പുരാതന വാഗ്ദത്തങ്ങള്‍
1979 ല്‍, ഡോ. ഗബ്രിയേല്‍ ബാര്‍കേയും സംഘവും പഴയ യെരുസലേമിന് പുറത്തുള്ള ഒരു ശ്മശാനത്തില്‍നിന്ന് രണ്ട് വെള്ളി ചുരുളുകള്‍ കണ്ടെത്തി. 2004 ല്‍, ഇരുപത്തിയഞ്ച് വര്‍ഷത്തെ സൂക്ഷ്മ ഗവേഷണത്തിനുശേഷം, ബിസി 600 ല്‍ കുഴിച്ചിട്ട ആ ചുരുളുകള്‍ നിലവിലുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമുള്ള ബൈബിള്‍ പാഠമാണെന്ന് പണ്ഡിതന്മാര്‍ സ്ഥിരീകരിച്ചു. ചുരുളുകളില്‍ അടങ്ങിയിരിക്കുന്നവയാണ് ഞാന്‍ പ്രത്യേകമായി കാണുന്നത് - ദൈവം തന്റെ ജനത്തിന്മേല്‍ പകരാന്‍ ആഗ്രഹിച്ച പുരോഹിത അനുഗ്രഹമായിരുന്നു അത്: ''യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെമേല്‍ പ്രകാശിപ്പിച്ച് നിന്നോടു കൃപയുള്ളവനാകട്ടെ'' (സംഖ്യാപുസ്തകം 6:24-25).
ഈ അനുഗ്രഹം നല്‍കുന്നതിലൂടെ, തനിക്കുവേണ്ടി ജനങ്ങളെ എങ്ങനെ അനുഗ്രഹിക്കണമെന്ന് അഹരോനെയും മക്കളെയും (മോശയിലൂടെ) ദൈവം കാണിച്ചു. ദൈവം നല്‍കിയ രൂപത്തിലുള്ള വാക്കുകള്‍ നേതാക്കള്‍ മനഃപാഠമാക്കേണ്ടിയിരുന്നു, അങ്ങനെ ദൈവം ആഗ്രഹിച്ചതുപോലെ അവര്‍ ജനത്തെ അനുഗ്രഹിക്കണം. 'യഹോവ' എന്ന് മൂന്നു പ്രാവശ്യം അവര്‍ പറയുമ്പോള്‍ അനുഗ്രഹിക്കുന്നവന്‍ യഹോവയാണ് എന്ന് മൂന്നു പ്രാവശ്യം അവര്‍ അനുഗ്രഹിക്കുന്നവനാണ് ദൈവം എന്നും 'നിന്നെ' ആറു പ്രാവശ്യം പറയുമ്പോള്‍ തന്റെ ജനത്തിന് തന്റെ സ്‌നേഹവും പ്രസാദവും ലഭിക്കണമെന്ന് ദൈവം എത്രമാത്രം ആഗ്രഹിക്കുന്നുവെന്നും പ്രതിഫലിപ്പിക്കുന്നു.
അനുഗ്രഹിക്കാനുള്ള ദൈവത്തിന്റെ ആഗ്രഹത്തെക്കുറിച്ച് ബൈബിളിലെ നിലവിലുള്ള ഏറ്റവും പഴയ വേദശകലങ്ങള്‍ പറയുന്ന ഒരു നിമിഷം ചിന്തിക്കുക. ദൈവത്തിന്റെ അതിരുകളില്ലാത്ത സ്‌നേഹത്തെക്കുറിച്ചും അവന്‍ നാമുമായി ഒരു ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതിനെക്കുറിച്ചും എന്തൊരു ഓര്‍മ്മപ്പെടുത്തലാണത്! ഇന്ന് നിങ്ങള്‍ ദൈവത്തില്‍ നിന്ന് അകലെയാണെന്ന് തോന്നുകയാണെങ്കില്‍, ഈ പുരാതന വാക്കുകളിലെ വാഗ്ദാനത്തെ മുറുകെ പിടിക്കുക. കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ; കര്‍ത്താവ് നിങ്ങളെ കാത്തുസൂക്ഷിക്കട്ടെ.

സ്വന്തമായ ഒരു സ്ഥലം
തങ്ങളുടെ ആദ്യ പങ്കാളികളെ ദാരുണമായി നഷ്ടപ്പെട്ടതിന് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം, രാഹുലും സമീറയും വിവാഹിതരായി അവരുടെ രണ്ടു കുടുംബങ്ങളെയും ഒന്നിപ്പിച്ചു. അവര്‍ ഒരു പുതിയ ഭവനം പണിയുകയും അതിന് ഹവീല (എബ്രായ പദം, അര്‍ത്ഥം 'വേദനയില്‍ മുഴുകുക,'' 'പുറപ്പെടുവിക്കുക') എന്ന പേര് നല്‍കുകയും ചെയ്തു. വേദനയിലൂടെ മനോഹരമായ എന്തെങ്കിലും നിര്‍മ്മിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു. തങ്ങളുടെ ഭൂതകാലം മറക്കാനല്ല, ''ചാരത്തില്‍ നിന്ന് ജീവന്‍ കൊണ്ടുവരാനും, പ്രത്യാശ ആഘോഷിക്കാനുമാണ്'' അവര്‍ ഈ വീട് പണിതതെന്ന് ദമ്പതികള്‍ പറഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം, ''ഇത് അവകാശപ്പെട്ട സ്ഥലമാണ്, ജീവിതം ആഘോഷിക്കുന്നതിനുള്ള ഒരു സ്ഥലമാണ്, ഞങ്ങളെല്ലാവരും ഭാവിയുടെ വാഗ്ദാനത്തോട് പറ്റിനില്‍ക്കുന്ന സ്ഥലമാണ്.'
അത് യേശുവിലുള്ള നമ്മുടെ ജീവിതത്തിന്റെ മനോഹരമായ ചിത്രമാണ്. അവന്‍ നമ്മുടെ ജീവിതത്തെ ചാരത്തില്‍ നിന്ന് വലിച്ചെടുക്കുകയും നമുക്ക് സ്വന്തമായ ഒരിടത്ത് നിര്‍ത്തുകയും ചെയ്യുന്നു. നാം അവനെ സ്വീകരിക്കുമ്പോള്‍, അവന്‍ നമ്മുടെ ഹൃദയത്തില്‍ തന്റെ ഭവനം ഉണ്ടാക്കുന്നു (എഫെസ്യര്‍ 3:17). യേശു മുഖാന്തരം ദൈവം നമ്മെ തന്റെ കുടുംബത്തിലേക്ക് ദത്തെടുക്കുന്നു, അങ്ങനെ നാം അവന്റേതാണ് (1:5-6). നാം വേദനാജനകമായ സമയങ്ങളിലൂടെ കടന്നുപോകുമെങ്കിലും, നമ്മുടെ ജീവിതത്തില്‍ നല്ല ലക്ഷ്യങ്ങള്‍ കൊണ്ടുവരാന്‍ അവയെപ്പോലും ഉപയോഗിക്കാന്‍ അവനു കഴിയും.
ദൈവത്തിന്റെ സ്‌നേഹം ആസ്വദിക്കുകയും അവന്‍ നമുക്കു തന്നത് ആഘോഷിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ അറിവില്‍ ദിവസേന വളരാന്‍ നമുക്ക് അവസരമുണ്ട്. അവനില്‍, അവനില്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയാത്ത, ഒരു സമ്പൂര്‍ണ്ണ ജീവിതമുണ്ട് (3:19). ഈ ബന്ധം എന്നെന്നേക്കുമായി നിലനില്‍ക്കുമെന്ന വാഗ്ദാനമുണ്ട്. യേശുവാണ് നമ്മുടെ അവകാശപ്പെട്ട സ്ഥലവും ജീവിതം ആഘോഷിക്കാനുള്ള കാരണവും ഇന്നും എന്നേക്കും നമ്മുടെ പ്രത്യാശയും.

കാഠിന്യമേറിയ സ്ഥലങ്ങള്‍
ഒരിക്കല്‍ ഹെറോയിന്‍ ദുരുപയോഗം ചെയ്ത അതേ നഗരത്തില്‍ ഇന്ന് യൂത്ത് പാസ്റ്ററാണ് ജിയോഫ്. ദൈവം അവന്റെ ഹൃദയത്തെയും സാഹചര്യങ്ങളെയും അതിശയകരമായ രീതിയില്‍ രൂപാന്തരപ്പെടുത്തി. ''കുട്ടികളെ അതേ തെറ്റുകള്‍ വരുത്തുന്നതില്‍ നിന്നും ഞാന്‍ അനുഭവിച്ച അതേ വേദന അനുഭവിക്കുന്നതില്‍നിന്നും തടയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'' ജിയോഫ് പറഞ്ഞു. ''യേശു അവരെ സഹായിക്കും.'' കാലക്രമേണ, ദൈവം അവനെ ആസക്തിയുടെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുകയും അവന്റെ ഭൂതകാലത്തിനതീതമായി ഒരു സുപ്രധാന ശുശ്രൂഷ നല്‍കുകയും ചെയ്തു.
പ്രതീക്ഷ നഷ്ടപ്പെട്ടതായി തോന്നുന്ന സാഹചര്യങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ നന്മ പുറത്തെടുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ദൈവത്തിനുണ്ട്. യോസഫിനെ ഈജിപ്തിലെ അടിമത്തത്തിലേക്ക് വില്‍ക്കുകയും വ്യാജ ആരോപണം ചുമത്തി ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു, അവിടെ വര്‍ഷങ്ങളോളം അവന്‍ വിസ്മരിക്കപ്പെട്ടു. എന്നാല്‍ ദൈവം അവനെ യഥാസ്ഥാനപ്പെടുത്തുകയും ഫറവോന്റെ കീഴില്‍ നേരിട്ട് അധികാരസ്ഥാനത്ത് എത്തിക്കുകയും ചെയ്തു - അവനെ ഉപേക്ഷിച്ച സഹോദരങ്ങളുടെ ജീവന്‍ ഉള്‍പ്പെടെ നിരവധി ജീവന്‍ രക്ഷിക്കാന്‍ അവന് കഴിഞ്ഞു. ഈജിപ്തില്‍ യോസേഫ് വിവാഹം കഴിച്ചു മക്കളുണ്ടായി. അവന്‍ രണ്ടാമത്തെ മകന് എഫ്രയീം (''രണ്ടുതവണ ഫലവത്താകുന്നു'' എന്നര്‍ത്ഥമുള്ള എബ്രായ പദത്തില്‍ നിന്ന്) എന്ന് നാമകരണം ചെയ്തു. അതിന് അവന്‍ പറഞ്ഞു കാരണം: ''സങ്കടദേശത്ത് ദൈവം എന്നെ വര്‍ദ്ധിപ്പിച്ചു'' (ഉല്പത്തി 41:52).
ജിയോഫിന്റെയും യോസഫിന്റെയും കഥകള്‍ തമ്മില്‍ മൂവായിരമോ നാലായിരമോ വര്‍ഷത്തെ വ്യത്യാസമുണ്ട് എങ്കിലും അവ മാറ്റമില്ലാത്ത ഒരേ സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു: നമ്മുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ സ്ഥലങ്ങള്‍ പോലും പലരെയും സഹായിക്കാനും അനുഗ്രഹിക്കാനുമുള്ള ഫലഭൂയിഷ്ഠമായ സ്ഥലമായി മാറും. നമ്മുടെ രക്ഷകന്റെ സ്‌നേഹവും ശക്തിയും ഒരിക്കലും മാറില്ല, അവനില്‍ വിശ്വസിക്കുന്നവരോട് അവന്‍ എപ്പോഴും വിശ്വസ്തനാണ്.

ദൈവം എന്ന യാഥാര്‍ത്ഥ്യം
സി.എസ്.ലൂയിസിന്റെ ക്രോണിക്കിള്‍സ് ഓഫ് നാര്‍ണിയ: ദി ലയണ്‍, ദി വിച്ച് അന്‍ഡ് ദി വാര്‍ഡ്‌റോബ് എന്ന സാങ്കല്‍പ്പിക നോവലില്‍ ശക്തനായ സിംഹം അസ്‌ലാന്‍ നീണ്ട അസാന്നിധ്യത്തിനുശേഷം പ്രത്യക്ഷപ്പെടുമ്പോള്‍ നാര്‍ണിയ മുഴുവനും ആഹ്ലാദഭരിതമായി. എന്നിരുന്നാലും, ദുഷ്ടയായ വെളുത്ത മന്ത്രവാദിനിയുടെ ആവശ്യം അസ്‌ലാന്‍ അംഗീകരിക്കുമ്പോള്‍ അവരുടെ സന്തോഷം ദുഃഖമായി മാറുന്നു. അസ്‌ലാന്റെ പ്രത്യക്ഷമായ തോല്‍വി നാര്‍ണിയക്കാര്‍ പ്രതീക്ഷിക്കുന്ന സമയത്ത്, അസ്‌ലാന്റെ കാതുതുളയ്ക്കുന്ന അലര്‍ച്ച കേള്‍ക്കുകയും മന്ത്രവാദിനി ഭയന്ന് ഓടിപ്പോകുകയും ചെയ്യുന്നു. എല്ലാം നഷ്ടപ്പെട്ടതായി നാര്‍ണിയക്കാര്‍ക്ക് തോന്നിയ സന്ദര്‍ഭത്തില്‍ അസ്‌ലാന്‍ ആത്യന്തികമായി വില്ലന്‍ മന്ത്രവാദിനിയേക്കാള്‍ ശക്തനാണെന്ന് തെളിയിക്കപ്പെടുന്നു.
ലൂയിസിന്റെ കഥയിലെ അസ്‌ലാന്റെ അനുയായികളെപ്പോലെ, എലീശയുടെ ദാസനും ഒരു പ്രഭാതത്തില്‍ എഴുന്നേറ്റപ്പോള്‍ തന്നെയും എലീശയെയും ഒരു ശത്രുസൈന്യം വളഞ്ഞിരിക്കുന്നതായി കണ്ടു. ''അയ്യോ, യജമാനനേ! നാം എന്തു ചെയ്യും?''അവന്‍ ഭയത്തോടെ നിലവിളിച്ചു (2 രാജാക്കന്മാര്‍ 6:15). പ്രവാചകന്റെ പ്രതികരണം ശാന്തമായിരുന്നു: ''പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവര്‍ അവരോടുകൂടെയുള്ളവരെക്കാള്‍ അധികം' (വാ. 16). അപ്പോള്‍ എലീശാ പ്രാര്‍ത്ഥിച്ചു, ''യഹോവേ, ഇവന്‍ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കണമേ'' (വാ. 17). അപ്പോള്‍, ''യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവന്‍ കണ്ടു.'' (വാ. 17). ആദ്യം കാര്യങ്ങള്‍ ദാസന്റെ കണ്ണില്‍ മങ്ങിയതായി തോന്നിയെങ്കിലും, ദൈവത്തിന്റെ ശക്തി ആത്യന്തികമായി ശത്രുക്കൂട്ടത്തേക്കാള്‍ വലുതായി തെളിഞ്ഞു.
നമ്മുടെ പ്രയാസകരമായ സാഹചര്യങ്ങള്‍ എല്ലാം നഷ്ടപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിച്ചേക്കാം, എന്നാല്‍ നമ്മുടെ കണ്ണുതുറന്ന് താന്‍ വലിയവനാണെന്ന് വെളിപ്പെടുത്താന്‍ ദൈവം ആഗ്രഹിക്കുന്നു.

സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്
ബാര്‍ട്ട് മില്ലാര്‍ഡ് 2001 ല്‍ ''എനിക്ക് സങ്കല്‍പ്പിക്കാന്‍ മാത്രമേ കഴിയൂ'' എന്ന് എഴുതിയപ്പോള്‍ അതൊരു മെഗാഹിറ്റ് ആയി. ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ ആയിരിക്കുന്നത് എത്രമാത്രം അത്ഭുതകരമായിരിക്കുമെന്ന് ഈ ഗാനം ചിത്രീകരിക്കുന്നു. അടുത്ത വര്‍ഷം ഞങ്ങളുടെ പതിനേഴുവയസ്സുള്ള മകള്‍ മെലിസ ഒരു വാഹനാപകടത്തില്‍ മരണമടഞ്ഞപ്പോള്‍ മില്ലാര്‍ഡിന്റെ വരികള്‍ ഞങ്ങളുടെ കുടുംബത്തിന് ആശ്വാസം പകര്‍ന്നു, അവള്‍ ദൈവസാന്നിധ്യത്തില്‍ ഇരിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് ഞങ്ങള്‍ സങ്കല്‍പ്പിച്ചു.
എന്നാല്‍ മെല്ലിന്റെ മരണത്തിന് ശേഷമുള്ള ദിവസങ്ങളില്‍ എന്നോട് മറ്റൊരു രീതിയില്‍ ആ വരികള്‍ എന്നോടു സംസാരിച്ചു. മെലിസയുടെ സുഹൃത്തുക്കളുടെ പിതാക്കന്മാര്‍ ഉത്കണ്ഠയോടും വേദനയോടും കൂടെ എന്നെ സമീപിക്കുമ്പോള്‍ അവര്‍ പറഞ്ഞു, ''താങ്കള്‍ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല.'
അവരുടെ വികാരപ്രകടനങ്ങള്‍ സഹായകരമായിരുന്നു, അവര്‍ നമ്മുടെ നഷ്ടത്തെ സഹാനുഭൂതിയോടെ മനസിലാക്കുന്നുവെന്ന് അതു കാണിക്കുന്നു - അത് സങ്കല്‍പ്പിക്കാനാവാത്തതാണെന്നവര്‍ മനസ്സിലാക്കുന്നു
.
''കൂരിരുള്‍ താഴ്വരയിലൂടെ'' നടക്കുന്നതിനെക്കുറിച്ച് ദാവീദ് വിശദീകരിച്ചപ്പോള്‍ (സങ്കീര്‍ത്തനം 23:4) വലിയ നഷ്ടത്തിന്റെ ആഴമാണ് ദാവീദ് ചൂണ്ടിക്കാണിക്കുന്നത്. പ്രിയപ്പെട്ട ഒരാളുടെ മരണം ആകാം അത്, മാത്രമല്ല നാം എങ്ങനെയാണ് ഇരുട്ടിനെ തരണം ചെയ്യാന്‍ പോകുന്നുതെന്ന് നമുക്ക്് അറിയുകയുമില്ല. മറുവശത്ത് പുറത്തുവരാന്‍ കഴിയുമെന്ന് നമുക്ക് സങ്കല്‍പ്പിക്കാനാവില്ല.
എന്നാല്‍ ഇപ്പോള്‍ കൂരിരുള്‍ താഴ്വരയില്‍ നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നതിനാല്‍, താഴ്‌വരയ്ക്കപ്പുറം നാം അവിടുത്തെ സന്നിധിയില്‍ ആയിരിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് ഭാവിയിലേക്കുള്ള വലിയ പ്രത്യാശയും അവിടുന്ന് നല്‍കുന്നു. വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ''ശരീരം വിടുക'' എന്നാല്‍ അവനോടൊപ്പം ആയിരിക്കുക (2 കൊരിന്ത്യര്‍ 5: 8) എന്നാണ്. അവനുമായും മറ്റുള്ളവരുമായും നമ്മുടെ ഭാവി പുനഃസമാഗമം സങ്കല്‍പ്പിക്കുമ്പോള്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വഴിയിലൂടെ മുന്നേറാന്‍ അത് സഹായിക്കും.
