ദൈവത്തോട് യാചിക്കുക
ഒരു കുടുംബത്തിന്റെ ഒരു പ്രഭാതത്തിലെ പ്രാര്‍ത്ഥന സമയം അത്ഭുതകരമായ ഒരു പ്രഖ്യാപനത്തോടെയാണ് അവസാനിച്ചത്. 'ആമേന്‍'' എന്ന് ഡാഡി പറഞ്ഞയുടനെ, അഞ്ചുവയസ്സുകാരന് കാവി പ്രഖ്യാപിച്ചു, 'ഞാന്‍ ജോണിനുവേണ്ടി പ്രാര്‍ത്ഥിച്ചു, കാരണം പ്രാര്‍ത്ഥനയ്ക്കിടെ അവന് കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു.''
മധ്യസ്ഥപ്രാര്‍ത്ഥനയ്ക്കായി നമ്മെ ആഹ്വാനം ചെയ്യുമ്പോള്‍, നിങ്ങളുടെ പത്തുവയസ്സുള്ള സഹോദരന്റെ പ്രാര്‍ത്ഥനാരീതിയെക്കുറിച്ചു പ്രാര്‍ത്ഥിക്കുന്നതല്ല തിരുവെഴുത്തു ലക്ഷ്യം വയ്ക്കുന്നത് എന്നെനിക്ക് ഉറപ്പുണ്ട്. എങ്കിലും കുറഞ്ഞപക്ഷം മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നെങ്കിലും കാവി മനസ്സിലാക്കി.
മറ്റൊരാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രാധാന്യം വേദാധ്യാപകനായ ഓസ്വാള്‍ഡ് ചേംബേഴ്സ് ഊന്നിപ്പറഞ്ഞു. അദ്ദേഹം പറഞ്ഞു: 'മദ്ധ്യസ്ഥത നിങ്ങളെ ദൈവത്തിന്റെ സ്ഥാനത്തു നിര്‍ത്തുന്നു; അതില്‍ ദൈവത്തിന്റെ മനസ്സും കാഴ്ചപ്പാടും ഉണ്ട്.'' ദൈവത്തെക്കുറിച്ചും നമ്മോടുള്ള അവിടുത്തെ സ്നേഹത്തെക്കുറിച്ചും നമുക്കുള്ള അറിവിന്റെ വെളിച്ചത്തില്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതാണത്.
മധ്യസ്ഥപ്രാര്‍ത്ഥനയുടെ ഒരു മികച്ച ഉദാഹരണം ദാനീയേല്‍ 9 ല്‍ കാണാം. യെഹൂദന്മാര്‍ ബാബിലോണില്‍ എഴുപതു വര്‍ഷം പ്രവാസജീവിതം നയിക്കുമെന്ന ദൈവത്തിന്റെ അസ്വസ്ഥപ്പെടുത്തുന്ന വാഗ്ദത്തം പ്രവാചകന് മനസ്സിലാക്കി (യിരെമ്യാവ് 25:11-12). ആ വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നതായി മനസ്സിലാക്കിയ ദാനീയേല്‍ പ്രാര്‍ത്ഥിക്കാന്‍ തയ്യാറായി. ദാനീയേല്‍ ദൈവകല്പനകളെ പരാമര്‍ശിച്ചു (ദാനീയേല്‍ 9:4-6), തന്നെത്താന്‍ താഴ്ത്തി (വാ. 8), ദൈവത്തിന്റെ സ്വഭാവത്തെ ആദരിച്ചു (വാ. 9), പാപം ഏറ്റുപറഞ്ഞു (വാ. 15), തന്റെ ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവകരുണയെ ആശ്രയിച്ചു (വാ. 18). ദാനീയേലിനു ദൈവത്തില്‍ നിന്ന് ഉടനടി ഉത്തരം ലഭിച്ചു (വാ.21).
എല്ലാ പ്രാര്‍ത്ഥനകളും അത്തരമൊരു നാടകീയമായ പ്രതികരണത്തോടെ അവസാനിക്കുന്നില്ല, മറിച്ച് മറ്റുള്ളവരെ പ്രതിനിധീകരിച്ച് ദൈവത്തെ വിശ്വസിച്ചും അവനില്‍ ആശ്രയിച്ചുംകൊണ്ട് ദൈവത്തിങ്കലേക്കു ചെല്ലുവാന്‍ നമുക്ക് ധൈര്യപ്പെടാം.
എന്റെ സ്വന്തം കാര്യം നോക്കുക
വര്‍ഷങ്ങള്‍ക്കുമുമ്പ്, എന്റെ മകന് ജോഷും ഞാനും ഒരു മലമ്പാതയിലൂടെ പോകുമ്പോള്‍, ദൂരെ പൊടിപടലങ്ങള്‍ ഉയരുന്നതു കണ്ടു. ഞങ്ങള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍, ഒരു മൃഗം മണ്ണില്‍ മാളം ഉണ്ടാക്കുന്നതു കണ്ടു. അതിന്റെ തലയും തോളും മാളത്തിനുള്ളിലായിരുന്നു. അതു മുന്‍കാലുകള്‍കൊണ്ട് ആവേശപൂര്‍വ്വം കുഴിക്കുകയും പിന്‍കാലുകള്‍കൊണ്ടു മണ്ണു പുറകോട്ടു തെറിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതു തന്റെ ജോലിയില്‍ മുഴുകിയിരുന്നതിനാല്‍ ഞങ്ങളെ ശ്രദ്ധിച്ചില്ല.
എനിക്ക് ആവേശത്തെ എതിര്‍ത്തു നില്ക്കാന് കഴിയാതെ അടുത്തു കിടന്ന ഒരു നീണ്ട വടികൊണ്ട് അതിനെ പിന്നില്‍ നിന്നു തട്ടി. ഞാന്‍ മൃഗത്തെ ഉപദ്രവിച്ചില്ല, പക്ഷേ അതു വായുവില്‍ കുതിച്ചുയര്‍ന്നു ഞങ്ങളുടെ നേരെ തിരിഞ്ഞു. ജോഷും ഞാനും നൂറു മീറ്റര്‍ ഓട്ടത്തില്‍ പുതിയ ലോക റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു!
എന്റെ ധൈര്യത്തില്‍ നിന്നു ഞാന്‍ ചിലതു പഠിച്ചു: ചിലപ്പോള്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതിരിക്കുന്നതാണു നല്ലത്. യേശുവിലുള്ള സഹവിശ്വാസികളുമായുള്ള ബന്ധത്തില്‍ ഇതു പ്രത്യേകിച്ചും സത്യമാണ്. 'അടങ്ങിപ്പാര്‍ക്കുവാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേലചെയ്യുവാനും അഭിമാനം തോന്നണം'' (1 തെസ്സലൊനീക്യര്‍ 4:11) എന്ന് അപ്പൊസ്തലനായ പൗലൊസ് തെസ്സലൊനീക്യരെ പ്രോത്സാഹിപ്പിച്ചു. നാം മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ദൈവകൃപയാല്‍ തിരുവെഴുത്തുകള്‍ പങ്കുവെക്കുന്നതിനുള്ള അവസരം അന്വേഷിക്കുകയും സൗമ്യമായ ഭാഷയില്‍ മറ്റുള്ളവരെ തിരുത്തുകയും വേണം. എങ്കിലും ശാന്തമായ ജീവിതം നയിക്കാന്‍ പഠിക്കുകയും മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടാതിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. അപ്പോള്‍ ദൈവകുടുംബത്തിനു വെളിയിലുള്ളവര്‍ക്ക് ഇത് ഒരു മാതൃകയായിത്തീരുന്നു (വാ. 11). 'അനോന്യം സ്നേഹിക്കുവാന്‍'' ആണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് (വാ. 9).
ആര്‍ക്കറിയാം?
ചൈനീസ് ഐതിഹ്യമനുസരിച്ച്, ഒരു മനുഷ്യന് ഒരിക്കല്‍ തന്റെ വിലയേറിയ കുതിരകളിലൊന്ന് നഷ്ടപ്പെട്ടപ്പോള്‍ അയല്ക്കാരന് അതില്‍ ദുഃഖം പ്രകടിപ്പിച്ചു. എങ്കിലും ആ മനുഷ്യന് അതില്‍ ഉത്ക്കണ്ഠാകുലനല്ലായിരുന്നു. അയാള്‍ പറഞ്ഞു, 'ഇത് എനിക്ക് ഒരു പക്ഷേ നല്ലതിനായിരിക്കുമോയെന്ന് ആര്‍ക്കറിയാം?'' അതിശയകരമെന്നു പറയട്ടെ, നഷ്ടപ്പെട്ട കുതിര മറ്റൊരു കുതിരയുമായി വീട്ടിലേക്ക് മടങ്ങിയെത്തി. കൂട്ടുകാരന് അഭിനന്ദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: 'ഇതൊരു പക്ഷേ എനിക്ക് ഒരു മോശമായ കാര്യമായിരിക്കുമോയെന്ന് ആര്‍ക്കറിയാം?'' പുതിയ കുതിരയുടെ പുറത്തു കയറിയപ്പോള്‍ മകന് വീണു കാലൊടിഞ്ഞു. യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിവുള്ള എല്ലാ പുരുഷന്മാരെയും റിക്രൂട്ട് ചെയ്യാനായി സൈന്യം ഗ്രാമത്തില്‍ എത്തുന്നതുവരെ ഇത് നിര്‍ഭാഗ്യകരമാണെന്ന്് എല്ലാവരും കരുതി. മകന്റെ പരിക്കു കാരണം, അവനെ അവര്‍ റിക്രൂട്ട് ചെയ്തില്ല, അത് ആത്യന്തികമായി അവനെ മരണത്തില്‍നിന്ന് ഒഴിവാക്കുന്നതായിരുന്നു.
ഒരു ബുദ്ധിമുട്ട് പ്രച്ഛന്നവേഷത്തിലെത്തുന്ന ഒരു അനുഗ്രഹമാകാമെന്ന് - മറിച്ചും - പഠിപ്പിക്കുന്ന ചൈനീസ് പഴമൊഴിയുടെ പിന്നിലെ കഥയാണിത്. ഈ പുരാതനജ്ഞാനത്തിന് സഭാപ്രസംഗി 6:12-നോടു യോജിപ്പുണ്ട്. അവിടെ എഴുത്തുകാരന് നിരീക്ഷിക്കുന്നു: 'മനുഷ്യന്റെ ജീവിതകാലത്ത് ... അവന് എന്താണു നല്ലതെന്ന് ആര്‍ക്കറിയാം?'' ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് നമ്മില്‍ ആര്‍ക്കും അറിയില്ല. ഒരു പ്രതികൂലസാഹചര്യത്തിനു ഗുണപരമായ നേട്ടങ്ങളും അഭിവൃദ്ധിക്കു ദോഷകരമായ ഫലങ്ങളും ഉണ്ടായേക്കാം.
ഓരോ ദിവസവും പുതിയ അവസരങ്ങളും സന്തോഷങ്ങളും പോരാട്ടങ്ങളും കഷ്ടപ്പാടുകളും വാഗ്ദാനം ചെയ്യുന്നു. ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളെന്ന നിലയില്‍, നമുക്ക് ദൈവത്തിന്റെ പരമാധികാരത്തില്‍ വിശ്രമിക്കാനും നല്ലതും മോശവുമായ സന്ദര്‍ഭങ്ങളിലും ദൈവത്തെ വിശ്വസിക്കാനും കഴിയും. ദൈവം 'രണ്ടിനെയും ഉണ്ടാക്കിയിരിക്കുന്നു'' (7:14). നമ്മുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളിലും ദൈവം നമ്മോടൊപ്പമിരുന്ന് തന്റെ സ്നേഹപൂര്‍വ്വമായ പരിപാലനം വാഗ്ദാനം ചെയ്യുന്നു.
പിതാവിനെ അറിയുക
ബ്രിട്ടീഷ് സംഗീത സംവിധായകന് സര് തോമസ് ബീച്ചാം ഒരിക്കല്‍ ഒരു ഹോട്ടല്‍ ലോബിയില്‍ വെച്ച് ഒരു സുന്ദരിയായ സ്ത്രീയെ കണ്ട ഒരു കഥയുണ്ട്. തനിക്ക് അവളെ അറിയാമെന്ന് അദ്ദേഹത്തിനു തോന്നിയെങ്കിലും, അവളുടെ പേര് ഓര്‍മ്മിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം അല്പസമയം നിന്ന് അവളുമായി സംസാരിച്ചു. ഇരുവരും സംസാരിക്കുമ്പോള്‍ അവള്‍ക്ക് ഒരു സഹോദരനുണ്ടെന്ന് അവ്യക്തമായി ഓര്‍മ്മ വന്നു. ഒരു സൂചന ലഭിക്കുമെന്ന പ്രതീക്ഷയില്‍, അവളുടെ സഹോദരന് എങ്ങനെയിരിക്കുന്നുവെന്നും അതേ ജോലിയില്‍ തന്നെയാണോ ഇപ്പോഴും തുടരുന്നതെന്നും ചോദിച്ചു. 'ഓ, അദ്ദേഹം വളരെ നന്നായിരിക്കുന്നു' അവള് പറഞ്ഞു, 'ഇപ്പോഴും രാജാവുതന്നെയാണ്.'
സര് ബീച്ചാമിന്റെ കാര്യത്തിലെന്നപോലെ, ആളെ തെറ്റായി മനസ്സിലാക്കുന്നത് അസ്വസ്ഥതയുളവാക്കുന്ന കാര്യമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ, യേശുവിന്റെ ശിഷ്യനായ ഫിലിപ്പൊസിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ ഇതു കൂടുതല്‍ ഗുരുതരമായേക്കാം. ശിഷ്യനു തീര്‍ച്ചയായും യേശുവിനെ അറിയാമായിരുന്നു, പക്ഷേ യേശു യഥാര്‍ത്ഥത്തില്‍ ആരാണെന്ന കാര്യം ശിഷ്യന് പൂര്‍ണ്ണമായി അംഗീകരിച്ചിരുന്നില്ല. യേശു, 'പിതാവിനെ കാണിച്ചുതരണമെന്ന്'' അവന് ആഗ്രഹിച്ചു. യേശുവാകട്ടെ, 'എന്നെ കണ്ടവന് പിതാവിനെ കണ്ടിരിക്കുന്നു'' (യോഹന്നാന് 14: 8-9) എന്നു പ്രതികരിച്ചു. ദൈവത്തിന്റെ അതുല്യനായ പുത്രനെന്ന നിലയില്‍, യേശു പിതാവിനെ പൂര്‍ണ്ണമായ നിലയില്‍ വെളിപ്പെടുത്തുന്നു- അതായത് ഒരാളെ അറിയുകയെന്നത് മറ്റെയാളെ അറിയുന്നതിനു തുല്യമാണ് (വാ. 10-11).
ദൈവം തന്റെ സ്വഭാവത്തിലും വ്യക്തിത്വത്തിലും മറ്റുള്ളവരെക്കുറിച്ചുള്ള കരുതലിലും എങ്ങനെയുള്ളവനാണെന്നു നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍, അതു കണ്ടെത്തുന്നതിനായി നാം യേശുവിനെ നോക്കിയാല്‍ മതി. യേശുവിന്റെ സ്വഭാവം, ദയ, സ്നേഹം, കരുണ എന്നിവ ദൈവത്തിന്റെ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. നമ്മുടെ അതിശയവാനും മഹത്വപൂര്‍ണ്ണനുമായ ദൈവം നമ്മുടെ പൂര്‍ണ്ണമായ അറിവിനും ഗ്രാഹ്യത്തിനും അതീതനാണെങ്കിലും, യേശുവില്‍ തന്നെത്തന്നെ വെളിപ്പെടുത്തിയതിലൂടെ നമുക്ക് ഒരു മഹത്തായ ദാനം നല്കിയിരിക്കുന്നു.
സംരക്ഷിക്കപ്പെട്ടത്
കൃഷിക്കായി ഞാന്‍ നിലം ഒരുക്കിക്കൊണ്ടിരിക്കുമ്പോള്‍, ഒരു വലിയ ചുവട് ശൈത്യകാല കള ഞാന്‍ പിഴുതു മാറ്റി. . . എന്നിട്ട് ആകാശത്തേക്കു വലിച്ചെറിഞ്ഞു! എന്റെ കൈക്കു തൊട്ടുതാഴെയായി ഒരു വിഷപ്പാമ്പ് ചെടിയുടെ ചുവട്ടില്‍ ഒളിച്ചിരിക്കുന്നു-ഒരു ഇഞ്ച് താഴെ! ഞാന്‍ അതിനെ അബദ്ധത്തില്‍ പിടിക്കുമായിരുന്നു. ഞാന്‍ ചെടി ഉയര്‍ത്തിയ ഉടനെ അതിന്റെ നിറമുള്ള വലയങ്ങള്‍ കണ്ടു; അതിന്റെ ബാക്കിഭാഗം എന്റെ കാലുകള്‍ക്കിടയിലെ കളകളില്‍ ചുറ്റിയിരുന്നു.
ഏതാനും അടി അകലേക്ക് ഞാന്‍ എടുത്തു ചാടിയപ്പോള്‍, അതെന്നെ കടിക്കാത്തതിനു ഞാന്‍ ദൈവത്തിനു നന്ദി പറഞ്ഞു. അവിടെ ഉണ്ടെന്ന് ഞാന്‍ ഒരിക്കലും മനസ്സിലാക്കിയിട്ടില്ലാത്ത അപകടങ്ങളില്‍നിന്ന് ദൈവം എന്നെ എത്ര തവണ സൂക്ഷിച്ചുവെന്നു ഞാന്‍ ചിന്തിച്ചു.
ദൈവം തന്റെ ജനത്തെ സംരക്ഷിക്കുന്നു. വാഗ്ദത്തദേശത്തു പ്രവേശിക്കുന്നതിനുമുമ്പ് മോശെ യിസ്രായേല്‍ മക്കളോടു പറഞ്ഞു, 'യഹോവ തന്നെ നിനക്കു മുമ്പായി നടക്കുന്നു; അവന് നിന്നോടുകൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല; നീ പേടിക്കരുത്, ഭ്രമിക്കുകയുമരുത്' (ആവര്‍ത്തനം 31:8). അവര്‍ക്ക് ദൈവത്തെ കാണാന്‍ കഴിയുമായിരുന്നില്ല, എന്നിരുന്നാലും ദൈവം അവരോടൊപ്പമുണ്ടായിരുന്നു.
ചിലപ്പോള്‍ നമുക്കു മനസ്സിലാകാത്ത വിഷമകരമായ കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ നാം അറിയാതെ തന്നെ ദൈവം എത്ര തവണ നമ്മെ സംരക്ഷിച്ചുവെന്നതിനെക്കുറിച്ചും നമുക്കു ചിന്തിക്കാനാകും!
അവിടുത്തെ സമ്പൂര്‍ണ്ണവും കരുതലോടെയുമുള്ള പരിചരണം എല്ലാ ദിവസവും അവിടുത്തെ ജനങ്ങളുടെ മേല്‍ നിലനില്‍ക്കുന്നുവെന്ന് തിരുവെഴുത്തു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അവിടുന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട് (മത്തായി 28:20).