽ നാം, യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു ... [നമ്മുടെ] പാപങ്ങളെയും അകൃത്യങ്ങളെയും [ദൈവം] ഇനി ഓർക്കയുമില്ല'' (എബ്രായർ 10:10, 17).

നമ്മുടെ പാപങ്ങൾ ദൈവത്തോട് ഏറ്റുപറയുമ്പോൾ, നമ്മുടെ മനസ്സിൽ അവ വീണ്ടും വീണ്ടും ഓർക്കുന്നത് നിർത്താം. അവൻ ചെയ്യുന്നതുപോലെ നാം അവയെ വിട്ടുകളയേണ്ടതുണ്ട്: ''മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ'' (യെശയ്യാവ് 43:18). അവന്റെ മഹത്തായ സ്‌നേഹത്തിൽ, നമുക്കെതിരെയുള്ള നമ്മുടെ പാപങ്ങൾ ഓർക്കാതിരിക്കാൻ ദൈവം തിരഞ്ഞെടുക്കുന്നു. അത് നമുക്ക് ഓർക്കാം.

 

മുറിപ്പാടുകളിൽ നിന്ന് പഠിക്കുക

ഫെയ് അവളുടെ വയറിലെ മുറിപ്പാടുകളിൽ തൊട്ടു. അന്നനാള-ആമാശയ ക്യാൻസർ നീക്കം ചെയ്യാനുള്ള മറ്റൊരു ശസ്ത്രക്രിയയിലൂടെ അവൾ കടന്നുപോയി. ഈ സമയം ഡോക്ടർമാർ അവളുടെ വയറിന്റെ ഒരു ഭാഗം നീക്കം ചെയ്യുകയും അവരുടെ ജോലിയുടെ വ്യാപ്തി വെളിപ്പെടുത്തുന്ന ഒരു വലിയ മുറിപ്പാട് അവശേഷിപ്പിക്കുകയും ചെയ്തു. അവൾ തന്റെ ഭർത്താവിനോട് പറഞ്ഞു, ''മുറിപ്പാടുകൾ ക്യാൻസറിന്റെ വേദനയെ അല്ലെങ്കിൽ രോഗശാന്തിയുടെ തുടക്കത്തെ പ്രതിനിധീകരിക്കുന്നു. രോഗശാന്തിയുടെ പ്രതീകമായി ഞാൻ എന്റെ പാടുകളെ തിരഞ്ഞെടുക്കുന്നു.’’

ദൈവവുമായി രാത്രി മുഴുവൻ മല്പിടുത്തം നടത്തിയതിനുശേഷം യാക്കോബ് സമാനമായ ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു. സ്വർഗ്ഗീയ എതിരാളി യാക്കോബിന്റെ തുടയുടെ തടത്തിൽ ഇടിക്കുകയും, അതിൽ തളർന്നുപോയ യാക്കോബ് തോൽവി സമ്മതിക്കുകയും ചെയ്തു, പക്ഷേ ഒരു മുടന്ത് അവശേഷിച്ചു. മാസങ്ങൾക്ക് ശേഷം, യാക്കോബ് തന്റെ ഇടുപ്പിൽ തലോടിയപ്പോൾ അവൻ എന്തായിരിക്കും ചിന്തിച്ചതെന്ന് ഞാൻ അത്ഭുതപ്പെടുന്നു.

ഈ നിർഭാഗ്യകരമായ പോരാട്ടത്തിന് നിർബന്ധിതമായ തന്റെ വഞ്ചനയുടെ വർഷങ്ങളെക്കുറിച്ച് യാക്കോബ് ഖേദിച്ചിരുന്നുവോ? ആരാണെന്ന് സമ്മതിക്കുന്നതുവരെ അവനെ അനുഗ്രഹിക്കാൻ വിസമ്മതിച്ചുകൊണ്ട് ദൈവദൂതൻ അവനിൽ നിന്ന് സത്യം പുറത്തുകൊണ്ടുവരാൻ പോരാടി. “കുതികാൽ പിടിച്ചവൻ’’ താൻ ആണെന്ന് യാക്കോബ് സമ്മതിച്ചു (ഉല്പത്തി 25:26 കാണുക). അവൻ തന്റെ സഹോദരൻ ഏശാവിന്റെയും അമ്മായിയപ്പൻ ലാബാന്റെയും നേരെ തന്ത്രങ്ങൾ പ്രയോഗിച്ചു, അവരിൽനിന്നു നേട്ടം കൊയ്യാൻ ശ്രമിച്ചു. സ്വർഗ്ഗീയ മല്പിടുത്തക്കാരൻ പറഞ്ഞു, “നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും'' (വാ. 28).

യാക്കോബിന്റെ മുടന്ത് അവന്റെ പഴയ വഞ്ചനാ ജീവിതത്തിന്റെ മരണത്തെയും ദൈവത്തോടൊപ്പമുള്ള അവന്റെ പുതിയ ജീവിതത്തിന്റെ തുടക്കത്തെയും പ്രതിനിധീകരിക്കുന്നു. യാക്കോബിന്റെ അവസാനവും യിസ്രായേലിന്റെ തുടക്കവും ആയിരുന്നു അത്. അവന്റെ തളർച്ച അവനെ ദൈവത്തിൽ ആശ്രയിക്കാൻ പ്രേരിപ്പിച്ചു, അവൻ ഇപ്പോൾ ദൈവത്തിലും ദൈവത്തിലൂടെയും ശക്തമായി മുന്നേറി.