Category  |  odb

അസാധാരണ ആശ്വാസം

ലിസയ്ക്ക് ലഭിച്ച കാര്‍ഡിലെ വാക്യം അവളുടെ അവസ്ഥയുമായി പൊരുത്തപ്പെടുന്നതായി തോന്നിയില്ല: ''യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവന്‍ കണ്ടു'' (2 രാജാക്കന്മാര്‍ 6:17). എനിക്ക് കാന്‍സര്‍ ആണ്! അവള്‍ ആശയക്കുഴപ്പത്തില്‍ ചിന്തിച്ചു. എനിക്ക് ഒരു കുഞ്ഞിനെ നഷ്ടമായി! ദൂത സൈനികരെക്കുറിച്ചുള്ള ഒരു വാക്യം ഇവിടെ ബാധകമാണെന്നു തോന്നുന്നില്ല.

അപ്പോള്‍ ''ദൂതന്മാര്‍'' പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. കാന്‍സറിനെ അതിജീവിച്ചവര്‍ അവരുടെ സമയം അവള്‍ പറയുന്നതു കേള്‍ക്കാനായി നീക്കിവെച്ചു. അവളുടെ ഭര്‍ത്താവിന് വിദേശത്തെ സൈനിക സേവനത്തില്‍ നിന്ന് വിടുതല്‍ ലഭിച്ചു. സുഹൃത്തുക്കള്‍ അവളോടൊപ്പം പ്രാര്‍ത്ഥിച്ചു. എന്നാല്‍ ദൈവം തന്നെ സ്‌നേഹിക്കുന്നു എന്ന് അവള്‍ക്ക് ഏറ്റവും അധികം വ്യക്തമായ നിമിഷം അവളുടെ സുഹൃത്ത് പാറ്റി രണ്ട് പെട്ടി ടിഷ്യൂകളുമായി വന്നതാണ്. അവയെ മേശപ്പുറത്ത് വച്ചിട്ട് അവള്‍ കരയാന്‍ തുടങ്ങി. പാറ്റിക്ക് മനസ്സിലാകുമായിരുന്നു. അവളും ഗര്‍ഭം അലസലിലൂടെ കടന്നുപോയിരുന്നു.

''അത് എന്തിനേക്കാളും അര്‍ത്ഥവത്തായിരുന്നു,'' ലിസ പറയുന്നു. ''കാര്‍ഡ് ഇപ്പോള്‍ അര്‍ത്ഥവത്തായി. എന്റെ 'ദൂത സൈനികര്‍' അവിടെ ഉണ്ടായിരുന്നു.'

ഒരു സൈന്യം യിസ്രായേലിനെ ഉപരോധിച്ചപ്പോള്‍, അക്ഷരീകമായ ഒരു ദൂതസഞ്ചയം എലീശയെ സംരക്ഷിച്ചു. എന്നാല്‍ എലീശയുടെ ദാസന് അവരെ കാണാന്‍ കഴിഞ്ഞില്ല. ''നാം എന്തു ചെയ്യും?'' അവന്‍ പ്രവാചകനോട് നിലവിളിച്ചു (വാ. 15). എലീശാ പ്രാര്‍ത്ഥിച്ചു, 'യഹോവേ, ഇവന്‍ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കണമേ' (വാ. 17).

നാം ദൈവത്തിങ്കലേക്ക് നോക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ എന്താണ് പ്രധാനമെന്നും നാം തനിച്ചല്ല എന്നും നമ്മുടെ പ്രതിസന്ധി നമ്മെ കാണിക്കും. ദൈവത്തിന്റെ ആശ്വാസകരമായ സാന്നിധ്യം ഒരിക്കലും നമ്മെ വിട്ടുപോകുന്നില്ലെന്ന് നാം മനസ്സിലാക്കും. അവന്‍ തന്റെ സ്‌നേഹത്തെ പരിധിയില്ലാത്ത അത്ഭുതകരമായ വിധത്തില്‍ നമുക്ക് കാണിച്ചുതരുന്നു.

നുഴഞ്ഞുകയറ്റക്കാരനെ നീക്കംചെയ്യുക

എന്റെ ഭര്‍ത്താവ് കിടക്കയില്‍ നിന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് പോകുമ്പോള്‍ നേരം വെളുത്തിരുന്നില്ല. ലൈറ്റ് തെളിക്കുകയും കെടുത്തുകയും ചെയ്യുന്നതു ഞാന്‍ കണ്ടു, അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ ഞങ്ങളുടെ അടുക്കള കൗണ്ടറിലെ ഒരു ''നുഴഞ്ഞുകയറ്റക്കാരനെ'' കണ്ടപ്പോള്‍ ഞാന്‍ അലറിയ കാര്യം എനിക്കോര്‍മ്മ വന്നു. വ്യാഖ്യാനം: ആറ് കാലുകളുള്ള അനഭിമതനായ ഒരു ജീവി. എന്റെ ഭയത്തെക്കുറിച്ച് എന്റെ ഭര്‍ത്താവിന് അറിയാമായിരുന്നതിനാല്‍ അതിനെ നീക്കംചെയ്യാനായി ഓടിയെത്തി. എനിക്ക് ആശങ്കയില്ലാതെ പ്രവേശിക്കുന്നതിനായി ഞങ്ങളുടെ അടുക്കള പ്രാണി രഹിതമാണെന്ന് ഉറപ്പുവരുത്താനാണ് അദ്ദേഹം ഇന്നു നേരത്തെ എഴുന്നേറ്റത്. എന്തൊരു മനുഷ്യന്‍!

എന്റെ ഭര്‍ത്താവ് എന്നെ മനസ്സില്‍ വെച്ചുകൊണ്ട്, അഥവാ എന്റെ ആവശ്യത്തിന് തന്റെ ആവശ്യത്തെക്കാള്‍ പ്രാധാന്യം കൊടുത്തുകൊണ്ട് ഉണര്‍ന്നു. എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ പ്രവൃത്തി എഫെസ്യര്‍ 5:25-ല്‍ പൗലൊസ് വിവരിക്കുന്ന സ്‌നേഹത്തെ വ്യക്തമാക്കുന്നു: ''ഭര്‍ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്‌നേഹിക്കുകയും അവള്‍ക്കുവേണ്ടി തന്നെത്തന്നെ ഉപേക്ഷിക്കുകയും ചെയ്തതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കുക.'' പൗലൊസ് തുടരുന്നു, ''ഭര്‍ത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്‌നേഹിച്ചു തന്നെത്താന്‍ അവള്‍ക്കു വേണ്ടി ഏല്പിച്ചുകൊടുത്തതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിപ്പിന്‍'
(വാ. 28). ഒരു ഭര്‍ത്താവിന്റെ സ്‌നേഹത്തെ ക്രിസ്തുവിന്റെ സ്‌നേഹവുമായി പൗലൊസ് താരതമ്യം ചെയ്യുന്നത് എങ്ങനെയാണ്? യേശു നമ്മുടെ ആവശ്യങ്ങളെ തന്റെ ആവശ്യങ്ങള്‍ക്കു മുന്‍പായി വെച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണത്. ചില നുഴഞ്ഞുകയറ്റക്കാരെ ഞാന്‍ ഭയപ്പെടുന്നുവെന്ന് എന്റെ ഭര്‍ത്താവിന് അറിയാം, അതിനാല്‍ അദ്ദേഹം എന്റെ ആശങ്കയെ തന്റെ മുന്‍ഗണനയാക്കി.

ആ തത്വം ഭര്‍ത്താക്കന്മാര്‍ക്ക് മാത്രമല്ല ബാധകമാകുന്നത്. യേശുവിന്റെ മാതൃക പിന്തുടര്‍ന്ന്, ഒരാള്‍ക്ക് ലോകത്തില്‍ കൂടുതല്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയേണ്ടതിന് സമ്മര്‍ദ്ദം, ഭയം, ലജ്ജ അല്ലെങ്കില്‍ ഉത്കണ്ഠ എന്നിവയുടെ നുഴഞ്ഞുകയറ്റക്കാരനെ നീക്കംചെയ്യുന്നതിനു സഹായിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും സ്‌നേഹപൂര്‍വ്വം ത്യാഗം ചെയ്യാന്‍ കഴിയും.

അവന്‍ നമ്മെ പോകാന്‍ അനുവദിക്കയില്ല

അമേരിക്കയിലെ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ പാലത്തിലൂടെ - ന്യൂയോര്‍ക്ക് നഗരത്തെയും ന്യൂജേഴ്‌സിയെയും ബന്ധിപ്പിക്കുന്ന തിരക്കേറിയ റോഡ് - സൈക്കിള്‍ ചവിട്ടുകയായിരുന്നു ജൂലിയോ. പെട്ടെന്ന് ഒരു ജീവന്മരണ സാഹചര്യം അദ്ദേഹം നേരിട്ടു. ഒരു മനുഷ്യന്‍ നദിയിലേക്കു ചാടാന്‍ തയ്യാറെടുത്ത് പാലത്തിന്റെ കൈവരിയില്‍ നില്‍ക്കുകയായിരുന്നു. കൃത്യസമയത്ത് പോലീസ് വരില്ലെന്ന് അറിഞ്ഞ ജൂലിയോ വേഗത്തില്‍ പ്രവര്‍ത്തിച്ചു. തന്റെ ബൈക്കില്‍ നിന്നിറങ്ങി കൈകള്‍ വിരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''അരുത് അതു ചെയ്യരുത്. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു.'' പിന്നെ, ഒരു ഇടയന്‍ തന്റെ വളഞ്ഞ വടികൊണ്ട് ചെയ്യുന്നതുപോലെ ശ്രദ്ധ പതറിയ ആ മനുഷ്യനെ പിടിച്ചു, മറ്റൊരു വഴിയാത്രക്കാരന്റെ സഹായത്തോടെ അയാളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അയാള്‍ സുരക്ഷിതനായിരുന്നിട്ടും ജൂലിയോ തന്റെ പിടുത്തം വിട്ടില്ല.

രണ്ട് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഒരു ജീവന്മരണ സാഹചര്യത്തില്‍, തന്നില്‍ വിശ്വസിക്കുന്നവരെ ഒരിക്കലും കൈവിടുകയില്ലെന്നും അവരെ രക്ഷിക്കാനായി തന്റെ ജീവന്‍ സമര്‍പ്പിക്കുമെന്നും നല്ല ഇടയനായ യേശു പറഞ്ഞു. തന്റെ ആടുകളെ എങ്ങനെ അനുഗ്രഹിക്കും എന്ന് അവന്‍ ഇപ്രകാരം സംഗ്രഹിച്ചു: അവര്‍ അവനെ വ്യക്തിപരമായി അറിയുകയും നിത്യജീവന്റെ ദാനം നേടുകയും ചെയ്യും; അവര്‍ ഒരിക്കലും നശിച്ചുപോകയില്ല. അവന്റെ സംരക്ഷണത്തില്‍ അവര്‍ സുരക്ഷിതരായിരിക്കും. ഈ സുരക്ഷ ദുര്‍ബലരും ബലഹീനരുമായ ആടുകളുടെ കഴിവിനെ ആശ്രയിച്ചല്ല, മറിച്ച് ഇടയന്റെ പര്യാപ്തതയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ആരും
അവയെ അവന്റെ കൈയില്‍ നിന്നു പിടിച്ചുപറിക്കുവാന്‍ അവന്‍ ഒരിക്കലും അനുവദിക്കില്ല (യോഹന്നാന്‍ 10:28-29).

നാം ലക്ഷ്യത്തില്‍ നിന്നകന്ന്് പ്രതീക്ഷയറ്റവരായിത്തീര്‍ന്നപ്പോള്‍ യേശു നമ്മെ രക്ഷിച്ചു; അവനുമായുള്ള നമ്മുടെ ബന്ധത്തില്‍ ഇപ്പോള്‍ നമുക്ക് സംരക്ഷണവും സുരക്ഷിതത്വവും അനുഭവിക്കാന്‍ കഴിയും. അവന്‍ നമ്മെ സ്‌നേഹിക്കുന്നു, നമ്മെ പിന്തുടരുന്നു, കണ്ടെത്തുന്നു, രക്ഷിക്കുന്നു, ഒരിക്കലും നമ്മെ കൈവിടുകയില്ലെന്ന് വാഗ്ദത്തം ചെയ്യുന്നു.

ക്രിസ്തുവിനെ എങ്ങനെ പ്രതിഫലിപ്പിക്കും

ലിസ്യൂസിലെ തെരേസെ (സഭയിലെ പ്രധാന അംഗമായിരുന്ന ഫ്രഞ്ച് കന്യാസ്ത്രീ), നാലാമത്തെ വയസ്സില്‍അവളുടെ അമ്മ മരിക്കുന്നതുവരെ സന്തോഷവതിയും ഒന്നിനെക്കുറിച്ചും ആകുലതകളില്ലാത്തവളുമായ ഒരു കുട്ടിയായിരുന്നു. അമ്മയുടെ മരണത്തോടെ അവള്‍ ഭീരുവും എളുപ്പത്തില്‍ ഭയപ്പെടുന്നവളുമായി മാറി. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒരു ക്രിസ്മസ് തലേന്ന് അതെല്ലാം മാറി. അവളുടെ സഭാംഗങ്ങളോടൊപ്പം യേശുവിന്റെ ജനനം ആഘോഷിച്ചതിനു ശേഷം, ദൈവം അവളെ ഭയത്തില്‍ നിന്ന് മോചിപ്പിക്കുകയും സന്തോഷം നല്‍കുകയും ചെയ്തു. സ്വര്‍ഗ്ഗം വിട്ട് ഒരു മനുഷ്യനായി, യേശുവായിത്തീര്‍ന്ന ദൈവം തന്നില്‍ വസിക്കുന്നതിലൂടെ ഉളവായ ദൈവത്തിന്റെ ശക്തിയാണ് ഈ മാറ്റത്തിനു കാരണം എന്ന് അവള്‍ പറയുന്നു.

ക്രിസ്തു നമ്മുടെ ഉള്ളില്‍ വസിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? അതൊരു മര്‍മ്മമാണെന്ന് കൊലൊസ്യ സഭയോടു പൗലൊസ് പറഞ്ഞു. ദൈവം ''പൂര്‍വ്വകാലങ്ങള്‍ക്കും തലമുറകള്‍ക്കും' മറച്ചുവെച്ചിരുന്ന ഒന്നാണ് (കൊലൊസ്യര്‍ 1:26) അതെന്നു പൗലൊസ് പറയുന്നു. എന്നാല്‍ അവന്‍ അത് തന്റെ ജനത്തിനു വെളിപ്പെടുത്തി. ദൈവം ഈ മഹത്വത്തിന്റെ മഹത്തായ സമ്പത്ത് 'മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു' (വാ. 27) എന്നത് വെളിപ്പെടുത്തി. ക്രിസ്തു ഇപ്പോള്‍ കൊലൊസ്യരില്‍ വസിച്ചിരുന്നതിനാല്‍, പുതിയ ജീവിതത്തിന്റെ സന്തോഷം അവര്‍ അനുഭവിച്ചു. പാപത്തിന്റെ പഴയ സ്വയത്തിന് അവര്‍ ഇനിമേല്‍ അടിമകളല്ല.

നമ്മുടെ രക്ഷകനായി യേശുവിനെ നാം കൈക്കൊണ്ടിട്ടുണ്ടെങ്കില്‍, അവന്‍ നമ്മില്‍ വസിക്കുന്നു എന്ന ഈ മര്‍മ്മം നാമും ജീവിച്ചുകാണിക്കുകയാണ്. തെരേസിനെ മോചിപ്പിച്ചതുപോലെ അവിടുത്തെ ആത്മാവിലൂടെ അവനു നമ്മെയും ഭയത്തില്‍ നിന്ന് മോചിപ്പിക്കാനും സന്തോഷം, സമാധാനം, ആത്മനിയന്ത്രണം എന്നിങ്ങനെയുള്ള അവന്റെ ആത്മാവിന്റെ ഫലം നമ്മില്‍ വളര്‍ത്താനും കഴിയും (ഗലാത്യര്‍ 5:22-23).

ക്രിസ്തു നമ്മില്‍ വസിക്കുന്നു എന്ന അത്ഭുതകരമായ മര്‍മ്മത്തിന് നമുക്കു നന്ദി പറയാം.

സ്‌നേഹത്തില്‍ വേരൂന്നിയത്

''അത്രയേ വേണ്ടൂ!'' മാഗി പറഞ്ഞു. അവള്‍ പൂച്ചെടിയില്‍നിന്ന് ഒരു തണ്ടു മുറിച്ചെടുത്തു, മുറിച്ച കഷണം അവള്‍ തേനില്‍ മുക്കി കമ്പോസ്റ്റു നിറച്ച് ഒരു ചട്ടിയില്‍ നട്ടു. ഈ പുഷ്പങ്ങള്‍ എങ്ങനെ പ്രചരിപ്പിക്കാമെന്ന് - ആരോഗ്യകരമായ ഒരു ചെടിയെ പല സസ്യങ്ങളാക്കി മാറ്റുന്നതെങ്ങനെ എന്ന് - മാഗി എന്നെ പഠിപ്പിക്കുകയായിരുന്നു. അങ്ങനെയായാല്‍ മറ്റുള്ളവരുമായി പങ്കിടാന്‍ എനിക്ക് ധാരാളം പൂക്കള്‍ ലഭിക്കും. ചെടിക്കു പെട്ടെന്നു വേരുപിടിക്കാന്‍ തേന്‍ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.

അവള്‍ ജോലി ചെയ്യുന്നതു കണ്ടപ്പോള്‍, ആത്മീയ വേരുകള്‍ പിടിക്കാന്‍ നമ്മെ സഹായിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഞാന്‍ ചിന്തിച്ചു. വിശ്വാസത്തില്‍ ശക്തരും വികസിക്കുന്നവരുമായി പക്വത പ്രാപിക്കാന്‍ നമ്മെ സഹായിക്കുന്നതെന്താണ്? വാടിപ്പോകുന്നതില്‍ നിന്നും വളര്‍ച്ച മുരടിക്കുന്നതില്‍ നിന്നും നമ്മെ തടയുന്നതെന്താണ്? നാം ''സ്‌നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി'' ഇരിക്കുന്നുവെന്ന് എഫെസ്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ പൗലൊസ് പറയുന്നു (എഫെസ്യര്‍ 3:17). പരിശുദ്ധാത്മാവിനെ നല്‍കി നമ്മെ ശക്തിപ്പെടുത്തുന്ന ദൈവത്തില്‍ നിന്നാണ് ഈ സ്‌നേഹം വരുന്നത്. ക്രിസ്തു നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നു. ''ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും'' എന്തെന്നു ഗ്രഹിക്കാന്‍ നാം ആരംഭിക്കുമ്പോള്‍ (വാ. 18), നാം ''ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരുകയും'' (വാ. 19) ദൈവ സാന്നിധ്യത്തിന്റെ സമൃദ്ധമായ അനുഭവം നമുക്കു ലഭിക്കുകയും ചെയ്യും.

ആത്മീയമായി വളരുന്നതിന് ദൈവസ്‌നേഹത്തിലേക്ക് വേരൂന്നേണ്ടത് ആവശ്യമാണ്. അതായത് 'നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാന്‍'' (വാ. 20) കഴിവുള്ള ദൈവത്തിനു നാം പ്രിയപ്പെട്ടവരാണെന്ന സത്യത്തെക്കുറിച്ച് ധ്യാനിക്കുകയാണ് നാം ചെയ്യേണ്ടത്. നമ്മുടെ വിശ്വാസത്തിന്റെ എത്ര അതിശയകരമായ അടിസ്ഥാനമാണത്!