Category  |  odb

നല്‍കുന്ന അവസ്ഥയിലേക്കു വളരുക

'ഞാന്‍ മുത്തശ്ശന് ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്'' എന്റെ രണ്ടു വയസ്സുള്ള കൊച്ചുമകന്‍ എന്റെ കൈയിലേക്ക് ഒരു ബോക്സ് വെച്ചുതന്നിട്ട് ഉച്ചത്തില്‍ പറഞ്ഞു. 'അവന്‍ തനിയെ തിരഞ്ഞെടുത്താണത്'' എന്റെ ഭാര്യ പുഞ്ചിരിച്ചു.
ഞാന്‍ ബോക്സു തുറന്നു, അവന്റെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ക്രിസ്തുമസ് അലങ്കാരമായിരുന്നു അത്. 'ഞാനൊന്നു കാണട്ടെ' ആകാംക്ഷയോടെ അവന്‍ ചോദിച്ചു. എന്നിട്ട് അന്നു വൈകിട്ടു വരെ 'എന്റെ'' സമ്മാനവുമായി അവന്‍ കളിച്ചു. അവനെ വീക്ഷിച്ചുകൊണ്ടിരുന്ന ഞാന്‍ ചിരിച്ചു.

ഞാന്‍ ചിരിച്ചതിന്റെ കാരണം ഒരു കാലത്ത് ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന സമ്മാനത്തെക്കുറിച്ച് ഓര്‍ത്തതുകൊണ്ടാണ്. ഞാന്‍ ഹൈസ്‌കൂളിലായിരുന്നപ്പോള്‍ എന്റെ ജ്യേഷ്ഠന് ഞാന്‍ ഒരു മ്യൂസിക് ആല്‍ബം സമ്മാനം നല്‍കുകയുണ്ടായി. അതു കേള്‍ക്കാന്‍ എനിക്കു വലിയ ആഗ്രഹമായിരുന്നു (ഞാന്‍ കേട്ടു). വര്‍ഷങ്ങള്‍ക്കു ശേഷവും കൂടുതല്‍ നിസ്വാര്‍ത്ഥമായി കൊടുക്കുവാന്‍ ദൈവം എന്നെ വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

നാം വളര്‍ച്ച പ്രാപിക്കേണ്ട ഒന്നാണ് നല്‍കല്‍. പൗലൊസ് എഴുതി, 'എല്ലാറ്റിലും നിങ്ങള്‍ മുന്തിയിരിക്കുന്നതുപോലെ ഈ ധര്‍മ്മകാര്യത്തിലും മുന്തിവരുവിന്‍'' (2 കൊരിന്ത്യര്‍ 8:7). നമുക്കുള്ളതെല്ലാം ദൈവത്തില്‍ നിന്നു ലഭിച്ചതാണെന്നു നാം മനസ്സിലാക്കുകയും 'വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതു ഭാഗ്യം'' എന്ന് അവന്‍ നമുക്കു കാണിച്ചു തരികയും ചെയ്യുമ്പോള്‍ (അപ്പൊ. പ്രവൃ. 20:35) നമ്മുടെ കൊടുക്കലില്‍ കൃപ നിറഞ്ഞുവരും.

എല്ലാറ്റിലും മികച്ച നിസ്വാര്‍ത്ഥമായ സമ്മാനം ദൈവം നമുക്കു ഔദാര്യമായി നല്‍കി: നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി ക്രൂശില്‍ മരിക്കുവാനും തുടര്‍ന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുവാനുമായി തന്റെ ഏക പുത്രനെ. ഈ ആത്യന്തികമായ സമ്മാനം സ്വീകരിക്കുന്ന ഏതൊരുവനും അളക്കാനാവാത്തത്ര ധനികനാണ്. നമ്മുടെ ഹൃദയങ്ങള്‍ അവനില്‍ കേന്ദ്രീകരിക്കുമ്പോള്‍ നമ്മുടെ കരങ്ങള്‍ മറ്റുള്ളവര്‍ക്കായി സ്നേഹത്തോടെ തുറക്കപ്പെടും.

ഒരു ക്രിസ്തുമസ് സന്ദര്‍ശകന്‍

1944 ലെ ക്രിസ്തുമസ് തലേന്ന് 'ഓള്‍ഡ് ബ്രിങ്കര്‍'' എന്നറിയപ്പെട്ടിരുന്ന ഒരു മനുഷ്യന്‍ ഒരു ജയില്‍ ആശുപത്രിയില്‍ മരണാസന്നനായി ക്ിടക്കുകയായിരുന്നു. സഹതടവുകാര്‍ സംഘടിപ്പിച്ച ഒരു താല്‍ക്കാലിക ക്രിസ്തുമസ് ആരാധന ആരംഭിക്കുന്നതു പ്രതീക്ഷിച്ചാണ് അയാള്‍ കിടന്നിരുന്നത്. ' എപ്പോഴാണ് പാട്ട് ആരംഭിക്കുക' സുമാത്രയിലെ മുണ്‍ടോക്ക് ജയിലില്‍ തന്നോടൊപ്പം തടവുകാരനായിരുന്ന വില്യം മക്ക്ഡോഗലിനോട് അയാള്‍ ചോദിച്ചു. 'ഉടനെ'' മക്ക്ഡോഗല്‍ പറഞ്ഞു. 'നല്ലത്'' മരണാസന്നനായ ആ മനുഷ്യന്‍ പറഞ്ഞു. 'എന്നിട്ട് എനിക്കതിനെ ദൂതന്മാരുടേതുമായി താരതമ്യപ്പെടുത്താന്‍ കഴിയും.''

ദശാബ്ദങ്ങള്‍ക്കു മുമ്പ് ബ്രിങ്കര്‍ തന്റെ ദൈവവിശ്വാസത്തില്‍ നിന്ന് അകന്നുപോയിരുന്നു എങ്കിലും തന്റെ അന്ത്യദിനങ്ങളില്‍ പാപങ്ങളെ ഏറ്റുപറയുകയും ദൈവത്തോടു സമാധാനത്തിലാകുകയും ചെയ്തിരുന്നു. കൈപ്പുള്ള നോട്ടത്തോടെ മറ്റുള്ളവരെ സ്വീകരിക്കുന്നതിനു പകരം അയാള്‍ക്ക് പുഞ്ചിരിക്കാന്‍ കഴിയുമായിരുന്നു. 'അതൊരു തികഞ്ഞ രൂപാന്തരമായിരുന്നു'' മക്ക്ഡോഗല്‍ പറഞ്ഞു.

ബ്രിങ്കറിന്റെ ആവശ്യപ്രകാരം മോചിതരായ പതിനൊന്നു തടവുകാര്‍ സൈലന്റ് നൈറ്റ് പാടിക്കഴിഞ്ഞപ്പോള്‍ ബ്രിങ്കര്‍ സമാധാനത്തോടെ മരിച്ചു. ബ്രിങ്കര്‍ ഒരു പ്രാവശ്യം യേശുവിനെ അനുഗമിച്ചുവെന്നും ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ദൈവസന്നിധിയില്‍ എത്തിയെന്നും അറിഞ്ഞ മക്ക്ഡോഗല്‍ ഇപ്രകാരം നിരീക്ഷിച്ചു, 'ഒരുപക്ഷേ ബ്രിങ്കറെ സംബന്ധിച്ച് മരണം ക്ഷണിക്കപ്പെട്ട ഒരുക്രിസ്തുമസ് അതിഥിയായിരുന്നു.'

ബ്രിങ്കര്‍ എങ്ങനെയാണ് മരണത്തെ പ്രതീക്ഷിച്ചത് എന്നത് ശിമ്യോനെക്കുറിച്ചാണ് എന്നെ ഓര്‍മ്മിപ്പിച്ചത്. 'കര്‍ത്താവിന്റെ ക്രിസ്തുവിനെ കാണും മുമ്പെ മരണം കാണുകയില്ല എന്നു പരിശുദ്ധാത്മാവിനാല്‍' അരുളപ്പാട് ലഭിച്ച ഒരു വിശുദ്ധനായിരുന്നു ശിമ്യോന്‍ (ലൂക്കൊസ് 2:26). ശിമ്യോന്‍ യേശുവിനെ ദൈവാലയത്തില്‍വെച്ചു കണ്ടപ്പോള്‍, അവന്‍ പ്രസ്താവിച്ചു, 'ഇപ്പോള്‍ നാഥാ! തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു.
... നിന്റെ രക്ഷയെ എന്റെ കണ്ണ് കണ്ടുവല്ലോ'' (വാ. 29-30).

ബ്രിങ്കറിന്റെ കാര്യത്തിലെന്നപോലെ, നമുക്കു സ്വീകരിക്കാനും നല്‍കാനും കഴിയുന്ന ഏറ്റവും മഹത്തായ ക്രിസ്തുമസ് സമ്മാനം യേശുവിലുള്ള രക്ഷാകരമായ വിശ്വാസമാണ്.

സമ്മതങ്ങളുടെ ഒരു മാല

ഒരു ക്രിസ്തുമസിന് എന്റെ മുത്തശ്ശി എനിക്ക് മനോഹരമായ ഒരു നെക്ക്ലസ് സമ്മാനിച്ചു. മനോഹരമായ മുത്തുകള്‍ എന്റെ കഴുത്തില്‍ തിളങ്ങിക്കൊണ്ടിരുന്നു; എന്നാല്‍ ഒരു ദിവസം അതിന്റെ ചരടു പൊട്ടി. മുത്തുകള്‍ ഞങ്ങളുടെ വീടിന്റെ പലക പാകിയ തറയിലെമ്പാടും ചിതറി. പലകയുടെ മുകളിലൂടെ ഇഴഞ്ഞ് ഓരോ ചെറിയ ഗോളവും ഞാന്‍ കണ്ടെടുത്തു. ഒറ്റയ്ക്ക് അവ വളരെ ചെറുതായിരുന്നു. എന്നാല്‍ ചരടില്‍ കോര്‍ക്കുമ്പോള്‍ ആ മുത്തുകള്‍ വളരെ ആകര്‍ഷണീയമായിരുന്നു.

ചിലപ്പോള്‍ ദൈവത്തോടുള്ള എന്റെ സമ്മതങ്ങള്‍ അപ്രധാനമെന്നു തോന്നാറുണ്ട് - ആ ഒറ്റയൊറ്റ മുത്തുകള്‍ പോലെ. അതിസയകരമാംവിധം അനുസരണയുള്ളവളായിരുന്ന യേശുവിന്റെ അമ്മ മറിയയുമായി ഞാന്‍ എന്നെ താരതമ്യം ചെയ്യാറുണ്ട്. മശിഹായെ ഗര്‍ഭം ധരിക്കാനുള്ള ദൈവവിളി സ്വീകരിച്ചപ്പോള്‍ അവള്‍ സമ്മതമറിയിച്ചു, 'ഇതാ, ഞാന്‍ കര്‍ത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു'' (ലൂക്കൊസ് 1:38). അവളില്‍നിന്നു പ്രതീക്ഷിക്കുന്നതെന്തെല്ലാമാണെന്ന് അവള്‍ പൂര്‍ണ്ണമായി മനസ്സിലാക്കിയിരുന്നുവോ? തന്റെ പുത്രനെ ക്രൂശിലേക്കു വിട്ടുകൊടുക്കാന്‍ കുറെക്കൂടി വലിയൊരു സമ്മതം ആവശ്യമായിരുന്നു എന്ന കാര്യം?

മാലാഖമാരുടെയും ഇടയന്മാരുടെയും സന്ദര്‍ശനത്തിനുശേഷം, ലൂക്കൊസ് 2:19 നമ്മോടു പറയുന്നത്, 'മറിയ ഈ വാര്‍ത്ത ഒക്കെയും ഹൃദയത്തില്‍ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു'' എന്നാണ്. സംഗ്രഹിക്കുക എന്നതിനര്‍ത്ഥം 'സൂക്ഷിച്ചുവയ്ക്കുക'' എന്നാണ്. ധ്യാനിക്കുക എന്നതിനര്‍ത്ഥം 'ചരടില്‍ കോര്‍ക്കുക'' എന്നാണ്. 2:51 ലും മറിയയെക്കുറിച്ച് ഈ പ്രയോഗം ഉപയോഗിച്ചിട്ടുണ്ട്. തന്റെ ജീവിതകാലത്ത് അനേക സമ്മതങ്ങള്‍ അവള്‍ക്കു മൂളേണ്ടി വന്നിട്ടുണ്ട്.
മറിയയെപ്പോലെ നമ്മുടെ അനുസരണത്തിന്റെ താക്കോല്‍ , നമ്മുടെ പിതാവിന്റെ വിളികളോട് വിവിധ സമയങ്ങളില്‍ നാം പറഞ്ഞിട്ടുള്ള സമ്മതങ്ങള്‍, സമര്‍പ്പിത ജീവിതത്തിന്റെ നിധിയായി ഒരു മാലയാകുന്നതുവരെ ഒരു സമയത്ത് ഒന്നു വീതം ചരടില്‍ കോര്‍ക്കുന്നതായിരിക്കാം.

പിതാവിന്റെ അനുഗ്രഹം

അടുത്തയിടെ, ഞങ്ങളുടെ സഭയിലെ നിരവധി ആളുകള്‍ - സ്വന്ത പിതാവുമായി മോശം ബന്ധം സൂക്ഷിച്ചിരുന്ന ആളുകള്‍ - എന്നോട് ഒരു സ്നേഹവാനായ പിതാവിന്റെ സ്ഥാനത്തുനിന്നുകൊണ്ട് അവരെ അനുഗ്രഹിക്കാന്‍ ആവശ്യപ്പെട്ടു. ആ അനുഗ്രഹത്തില്‍ അവരുടെ പിതാവ് ഈ കുഞ്ഞുങ്ങളെ വിവിധ നിലകളില്‍ മുറിവേല്പിച്ചതിനുള്ള - വലിയ പ്രതീക്ഷ അവുരടെമേല്‍ ചുമത്തിയും അവരില്‍ നിന്ന് അകലം പാലിച്ചും സ്നേഹമസൃണ സാന്നിധ്യവും ഉറപ്പിക്കലും നല്‍കുന്നതില്‍ പരാജയപ്പെട്ടും - ക്ഷമാപണവും ഉള്‍പ്പെട്ടിരുന്നു. അത് ആനന്ദവും ആദരവും സമൃദ്ധിയായ സ്നേഹവും അവരുടെമേല്‍ വര്‍ഷിപ്പിക്കുന്നതിനുള്ള അനുഗ്രഹമായിരുന്നു.അനുഗ്രഹം പങ്കുവെച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ കണ്ണുനീര്‍ വാര്‍ത്തു. അത്തരം വാക്കുകള്‍ കേള്‍ക്കുവാന്‍ ഞാന്‍ ഇപ്പോഴും എത്രമാത്രം ആഗ്രഹിക്കുന്നു എന്നും എന്റെ മക്കള്‍ക്ക് അവ എത്രമാത്രം ആവശ്യമായിരിക്കുന്നുവെന്നും ഞാന്‍ ഗ്രഹിച്ചു.

ദൈവം നമ്മുടെ പിതാവാണെന്ന് തിരുവചനം ആവര്‍ത്തിച്ചു പറയുന്നു. നമുക്കുള്ള വളച്ചൊടിക്കപ്പെട്ട പിതൃബിംബത്തെ പൂര്‍ണ്ണമായി മാറ്റിയെടുക്കാവുന്ന ഒരു യാഥാര്‍ത്ഥ്യമാണിത്. നമ്മുടെനിത്യ പിതാവായ ദൈവം നമ്മുടെ മേല്‍ തന്റെ പൂര്‍ണ്ണതയുള്ള സ്നേഹം പകര്‍ന്ന് നമ്മെ ''തന്റെ മക്കളാക്കിയിരിക്കുന്നു' (1 യോഹന്നാന്‍ 3:1). ദൈവത്തിന്റെപുത്രന്മാരും പുത്രിമാരും എന്ന നിലയിലുള്ള നമ്മുടെ സ്വത്വം അനിശ്ചിതവും ഭയത്താല്‍ വശീകരിക്കുന്ന ഒരു ലോകത്തില്‍ നമ്മെ ഉറപ്പിച്ചു നിര്‍ത്തുന്നു. 'നാം ഇന്നത് ആകും എന്ന് ഇതുവരെ പ്രത്യക്ഷമായില്ല'' എങ്കിലും 'നാം ദൈവമക്കളാകുന്നു'' എന്നു യോഹന്നാന്‍ പറയുന്നു (വാ. 2). എക്കാലത്തെയും വെല്ലുവിളികളെ നേരിട്ടുകൊണ്ട്, നമ്മുടെ പിതാവ് നമ്മെ എക്കാലവും സ്നേഹിക്കുന്നു എന്നും നമ്മോടുള്ള കരുതല്‍ നിര്‍ത്തുന്നില്ല എന്നും ഉള്ള യാഥാര്‍ത്ഥ്യത്തില്‍ നമുക്കുറയ്ക്കാം. എല്ലാറ്റിനും ശേഷം, നാം അവനെപ്പോലെ ആകും എന്നു നമുക്കുറപ്പിക്കാന്‍ കഴിയും എന്ന് യോഹന്നാനിലൂടെയുള്ള ദൈവശ്വാസീയ വചനത്തിലൂടെ ദൈവം പറയുന്നു (വാ. 2).

നമ്മുടെ ഉത്ക്കണ്ഠകളുടെയും മുറിവുകളുടെയും പരാജയങ്ങളുടെയും മധ്യത്തില്‍ നമ്മുടെ നല്ല പിതാവ് തീരാത്ത സ്നേഹത്തിന്റെ അനുഗ്രഹം നമ്മോടു പറയുന്നു. അവന്‍ നമ്മെ തന്റെ മക്കളാക്കി തീര്‍ത്തതുകൊണ്ട് നാം അവന്റേതായിരിക്കുവാന്‍ അവന്‍ നിര്‍ബന്ധിക്കുന്നു.

ദാതാവിന്റെ ആനന്ദം

ടിക്ക്്ള്‍ മി എല്‍മോ, കാബോജ് പാച്ച് കിഡ്സ്, ദി ഫര്‍ബി എന്നിവ ഓര്‍ക്കുന്നുണ്ടോ? എന്താണ് അവയ്ക്കു പൊതുവായിട്ടുള്ളത്? എക്കാലത്തെയും ഇരുപതു മികച്ച ക്രിസ്തുമസ് സമ്മാനങ്ങളില്‍ അവ ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവയില്‍ നമുക്കിഷ്ടപ്പെട്ട മോണോപ്പോളി, ദി നൈന്റെന്‍ഡോ ഗെയിം ബോയ്, വി എന്നിവയുമുണ്ട്.

ക്രിസ്തുമസിന് സമ്മാനം കൊടുക്കുന്നതില്‍ നാമെല്ലാം ആനന്ദം കണ്ടെത്തുന്നു. എന്നാല്‍ ആദ്യ ക്രിസ്തുമസ് സമ്മാനം നല്‍കിയ ദൈവത്തിന്റെ ആനന്ദവുമായി താരതമ്യപ്പെടുത്തിയാല്‍ അതൊന്നുമല്ല. ആ സമ്മാനം വന്നത് ബേത്ത്ലഹേമിലെ ഒരു പുല്‍ത്തൊട്ടിയില്‍ പിറന്ന ഒരു ശിശുവിന്റെ രൂപത്തിലായിരുന്നു (ലൂക്കൊസ് 2:7).

അവന്റെ ജനനം താണ നിലയിലായിരുന്നുവെങ്കിലും ശിശുവിന്റെ വരവ് പ്രഖ്യാപിച്ചത് ഒരു സംഘം മാലാഖമാരായിരുന്നു. അവര്‍ പ്രഖ്യാപിച്ചു, 'ഭയപ്പെടേണ്ടാ; സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ളൊരു മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു'' (വാ. 10-11). ഈ ഉദാത്തമായ വാര്‍ത്തയെത്തുടര്‍ന്ന് ഒരു 'സ്വര്‍ഗ്ഗീയ സംഘം'' പ്രത്യക്ഷപ്പെട്ട് 'ദൈവത്തെ പുകഴ്ത്തി.
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു
സമാധാനം എന്നു പറഞ്ഞു.'' (വാ. 13-14).

ഈ ക്രിസ്തുമസില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്നതില്‍ സന്തോഷിക്കുക, എന്നാല്‍ കൊടുക്കുന്നതിന്റെ കാരണം ഒരിക്കലും മറന്നുകളയരുത്-നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കുന്നതിനായി തന്റെ സ്വന്തം പുത്രനെ സമ്മാനമായി നല്‍കിയതിലൂടെ ദൃശ്യമായ തന്റെ സൃഷ്ടിയോടുള്ള ദൈവത്തിന്റെ പ്രീതി. നമുക്കവനെ നന്ദിയോടെ ആരാധിക്കാം.