Month: നവംബർ 2019

അന്ത്യംവരെ ഫലദായകം

ലെനോര്‍ ഡണ്‍ലപ്പ് 94 വയസ്സിന്റെ പെറുപ്പമായിരുന്നെങ്കിലും, അവളുടെ മനസ്സ് കൂര്‍മ്മവും, ചിരി തെളിഞ്ഞതും യേശുവിനോടുള്ള അടങ്ങാത്ത സ്‌നേഹം അനേകര്‍ എളുപ്പം മനസ്സിലാക്കുന്നതും ആയിരുന്നു. ഞങ്ങളുടെ സഭയിലെ ചെറുപ്പക്കാരുടെ കൂട്ടത്തില്‍ അവളെ കാണുന്നത് അസാധാരണമായിരുന്നില്ല; അവളുടെ സാന്നിധ്യവും പങ്കാളിത്തവും സന്തോഷത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഉറവിടമായിരുന്നു. ലെനോറിന്റെ ജീവിതം വളരെ ജീവദായകമായിരുന്നതിനാല്‍ അവളുടെ മരണം ഞങ്ങളെ അരക്ഷിതാവസ്ഥയിലാക്കിക്കളഞ്ഞു. ശക്തയായ ഒരു ഓട്ടക്കാരിയെപ്പോലെ അവളുടെ ജീവിതത്തിന്റെ ഫിനീഷ് ലൈനിലേക്ക് ഓടി. അവളുടെ ഊര്‍ജ്ജവും തീക്ഷ്ണതയും അത്രയധികമായിരുന്നതിനാല്‍ അവളുടെ മരണത്തിന് ചില ദിവസങ്ങള്‍ക്കു മുമ്പ്, ലോകത്തിലെ ജനങ്ങള്‍ക്ക് യേശുവിന്റെ സന്ദേശം എത്തിക്കുന്നതിനെക്കുറിച്ചുള്ള 16 ആഴ്ച ദൈര്‍ഘ്യമുള്ള ഒരു പഠന കോഴ്‌സ് അവള്‍ പൂര്‍ത്തീകരിച്ചു.

ലെനോറിന്റെ ഫലകരവും ദൈവം മാനിക്കുന്നതുമായ ജീവിതം, സങ്കീര്‍ത്തനം 92:12-15 ല്‍ പറഞ്ഞിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ്. ദൈവവുമായുള്ള ശരിയായ ബന്ധത്തില്‍ വേരൂന്നിയിരിക്കുന്ന ജീവിതങ്ങള്‍ തളിര്‍ക്കുകയും പൂക്കുകയും ഫലം കായിക്കുകയും ചെയ്യുന്നതിനെയാണ് ഈ സങ്കീര്‍ത്തനം വിവരിക്കുന്നത് (വാ. 12-13). ചിത്രീകരിച്ചിരിക്കുന്ന രണ്ടു വൃക്ഷങ്ങള്‍ യഥാക്രമം ഫലത്തിനും തടിക്കുമായി വിലമതിക്കുന്നവയാണ്. ഇവയുപയോഗിച്ച് ചൈതന്യം, അഭിവൃദ്ധി, ഉപയോഗക്ഷമത എന്നിവയെ സങ്കീര്‍ത്തനക്കാരന്‍ ചിത്രീകരിക്കുന്നു. നാം നമ്മുടെ ജീവിതത്തില്‍ സ്‌നേഹം, പങ്കുവയ്ക്കല്‍, മറ്റുള്ളവരെ ക്രിസ്തുവിങ്കലേക്കു നയിക്കല്‍ എന്നിവ തളിര്‍ത്തു പൂത്തു കായിക്കുമ്പോള്‍ നാം സന്തോഷിക്കണം.

പ്രായമുള്ളവര്‍ എന്നും അനുഭവസമ്പന്നര്‍ എന്നും വിളിക്കപ്പെടുന്നവര്‍പോലും വേരൂന്നി ഫലം കായിക്കുവാന്‍ താമസിച്ചുപോയിട്ടില്ല. യേശുവിലൂടെ ദൈവത്തില്‍ ആഴത്തില്‍ വേരൂന്നിയിരുന്ന ലെനോറിന്റെ ജീവിതം ഇതിനെയും ദൈവത്തിന്റെ നന്മയെയും സാക്ഷീകരിക്കുന്നു (വാ. 15). നമ്മുടെ ജീവിതത്തിനും അതിനു കഴിയും.

യഥാര്‍ത്ഥ, ആഴമേറിയ ആഗ്രഹം

തുളച്ചുകയറുന്ന ശബ്ദത്തിനുടമയായ എലി റീപ്പിച്ചീപ്പ് ആയിരിക്കാം ഒരുപക്ഷേ 'ദി ക്രോണിക്കിള്‍സ്് ഓഫ് നാര്‍ണിയ''യിലെ ഏറ്റവും ധീരനായ കഥാപാത്രം. തന്റെ കൊച്ചു വാള്‍ വീശിക്കൊണ്ട് അവന്‍ യുദ്ധത്തിലേക്കു ചാടിയിറങ്ങുന്നു. അന്ധകാര ദ്വീപിലേക്ക് 'ഡോണ്‍ ട്രെഡറില്‍'' സഞ്ചരിക്കുമ്പോള്‍ അവന്‍ ഭയത്തെ പുറത്താക്കുന്നു. റീപ്പിച്ചീപ്പിന്റെ ധൈര്യത്തിന്റെ രഹസ്യം? അസ്‌ലാന്റെ രാജ്യത്തിലെത്താനുള്ള അവന്റെ അടങ്ങാത്ത ആഗ്രഹത്തോട് അവന്‍ ആഴമായി ബന്ധപ്പെട്ടിരിക്കുന്നു. 'അതാണെന്റെ ഹൃദയാഭിലാഷം'' അവന്‍ പറഞ്ഞു. തനിക്ക് സത്യമായും ആവശ്യമായിരിക്കുന്നതെന്താണെന്ന് റിപ്പീച്ചീപ്പ് അറിഞ്ഞിരുന്നു, അതവനെ അവന്റെ രാജാവിന്റെ അടുത്തേക്ക് എത്തിച്ചു.

യെരിഹോവിലെ കുരുടനായ മനുഷ്യന്‍ ബര്‍ത്തിമായി, നാണയത്തിനായി തന്റെ പാത്രം കിലുക്കിക്കൊണ്ട് തന്റെ സാധാരണ സ്ഥലത്ത് ഇരിക്കുമ്പോഴാണ് യേശുവും പുരുഷാരവും കടന്നുവരുന്ന ആരവം കേട്ടത്. 'ദാവീദ്പുത്രാ, യേശുവേ, എന്നോടു കരുണ തോന്നണമേ'' എന്നവന്‍ നിലവിളിച്ചു (മര്‍ക്കൊസ് 10:47). മിണ്ടാതിരിക്കുവാന്‍ പലരും അവനെ ശാസിച്ചിട്ടും നിശബ്ദനാകുവാന്‍ അവന്‍ കൂട്ടാക്കിയില്ല.

'യേശു നിന്നു'' എന്നു മര്‍ക്കൊസ് പറയുന്നു (വാ. 49). ആ ബഹളത്തിനിടയില്‍ ബര്‍ത്തിമായിയെ കേള്‍ക്കുവാന്‍ യേശു ആഗ്രഹിച്ചു. 'ഞാന്‍ നിനക്ക് എന്തു ചെയ്തുതരണമെന്ന് നീ ഇച്ഛിക്കുന്നു'' യേശു ചോദിച്ചു (വാ. 51).

ഉത്തരം വ്യക്തമായിരുന്നു; യേശു തീര്‍ച്ചയായും അറിഞ്ഞിരുന്നു. എങ്കിലും തന്റെ ആഴമായ ആഗ്രഹത്തെ വെളിപ്പെടുത്തുവാന്‍ ബര്‍ത്തിമായിയെ അനുവദിക്കുന്നതില്‍ ശക്തിയുണ്ടെന്ന് അവന്‍ വിശ്വസിക്കുന്നതായി തോന്നി. 'എനിക്കു കാഴ്ച പ്രാപിക്കണം' ബര്‍ത്തിമായി പറഞ്ഞു (വാ. 51). യേശു ബര്‍ത്തിമായിയെ ആദ്യമായി നിറങ്ങളും സൗന്ദര്യവും സ്‌നേഹിതരുടെ മുഖങ്ങളും കാണുന്നവനായി വീട്ടിലേക്കയച്ചു.

എല്ലാ ആഗ്രഹങ്ങളും ഉടനെ സാധിക്കുകയില്ല (ആഗ്രഹങ്ങള്‍ക്ക് രൂപാന്തരം സംഭവിക്കാം), എന്നാല്‍ ഇവിടെ അനിവാര്യമായിരുന്നത് തന്റെ ആഗ്രഹമെന്തെന്ന് ബര്‍ത്തിമായി അറിഞ്ഞിരുന്നു എന്നതും അതവന്‍ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു എന്നതുമാണ്. നാം ശ്രദ്ധ കൊടുക്കുമെങ്കില്‍ നമ്മുടെ യഥാര്‍ത്ഥ ആഗ്രഹങ്ങളും വാഞ്ഛകളും നമ്മെ എല്ലായ്‌പ്പോഴും അവങ്കലേക്കു നയിക്കും എന്നു നാം കാണും.

പരദേശിയെ സ്‌നേഹിക്കുക

എന്റെ കുടുംബാംഗങ്ങളിലൊരാള്‍ മറ്റൊരു മതത്തിലേക്കു മാറിക്കഴിഞ്ഞശേഷം, യേശുവിങ്കലേക്കു മടങ്ങിവരാന്‍ അവളെ 'സമ്മതിപ്പിക്കാന്‍' ക്രിസ്തീയ സ്‌നേഹിതര്‍ എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ ആ കുടുംബാംഗത്തെ ക്രിസ്തു സ്‌നേഹിക്കുന്നതുപോലെ സ്‌നേഹിക്കാന്‍ താല്പര്യപ്പെട്ടു-പരസ്യ സ്ഥലത്ത് ചില ആളുകള്‍ അവളുടെ 'വിദേശ രീതിയിലുള്ള' വസ്ത്രധാരണത്തെ അവജ്ഞയോടെ നോക്കിയിരുന്ന സ്ഥാനത്തുപോലും മറിച്ചു ചെയ്യാന്‍ ഞാന്‍ താല്പര്യപ്പെട്ടു. മറ്റുള്ളവര്‍ പരുഷമായ വാക്കുകള്‍ പറഞ്ഞു. 'വീട്ടില്‍ പോകൂ!' ഒരു ട്രക്ക് ഡ്രൈവര്‍ അവളോട് അലറി. അവള്‍ 'വീട്ടില്‍' ആണ് എന്നറിയാതെ അല്ലെങ്കില്‍ കണക്കാക്കാതെ ആണ് അയാളതു പറഞ്ഞത്.

വസ്ത്രമോ വിശ്വാസങ്ങളോ വ്യത്യസ്തമായ ആളുകളോട് പെരുമാറുന്നതിന് കുറെക്കൂടി ദയാപൂര്‍ണ്ണമായ ഒരു മാര്‍ഗ്ഗം മോശെ പഠിപ്പിച്ചു. നീതിയുടെയും കരുണയുടെയും പ്രമാണങ്ങള്‍ പഠിപ്പിച്ചുകൊണ്ട് മോശെ യിസ്രായേല്‍ മക്കളെ ഇപ്രകാരം ഉപദേശിച്ചു, 'പരദേശിയെ ഉപദ്രവിക്കരുത്: നിങ്ങള്‍ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ട് പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ' (പുറപ്പാട് 23:9). എല്ലാ പരദേശികളോടും പീഡനത്തിനും ചൂഷണത്തിനും ഇരകളാകുന്നവരോടും ഉള്ള ദൈവത്തിന്റെ കരുതലിനെയാണ് ഈ പ്രമാണം വെളിപ്പെടുത്തുന്നത്. പുറപ്പാട് 22:21 ലും ലേവ്യാപുസ്തകം 19:33 ലും ഇത് ആവര്‍ത്തിച്ചിരിക്കുന്നു.

അതുകൊണ്ട്, ഞാന്‍ എന്റെ കുടുംബാംഗത്തോടൊപ്പം സമയം ചിലവഴിക്കുമ്പോള്‍-റസ്‌റ്റോറന്റിലും പാര്‍ക്കിലുംഒരുമിച്ചു നടക്കാന്‍ പോകുമ്പോഴും എന്റെ വരാന്തയില്‍ ഇരുന്ന് അവളോടു സംസാരിക്കുമ്പോഴും-ഞാന്‍ അനുഭവിക്കാനാഗ്രഹിക്കുന്ന അതേ ദയയും ബഹുമാനവും ആദ്യമേ അവള്‍ക്കു നല്‍കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. യേശുവിന്റെ മധുരതരമായ സ്‌നേഹം അവള്‍ക്കു കാണിച്ചുകൊടുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായിരുന്നു അത്. അത് അവനെ ഉപേക്ഷിച്ചതിന് അവളെ അപമാനിച്ചുകൊണ്ടല്ല മറിച്ച് അവന്‍ നമ്മയെല്ലാം സ്‌നേഹിക്കുന്നതുപോലെ - അതിശയകരമായ കൃപയോടെ - അവളെ സ്‌നേഹിച്ചുകൊണ്ട് ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിച്ചു.

എളുപ്പത്തില്‍ കുടുങ്ങിപ്പോകുക

അനേക വര്‍ഷങ്ങള്‍ക്കു മുമ്പ് നിബിഢ വനത്തില്‍ യുദ്ധത്തിലേര്‍പ്പെട്ടിരുന്ന പടയാളികള്‍ക്ക് അവരെ വിഷമിപ്പിക്കുന്ന ഒരു പ്രശ്‌നം നേരിട്ടു. മുന്നറിയിപ്പില്ലാതെ, പെട്ടെന്നു വ്യാപിക്കുന്ന മുള്ളുകളുള്ള ഒരു വള്ളിച്ചെടി പടയാളികളെയും അവരുടെ ഉപകരണങ്ങളെയും ചുറ്റിപ്പിണയുകയും അവരെ കെണിയിലാക്കുകയും ചെയ്തു. അവര്‍ അതില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ സ്പര്‍ശനികള്‍ അവരെ വരിഞ്ഞു മുറുക്കി. പട്ടാളക്കാര്‍ ആ ചെടിക്ക് 'ഒരു നിമിഷം നില്‍ക്കണേ' ചെടി എന്നു പേരിട്ടു; കാരണം അവര്‍ അതില്‍ പെട്ടുപോകുകയും പുറത്തുകടക്കാന്‍ കഴിയാതെ വരികയും ചെയ്യുമ്പോള്‍ അവര്‍ മറ്റുള്ളവരോട് 'ഹേയ്, ഒരു നിമിഷം നില്‍ക്കണേ, ഞാന്‍ കുടുങ്ങിപ്പോയി' എന്നു വിളിച്ചു പറയേണ്ടിവരുമായിരുന്നു.

സമാനമായ നിലയില്‍, യേശുവിന്റെ അനുയായികള്‍ പാപത്തില്‍ അകപ്പെട്ടുപോയാല്‍ മുമ്പോട്ടു പോകുക ദുഷ്‌കരമായിരിക്കും. 'സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില്‍ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക' എന്ന് എബ്രായര്‍ 12:1 നമ്മോടു പറയുന്നു. എന്നാല്‍ നമ്മുടെമേല്‍ ഭാരമായിരിക്കുന്ന പാപത്തെ നമുക്കെങ്ങനെ എറിഞ്ഞുകളയാന്‍ കഴിയും?

യേശുവിനു മാത്രമേ നമ്മുടെ ജീവിതത്തെ ചുറ്റിവരിയുന്ന പാപത്തില്‍നിന്നു നമ്മെ സ്വതന്ത്രരാക്കാന്‍ കഴിയൂ. നമ്മുടെ രക്ഷകനായ അവനില്‍ ദൃഷ്ടി പതിപ്പിക്കുവാന്‍ നമുക്കു തയ്യാറാകാം (12:2). ദൈവപുത്രന്‍ എല്ലാ നിലയിലും മനുഷ്യനായിത്തീര്‍ന്നതിനാല്‍, പരീക്ഷിക്കപ്പെടുന്നതിന്റെ അര്‍ത്ഥമെന്തെന്ന് അവനറിയാം-എങ്കിലും അവന്‍ പാപം ചെയ്തില്ല (2:17-18; 4:15). നാം നമ്മുടെ പാപത്താല്‍ പരിതാപകരമായ നിലയില്‍ വരിഞ്ഞുമുറുക്കപ്പെട്ടേക്കാം എങ്കിലും നാം പരീക്ഷയെ ജയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതു നമ്മുടെ സ്വന്ത ശക്തിയാലല്ല അവന്റെ ശക്തിയാല്‍ നമ്മെ കുടുക്കിക്കളയുന്ന പാപത്തെ എറിഞ്ഞു കളഞ്ഞ് അവന്റെ നീതി പിന്തുടരുവാന്‍ കഴിയും (1 കൊരിന്ത്യര്‍ 10:13).

ഡാഡീ, ഡാഡി എവിടെയാണ്?

'ഡാഡി, ഡാഡി എവിടെയാണ്?'

എന്റെ മകള്‍ ഭയന്നു കരഞ്ഞുകൊണ്ട് സെല്‍ഫോണില്‍ എന്നെ വിളിക്കുമ്പോള്‍ ഞാന്‍ വീട്ടിലേക്കുള്ള ഇടവഴിയിലേക്കു തിരിയുകയായിരുന്നു. അവളെ പ്രാക്ടീസു ചെയ്യിക്കുവാന്‍ കൊണ്ടുപോകേണ്ടതിന് 6 മണിക്കു ഞാന്‍ വീട്ടിലെത്തേണ്ടതായിരുന്നു; ഞാന്‍ സമയത്തു തന്നെയാണ് എത്തിയത്. എങ്കിലും എന്റെ മകളുടെ ശബ്ദം അവളുടെ വിശ്വാസമില്ലായ്മ വിളിച്ചു പറഞ്ഞു. അതു പ്രകടമാക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു, 'ഞാന്‍ ഇവിടെയുണ്ട്, നീ എന്താ എന്നെ വിശ്വസിക്കാത്തത്?'

എന്നാല്‍ അതു ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നേ, ഞാന്‍ അതിശയിച്ചു, 'ഈ കാര്യം എന്റെ സ്വര്‍ഗ്ഗീയ പിതാവ് എത്ര പ്രാവശ്യം എന്നോടു ചോദിച്ചിട്ടുണ്ടാകും?' സമ്മര്‍ദ്ദമേറിയ നിമിഷങ്ങളില്‍ ഞാനും അക്ഷമനാണ്. ദൈവം തന്റെ വാഗ്ദത്തങ്ങള്‍ നിവര്‍ത്തിക്കുമെന്നു വിശ്വസിക്കുവാനും ആശ്രയിക്കാനും ഞാനും വിഷമിച്ചിട്ടുണ്ട്. 'പിതാവേ, അങ്ങെവിടെയാണ്' ഞാന്‍ നിലവിളിച്ചു.

സമ്മര്‍ദ്ദത്തിന്റെയും അനിശ്ചിതത്വത്തിന്റെയും മധ്യത്തില്‍ ചിലപ്പോള്‍ ദൈവസാന്നിധ്യത്തെ അല്ലെങ്കില്‍ അവന്റെ നന്മയെയും എനിക്കുവേണ്ടിയുള്ള അവന്റെ ഉദ്ദേശ്യത്തെ പോലും ഞാന്‍ സംശയിച്ചിട്ടുണ്ട്. യിസ്രായേല്യരും അതു ചെയ്തിട്ടുണ്ട്. ആവര്‍ത്തനം 31 ല്‍, അവര്‍ വാഗ്ദത്ത നാട്ടില്‍ പ്രവേശിക്കുവാന്‍ തയ്യാറെടുക്കുകയായിരുന്നു; അവരുടെ നായകനായ മോശെ അവരോടൊപ്പം ഉണ്ടാകില്ല എന്നവര്‍ അറിഞ്ഞിരുന്നു. അവരെ ഇപ്രകാരം ഓര്‍മ്മിപ്പിച്ചുകൊണ്ട് അവരെ ധൈര്യപ്പെടുത്താന്‍ മോശെ ശ്രമിച്ചു: 'യഹോവ തന്നേ നിനക്കു മുമ്പായി നടക്കുന്നു; അവന്‍ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല; നീ പേടിക്കരുത്, ഭ്രമിക്കുകയുമരുത്' (വാ. 8).

ആ വാഗ്ദത്തം - ദൈവം എല്ലായ്‌പ്പോഴും നമ്മോടുകൂടെയുണ്ട് എന്നത് - ഇന്ന് നമ്മുടെ വിശ്വാസത്തിന്റെ മൂലക്കല്ല് ആയിരിക്കുന്നു (മത്തായി 1:23; എബ്രായര്‍ 13:5 കാണുക). തീര്‍ച്ചയായും, വെളിപ്പാട് 21:3 ഈ വാക്കുകളോടെയാണ് പര്യവസാനിക്കുന്നത്: 'ഇതാ, മനുഷ്യരോട് കൂടെ ദൈവത്തിന്റെ കൂടാരം; അവന്‍ അവരോട് കൂടെ വസിക്കും.'

ദൈവം എവിടെയാണ്? അവന്‍ ഇപ്പോള്‍, ഇവിടെ നമ്മോടുകൂടെയുണ്ട്.