Category  |  odb

രാത്രിയിലെ ഒരു ഗാനം

ഞങ്ങളുടെ വൈദ്യുതി പെട്ടെന്ന് നിലയ്ക്കുമ്പോള്‍ സൂര്യന്‍ അസ്തമിച്ച് വളരെനേരം കഴിഞ്ഞിരുന്നു. ഞങ്ങളുടെ രണ്ട് ഇളയ കുട്ടികളോടൊപ്പം ഞാന്‍ വീട്ടിലായിരുന്നു, അവരെ സംബന്ധിച്ച് ഇതാദ്യമായിട്ടാണ് വൈദ്യുതി മുടക്കം നേരിടുന്നത്. തകരാറിനെക്കുറിച്ച് യൂട്ടിലിറ്റി കമ്പനിയെ അറിയിച്ചതിനുശേഷം, ഞാന്‍ കുറച്ച് മെഴുകുതിരികള്‍ തപ്പിയെടുത്തു. കുട്ടികളും ഞാനും ഒരുമിച്ച് അടുക്കളയില്‍ മങ്ങിയ വെളിച്ചത്തിനു ചുറ്റും ഒത്തുകൂടി. അവര്‍ അസ്വസ്ഥരും അശാന്തരുമാണെന്ന് തോന്നിയതിനാല്‍ ഞങ്ങള്‍ പാടാന്‍ തുടങ്ങി. താമസിയാതെ അവരുടെ മുഖത്തെ ഉത്കണ്ഠ പുഞ്ചിരിക്കു വഴിമാറി. ചിലപ്പോഴൊക്കെ നമ്മുടെ ഇരുണ്ട നിമിഷങ്ങളില്‍ നമുക്ക് ഒരു ഗാനം ആവശ്യമാണ്.

ദൈവജനം പ്രവാസത്തില്‍നിന്ന് പാഴും ശൂന്യവുമായിക്കിടക്കുന്ന ജന്മനാട്ടിലേക്കു മടങ്ങിവന്ന ശേഷം 103-ാം സങ്കീര്‍ത്തനം പ്രാര്‍ത്ഥിക്കുകയോ ആലപിക്കുകയോ ചെയ്തു. പ്രതിസന്ധിയുടെ ഒരു നിമിഷത്തില്‍, അവര്‍ക്കു പാടേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഏതെങ്കിലും ഒരു പാട്ടല്ല, മറിച്ച് ദൈവം ആരാണെന്നും അവന്‍ ചെയ്യുന്നതെന്താണെന്നും ആണ് അവര്‍ പാടേണ്ടത്. അവന്‍ കരുണയുള്ളവനും കൃപയുള്ളവനും ദീര്‍ഘക്ഷമയുള്ളവനും മഹാദയയും ഉള്ളവനും ആണെന്ന് ഓര്‍മ്മിക്കാന്‍ 103-ാം സങ്കീര്‍ത്തനം നമ്മെ സഹായിക്കുന്നു (വാ. 8). നമ്മുടെ പാപത്തിനുള്ള ശിക്ഷ ഇപ്പോഴും നമ്മുടെ തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്നുണ്ടോ എന്ന് നാം അതിശയിച്ചാല്‍, ദൈവം കോപിക്കുന്നില്ലെന്നും അവന്‍ ക്ഷമിച്ചുവെന്നും അവന് അനുകമ്പ തോന്നുന്നുവെന്നും സങ്കീര്‍ത്തനം പ്രഖ്യാപിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഇരുണ്ട രാത്രികളില്‍ പാടാനുള്ള നല്ല കാര്യങ്ങളാണിത്.

ഒരുപക്ഷേ, ഇരുണ്ടതും ബുദ്ധിമുട്ടുള്ളതുമായ സ്ഥലത്ത്, ദൈവം ശരിക്കും നല്ലവനാണോ എന്ന് ആശ്ചര്യപ്പെട്ട് നിങ്ങളോടുള്ള അവന്റെ സ്‌നേഹത്തെ ചോദ്യം ചെയ്യുക ആയിരിക്കാം നിങ്ങള്‍ ഇപ്പോള്‍. അങ്ങനെയാണെങ്കില്‍, സമൃദ്ധിയായ സ്‌നേഹം കാണിക്കുന്നവനോടു പ്രാര്‍ത്ഥിക്കുകയും പാടുകയും ചെയ്യുക!

ആര്‍ക്കാണ് എന്നെ ആവശ്യമുള്ളത്?

വാഷിംഗ്ടണ്‍ ഡിസിയിലേക്ക് ഒരു രാത്രി വിമാന യാത്രയ്ക്കിടെ, അഭിപ്രായ എഴുത്തുകാരന്‍ ആര്‍തര്‍ ബ്രൂക്‌സ് ഒരു വൃദ്ധയായ സ്ത്രീ തന്റെ ഭര്‍ത്താവിനോട് ഇപ്രകാരം മന്ത്രിക്കുന്നത് കേട്ടു, ''ഇനി ആര്‍ക്കും നിങ്ങളെ ആവശ്യമില്ലെന്നത് ശരിയല്ല.'' താന്‍ മരിച്ചാല്‍ മതിയായിരുന്നു എന്നോ മറ്റോ ആ മനുഷ്യന്‍ പിറുപിറുത്തപ്പോള്‍ ഭാര്യ പറഞ്ഞു, ''ഓ, ആ സംസാരം നിര്‍ത്തുക.'' യാത്ര അവസാനിച്ചപ്പോള്‍ ബ്രൂക്ക്‌സ് തിരിഞ്ഞുനോക്കി ആ മനുഷ്യനെ തിരിച്ചറിഞ്ഞു. ലോകപ്രശസ്തനായ ഒരു വീരപുരുഷനായിരുന്നു അത്. മറ്റ് യാത്രക്കാര്‍ അദ്ദേഹത്തിന്റെ കൈ പിടിച്ചു കുലുക്കി, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അദ്ദേഹം പ്രകടിപ്പിച്ച ധൈര്യത്തിന് പൈലറ്റ് നന്ദി പറഞ്ഞു. ഈ ഭീമന്‍ എങ്ങനെയാണ് നിരാശയില്‍ മുങ്ങിയത്?

ഏലീയാ പ്രവാചകന്‍ ബാലിന്റെ 450 പ്രവാചകന്മാരെ ധൈര്യത്തോടെ ഒറ്റയ്ക്ക് നേരിട്ടു പരാജയപ്പെടുത്തി - അല്ലെങ്കില്‍ അവന്‍ അങ്ങനെ വിചാരിച്ചു (1 രാജാക്കന്മാര്‍ 18). എങ്കിലും അവന്‍ അത് ഒറ്റയ്ക്കല്ല ചെയ്തത്; ദൈവം അവന്റെ കൂടെ ഉണ്ടായിരുന്നു! എന്നാല്‍ പിന്നീട്, താന്‍ തനിച്ചായി എന്നു തോന്നിയ അവന്‍ തന്റെ ജീവനെടുക്കാന്‍ ദൈവത്തോട് ആവശ്യപ്പെട്ടു.

ദൈവം ഏലീയാവിനെ തന്റെ സന്നിധിയിലേക്കു കൊണ്ടുവരികയും അവനു സേവിക്കാനായി പുതിയ ആളുകളെ നല്‍കുകയും ചെയ്തുകൊണ്ട് അവന്റെ ഹൃദയത്തെ ധൈര്യപ്പെടുത്തി. അവന്‍ ചെന്ന് 'ഹസായേലിനെ അരാമിനു രാജാവായി അഭിഷേകം' ചെയ്യണം. 'യേഹൂവിനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്യണം,' എലീശായെ അവനു 'പകരം പ്രവാചകനായി അഭിഷേകം' ചെയ്യണം (19:15-16). പുതുക്കിയ ഉദ്ദേശ്യത്തോടെ പ്രചോദിതനായ ഏലീയാവ് തന്റെ പിന്‍ഗാമിയെ കണ്ടെത്തി പരിശീലിപ്പിച്ചു.

നിങ്ങളുടെ മികച്ച വിജയങ്ങള്‍ റിയര്‍വ്യു മിററില്‍ ഉണ്ടായിരിക്കാം. നിങ്ങളുടെ ജീവിതം അതിന്റെ ഉച്ചകോടിയില്‍ എത്തിയതായി നിങ്ങള്‍ക്ക് തോന്നാം, അല്ലെങ്കില്‍ അതൊരിക്കലും സംഭവിച്ചിട്ടില്ലായിരിക്കാം. സാരമില്ല. ചുറ്റും നോക്കുക. പോരാട്ടങ്ങള്‍ ചെറുതാണെന്ന് തോന്നിയേക്കാം, ഓഹരികള്‍ ഉറപ്പില്ലാത്തതാകാം, പക്ഷേ നിങ്ങളെ ആവശ്യമുള്ള മറ്റു ചിലരുണ്ട്. യേശുവിനുവേണ്ടി അവരെ നന്നായി സേവിക്കുക, അത് കണക്കാക്കപ്പെടും. അവയാണ് നിങ്ങളുടെ ഉദ്ദേശ്യം - കാരണം നിങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്.

ലോകത്തിന് സന്തോഷം

ഓരോ ക്രിസ്തുമസിനും ലോകമെമ്പാടുനിന്നുമുള്ള തിരുപ്പിറവി രംഗങ്ങള്‍ ഉപയോഗിച്ച് ഞങ്ങള്‍ ഞങ്ങളുടെ വീട് അലങ്കരിക്കുന്നു. ഞങ്ങള്‍ക്ക് ഒരു ജര്‍മ്മന്‍ തിരുപ്പിറവി പിരമിഡുണ്ട്; ബെത്ലഹേമില്‍ നിന്നുള്ള ഒലിവ് മരത്തില്‍ നിര്‍മ്മിച്ച ഒരു പുല്്‌ത്തൊട്ടി രംഗവും കടും വര്‍ണ്ണത്തിലുള്ള ഒരു മെക്‌സിക്കന്‍ നാടോടി പതിപ്പും ഉണ്ട്. ഞങ്ങളുടെ കുടുംബത്തിന് ഏറ്റവും പ്രിയങ്കരം ആഫ്രിക്കയില്‍ നിന്നുള്ള വിചിത്രമായ ഒന്നാണ്. കൂടുതല്‍ പരമ്പരാഗത ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കും പകരം, ഒരു ഹിപ്പോപ്പൊട്ടാമസാണ് യേശുക്കുഞ്ഞിനെ ഉറ്റുനോക്കുന്നത്.

യേശുവിന്റെ ജനനം ഒരു ജനതയ്ക്കോ സംസ്‌കാരത്തിനോ മാത്രമായിരുന്നില്ല എന്നതിന്റെ മനോഹരമായ ഈ ഓരോ ഓര്‍മ്മപ്പെടുത്തലും ഞാന്‍ വീക്ഷിക്കുമ്പോള്‍ ഈ തിരുപ്പിറവി രംഗങ്ങളിലൂടെ സജീവമാക്കുന്ന അതുല്യമായ സാംസ്‌കാരിക വീക്ഷണങ്ങള്‍ എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. ഇത് മുഴു ഭൂമിക്കും ഉള്ള സന്തോഷവാര്‍ത്തയാണ്, എല്ലാ രാജ്യങ്ങളില്‍ നിന്നും വംശങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് സന്തോഷിക്കാനുള്ള ഒരു കാരണമാണിത്.

ഞങ്ങളുടെ ഓരോ തിരുപ്പിറവി രംഗത്തിലും ചിത്രീകരിച്ചിരിക്കുന്ന ശിശു മുഴുലോകത്തിനും വേണ്ടിയുള്ള ദൈവത്തിന്റെ ഹൃദയത്തിന്റെ ഈ സത്യം വെളിപ്പെടുത്തി. നിക്കോദേമൊസ് എന്ന പരീശനുമായുള്ള ക്രിസ്തുവിന്റെ സംഭാഷണവുമായി ബന്ധപ്പെട്ട് യോഹന്നാന്‍ എഴുതിയതുപോലെ, ''തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു'' (യോഹന്നാന്‍ 3:16) .

യേശു എന്ന ദാനം എല്ലാവര്‍ക്കും സന്തോഷവാര്‍ത്തയാണ്. ഭൂമിയില്‍ നിങ്ങള്‍ എവിടെ പാര്‍ത്താലും യേശുവിന്റെ ജനനം നിങ്ങള്‍ക്കുള്ള സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവിക വാഗ്ദാനമാണ്. ക്രിസ്തുവില്‍ പുതിയ ജീവിതം കണ്ടെത്തുന്ന ''സര്‍വ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ള'' എല്ലാവരും ഒരു ദിവസം ദൈവത്തിന്റെ മഹത്വം എന്നെന്നേക്കും ആഘോഷിക്കും (വെളിപ്പാട് 5:9).

സമാധാനം പൊട്ടിപ്പുറപ്പെടുമ്പോള്‍

1914 ല്‍ ബെല്‍ജിയത്തിലെ ഒരു തണുത്ത ക്രിസ്തുമസ് രാവില്‍, പട്ടാളക്കാര്‍ ഒളിച്ചിരിക്കുന്ന ട്രെഞ്ചുകളില്‍നിന്ന് ഗാനങ്ങള്‍ ആലപിക്കുന്ന ശബ്ദം ഉയര്‍ന്നു. ''സൈലന്റ് നൈറ്റ്'' ന്റെ വരികള്‍ ജര്‍മ്മന്‍ ഭാഷയിലും തുടര്‍ന്ന് ഇംഗ്ലീഷിലും മുഴങ്ങി. കഴിഞ്ഞ പകലില്‍ പരസ്പരം വെടിയുതിര്‍ത്തുകൊണ്ടിരുന്ന സൈനികര്‍ ആയുധങ്ങള്‍ താഴെവെച്ച് അവരുടെ ട്രെഞ്ചുകളില്‍നിന്നു കയറി അവര്‍ക്കിടയിലുള്ള ''നോമാന്‍സ് ലാന്‍ഡില്‍'' വെച്ച് ഹസ്തദാനം നല്‍കുകയും ക്രിസ്തുമസ് ആശംസകളും തങ്ങളുടെ റേഷനില്‍ നിന്ന് സ്വമേധയാ സമ്മാനങ്ങളും കൈമാറി. സൈനികര്‍ സംസാരിക്കുകയും ചിരിക്കുകയും ഒരുമിച്ച് സോക്കര്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തതിനാല്‍ അടുത്ത ദിവസവും വെടിനിര്‍ത്തല്‍ തുടര്‍ന്നു.

ഒന്നാം ലോകമഹായുദ്ധത്തിന്റെ പടിഞ്ഞാറന്‍ യുദ്ധമുന്നണിയില്‍ 1914 ല്‍ നടന്ന ക്രിസ്തുമസ് വെടിനിര്‍ത്തല്‍, വളരെക്കാലം മുമ്പ് ആദ്യത്തെ ക്രിസ്തുമസ് രാവില്‍ ദൂതന്മാര്‍ പ്രഖ്യാപിച്ച സമാധാനത്തിന്റെ ഒരു ഹ്രസ്വകാഴ്ച നല്‍കി. പേടിച്ചരണ്ട ഇടയന്മാരോട് ഒരു ദൂതന്‍ ഈ ആശ്വാസകരമായ വാക്കുകള്‍ പറഞ്ഞു: ''ഭയപ്പെടേണ്ടാ; സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു' (ലൂക്കൊസ് 2:10-11). അപ്പോള്‍ ഒരു കൂട്ടം ദൂതന്മാര്‍ പ്രത്യക്ഷപ്പെട്ടു, അവര്‍ ''ദൂതനോട് ചേര്‍ന്ന് ദൈവത്തെ പുകഴ്ത്തി. 'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം' എന്ന് പറയുകയും ചെയ്തു (വാ. 13-14).

നമ്മുടെ പാപങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കുന്ന ''സമാധാന പ്രഭു'' ആണ് യേശു (യെശയ്യാവ് 9:6). ക്രൂശിലെ തന്റെ ത്യാഗത്തിലൂടെ അവനില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും അവന്‍ പാപമോചനവും ദൈവത്തോട് സമാധാനവും നല്‍കുന്നു.

പുറമേയുള്ള തിളക്കമല്ല, തേജസ്സാണ്

എന്റെ മകന്‍ സേവ്യര്‍, വര്‍ഷങ്ങള്‍കൊണ്ടു രൂപകല്‍പ്പന ചെയ്തു കൈകൊണ്ട് നിര്‍മ്മിച്ച ക്രിസ്മസ് ആഭരണങ്ങളും മുത്തശ്ശി അവന് വര്‍ഷംതോറും സമ്മാനിച്ചിരുന്ന പൊരുത്തപ്പെടാത്ത കളിപ്പാട്ടങ്ങളും നോക്കിക്കൊണ്ടിരുന്നപ്പോള്‍, എന്തുകൊണ്ടാണ് ഞങ്ങളുടെ അലങ്കാരങ്ങളില്‍ ഞാന്‍ സംതൃപ്തയാകാത്തതെന്ന് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഓരോ അലങ്കാരവും പ്രതിനിധീകരിക്കുന്ന സര്‍ഗ്ഗാത്മകതയെയും ഓര്‍മ്മകളെയും ഞാന്‍ എല്ലായ്‌പ്പോഴും വിലമതിക്കാറുണ്ട്. പിന്നെ എന്താണ് ചില്ലറ വില്‍പ്പനശാലകളുടെ അവധിക്കാല പ്രദര്‍ശനങ്ങളിലെ ആകര്‍ഷണമായ, തമ്മില്‍ പൊരുത്തപ്പെടുന്ന ബള്‍ബുകള്‍, തിളങ്ങുന്ന ഗോളങ്ങള്‍, സാറ്റിന്‍ റിബണുകള്‍ എന്നിവയാല്‍ അലങ്കരിച്ച ഒരു വൃക്ഷത്തെ മോഹിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്?

ഞങ്ങളുടെ എളിയ അലങ്കാരത്തില്‍ നിന്ന് ഞാന്‍ പിന്തിരിയാന്‍ തുടങ്ങിയപ്പോള്‍, യേശു, എന്റെ രക്ഷകന്‍ എന്ന ലളിതമായ ഒരു വാക്യം രേഖപ്പെടുത്തിയ ചുവന്ന, ഹൃദയത്തിന്റെ ആകൃതിയിലുള്ള, ഒരു ആഭരണം എന്റെ കണ്ണില്‍ പെട്ടു. ക്രിസ്തുമസ് ആഘോഷിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്ന കാരണങ്ങള്‍ എന്റെ കുടുംബവും ക്രിസ്തുവിലുള്ള എന്റെ പ്രത്യാശയുമാണെന്ന് എനിക്ക് എങ്ങനെ മറക്കാന്‍ കഴിയും? ഞങ്ങളുടെ ലളിതമായ ട്രീ കടകളില്‍ കാണുന്നവപോലെ ഒന്നും അല്ലെങ്കിലും, ഓരോ അലങ്കാരത്തിനും പിന്നിലുള്ള സ്‌നേഹമാണ് അതിനെ മനോഹരമാക്കുന്നത്്.

നമ്മുടെ ലളിതമായ വൃക്ഷത്തെപ്പോലെ, മശിഹാ ലോകത്തിന്റെ പ്രതീക്ഷകളെ ഒരു തരത്തിലും പാലിച്ചില്ല (യെശയ്യാവ് 53: 2). യേശു ''നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും' ഇരുന്നു (വാ. 3). എന്നിരുന്നാലും, സ്‌നേഹത്തിന്റെ വിസ്മയകരമായ ഒരു പ്രകടനത്തിലൂടെ, അവന്‍ ഇപ്പോഴും ''നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റ്'' ഇരിക്കുന്നതു തിരഞ്ഞെടുത്തു (വാ. 5). അവന്‍ ശിക്ഷ സഹിച്ചതിനാല്‍ നമുക്ക് സമാധാനം ലഭിച്ചു (വാ. 5). അതിനേക്കാള്‍ മനോഹരമായി മറ്റൊന്നുമില്ല.

ഞങ്ങളുടെ അപൂര്‍ണ്ണമായ അലങ്കാരങ്ങളോടും ഞങ്ങളുടെ സമ്പൂര്‍ണ്ണ രക്ഷകനോടും ഒത്ത് പുതുക്കപ്പെട്ട നന്ദിയോടെ, ഞാന്‍ പുറമേയുള്ള തിളക്കത്തിനായുള്ള ആഗ്രഹം നിര്‍ത്തി, ദൈവത്തിന്റെ മഹത്വപൂര്‍ണ്ണമായ സ്‌നേഹത്തെ സ്തുതിച്ചു. തിളങ്ങുന്ന അലങ്കാരങ്ങള്‍ക്ക് ഒരിക്കലും അവന്റെ ത്യാഗപൂര്‍ണ്ണമായ സൗന്ദര്യത്തോടു കിടപിടിക്കാന്‍ കഴികയില്ല.