Category  |  odb

ഭൗമദിനത്തിലെ കൃതജ്ഞത

ഏപ്രിൽ 22 ന് എല്ലാ വർഷവും ഭൗമദിനമായി ആചരിക്കുന്നു. ഈ കഴിഞ്ഞ കുറെ വർഷങ്ങളായി, ഏകദേശം 200 രാജ്യങ്ങളിലെ ഒരു ബില്യനിലധികം വരുന്ന ജനങ്ങൾ ഈ ദിനത്തോടനുബന്ധിച്ച് വിവിധ ബോധന-സേവന പരിപാടികളിൽ ഏർപ്പെടുന്നു. ഓരോ വർഷവും ഭൗമദിനം ആചരിക്കുന്നതിനാൽ നമ്മുടെ ഈ അത്ഭുത ഗ്രഹത്തിന്റെ പ്രാധാന്യം സ്മരിക്കപ്പെടുന്നു. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഈ ദിനാചരണത്തോടെ മാത്രം ഓർക്കാൻ തുടങ്ങിയതല്ല-അതിന് സൃഷ്ടിയോളം തന്നെ പഴക്കമുണ്ട്.

ഉല്പത്തി പുസ്തകത്തിൽ, ദൈവം ഈ പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ചിട്ട് ഭൂമിയെ മനുഷ്യന് വസിക്കാനായി രൂപകല്പന ചെയ്തതായി, വായിക്കുന്നു. അവൻ കുന്നുകളും താഴ് വരകളും രൂപപ്പെടുത്തുക മാത്രമല്ല, മനുഷ്യന് ആഹാരവും പാർപ്പിടവും ആനന്ദവും ഒക്കെ നൽകാൻ മനോഹരമായ ഏദെൻ തോട്ടവും നിർമ്മിച്ചു (ഉല്പത്തി 2:8-9).

തന്റെ ഏറ്റവും പ്രധാന സൃഷ്ടിയായ മനുഷ്യരുടെ മൂക്കിൽ ജീവശ്വാസം ഊതിയശേഷം അവരെ ഏദെനിൽ ആക്കി, (വാ. 8, 22) “തോട്ടത്തിൽ വേല ചെയ്യുവാനും അതിനെ കാക്കുവാനും “നിയമിച്ചു (വാ.15). ആദമിനെയും ഹവ്വയെയും തോട്ടത്തിൽ നിന്ന് പുറത്താക്കിയ ശേഷം ദൈവത്തിന്റെ സൃഷ്ടിയെ പരിപാലിക്കുക എന്നത് കൂടുതൽ പ്രയാസകരമായി (3:17-19), എങ്കിലും, ഇന്നു വരെയും ദൈവം തന്നെ ഈ ഗ്രഹത്തെയും ജീവികളെയും പരിപാലിക്കുകയും (സങ്കീർത്തനങ്ങൾ 65:9-13) നമ്മോടും അക്കാര്യം തന്നെ ആവശ്യപ്പെടുകയും ചെയ്യുന്നു (സദൃശ്യവാക്യങ്ങൾ 12:10).
നമ്മൾ ജനനിബിഡമായ പട്ടണത്തിലോ ഗ്രാമപ്രദേശങ്ങളിലോ ആയാലും ദൈവം ഭരമേല്പിച്ച മേഖലകളെ സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഇങ്ങനെ നാം ഈ ഭൂമിയെ പരിപാലിക്കുന്നത് ഈ മനോഹര ഗ്രഹം നമുക്ക് പ്രദാനം ചെയ്തതിന് ദൈവത്തോടുള്ള കൃതജ്ഞതയുടെ പ്രകടനം കൂടിയാണ്.

യഥാർത്ഥമായും ജീവിക്കുന്നു

ഈസ്റ്റർ ദിവസങ്ങളായതിനാൽ ഞങ്ങളുടെ അഞ്ച് വയസുകാരൻ മകൻ ഉയിർപ്പിനെക്കുറിച്ച് ഒത്തിരി കാര്യങ്ങൾ കേട്ടു. അവന് എപ്പോഴും ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു-പലതും കുഴക്കുന്നവയും. ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ അവൻ തൊട്ടുപിന്നിലെ സീറ്റിൽ വന്നിരിക്കും. ജനലിൽ കൂടി പുറത്തേക്ക് നോക്കിയിരുന്ന് ചിന്താമഗ്നനാകും. “ഡാഡി”, ഒരു കഠിന ചോദ്യത്തിനായി അവൻ തയ്യാറാകുകയാണ്, “യേശു വന്ന് നമ്മെ ഉയിർപ്പിക്കുമ്പോൾ നമ്മൾ യഥാർത്ഥമായും ജീവിക്കുമോ-അതോ നമ്മുടെ തലകൾ മാത്രം ജീവനുള്ളതാകുകയാണോ?”

നമ്മിൽ അനേകരും കൊണ്ടു നടക്കുന്നതും എന്നാൽ ചോദിക്കാൻ ധൈര്യമില്ലാത്തതോ ആയ ചോദ്യമാണിത്. ദൈവം നമ്മെ യഥാർത്ഥത്തിൽ സൗഖ്യമാക്കുമോ? യഥാർത്ഥത്തിൽ മരണത്തിൽ നിന്ന് ഉയിർപ്പിക്കുമോ? എല്ലാ വാഗ്ദത്തങ്ങളും നടപ്പിലാക്കുമോ?

യോഹന്നാൻ അപ്പസ്തോലൻ നമ്മുടെ സുനിശ്ചിതമായ ഭാവിയെ “പുതിയ ആകാശവും പുതിയ ഭൂമിയും” (വെളിപ്പാട് 21:1) എന്നാണ് വിവരിക്കുന്നത്. ആ വിശുദ്ധ നഗരത്തിൽ “ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും” (വാ. 3). യേശു പ്രാപിച്ച വിജയം മൂലം കണ്ണുനീരില്ലാത്ത ഒരു ഭാവി നമുക്ക് വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നു, ദൈവത്തിനും തന്റെ ജനത്തിനും നേരെ യാതൊരു തിന്മയും ഉണ്ടാകില്ല. ഈ നല്ല ഭാവിയിൽ “ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി” (വാ. 4).

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള ഭാവിയിൽ, നമ്മൾ യഥാർത്ഥമായും ജീവിക്കും. ഇപ്പോഴത്തെ ജീവിതം കേവലം നിഴല് മാത്രമാണെന്ന് തോന്നിപ്പിക്കുന്ന വിധമുളള ജീവിതമായിരിക്കും അത്.

സ്നേഹത്തിലെ ത്യാഗത്തിന് മൂല്യമുണ്ട്

ഒരു സുഹൃത്ത് യാതൊരു വിശദീകരണവും കൂടാതെ ഞങ്ങൾ തമ്മിൽ ഒരു ദശാബ്ദമായി നിലനിന്നിരുന്ന സ്നേഹബന്ധം അവസാനിപ്പിച്ചതിനു ശേഷം ഞാൻ വീണ്ടും എന്റെ പഴയ രീതിയിൽ ആളുകളെ ഒരു കൈയകലെ മാത്രം നിർത്താൻ തുടങ്ങി. ഈ ദുഃഖത്തെ അതിജീവിച്ചു കൊണ്ടിരുന്ന പ്രക്രിയക്കിടയിൽ സി എസ് ലൂയിസിന്റെനാല് സ്നേഹങ്ങൾ എന്ന കൃതിയുടെ പഴകിയ ഒരു കോപ്പി എന്റെ ഷെൽഫിൽ നിന്ന് ഞാൻ വലിച്ചെടുത്തു. സ്നേഹത്തിൻ്റെ വ്രണപ്പെടുത്തുന്ന സ്ഥിതിയെപ്പറ്റി ശക്തമായ നിരീക്ഷണങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്. സ്നേഹമെന്ന സാഹസത്തിന് ഒരാൾ മുതിർന്നാൽ അവിടെ ഒരു “സുരക്ഷിത നിക്ഷേപം” ഉണ്ടാകില്ല. എന്തിനെയെങ്കിലും സ്നേഹിക്കുകയാണെങ്കിൽ “ഹൃദയം പിഴിയപ്പെടുകയോ തകർക്കപ്പെടുകയോ ചെയ്യാം” ഈ വാക്കുകൾ വായിച്ചശേഷം, ഉയിർപ്പ് കഴിഞ്ഞ് മൂന്നാം തവണ യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുന്ന സംഭവത്തിന്റെ (യോഹന്നാൻ 21:1-14) വായന വ്യത്യാസപ്പെട്ടു; പത്രോസ് മൂന്ന് തവണ തള്ളിപ്പറഞ്ഞതിനു ശേഷമായിരുന്നല്ലോ ഈ പ്രത്യക്ഷത (18:15-27).

യേശു ചോദിച്ചു: “യോഹന്നാന്റെ മകനായ ശീമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ?” (21:15)
ഒറ്റിക്കൊടുക്കലിന്റെയും തളളിപ്പറയലിന്റെയും കുത്ത് ഏറ്റതിനു ശേഷവും യേശു പത്രോസിനോട് സംസാരിച്ചു:ഭയത്തോടെയല്ല, ധൈര്യത്തോടെ; ബലഹീനമായല്ല ശക്തിയോടെ; നിരാശയോടെയല്ല നിസ്വാർത്ഥതയോടെ. കോപമല്ല കരുണയും സ്നേഹിക്കാനുള്ള മനസ്സുമാണ് അവൻ പ്രകടിപ്പിച്ചത്.

തിരുവെഴുത്ത് പറയുന്നു: “എന്നോട് പ്രിയമുണ്ടോ എന്ന് മൂന്നാമതും ചോദിക്കുകയാൽ പത്രോസ് ദുഃഖിച്ചു” (വാ. 17). എന്നാൽ യേശു പത്രോസിനോട് യേശുവിനോടുള്ള അവന്റെ സ്നേഹം മറ്റുള്ളവരെ സ്നേഹിക്കുന്നതുവഴിയും (വാ.15-17) തന്നെ അനുഗമിക്കുന്നതു വഴിയും (വാ.19) തെളിയിക്കുവാൻ ആവശ്യപ്പെട്ടതുവഴി എല്ലാ ശിഷ്യരോടും വ്യവസ്ഥയില്ലാതെ ത്യാഗപൂർവ്വം സ്നേഹിക്കുവാൻ ആഹ്വാനം ചെയ്യുകയാണ്. “നീ എന്നെ സ്നേഹിക്കുന്നുവോ?” എന്ന ചോദ്യത്തിന് ഓരോരുത്തരും ഉത്തരം പറയേണ്ടതുണ്ട്. നമ്മുടെ ഉത്തരം മറ്റുള്ളവരോടുള്ള സ്നേഹത്തിൽ പ്രതിഫലിക്കും.

വരിക, ആരാധിക്കുക

പല പ്രായത്തിലുള്ളവർ ഒരുമിച്ച് ചേർന്ന് ആ ആരാധനാ യോഗത്തിൽ സ്തുതിഗീതങ്ങൾ ആലപിച്ചപ്പോൾ അത് അനേകർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അനുഭവമായി. ക്ഷീണിച്ച ഒരു അമ്മയൊഴികെ. അവൾ തന്റെ കയ്യിലിരുന്ന കുഞ്ഞിനെ കരയാതെ കുലുക്കുന്നതോടൊപ്പം, നടക്കാൻ തുടങ്ങിയ കുഞ്ഞ് ഓടിപ്പോകാതെ പിടിക്കുകയും തൻ്റെ അഞ്ചു വയസ്സുകാരിക്ക് പാട്ട് പുസ്തകം പിടിച്ചു കൊടുക്കുകയും ചെയ്യേണ്ടിയിരുന്നു. അവൾ ആകെ തളർന്നു പോയി. അവളുടെ പിന്നിലിരുന്ന പ്രായമുള്ള ഒരു മനുഷ്യൻ നടന്നു തുടങ്ങിയ കുഞ്ഞിനെ പള്ളിയുടെ ചുറ്റും നടത്താം എന്ന് പറഞ്ഞ് കൊണ്ടുപോയി. ഒരു ചെറുപ്പക്കാരി മൂത്ത കുഞ്ഞിന് പാട്ടുപുസ്തകം പിടിച്ചു കൊടുത്തു. രണ്ടു മിനിറ്റു കൊണ്ട് ആ അമ്മയുടെ സ്ഥിതി മാറി; അവൾ ദീർഘശ്വാസം വിട്ടു, കണ്ണുകളടച്ചു, ദൈവത്തെ ആരാധിച്ചു.

തന്റെ എല്ലാ ജനവും-പുരുഷന്മാരും സ്ത്രീകളും, പ്രായമായവരും ചെറുപ്പക്കാരും, പഴയ വിശ്വാസികളും പുതുതായി വന്നവരും-എല്ലായ്പ്പോഴും തന്നെ ആരാധിക്കണമെന്ന് ദൈവം ഉദ്ദേശിക്കുന്നു. വാഗ്ദത്ത ദേശത്ത് പ്രവേശിക്കുന്നതിനു മുമ്പ് മോശെ ഇസ്രായേൽ ഗോത്രങ്ങളെ അനുഗ്രഹിച്ചു, “പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ട് പഠിച്ച് നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ട് ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിനും..” (ആവർത്തനം 31:12) എല്ലാവരോടും ഒരുമിച്ചു കൂടുവാൻ ആവശ്യപ്പെട്ടു. നമ്മുടെ ജീവിത സാഹചര്യം എന്തായാലും ദൈവജനം എല്ലാവരും ഒരുമിച്ച് കൂടി ആരാധിക്കുന്നത് ദൈവത്തെ മഹത്വപ്പെടുത്തുന്ന കാര്യമാണ്.

ആ രാവിലെ, പള്ളിയിൽ, ആ അമ്മയും പ്രായമുള്ള ആ മനുഷ്യനും, ആ ചെറുപ്പക്കാരിയും എല്ലാം, നൽകുന്നതിലൂടെയും സ്വീകരിക്കുന്നതിലൂടെയും, ദൈവത്തിന്റെ സ്നേഹം അനുഭവിക്കുകയായിരുന്നു. ഒരുപക്ഷേ, അടുത്ത തവണ നിങ്ങൾ സഭായോഗത്തിലായിരിക്കുമ്പോൾ ഒരു സഹായം ചെയ്യുന്നതിലൂടെ ദൈവ സ്നേഹം പ്രകടപ്പിക്കുവാനോ കൃപയുടെ ഒരു പ്രകടനം അനുഭവിക്കാനോ നിങ്ങൾക്കും അവസരം ലഭിച്ചേക്കാം.

ജോലി സ്ഥലത്തെ സാക്ഷ്യം

“ഞാൻ നിന്റെ ഇഷ്ടപ്പെട്ട വകുപ്പിന്റെ വലിപ്പം കുറക്കാൻ പോകുന്നത് നിന്നെ പ്രയാസപ്പെടുത്തുന്നുണ്ടോ?”ഈവ്‌ലിന്റെ മാനേജർ ചോദിച്ചു. “ഇല്ല,” അവൾ കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു. മനേജർ അവളെ കളിയാക്കി പറഞ്ഞതാണെന്നത് അവളെ നിരാശപ്പെടുത്തി. താല്പര്യമുള്ള പുതിയ ആളുകളെ ആകർഷിച്ച് കമ്പനിയെ സഹായിക്കാനായി അവൾ പരമാവധി അധ്വാനിച്ചു എങ്കിലും അതൊന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല. ഈവ് ലിന് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല; എങ്കിലും മാനേജർ ആവശ്യപ്പെടുന്ന ജോലിയെന്തും ചെയ്യാൻ അവൾ തീരുമാനിച്ചു. ഉദ്ദേശിച്ച മാറ്റം വരുത്താൻ കഴിഞ്ഞില്ല എന്നുവരികിലും അവളുടെ കഴിവിന്റെ പരമാവധി ചെയ്യാൻ അവൾക്ക് കഴിഞ്ഞു.

പത്രോസ് തന്റെ ഒന്നാം ലേഖനത്തിൽ, ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികളോട് സകല മാനുഷിക അധികാരത്തിനും ക്രിസ്തു നിമിത്തം കീഴടങ്ങാൻ (1 പത്രൊസ് 2:13) ആഹ്വാനം ചെയ്തു. ഒരു കഠിനമായ സാഹചര്യത്തിൽ സ്വഭാവ ശ്രേഷ്ഠത കാത്തുസൂക്ഷിക്കുന്നത് ശ്രമകരമാണ്? എന്നാൽ നാം എന്തുകൊണ്ട് നന്മ ചെയ്യുന്നതിൽ തളരരുതെന്ന് പത്രൊസ് പറയുന്നു: “നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശന ദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കണം” (വാ. 12). കൂടാതെ, നമ്മളെ ശ്രദ്ധിക്കുന്ന മറ്റു വിശ്വാസികൾക്ക് ഇതൊരു ദിവ്യമായ മാതൃകയുമാകും.

തികച്ചും സുരക്ഷിതമല്ലാത്ത സാഹചര്യമാണ് ജോലിയിൽ എങ്കിൽ, പറ്റുമെങ്കിൽ അത് ഒഴിവാക്കുന്നതാകും നല്ലത് (1 കൊരിന്ത്യർ 7:21). എന്നാൽ സുരക്ഷിതമായ ജോലി സാഹചര്യമാണെങ്കിൽ, പരിശുദ്ധാത്മാവിന്റെ സഹായത്തോടെ നന്നായി പ്രവർത്തിക്കാനായാൽ “അത് ദൈവത്തിനു പ്രസാദം” (1 പത്രൊസ് 2:20) ആയിരിക്കും. നാം അധികാരത്തിന് കീഴടങ്ങി ജോലി ചെയ്യുന്നെങ്കിൽ മറ്റുള്ളവർ അത് അനുകരിക്കാനും ദൈവത്തെ മഹത്വപ്പെടുത്താനും ഇടയാകും.