Month: ഒക്ടോബർ 2019

അതു പറയുന്നതു ചെയ്യുക

ബ്രിയാനെ തന്റെ സഹോദരന്റെ വിവാഹത്തില്‍ തോഴനാകാന്‍ നിശ്ചയിച്ചിരുന്നു എങ്കിലും അവന്് അതത്ര നന്നായി ചെയ്യാന്‍ കഴിഞ്ഞില്ല. സ്വാഭാവികമായും കുടുംബത്തിനു നിരാശ തോന്നി, പ്രത്യേകിച്ചും വേദഭാഗം വായിക്കാന്‍ തീരുമാനിച്ചിരുന്ന സഹോദരി ജാസ്മിന്. ശുശ്രൂഷാ വേളയില്‍ 1 കൊരിന്ത്യര്‍ 13 ലെ സ്‌നേഹത്തെക്കുറിച്ചുള്ള സുപ്രസിദ്ധ വേദഭാഗം അവള്‍ ഭംഗിയായി വായിച്ചു. എന്നാല്‍ വിവാഹത്തിനുശേഷം ബ്രിയാന് ഒരു ജന്മദിന സമ്മാനം കൊടുക്കാന്‍ പിതാവ് ആവശ്യപ്പെട്ടപ്പോള്‍ അവള്‍ മടിച്ചു. സ്‌നേഹത്തെക്കുറിച്ചുള്ള വാക്യം വായിക്കുന്നതിനെക്കാള്‍ പാലിക്കുന്നത് അവള്‍ക്ക് പ്രയാസകരമായിരുന്നു. എങ്കിലും സന്ധ്യയ്ക്കു മുമ്പേഅവള്‍ക്കു മനംമാറ്റമുണ്ടാകുകയും ഇപ്രകാരം സമ്മതിക്കുകയും ചെയ്തു, 'സ്‌നേഹത്തെക്കുറിച്ചുള്ള വേദഭാഗം വായിച്ചിട്ട് അത് പ്രായോഗികമാക്കാതെ ഇരിക്കാന്‍ എനിക്കു കഴിയുകയില്ല.'

നിങ്ങള്‍ വചനം വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുകയും അനുസരിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്നതിനെച്ചൊല്ലി എപ്പോഴെങ്കിലും കുറ്റബോധം ഉണ്ടായിട്ടുണ്ടോ? നിങ്ങള്‍ തനിച്ചല്ല. ദൈവത്തിന്റെ വചനം അനുസരിക്കുന്നതിനെക്കാള്‍ എളുപ്പമാണ് വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നത്. അതിനാലാണ് യാക്കോബ് നമ്മോടു നിര്‍ദ്ദേശിക്കുന്നത്, 'എങ്കിലും വചനം കേള്‍ക്കുക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നെ ചതിക്കാതെ അതിനെ.

ചെയ്യുന്നവരായും ഇരിപ്പിന്‍' എന്ന് (യാക്കോബ് 1:22). അവന്‍ പറയുന്ന കണ്ണാടിയുടെ സാദൃശ്യം നമ്മില്‍ ചിരി വിടര്‍ത്തും കാരണം നമ്മെക്കുറിച്ചു തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കണ്ടെത്തുക എന്നതിന്റെ അര്‍ത്ഥം എന്താണെന്നു നമുക്കറിയാം. അതു കണ്ടെത്തുന്നതുകൊണ്ടു കാര്യം നേടി എന്നു നാം ചിന്തിക്കുന്നുവെങ്കില്‍ നമ്മെത്തന്നെ വഞ്ചിക്കുകയാണ്്. 'ന്യായപ്രമാണം ഉറ്റുനോക്കി അതില്‍ നിലനില്‍ക്കുവാന്‍' യാക്കോബ് നമ്മെ നിര്‍ബന്ധിക്കുമ്പോള്‍ (വാ. 25) ജാസ്മിന്‍ ചെയ്യുവാന്‍ നിര്‍ബന്ധിക്കപ്പെട്ടത് ചെയ്യുവാന്‍ അവന്‍ നമ്മെ പ്രേരിപ്പിക്കുകയാണ്-വചനം പ്രായോഗികമാക്കുക. ദൈവവചനം അതാവശ്യപ്പെടുന്നു, അതില്‍ കുറഞ്ഞതൊന്നും അവന്‍ അര്‍ഹിക്കുന്നില്ല.

നിങ്ങളുടെ ആയുധത്തില്‍ ആശ്രയിക്കുക

ഒരു യുവ എഴുത്തുകാരന്‍ എന്ന നിലയില്‍, വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുത്ത് എഴുതുമ്പോള്‍ എന്നെക്കുറിച്ച് എനിക്ക് ഉറപ്പില്ലായ്മ തോന്നാറുണ്ട്. ഞാന്‍ ചുറ്റും നോക്കുമ്പോള്‍ ഔപചാരിക പരിശീലനം നേടിയവരും വര്‍ഷങ്ങളിലെ അനുഭവ സമ്പത്തുള്ളവരുമായ മല്ലന്മാരെക്കൊണ്ടു മുറി നിറഞ്ഞിരിക്കുന്നതായി തോന്നും. എനിക്കിതു രണ്ടുമില്ല. എനിക്കുള്ളത് കിംഗ് ജെയിംസ് ബൈബിളിന്റെ ഭാഷയും ശൈലിയും താളവും കേട്ടു രൂപപ്പെട്ട ഒരു കാതു മാത്രമാണ്. അതാണു ഞാന്‍ പരിചയിച്ച എന്റെ ആയുധം എന്നു പറയാം. അതെന്റെ രചനാശൈലിയെ സ്വാധീനിക്കുവാന്‍ അനുവദിക്കുന്നത് എനിക്കു സന്തോഷം പ്രദാനം ചെയ്യുന്നു, മറ്റുള്ളവര്‍ക്കും സന്തോഷം പകരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.

ഗൊല്യാത്തിനെതിരെ പൊരുതുവാന്‍ പോകുന്നതിന് ശൗലിന്റെ ആയുധവര്‍ഗ്ഗം ധരിക്കേണ്ടിവരുമ്പോള്‍ യുവഇടയനായ ദാവീദിന് തന്നെക്കുറിച്ചു തന്നെ ഉറപ്പില്ല എന്ന ചിന്ത നമുക്കു വരാറില്ല (1 ശമൂവേല്‍ 17:38-39). അതു ധരിച്ച് അവനു നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഒരു മനുഷ്യന്റെ ആയുധവര്‍ഗ്ഗം മറ്റൊരുവന്റെ തടവറയാണെന്നു ദാവീദ് മനസ്സിലാക്കി-'ഇവ ധരിച്ചുകൊണ്ടു നടക്കുവാന്‍ എനിക്കു കഴിയുകയില്ല' (വാ. 39). അതിനാല്‍ തനിക്കറിയാവുന്നതില്‍ അവന്‍ ആശ്രയിച്ചു. ആ സമയത്തെ മുന്‍കണ്ടുകൊണ്ട് അതിനാവശ്യമായ കാര്യങ്ങള്‍കൊണ്ട് ദൈവം അവനെ പരിശീലിപ്പിച്ചിരുന്നു (വാ. 34-35). കവിണയും കല്ലും ആയിരുന്നു ദാവീദിനു ശീലം - അവന്റെ ആയുധവര്‍ഗ്ഗം - അന്നത്തെ ദിവസം യിസ്രായേല്‍ നിരകളില്‍ ആഹ്ലാദം പരത്തുവാന്‍ ദൈവം അതിനെ ഉപയോഗിച്ചു.

മറ്റെയാള്‍ക്കുള്ളത് എനിക്കുണ്ടായിരുന്നെങ്കില്‍, എന്റെ ജീവിതം വ്യത്യസ്തമാകുമായിരുന്നു എന്നു ചിന്തിച്ച് നിങ്ങള്‍ക്ക് എന്നെങ്കിലും നിങ്ങളെക്കുറിച്ച് ഉറപ്പില്ലായ്മ തോന്നിയിട്ടുണ്ടോ? ദൈവം നിങ്ങള്‍ക്കു പ്രത്യേകമായി നല്‍കിയിട്ടുള്ള വരങ്ങളെ അല്ലെങ്കില്‍ അനുഭവങ്ങളെപ്പറ്റി ചിന്തിക്കുക. ദൈവദത്തമായ നിങ്ങളുടെ ആയുധവര്‍ഗ്ഗത്തില്‍ ആശ്രയിക്കുക.

കൊടുങ്കാറ്റിനെ ശാന്തമാക്കുന്നവന്‍

തന്റെ പ്രവര്‍ത്തക സംഘവുമായി തനിക്കുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ജിം ഭയപ്പാടോടെ പങ്കിടുകയായിരുന്നു - ഭിന്നത, വിമര്‍ശന മനോഭാവം, തെറ്റിദ്ധാരണകള്‍. അദ്ദേഹത്തിന്റെ പ്രശ്‌നങ്ങളെ ഒരു മണിക്കൂറോളം ക്ഷമയോടെ കേട്ടിരുന്ന ശേഷം ഞാന്‍ ഇപ്രകാരം നിര്‍ദ്ദേശിച്ചു, 'ഇത്തരം സാഹചര്യത്തില്‍ യേശു എന്തായിരിക്കും ചെയ്യുക എന്നു നമുക്ക് അവനോടു ചോദിക്കാം.' ഞങ്ങള്‍ അഞ്ചു മിനിട്ട് ശാന്തമായിരുന്നു. പെട്ടെന്ന് അതിശയകരമായ ഒന്നു സംഭവിച്ചു. ദൈവത്തിന്റെ സമാധാനം ഞങ്ങളെ ഒരു പുതപ്പുപോലെ മൂടുന്നതു ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും അനുഭവപ്പെട്ടു. അവന്റെ സാന്നിധ്യവും നടത്തിപ്പും ഞങ്ങള്‍ അനുഭവിച്ചപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ സ്വസ്ഥതയുള്ളവരായി. പ്രതിസന്ധികളിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ ഉള്ള ധൈര്യം ഞങ്ങള്‍ക്കു ലഭിച്ചു.

യേശുവിന്റെ ശിഷ്യന്മാരിലൊരുവനായ പത്രൊസിന് ദൈവത്തിന്റെ ആശ്വാസദായക സാന്നിധ്യം അവശ്യമായിരുന്നു. ഒരു രാത്രി അവനും മറ്റു ശിഷ്യന്മാരും ഗലീലക്കടലിന്റെ അക്കരെയ്ക്കു യാത്ര ചെയ്തുകൊണ്ടിരുന്നപ്പോള്‍ വലിയ കൊടുങ്കാറ്റ് ഉണ്ടായി. പെട്ടെന്ന് യേശു കടലിന്മേല്‍ നടന്ന് അവര്‍ക്കു മുന്നില്‍ വന്നു. സ്വാഭാവികമായും ഇതു ശിഷ്യന്മാരെ ഭയപ്പെടുത്തി. 'ധൈര്യപ്പെടുവിന്‍; ഞാന്‍ ആകുന്നു; പേടിക്കേണ്ടാ' എന്നു പറഞ്ഞ് അവന്‍ അവരെ ധൈര്യപ്പെടുത്തി (മത്തായി 14:27). താന്‍ യേശുവിന്റെ അടുക്കല്‍ വരട്ടെ എന്ന് പത്രൊസ് ആവേശത്തില്‍ ചോദിച്ചു. എന്നാല്‍ പെട്ടെന്ന് അവന്റെ ശ്രദ്ധ നഷ്ടപ്പെടുകയും, താന്‍ ആയിരിക്കുന്ന അപകടകരവും മാനുഷിക നിലയില്‍ അസാദ്ധ്യവുമായ ചുറ്റുപാടുകളെക്കുറിച്ചു ബോധവാനാകുകയും മുങ്ങാന്‍ തുടങ്ങുകയും ചെയ്തു. 'കര്‍ത്താവേ, എന്നെ രക്ഷിക്കണമേ' എന്നു നിലവിളിക്കുകയും യേശു സ്‌നേഹത്തോടെ അവനെ രക്ഷിക്കുകയും ചെയ്തു (വാ. 30-31).

ജീവിത കൊടുങ്കാറ്റുകളുടെ മധ്യത്തിലും ദൈവപുത്രന്‍ നമ്മോടുകൂടെയുണ്ട് എന്ന് പത്രൊസിനെപ്പോലെ നമുക്കു പഠിക്കാന്‍ കഴിയും.

സ്‌നേഹത്തിന്റെ നീണ്ട എത്തിപ്പിടിക്കല്‍

പതിനാറടി നീളവും ഒന്നര ടണ്‍ തൂക്കവും ഉള്ള വലിയ വെള്ള സ്രാവ് ആണ് മേരി ലീ. 2012 ല്‍ അമേരിക്കയുടെ കിഴക്കെ തീരത്തുവെച്ച് സമുദ്രഗവേഷകര്‍ അതിനെ ടാഗ് ചെയ്തു. അത് ജലോപരിതലത്തിലെത്തുമ്പോള്‍ അതിന്റെ മുതുകു ചിറകില്‍ ഘടിപ്പിച്ച ട്രാന്‍സ്മിറ്ററിനെ കൃത്രിമ ഉപഗ്രഹങ്ങളില്‍നിന്ന് ട്രാക്കു ചെയ്യാമായിരുന്നു. അടുത്ത അഞ്ചു വര്‍ഷങ്ങള്‍ മേരി ലീയുടെ ചലനങ്ങളെ കടലില്‍ നീന്തുന്നവര്‍ക്കു മുതല്‍ ഗവേഷകര്‍ക്കുവരെ എല്ലാവര്‍ക്കും ഓണ്‍ലൈനിലൂടെ നിരീക്ഷിക്കാമായിരുന്നു. ഈ കാലയളവില്‍ ഏതാണ്ട് 40,000 മൈലുകള്‍ അതു സഞ്ചരിച്ചതായി കണക്കാക്കപ്പെടുന്നു-എന്നാല്‍ ഒരു ദിവസം പെട്ടെന്ന് സിഗ്നല്‍ കിട്ടാതായി. അതിന്റെ ട്രാന്‍സ്മിറ്ററിലെ ബാറ്ററി കാലഹരണപ്പെട്ടിരിക്കാം.

മനുഷ്യജ്ഞാനവും സാങ്കേതികവിദ്യയും അത്രത്തോളമേ എത്തുകയുള്ളു. മേലി ലീയെ പിന്തുടര്‍ന്നവര്‍ക്ക് അവളുടെ ട്രാക്ക് നഷ്ടമായി. എന്നാല്‍ എനിക്കും നിങ്ങള്‍ക്കും ഒരുനാളും നമ്മുടെ ജീവിതത്തിന്റെ മേലുള്ള ദൈവത്തിന്റെ ശ്രദ്ധയെ ഒഴിവാക്കാനാവില്ല. ദാവീദ് പ്രാര്‍ത്ഥിച്ചു, 'നിന്റെ ആത്മാവിനെ ഒളിച്ചു ഞാന്‍ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാന്‍ എവിടേക്ക് ഓടും? ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാല്‍ നീ അവിടെ ഉണ്ട്; പാതാളത്തില്‍ എന്റെ കിടക്ക വിരിച്ചാല്‍ നീ അവിടെ ഉണ്ട്' (സങ്കീര്‍ത്തനം 139:7-8). 'ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു' എന്ന് അവന്‍ നന്ദിയോടെ പ്രസ്താവിക്കുന്നു (വാ. 6).

ദൈവം നമ്മെ സ്‌നേഹിക്കുന്നതുകൊണ്ട് നമ്മെ അറിയുന്നതു തിരഞ്ഞെടുത്തു. നമ്മെ നിരീക്ഷിക്കാന്‍ മാത്രമായിട്ടല്ല അവന്‍ നമ്മെ കരുതുന്നത് മറിച്ച് നമ്മുടെ ജീവിതത്തില്‍ കടന്നുവന്ന് അതിനെ പുതുതാക്കുന്നതിനും കൂടെയാണ്. നാം അവനെ അറിയുന്നതിനും പകരമായി നിത്യതയോളം അവനെ സ്‌നേഹിക്കുന്നതിനും വേണ്ടി യേശുവിന്റെ ജീവിതം, മരണം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയിലൂടെ അവന്‍ നമ്മോട് അടുത്തുവന്നു. ദൈവസ്‌നേഹത്തിന് എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര ദൂരത്തു പോകാന്‍ നമുക്കൊരിക്കലും കഴികയില്ല.

കുറുക്കന്മാരെ പിടിക്കുക

ആദ്യമായി ഒരു വവ്വാല്‍ ഞങ്ങളുടെ വീട്ടില്‍ കയറിയപ്പോള്‍ ഒരു കീടത്തെപ്പോലെ ഞാന്‍ അതിനെ പുറത്താക്കി. എന്നാല്‍ രണ്ടാം പ്രാവശ്യത്തെ രാത്രി സന്ദര്‍ശനം കഴിഞ്ഞപ്പോള്‍ ഞാന്‍ അവയെപ്പറ്റി വായിക്കുകയും മനുഷ്യനെ സന്ദര്‍ശിക്കുവാന്‍ അവയ്ക്ക് വലിയ വാതിലൊന്നും ആവശ്യമില്ലെന്നു മനസ്സിലാക്കുകയും ചെയ്തു. വാസ്തവത്തില്‍, ഒരു നാണയത്തിന്റെ അത്രയും വലിപ്പമുള്ള ഒരു വിടവു മതി അവയ്ക്ക് അകത്തുകയറാന്‍. അതിനാല്‍ ഞാന്‍ വിള്ളലടയ്ക്കുന്ന ഗണ്‍ നിറച്ച് ഒരു ദൗത്യത്തിനായി ഇറങ്ങി. വീടിനു ചുറ്റും നടന്ന് എനിക്കു കണ്ടെത്താന്‍ കഴിഞ്ഞ സകല വിടവുകളും അടച്ചു.

ഉത്തമഗീതം 2:15 ല്‍ മറ്റൊരു പ്രശ്‌നക്കാരനായ സസ്തനിയെക്കുറിച്ചു ശലോമോന്‍ പറയുന്നു. 'മുന്തിരിവള്ളി നശിപ്പിക്കുന്ന ചെറുകുറുക്കന്മാര്‍' വരുത്തുന്ന അപകടത്തെപ്പറ്റി അവന്‍ എഴുതുന്നു. ഒരു ബന്ധത്തില്‍ കടന്നുകൂടി അതിനെ നശിപ്പിക്കുന്ന ഭീഷണികളെപ്പറ്റിയാണ് പ്രതീകാത്മകമായി അവന്‍ പറയുന്നത്. വവ്വാല്‍-സ്‌നേഹികളെയോ കുറുക്കന്‍ -സ്‌നേഹികളെയോ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല ഞാന്‍ ഇതു പറയുന്നത്. മറിച്ച് വവ്വാലുകളെ വീട്ടില്‍ നിന്നും കുറുക്കന്മാരെ മുന്തിരിത്തോട്ടത്തില്‍നിന്നും അകറ്റിനിര്‍ത്തുന്നത് നമ്മുടെ ജീവിതത്തിലെ പാപങ്ങളോട് ഇടപെടുന്നതിനു തുല്യമാണ് (എഫെസ്യര്‍ 5:3). ദൈവത്തിന്റെ കൃപയാല്‍, പരിശുദ്ധാത്മാവു നമ്മുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ നമുക്ക് 'ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു' നടക്കുവാന്‍ (റോമര്‍ 8:4) കഴിയും. ആത്മാവിന്റെ ശക്തിയാല്‍ പാപത്തിനുള്ള പരീക്ഷയോട് എതിര്‍ത്തുനില്‍ക്കാന്‍ നമുക്കു കഴിയും.

ക്രിസ്തുവില്‍ നാം 'ലോകത്തിന്റെ വെളിച്ചം' ആകയാല്‍ അവനെ 'പ്രസാദിപ്പിക്കുന്ന' രീതിയില്‍ ജീവിക്കുവാന്‍ നമുക്കു കഴിയും (എഫെസ്യര്‍ 5:8-10). അത്തരം ചെറുകുറുക്കന്മാരെ പിടിക്കുവാന്‍ ആത്മാവു നമ്മെ സഹായിക്കും.