പരിജ്ഞാനവും വിവേകവും
1373-ൽ 30 വയസ്സുള്ളപ്പോൾ നോർവിച്ചിലെ ജൂലിയന് മരണകരമായ രോഗം പിടിപെട്ടു. സഭാശുശ്രൂക്ഷകൻ അവൾക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ അവൾ നിരവധി ദർശനങ്ങൾ കണ്ടു; അതിൽ ക്രൂശിനായ ക്രിസ്തുവിനെ ദർശിച്ചത് അവൾ പ്രത്യേകം ഓർത്തു. അത്ഭുതകരമായി രോഗസൗഖ്യം പ്രാപിച്ച അവൾ പിന്നീടുള്ള 20 വർഷക്കാലം പള്ളിയുടെ ഒരു ചെറിയ മുറിയിൽ ഈ ദർശനം ഓർത്ത് പ്രാർത്ഥിച്ചുകൊണ്ട് ഏകാന്തതയിൽ കഴിഞ്ഞു. അവൾ പറഞ്ഞത് "സ്നേഹം മാത്രമായിരുന്നു അവന്റെ ഉദ്ദേശ്യം" എന്നാണ്. അതായത്, ക്രിസ്തുവിന്റെ ക്രൂശുമരണം ദൈവസ്നേഹത്തിന്റെ ഉത്തുംഗമായ പ്രദർശനമായിരുന്നു എന്ന്.
ജൂലിയന്റെ വെളിപ്പാടുകൾ പ്രസിദ്ധമാണ്. എന്നാൽ ദൈവം ഈ കാര്യങ്ങൾ അവൾക്ക് വെളിപ്പെടുത്തിക്കൊടുത്തതിന്റെ പിന്നിൽ അവൾ പ്രാർത്ഥനാപൂർവം ചെലവിട്ട സമയവും അദ്ധ്വാനവും പക്ഷേ ആളുകൾ കാണുന്നില്ല. ഈ രണ്ട് ദശാബ്ദങ്ങളിലും കർത്താവിന്റെ സാന്നിദ്ധ്യത്തിന്റെ അനുഭവം വ്യക്തമായി ഗ്രഹിക്കുന്നതിനുള്ള ദൈവികജ്ഞാനവും സഹായവും തേടുകയായിരുന്നു അവൾ.
ജൂലിയനോട് ചെയ്തത് പോലെ ദൈവം തന്റെ ജനത്തിനും തന്നെത്തന്നെ വെളിപ്പെടുത്താൻ കൃപ ചെയ്യുന്നു; അത് ബൈബിളിലെ വചനങ്ങളിലൂടെയാകാം, തന്റെ മന്ദസ്വരത്തിലൂടെയാകാം, ഒരു പാട്ടിലൂടെയാകാം, അല്ലെങ്കിൽ തന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ഒരു അവബോധം നല്കിക്കൊണ്ടുമാകാം. അങ്ങനെ നമുക്ക് ദൈവത്തിന്റെ ജ്ഞാനവും സഹായവും പ്രാപിക്കാനാകും. ഈ ജ്ഞാനമാണ് ശലേമോൻ തന്റെ മകനോട് പ്രാപിക്കുവാൻ പറഞ്ഞത്; ചെവി പരിജ്ഞാനത്തിനും ഹൃദയം വിവേകത്തിനും തിരിക്കുക എന്ന് ആഹ്വാനം ചെയ്തത് (സദൃശ്യവാക്യങ്ങൾ 2:2). അപ്പോൾ അവൻ "ദൈവപരിജ്ഞാനം കണ്ടെത്തും" (വാ. 5).
ദൈവം നമുക്ക് വിവേചന ബുദ്ധിയും വിവേകവും നല്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അവിടുത്തെ വഴികളെയും സ്വഭാവത്തെയും കുറിച്ചുള്ള അറിവ് കൂടുതലായി പ്രാപിക്കുന്തോറും നമുക്ക് ദൈവത്തെ ആഴമായി അറിഞ്ഞ് ആദരിക്കുവാൻ സാധിക്കും.

ഇതിലും വലിയ സ്നേഹമില്ല
ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ എഴുപത്തിയൊൻപതാം വാർഷികം രാജ്യം 2021-ൽ ആഘോഷിച്ചപ്പോൾ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമരസേനാനികളെ നാം ആദരിക്കുകയായിരുന്നു. 1944 ഓഗസ്റ്റ് 8-ന്, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് ആരംഭം കുറിച്ചു കൊണ്ട്, ഗാന്ധി തന്റെ പ്രസിദ്ധമായ "പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക" എന്ന പ്രസംഗം നടത്തി. "നാം ഒന്നുകിൽ ഇന്ത്യയെ സ്വതന്ത്രയാക്കും, അല്ലെങ്കിൽ അതിനായുള്ള പരിശ്രമത്തിൽ ജീവൻ വെടിയും; നമ്മുടെ അടിമത്തം ശാശ്വതമാകുന്നത് കാണാൻ വേണ്ടി നാം ജീവിക്കുകയില്ല."
തിന്മയെ പ്രതിരോധിക്കുവാനും അടിച്ചമർത്തപ്പെട്ടവരെ മോചിപ്പിക്കുവാനും സ്വന്തജീവനെ ഹോമിക്കുവാൻ തയ്യാറുള്ളവർ യേശുവിന്റെ ഈ വാക്കുകളെ ഓർമ്മിപ്പിക്കുന്നു: "സ്നേഹിതന്മാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല" (യോഹന്നാൻ 15:13). അന്യോന്യം സ്നേഹിക്കുന്നതിനെപ്പറ്റി ശിഷ്യന്മാരെ പഠിപ്പിക്കുന്നതിനിടയിലാണ് ക്രിസ്തു ഇത് പറയുന്നത്. ഇപ്രകാരമുള്ള സ്നേഹത്തിന്റെ വിലയും ആഴവും അവർ അറിയണമെന്ന് അവൻ ആഗ്രഹിച്ചു - ഒരാൾ മറ്റൊരാൾക്കു വേണ്ടി സ്വമനസ്സാ തന്റെ ജീവൻ ത്യജിക്കുന്ന സ്നേഹം! മറ്റുള്ളവരെ ത്യാഗപൂർവ്വം സ്നേഹിക്കുക എന്നതാണ് "അന്യോന്യം സ്നേഹിക്കുക" (വാ.17) എന്ന യേശുവിന്റെ കല്പനയുടെ അന്തസത്ത.
ചിലപ്പോൾ കുടുംബത്തിലെ പ്രായമായ ഒരാളുടെ ആവശ്യങ്ങളിൽ സഹായിക്കുന്നതാകാം ഈ ത്യാഗപൂർവ്വമായ സ്നേഹത്തിന്റെ പ്രകടനം. സ്കൂളിലെ തിരക്കുകളുടെയിടയിലും വീട്ടിലെ ജോലികളിൽ സഹായിക്കുന്നതുമാകാം. സുഖമില്ലാത്ത കുഞ്ഞിന്റെ പരിചരണം ഏറ്റെടുത്ത് ജീവിത പങ്കാളിയെ വിശ്രമിക്കുവാൻ അനുവദിക്കുന്നതുമാകാം. ഇങ്ങനെ ത്യാഗപൂർവ്വം പ്രവർത്തിക്കുന്നതാണ് സ്നേഹത്തിന്റെ മഹത്തായ പ്രകടനം.

അവൻ എന്റെ ഉള്ളത്തെ അറിയുന്നു
ഒരു ഷോപ്പിങ്ങ് മാളിൽ മുമ്പിലുള്ളയാൾ പണമടച്ച് മാറിയപ്പോൾ ഞാൻ കാഷ് കൗണ്ടറിനടുത്തേക്ക് നീങ്ങി നിന്നു. പെട്ടെന്ന്, ഒരാൾ ദേഷ്യത്തോടെ എന്നോടിടപെട്ടു. അവർ എനിക്കു മുമ്പേ അവിടെയുണ്ടായിരുന്നു എന്നത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. എന്റെ തെറ്റ് തിരിച്ചറിഞ്ഞപ്പോൾ ഞാൻ ആത്മാർത്ഥമായി സോറി പറഞ്ഞു. പക്ഷെ അവരത് മുഖവിലക്കെടുത്തില്ല.
ഇതു പോലുള്ള സന്ദർഭം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? നിങ്ങൾക്ക് ഒരു തെറ്റ് പറ്റുന്നു, തെറ്റ് സമ്മതിച്ച് ക്ഷമ ചോദിക്കുന്നു, പക്ഷെ മറ്റെയാൾ അത് നിഷ്കരുണം തിരസ്കരിക്കുന്നു. തെറ്റിദ്ധരിക്കപ്പെടുന്നതും തെറ്റായ കുറ്റാരോപണം നേരിടുന്നതും വലിയ സങ്കടകരമാണ്, പ്രത്യേകിച്ച് നമുക്ക് നല്ല അടുപ്പമുള്ളവരുമായി ബന്ധപ്പെട്ട്. അവർ നമ്മുടെ ഹൃദയം ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് നാം എത്ര ആഗ്രഹിച്ചു പോകും!
യെശയ്യാവ് 11: 1-5 വരെയുള്ള ഭാഗത്ത് ദൈവം നിയോഗിച്ചതും ജ്ഞാനത്തോടെ അന്യൂനമായ വിധി പറയുന്നതുമായ ഒരു ഭരണാധികാരിയെ നാം കാണുന്നു. "അവൻ കണ്ണു കൊണ്ടു കാണുന്നതു പോലെ ന്യായപാലനം ചെയ്യുകയില്ല; ചെവി കൊണ്ടു കേൾക്കുന്നതുപോലെ വിധിക്കുകയുമില്ല. അവൻ ദരിദ്രന്മാർക്ക് നീതിയോടെ ന്യായം പാലിച്ചു കൊടുക്കുകയും ദേശത്തിലെ സാധുക്കൾക്ക് നേരോടെ വിധികല്പിക്കുകയും ചെയ്യും" (വാ. 3, 4). യേശുവിന്റെ ജീവിതത്തിലും ശുശ്രൂഷയിലുമാണ് ഇത് യാഥാർത്ഥ്യമായത്. നമ്മുടെ പാപവും ബലഹീനതയും മൂലം എല്ലാം ശരിയായി കാണുന്നില്ലെങ്കിലും എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന സ്വർഗ്ഗത്തിലെ ദൈവം നമ്മെ മുഴുവനായി അറിയുകയും ശരിയായി വിധിക്കുകയും ചെയ്യും എന്നതിൽ നമുക്ക് ആശ്വസിക്കാം.

അതിജീവനവും അഭിവൃദ്ധിയും
ഗുഹാവാസിയായ ഒരാളുടെ കുടുംബത്തിന്റെ കഥ പറയുന്ന ഒരു ഇംഗ്ലീഷ് സിനിമയിൽ അയാൾ പറയുന്നത് "അവരുടെ ചെറിയ കുടുംബം ഒരുമിച്ച് നിന്നാലേ നിലനില്ക്കാനാകൂ" എന്നാണ്. അവർക്ക് ലോകത്തേയും മറ്റുള്ളവരെയും ഭയമാണ്. താമസിക്കുവാൻ മറ്റാരുമില്ലാത്ത ഒരിടം അവർ കണ്ടെത്തി. പക്ഷേ, അപരിചിതരായ മറ്റൊരു കുടുംബം ഇതിനകം തന്നെ ആ ഭാഗത്ത് താമസിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ അയാൾക്ക് ഭയമായി. എന്നാൽ പെട്ടെന്ന് തന്നെ അവർ വ്യത്യാസങ്ങൾ മറന്ന് സ്നേഹത്തിലാകുകയും ഒരുമിച്ച് ജീവിക്കുവാൻ തുടങ്ങുകയും ചെയ്തു. തങ്ങൾക്ക് യഥാർത്ഥത്തിൽ അവരുടെ സഹവാസം സന്തോഷകരമാണെന്നും പൂർണ്ണമായ ഒരു ജീവിതത്തിന് മറ്റുള്ളവരും അനിവാര്യമാണെന്നും അവർ മനസ്സിലാക്കി.
ബന്ധങ്ങൾ നിലനിർത്തുന്നത് ശ്രമകരമാണ് - ആളുകൾ നമുക്ക് ഹാനികരമായ രീതിയിൽ ഇടപെടാൻ സാധ്യതയുണ്ട്. എങ്കിലും ദൈവം സഭയെന്ന ശരീരത്തിൽ തന്റെ ജനത്തെ ഒരുമിച്ചാക്കിയത് അന്യോന്യം പ്രയോജനത്തിനായിട്ടാണ്. മറ്റുള്ളവരുമായുള്ള കൂട്ടായ്മ ബന്ധത്തിലാണ് നാം പക്വത പ്രാപിക്കുന്നത് (എഫേസ്യർ 4:13). "പൂർണ്ണ വിനയത്തോടെയും സൗമ്യതയോടെയും ദീർഘക്ഷമയോടെയും” (വാ.2) ജീവിക്കുവാൻ ദൈവത്തിൽ ആശ്രയിക്കേണ്ടതുണ്ട്. ഓരോരുത്തരുടെയും ജീവിതത്തെ "സ്നേഹത്തിൽ" പണിതുയർത്താൻ നാം അന്യോന്യം സഹായിക്കേണ്ടതുണ്ട് (വാ.16). നാം ഒരുമിച്ച് കൂടുമ്പോൾ സ്വന്തം കൃപാവരങ്ങൾ ഉപയോഗിക്കുകയും മറുള്ളവരുടേത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതു വഴി ദൈവത്തോടുകൂടെ നടന്ന് അവിടുത്തെ സേവിക്കുന്നതിന് നാം സജ്ജരാകുന്നു.
ദൈവം നയിക്കുന്നതിനനുസരിച്ച്, ദൈവജനത്തിന്റെ ഇടയിൽ നിങ്ങളുടെ ശുശ്രൂഷയെന്താണെന്ന് കണ്ടെത്താം. കേവലം അതിജീവനത്തിനപ്പുറം അതു ചെയ്യുവാൻ കഴിയും; പങ്കുവെക്കപ്പെടുന്ന സ്നേഹത്തിലൂടെ ദൈവത്തിന് മഹത്വം ഉണ്ടാകുകയും നാം കൂടുതലായി യേശുവിനെപ്പോലെയാകുകയും ചെയ്യും. യേശുവിനോടും മറ്റുള്ളവരോടുമുള്ള ബന്ധം വളരുന്നതനുസരിച്ച് നമ്മുടെ ദൈവാശ്രയത്വവും വർദ്ധിക്കും.

ശൂന്യാകാശത്തിലെ തിരുവത്താഴം
അപ്പോളോ 11-ലെ ഈഗിൾ എന്ന ചാന്ദ്രവാഹനം 1969 ജൂലൈ 20-ന്, ആദ്യമായി മനുഷ്യരെ ചന്ദ്രനിലെത്തിച്ചു; അതിലെ ബഹിരാകാശ യാത്രികർ ആ സുദീർഘമായ ശൂന്യാകാശയാത്രക്ക് ശേഷം ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും മുമ്പ്, സാധാരണ നിലയിലേക്ക് വരാൻ കുറെ സമയമെടുത്തു. യാത്രികനായിരുന്ന ബുസ് ആൾഡ്രിൻ തിരുവത്താഴ കർമ്മത്തിനുള്ള അപ്പവും വീഞ്ഞും കൊണ്ടു പോകാനുള്ള അനുവാദം സമ്പാദിച്ചിരുന്നു. തിരുവചനം വായിച്ച ശേഷം അദ്ദേഹം ചന്ദ്രനിൽ വെച്ച് ആദ്യമായി മനുഷ്യൻ കഴിക്കുന്ന ഭക്ഷണം രുചിച്ചു. പിന്നീടദ്ദേഹം എഴുതി: "ഞാൻ എന്റെ സഭയിൽ നിന്ന് കൊണ്ടുവന്ന പാനപാത്രത്തിലേക്ക് ആ വീഞ്ഞ് പകർന്നു. ഗുരുത്വാകർഷണം 1/6 മാത്രമായതിനാൽ വീഞ്ഞ് ആ കപ്പിന്റെ വശത്തു കൂടി പതിയെ മുകളിലേക്ക് ചുരുണ്ട് ഉയർന്നു." ശൂന്യാകാശത്തിലെ ഈ തിരുവത്താഴത്തിലൂടെ ആൾഡ്രിൻ ക്രിസ്തുവിന്റെ ക്രൂശിലെ യാഗമരണത്തിലുള്ള വിശ്വാസവും രണ്ടാം വരവിലുള്ള ഉറപ്പും സന്തോഷത്തോടെ പ്രഖ്യാപിക്കുകയായിരുന്നു.
"താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ" (1 കൊരിന്ത്യർ 11:23). ക്രിസ്തു ശിഷ്യന്മാരോടു കൂടി ഇരുന്ന സംഭവം ഓർമ്മിക്കുവാൻ അപ്പൊസ്തലനായ പൗലോസ് നമ്മെ ആഹ്വാനം ചെയ്യുന്നു. താമസിയാതെ യാഗമായിത്തീരാനുള്ള തന്റെ ശരീരത്തെ അപ്പത്തോട് (വാ.24) ക്രിസ്തു ഉപമിച്ചു. വീഞ്ഞിനെ, കുരിശിൽ രക്തം ചൊരിഞ്ഞ് പാപമോചനവും രക്ഷയും സാധ്യമാക്കിയ "പുതിയ ഉടമ്പടി" യുടെ പ്രതീകമായി പ്രഖ്യാപിച്ചു (വാ.25). നാം എവിടെയും എപ്പോഴും തിരുവത്താഴം ആചരിക്കുമ്പോൾ യേശുവിന്റെ യാഗത്തിലുള്ള നമ്മുടെ ആശ്രയവും, താൻ വാഗ്ദത്തം ചെയ്ത വീണ്ടും വരവിലുള്ള പ്രത്യാശയും പ്രഖ്യാപിക്കുകയാണ്. (വാ.26)
നാം എവിടെയാണെങ്കിലും ഉയിർത്തെഴുന്നേറ്റ്, വീണ്ടും വരുന്നവനായ ഏക രക്ഷകനായ യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ ധൈര്യത്തോടെ ആഘോഷിക്കുവാൻ കഴിയും.
