Category  |  odb

മോഷ്ടിച്ച ദൈവങ്ങൾ

കൊത്തുപണികളുള്ള മരംകൊണ്ടുള്ള ഒരു വിഗ്രഹം - ഒരു ഗൃഹബിംബം - എക്കുവ എന്ന സ്ത്രീയിൽ നിന്ന് മോഷ്ടിക്കപ്പെട്ടു. അവൾ അത് അധികാരികളെ അറിയിച്ചു. വിഗ്രഹം കണ്ടെത്തിയ നിയമപാലകർ അതു തിരിച്ചറിയാൻ അവളെ വിളിച്ചു. 'ഇതാണോ നിങ്ങളുടെ ദൈവം?' അവർ ചോദിച്ചു. അവൾ സങ്കടത്തോടെ പറഞ്ഞു, 'ഇല്ല, എന്റെ ദൈവം ഇതിനെക്കാൾ വലുതും മനോഹരവുമാണ്.'

കൈകൊണ്ട് നിർമ്മിച്ച ദൈവത്തിന് തങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ച് ആളുകൾ തങ്ങളുടെ ദൈവസങ്കൽപ്പത്തിന് രൂപം നൽകാൻ പണ്ടേ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം യാക്കോബിന്റെ ഭാര്യ റാഹേൽ ലാബാനിൽ നിന്ന് ഓടിപ്പോയപ്പോൾ ''തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചത്'' (ഉല്പത്തി 31:19). എന്നാൽ യാക്കോബിന്റെ പാളയത്തിൽ വിഗ്രഹങ്ങൾ മറഞ്ഞിരുന്നിട്ടും ദൈവം അവന്റെ മേൽ തന്റെ കരം വെച്ചു (വാ. 34).

പിന്നീട്, അതേ യാത്രയിൽ, യാക്കോബ് രാത്രി മുഴുവൻ 'ഒരു മനുഷ്യനുമായി' മല്ലു പിടിച്ചു (32:24). ഈ എതിരാളി വെറുമൊരു മനുഷ്യനല്ലെന്ന് അവൻ മനസ്സിലാക്കിയിരിക്കണം, കാരണം നേരം പുലർന്നപ്പോൾ യാക്കോബ് പറഞ്ഞു, 'നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല' (വാ. 26). ആ മനുഷ്യൻ അവനെ യിസ്രായേൽ എന്ന് പുനർനാമകരണം ചെയ്തു ('ദൈവം യുദ്ധം ചെയ്യുന്നു') തുടർന്ന് അവനെ അനുഗ്രഹിച്ചു (വാ. 28-29). യാക്കോബ് ആ സ്ഥലത്തിനു പെനിയേൽ ('ദൈവത്തിന്റെ മുഖം') എന്ന് പേർ വിളിച്ചു, 'ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല എന്നു യാക്കോബ് പറഞ്ഞു' (വാ. 30).

ഈ ദൈവം-ഏകസത്യ ദൈവം-ഏകുവയ്ക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത എന്തിനേക്കാളും അനന്തമായി വലുതും മനോഹരവുമാണ്. അവനെ കൊത്തിയെടുക്കാനോ മോഷ്ടിക്കാനോ മറയ്ക്കാനോ കഴികയില്ല. എങ്കിലും, ആ രാത്രി യാക്കോബ് പഠിച്ചതുപോലെ, നമുക്ക് അവനെ സമീപിക്കാം! ഈ ദൈവത്തെ 'സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവേ' എന്ന് വിളിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു (മത്തായി 6:9).

ദൈവത്താൽ അറിയപ്പെടുക

രണ്ട് സഹോദരന്മാരെ ദത്തെടുപ്പിലൂടെ വേർപെട്ട ശേഷം, ഏകദേശം ഇരുപത് വർഷത്തിന് ശേഷം അവരെ വീണ്ടും ഒന്നിപ്പിക്കാൻ ഒരു ഡിഎൻഎ പരിശോധന സഹായിച്ചു. തന്റെ സഹോദരനാണെന്ന്, താൻ വിശ്വസിച്ച വിൻസന്റിന് കീറോൺ മെസ്സേജ് അയച്ചപ്പോൾ, ആരാണ് ഈ അപരിചിതൻ? എന്നു വിൻസെന്റ് ചിന്തിച്ചു. ജനനസമയത്ത് അവന് എന്ത് പേരാണ് നൽകിയതെന്ന് കീറോൺ ചോദിച്ചപ്പോൾ, 'ടൈലർ' എന്ന് വിൻസെന്റ് മറുപടി നൽകി. ഉടനെ അവർ സഹോദരന്മാരാണെന്ന് കീറോണിനു മനസ്സിലായി. അവന്റെ പേരിലൂടെ അവനെ തിരിച്ചറിഞ്ഞു!

ഈസ്റ്റർ കഥയിൽ ഒരു പേര് ഒരു പ്രധാന പങ്ക് വഹിക്കുന്നത് എങ്ങനെയെന്ന് ചിന്തിക്കുക. കഥ വികസിക്കുമ്പോൾ, മഗ്ദലന മറിയ ക്രിസ്തുവിന്റെ ശവകുടീരത്തിലേക്ക് വരുന്നു, അവന്റെ ശരീരം കാണാതായപ്പോൾ അവൾ കരയുന്നു. 'സ്ത്രീയേ, നീ കരയുന്നതു എന്തു?' യേശു ചോദിക്കുന്നു (യോഹന്നാൻ 20:15). എന്നിരുന്നാലും, 'മറിയയേ'' എന്ന് അവൻ അവളുടെ പേര് വിളിക്കുന്നതുവരെ അവൾ അവനെ തിരിച്ചറിഞ്ഞില്ല (വാ. 16).

അവൻ പറയുന്നത് കേട്ട് അവൾ ''റബ്ബൂനി'' എന്ന് അരാമ്യ ഭാഷയിൽ നിലവിളിച്ചു ('ഗുരു' എന്നർത്ഥം, വാ. 16). നമ്മുടെ ഉയിർത്തെഴുന്നേറ്റ ക്രിസ്തു നമ്മെ ഓരോരുത്തരെയും തന്റെ മക്കളായി സ്വീകരിച്ചുകൊണ്ട് എല്ലാവർക്കുമായി മരണത്തെ കീഴടക്കി എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഈസ്റ്റർ പ്രഭാതത്തിൽ യേശുവിലുള്ള വിശ്വാസികൾ അനുഭവിക്കുന്ന സന്തോഷത്തെ അവളുടെ പ്രതികരണത്തെ പ്രകടിപ്പിക്കുന്നു. അവൻ മറിയയോട് പറഞ്ഞതുപോലെ, 'എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു' (വാ. 17).

ജോർജിയയിൽ, പേരിലൂടെ വീണ്ടും ഒന്നിച്ച രണ്ടു സഹോദരന്മാർ 'ഈ ബന്ധം അടുത്ത ഘട്ടത്തിലേക്ക്' കൊണ്ടുപോകുമെന്ന് പ്രതിജ്ഞയെടുത്തു. ഈസ്റ്റർ ദിനത്തിൽ, തന്റെ സ്വന്തമായവരോടുള്ള ത്യാഗപരമായ സ്‌നേഹം നിമിത്തം ഉയിർത്തെഴുന്നേൽക്കുന്നതിനുള്ള ഏറ്റവും വലിയ ചുവടുവെപ്പ് ഇതിനകം സ്വീകരിച്ചതിന് ഞങ്ങൾ യേശുവിനെ സ്തുതിക്കുന്നു. എനിക്കും നിങ്ങൾക്കും വേണ്ടി, അവൻ ജീവിച്ചിരിക്കുന്നു!

സത്യാന്വേഷികൾ

തന്റെ സഭയെ തകർക്കുന്ന ഒരു അഭിപ്രായവ്യത്യാസത്തെക്കുറിച്ച് ഒരിക്കൽ ഒരു സ്ത്രീ എന്നോട് പറഞ്ഞു. 'എന്തിനെക്കുറിച്ചാണ് വിയോജിപ്പ്?' ഞാൻ ചോദിച്ചു. 'ഭൂമി പരന്നതാണോ എന്നതിനെക്കുറിച്ച്,' അവൾ പറഞ്ഞു. ഏതാനും മാസങ്ങൾക്കുശേഷം, ഒരു റസ്റ്റോറന്റിന്റെ പിൻമുറിയിൽ കുട്ടികളെ പീഡിപ്പിക്കുന്നതായി സംശയിച്ച് കുട്ടികളെ രക്ഷിക്കാൻ ആയുധധാരിയായി അതിക്രമിച്ചുകയറിയ ഒരു ക്രിസ്ത്യാനിയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നു. അവിടെ അങ്ങനെ ഒരു മുറിയുണ്ടായിരുന്നില്ല, അയാളെ അറസ്റ്റ് ചെയ്തു. രണ്ട് സാഹചര്യങ്ങളിലും, ഉൾപ്പെട്ട ആളുകൾ ഇന്റർനെറ്റിൽ വായിച്ച ഗൂഢാലോചന സിദ്ധാന്തങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുകയായിരുന്നു.

യേശുവിൽ വിശ്വസിക്കുന്നവർ നല്ല പൗരന്മാരാകാൻ വിളിക്കപ്പെട്ടിരിക്കുന്നു (റോമർ 13:1-7), നല്ല പൗരന്മാർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നില്ല. ലൂക്കൊസിന്റെ കാലത്ത്, യേശുവിനെക്കുറിച്ച് ധാരാളം കഥകൾ പ്രചരിച്ചിരുന്നു (ലൂക്കൊസ് 1:1), അവയിൽ ചിലത് കൃത്യമല്ല. താൻ കേട്ടതെല്ലാം കൈമാറുന്നതിനുപകരം, ലൂക്കെസ് അടിസ്ഥാനപരമായി ഒരു അന്വേഷണാത്മക പത്രപ്രവർത്തകനായി മാറി, ദൃക്‌സാക്ഷികളോട് സംസാരിക്കുകയും (വാ. 2), 'ആദിമുതൽ സകലവും' (വാ. 3) ഗവേഷണം ചെയ്യുകയും തന്റെ കണ്ടെത്തലുകൾ പേരുകളും ഉദ്ധരണികളും അടങ്ങുന്ന ഒരു സുവിശേഷത്തിൽ എഴുതുകയും ചെയ്തു. സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളല്ല, നേരിട്ട് അറിവുള്ള ആളുകളെ അടിസ്ഥാനമാക്കിയുള്ള ചരിത്രപരമായ വസ്തുതകളായിരുന്നു അവ.

നമുക്കും അങ്ങനെ ചെയ്യാം. തെറ്റായ വിവരങ്ങൾ സഭകളെ പിളർത്തുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നതിനാൽ, വസ്തുതകൾ പരിശോധിക്കുന്നത് നമ്മുടെ അയൽക്കാരനെ സ്‌നേഹിക്കുന്നതിനുള്ള ഒരു പ്രവൃത്തിയാണ് (10:27). വികാരമിളക്കുന്ന ഒരു കഥ നാം കേൾക്കുമ്പോൾ, തെറ്റ് പ്രചരിപ്പിക്കുന്നവരായിട്ടല്ല സത്യാന്വേഷികൾ എന്ന നിലയിൽ നമുക്ക് അതിന്റെ അവകാശവാദങ്ങൾ യോഗ്യതയുള്ള, ഉത്തരവാദിത്തമുള്ള വിദഗ്ധരെ ഉപയോഗിച്ച് പരിശോധിക്കാം. അത്തരമൊരു പ്രവൃത്തി സുവിശേഷത്തിന് വിശ്വാസ്യത കൊണ്ടുവരുന്നു. എല്ലാറ്റിനുമുപരി, നാം സത്യത്താൽ നിറഞ്ഞവനെയാണല്ലോ ആരാധിക്കുന്നത് (യോഹന്നാൻ 1:14).

ആന്തരിക സൗഖ്യം തേടുക

അമേരിക്കൻ സംസ്ഥാനമായ മിഷിഗണിൽ നിന്നുള്ള, എപ്പോഴും തിരക്കുള്ള ആളാണ് കാർസൺ. വേട്ടയാടുകയും മീൻ പിടിക്കുകയും ഗ്രാമീണ പാതകളിൽ ബൈക്കോടിക്കുകയും സ്‌കേറ്റ്‌ബോർഡിൽ  സഞ്ചരിക്കുകയും ചെയ്തുകൊണ്ട് എപ്പോഴും പുറത്തുകറങ്ങാൻ അയാൾ ഇഷ്ടപ്പെട്ടു. എന്നാൽ ഒരു മോട്ടോർ സൈക്കിൾ അപകടത്തിൽ പെട്ട അയാളുടെ ശരീരം നെഞ്ചിനു താഴേക്ക് തളർന്നു. താമസിയാതെ വിഷാദത്തിൽ മുങ്ങിയ അയാൾക്ക് ഭാവിയൊന്നും കാണാൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അയാളുടെ ചില കൂട്ടുകാർ വീണ്ടും വേട്ടയാടാൻ പ്രേരിപ്പിച്ചു. ചുറ്റുപാടുമുള്ള സൗന്ദര്യം ആസ്വദിച്ചപ്പോൾ തന്റെ വേദനകൾ അയാൾ മറന്നു. ഈ അനുഭവം അയാൾക്ക് ആന്തരിക സൗഖ്യം നൽകുകയും അവന്റെ ജീവിതത്തിന് ഒരു പുതിയ ലക്ഷ്യം നൽകുകയും ചെയ്തു-ഹണ്ട് 2 ഹീൽ എന്ന ലാഭേച്ഛയില്ലാത്ത സംഘടനയിലൂടെ തന്നെപ്പോലുള്ള മറ്റുള്ളവർക്ക് ഇതേ അനുഭവം നൽകുന്നതിന്  അയാൾ ജീവിതം ഉഴുഞ്ഞുവെച്ചു. തന്റെ അപകടം 'പ്രച്ഛന്നവേഷത്തിലെത്തിയ ഒരു അനുഗ്രഹമായിരുന്നു. . . . ഇപ്പോൾ എനിക്ക് തിരികെ നൽകാൻ കഴിയും, അത് ഞാൻ എപ്പോഴും ചെയ്യാൻ ആഗ്രഹിച്ചു. ഞാൻ സന്തോഷത്തിലാണ്' അയാൾ പറയുന്നു. കഠിനമായ ചലന വൈകല്യമുള്ളവർക്കും അവരെ പരിചരിക്കുന്നവർക്കും സൗഖ്യം കണ്ടെത്തുന്നതിന് ഒരു സ്ഥലം നൽകുന്നതിൽ അദ്ദേഹം ആവേശഭരിതനാണ്.

തകർന്നവർക്കു സൗഖ്യം നൽകുന്നവന്റെ വരവിനെക്കുറിച്ച് യെശയ്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു (യെശ. 61). അവൻ 'ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും'' അറിയിക്കുകയും ചെയ്യും (വാ. 1-2). യേശു തന്റെ ജന്മനാട്ടിലെ സിനഗോഗിൽ ഈ തിരുവെഴുത്ത് വായിച്ചതിനുശേഷം പറഞ്ഞു, 'ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു' (ലൂക്കൊ. 4:21). യേശു വന്നത് നമ്മെ രക്ഷിക്കാനും നമ്മെ സുഖപ്പെടുത്താനുമാണ്.

നിങ്ങൾക്ക് ആന്തരിക സൗഖ്യം ആവശ്യമുണ്ടോ? യേശുവിലേക്ക് തിരിയുക, അവൻ നിങ്ങൾക്ക് 'വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാട' നൽകും (യെശയ്യാവ് 61:3).

നന്ദിയുള്ള ഹൃദയങ്ങൾ

ഹാൻസിൽ പാർച്ച്‌മെന്റ് ഒരു പ്രതിസന്ധിയിലായി. ടോക്യോ ഒളിമ്പിക്‌സിലെ സെമിഫൈനലിനായി തെറ്റായ സ്ഥലത്താണ് അദ്ദേഹം ബലിറങ്ങിയത്. കൃത്യസമയത്ത് സ്റ്റേഡിയത്തിലെത്തുമെന്ന പ്രതീക്ഷയില്ലാതെ അദ്ദേഹം കുടുങ്ങി. എന്നാൽ നന്ദിയോടെ പറയട്ടെ, ഗെയിമുകളിൽ സഹായിക്കുന്ന സന്നദ്ധപ്രവർത്തകയായ ട്രിജന സ്റ്റോജ്‌കോവിച്ച് അദ്ദേഹത്തെ കണ്ടു. അവൾ അദ്ദേഹത്തിന് ടാക്‌സിയിൽ പോകാൻ കുറച്ച് പണം കൊടുത്തു. അങ്ങനെ ഹാൻസിൽ കൃത്യസമയത്ത് സെമിഫൈനലിലെത്തി, ഒടുവിൽ 110 മീറ്റർ ഹർഡിൽസിൽ സ്വർണമെഡൽ സ്വന്തമാക്കി. പിന്നീട്, സ്റ്റോജ്‌കോവിച്ചിനെ കണ്ടെത്താനായി അദ്ദേഹം തിരികെ പോയി, അവളുടെ ദയയ്ക്ക് നന്ദി പറഞ്ഞു.

ലൂക്കൊസ് 17-ൽ, തന്നെ സൗഖ്യമാക്കിയതിന് നന്ദി പറയാൻ യേശുവിന്റെ അടുക്കൽ മടങ്ങിവന്ന ശമര്യക്കാരനായ കുഷ്ഠരോഗിയെപ്പറ്റി നാം വായിക്കുന്നു (വാ. 15-16). യേശു ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ, അവിടെ പത്തു കുഷ്ഠരോഗികളെ കണ്ടുമുട്ടി. അവരെല്ലാം യേശുവിനോട് സൗഖ്യത്തിനായി അപേക്ഷിച്ചു, എല്ലാവരും അവന്റെ കൃപയും ശക്തിയും അനുഭവിച്ചു. സുഖം പ്രാപിച്ചതിൽ പത്തുപേർ സന്തോഷിച്ചു, എന്നാൽ ഒരാൾ മാത്രം മടങ്ങിവന്നു നന്ദി അറിയിച്ചു. അവൻ ''ഉച്ചത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്റെ കാൽക്കൽ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു'' (വാ. 15-16).

ഓരോ ദിവസവും നാം പലവിധത്തിൽ ദൈവാനുഗ്രഹം അനുഭവിക്കുന്നു. ദീർഘനാളത്തെ കഷ്ടപ്പാടുകൾക്കുശേഷം പ്രാർത്ഥനയ്ക്കു ഉത്തരം ലഭിക്കുന്നതോ അപരിചിതരിൽ നിന്ന് സമയോചിതമായ സഹായം സ്വീകരിക്കുന്നതോ പോലെ അത് നാടകീയമായിരിക്കാം. ചിലപ്പോൾ, ഒരു ബാഹ്യജോലി പൂർത്തിയാക്കാൻ നല്ല കാലാവസ്ഥ പോലെയുള്ള സാധാരണ രീതികളിലും അവന്റെ അനുഗ്രഹങ്ങൾ വരാം. ശമര്യക്കാരനായ കുഷ്ഠരോഗിയെപ്പോലെ, നമ്മോടുള്ള ദയയ്ക്ക് ദൈവത്തിന് നന്ദി പറയാൻ നമുക്ക് ഓർക്കാം.