Month: ജൂലൈ 2023

ആത്മാവിനാൽ കുതിർക്കപ്പെടുക

ഗ്രന്ഥകാരനും അമേരിക്കൻ പുതിയ നിയമ പണ്ഡിതനുമായ സ്‌കോട്ട് മക്‌നൈറ്റ് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ, “ആത്മാവിനാൽ കുതിർക്കപ്പെട്ട അനുഭവം” എന്ന് താൻ വിളിക്കുന്ന അനുഭവം ഉണ്ടായത് എങ്ങനെയെന്ന് പങ്കുവെക്കുന്നു. ഒരു ക്യാമ്പിൽ ആയിരിക്കുമ്പോൾ, ആത്മാവിന് കീഴടങ്ങി ക്രിസ്തുവിനെ തന്റെ ജീവിതത്തിൽ സിംഹാസനസ്ഥനാക്കാൻ പ്രസംഗകൻ ആഹ്വാനം ചെയ്തു. പിന്നീട്, സ്‌കോട്ട് ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്ന് ഇങ്ങനെ പ്രാർത്ഥിച്ചു: “പിതാവേ, എന്റെ പാപങ്ങൾ എന്നോട് ക്ഷമിക്കണമേ. പരിശുദ്ധാത്മാവേ, എ്‌ന്റെ ഉള്ളിലേക്കു വന്ന് എന്നെ നിറയ്ക്കണമേ.'' എന്തോ ശക്തമായ ഒന്നു സംഭവിച്ചതായി അദ്ദേഹം പറഞ്ഞു. ''ആ നിമിഷം മുതൽ എന്റെ ജീവിതം തികച്ചും വ്യത്യസ്തമായിത്തീർന്നു. പൂർണ്ണതയുള്ളതല്ല, വ്യത്യസ്തമായത്.'' ബൈബിൾ വായിക്കാനും പ്രാർത്ഥിക്കാനും യേശുവിലുള്ള മറ്റു വിശ്വാസികളെ കാണാനും ദൈവത്തെ സേവിക്കാനുമുള്ള ആഗ്രഹം പെട്ടെന്ന് ഉണ്ടായി.

ഉയിർത്തെഴുന്നേറ്റ യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ്, തന്റെ സ്‌നേഹിതരോടു പറഞ്ഞു: “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം” (പ്രവൃ. 1:4). അവർ “ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും'' അവന്റെ സാക്ഷികൾ ആകും (വാ. 8). യേശുവിൽ വിശ്വസിക്കുന്ന എല്ലാവരിലും വസിക്കാൻ ദൈവം പരിശുദ്ധാത്മാവിനെ നൽകുന്നു. ഇത് ആദ്യം സംഭവിച്ചത് പെന്തക്കോസ്ത് ദിനത്തിലാണ് (പ്രവൃത്തികൾ 2 കാണുക); ഇന്ന് ഒരുവൻ ക്രിസ്തുവിൽ ആശ്രയിക്കുമ്പോഴെല്ലാം അത് സംഭവിക്കുന്നു.

യേശുവിൽ വിശ്വസിക്കുന്നവരെ ദൈവാത്മാവ് നിറച്ചുകൊണ്ടേയിരിക്കുന്നു. ആത്മാവിന്റെ സഹായത്തോടെ നാമും രൂപാന്തരപ്പെട്ട സ്വഭാവത്തിന്റെയും ആഗ്രഹങ്ങളുടെയും ഫലം പുറപ്പെടുവിക്കുന്നു (ഗലാത്യർ 5:22-23). നമ്മെ ആശ്വസിപ്പിക്കുന്നതിനും, നമ്മെ തെറ്റുകൾ ബോധ്യപ്പെടുത്തുന്നതിനും, നമ്മോടു ചേർന്നു സഹകരിക്കുന്നതിനും, സ്‌നേഹിച്ചതിനും ദൈവത്തെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യാം.

നിശബ്ദതയ്ക്കുള്ള മുറി

നിങ്ങൾ അമേരിക്കയിൽ സമാധാനപരവും ശാന്തവുമായ ഒരു സ്ഥലമാണ് തിരയുന്നതെങ്കിൽ, മിനസോട്ടയിലെ മിനിയാപൊലീസിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു മുറിയുണ്ട്. ഇത് എല്ലാ ശബ്ദത്തിന്റെയും 99.99 ശതമാനം ആഗിരണം ചെയ്യുന്നു! ഓർഫീൽഡ് ലബോറട്ടറീസിന്റെ ലോകപ്രശസ്ത അനക്കോയിക് (എക്കോ-ഫ്രീ) ചേമ്പറിനെ “ഭൂമിയിലെ ഏറ്റവും ശാന്തമായ സ്ഥലം” എന്നു വിളിക്കുന്നു. ഈ ശബ്ദരഹിതമായ ഇടം അനുഭവിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ശബ്ദത്തിന്റെ അഭാവം മൂലം വഴിതെറ്റിപ്പോകാതിരിക്കാൻ ഇരിക്കേണ്ടതാണ്. മാത്രമല്ല ആർക്കും നാൽപ്പത്തിയഞ്ച് മിനിറ്റിൽ കൂടുതൽ മുറിയിൽ ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല.

നമ്മളിൽ വളരെക്കുറച്ചുപേർക്കു മാത്രമേ അത്രമാത്രം നിശബ്ദത ആവശ്യമുള്ളു എന്നിരുന്നാലും, ശബ്ദമാനമായതും തിരക്കേറിയതുമായ ലോകത്ത് അൽപ്പം നിശബ്ദതയ്ക്കായി നാം ചിലപ്പോൾ ആഗ്രഹിച്ചു പോകുന്നു. നമ്മൾ കാണുന്ന വാർത്തകളും സോഷ്യൽ മീഡിയയും പോലും നമ്മുടെ ശ്രദ്ധയ്ക്കായി മത്സരിക്കുന്ന ഒരുതരം ബഹളമയമായ “ശബ്ദം” കൊണ്ടുവരുന്നു. നിഷേധാത്മകവികാരങ്ങൾ ഉണർത്തുന്ന വാക്കുകളും ചിത്രങ്ങളുമാണ് അതിൽ അധികവും. അതിൽ മുഴുകിയാൽ ദൈവശബ്ദത്തെ അത് അനായാസം അടിച്ചമർത്തും.

ഏലീയാ പ്രവാചകൻ ഹൊരേബ് പർവതത്തിൽ ദൈവത്തെ കാണാൻ പോയപ്പോൾ, ഉച്ചത്തിലുള്ള വിനാശകരമായ കാറ്റിലോ ഭൂകമ്പത്തിലോ തീയിലോ അവനെ കണ്ടില്ല (1 രാജാക്കന്മാർ 19:11-12). “ഒരു മൃദുസ്വരം” ഏലിയാവ് കേട്ടതിനുശേഷം 'സൈന്യങ്ങളുടെ ദൈവമായ യഹോവയെ' (വാ. 12-14) കാണാൻ അവൻ തന്റെ മുഖം മൂടിക്കൊണ്ട് ഗുഹയ്ക്കു പുറത്തേക്ക് വന്നു.

നിങ്ങളുടെ ആത്മാവ് ശാന്തമായിരിക്കാൻ കൊതിച്ചേക്കാം, എന്നാൽ അതിലുപരിയായി - അത് ദൈവത്തിന്റെ ശബ്ദം കേൾക്കാൻ കൊതിക്കുന്നുണ്ടാകാം. നിങ്ങളുടെ ജീവിതത്തിൽ നിശബ്ദതയ്ക്കുള്ള ഇടം കണ്ടെത്തുക, അങ്ങനെ നിങ്ങൾക്ക് ഒരിക്കലും ദൈവത്തിന്റെ “മൃദുസ്വരം” (വാ. 12) നഷ്ടപ്പെടുകയില്ല.

താഴ്മ ധരിക്കുക

അണ്ടർകവർ ബോസ് എന്ന ടെലിവിഷൻ പരമ്പരയിൽ, ഒരു ഫ്രോസൺ ഫുഡ് കമ്പനിയുടെ സി.ഇ.ഒ. കാഷ്യറുടെ യൂണിഫോം ധരിച്ച് രഹസ്യമായി ഫ്രാഞ്ചൈസി സ്റ്റോറിൽ ജോലി ചെയ്യാൻ പോയി. അവളുടെ വിഗ്ഗും മേക്കപ്പും അവളുടെ യഥാർത്ഥ സ്വത്വം മറച്ചുപിടിച്ചു. ഷോപ്പിൽ കാര്യങ്ങൾ യഥാർത്ഥത്തിൽ എങ്ങനെ നടക്കുന്നുവെന്ന് കാണുകയായിരുന്നു അവളുടെ ലക്ഷ്യം. അവളുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, സ്റ്റോർ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവൾക്കു കഴിഞ്ഞു.

നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി യേശു “താഴ്മയുടെ വേഷം” സ്വീകരിച്ചു (ഫിലിപ്പിയർ 2:7). അവൻ മനുഷ്യനായി - ഭൂമിയിൽ നടന്നു, ദൈവത്തെക്കുറിച്ച് നമ്മെ പഠിപ്പിച്ചു, ഒടുവിൽ നമ്മുടെ പാപങ്ങൾക്കുവേണ്ടി ക്രൂശിൽ മരിച്ചു (വാ. 8). ഈ ത്യാഗം ക്രിസ്തുവിന്റെ താഴ്മയെ തുറന്നുകാട്ടുന്നു, അവൻ അനുസരണയോടെ തന്റെ ജീവൻ നമ്മുടെ പാപത്തിനുള്ള യാഗമായി സമർപ്പിച്ചു. അവൻ ഒരു മനുഷ്യനായി ഭൂമിയിൽ സഞ്ചരിക്കുകയും നാം അനുഭവിക്കുന്നത് അനുഭവിക്കുകയും ചെയ്തു - ഭൂമിയിൽ നിന്നുകൊണ്ടു തന്നേ. യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നമ്മുടെ രക്ഷകനെപ്പോലെ “അതേ ഭാവം” നമ്മിൽ ഉണ്ടായിരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു - പ്രത്യേകിച്ച് മറ്റ് വിശ്വാസികളുമായുള്ള ബന്ധത്തിൽ (വാ. 5). താഴ്മ ധരിക്കാനും (വാ. 3) ക്രിസ്തുവിന്റെ മനോഭാവം സ്വീകരിക്കാനും ദൈവം നമ്മെ സഹായിക്കുന്നു (വാക്യം 5). മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ തയ്യാറുള്ളവരും സഹായഹസ്തം നീട്ടാൻ സന്നദ്ധരുമായ സേവകരായി ജീവിക്കാൻ അവൻ നമ്മെ പ്രേരിപ്പിക്കുന്നു. മറ്റുള്ളവരെ താഴ്മയോടെ സ്‌നേഹിക്കാൻ ദൈവം നമ്മെ നയിക്കുന്നതിനാൽ, അവരെ സേവിക്കാനും അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് കരുണയോടെ പരിഹാരം തേടാനുമുള്ള മികച്ച സ്ഥാനത്താണ് നാം.

പാപം പതുക്കെ വാതിലിനു പുറത്തേക്ക് നടക്കുന്നു

താൻ അതു ചെയ്യരുതെന്ന് വിൻസ്റ്റണിന് അറിയാം. അതുകൊണ്ട് അവൻ ഒരു തന്ത്രപരമായ ഒരു നീക്കം സ്വീകരിച്ചു. ഞങ്ങൾ അതിനെ പതുക്കെ-നടത്തം എന്ന് വിളിക്കുന്നു. ആരെങ്കിലും ഊരിയിട്ട ഒരു ഷൂ കാണുകയാണെങ്കിൽ, അവൻ ആ ദിശയിലേക്ക് യാദൃച്ഛികമെന്നോണം നടക്കും. ആരും ശ്രദ്ധിക്കുന്നില്ലെന്നു ബോധ്യമായാൽ ഷൂ തന്റെ കാലിൽ ഇട്ടുകൊണ്ടു പതുക്കെ പുറത്തേക്കു നടക്കും. “ഓ, അമ്മേ, വിൻസ്റ്റൺ അമ്മയുടെ ഷൂവുമായി വാതിലിനു പുറത്തേക്ക് പതുക്കെ നടക്കുന്നു.”

നമ്മുടെ പാപത്തെ പതുക്കെ-നടത്തം കൊണ്ടു ദൈവത്തെ മറയ്ക്കാമെന്നു ചിലപ്പോഴൊക്കെ നാം വിചാരിക്കുന്നു എന്നു വ്യക്തമാണ്. അവൻ ശ്രദ്ധിക്കില്ലെന്ന് ചിന്തിക്കാൻ നാം പ്രലോഭിപ്പിക്കപ്പെടുന്നു. ഇത് – “ഇത്” എന്തായാലും - വലിയ കാര്യമൊന്നുമല്ല, നാം വാദിക്കുന്നു. പക്ഷേ, ആ തിരഞ്ഞെടുപ്പുകൾ ദൈവത്തെ പ്രസാദിപ്പിക്കുന്നില്ലെന്ന് വിൻസ്റ്റണിനെപ്പോലെ നമുക്കും നന്നായി അറിയാം.

ഏദെൻ തോട്ടത്തിലെ ആദാമിനെയും ഹവ്വായെയും പോലെ, നമ്മുടെ പാപത്തിന്റെ ലജ്ജ കാരണം നാം മറയ്ക്കാൻ ശ്രമിച്ചേക്കാം (ഉല്പത്തി 3:10). അല്ലെങ്കിൽ അത് സംഭവിച്ചില്ലെന്ന് നടിച്ചേക്കാം. എന്നാൽ വളരെ വ്യത്യസ്തമായ ഒന്ന് ചെയ്യാൻ - ദെവത്തിന്റെ കരുണയിലേക്കും ക്ഷമയിലേക്കും ഓടിച്ചെല്ലാൻ - തിരുവെഴുത്ത് നമ്മെ ക്ഷണിക്കുന്നു.സദൃശവാക്യങ്ങൾ 28:13 നമ്മോട് പറയുന്നു, ''തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണ ലഭിക്കും.”

ആരും ശ്രദ്ധിക്കില്ലെന്ന് പ്രതീക്ഷിച്ച് പതുക്കെ-നടത്തത്തിലൂടെ നമ്മുടെ പാപത്തെ മറയ്ക്കാൻ ശ്രമിക്കരുത്. നമ്മുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് സത്യം പറയുമ്പോൾ-നമ്മോട്, ദൈവത്തോട്, വിശ്വസ്തനായ ഒരു സുഹൃത്തിനോട്-രഹസ്യ പാപം ചുമക്കുന്നതിന്റെ കുറ്റബോധത്തിൽ നിന്നും ലജ്ജയിൽ നിന്നും നമുക്ക് സ്വാതന്ത്ര്യം കണ്ടെത്താനാകും (1 യോഹന്നാൻ 1:9).

ശരിയായതു ചെയ്യുക

തടവുകാരനായ ''ജെയ്‌സൺ'' അയച്ച കത്ത് എന്റെ ഭാര്യയെയും എന്നെയും അത്ഭുതപ്പെടുത്തി. വൈകല്യമുള്ളവരെ സഹായിക്കാൻ സേവന നായ്ക്കളായി നായ്ക്കുട്ടികളെ ഞങ്ങൾ “പരിശീലിപ്പിക്കുന്നു.” നായ്ക്കളെ പരിശീലിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച തടവുകാർ നടത്തുന്ന അടുത്ത പരിശീലന ഘട്ടത്തിലേക്ക് അത്തരത്തിലുള്ള ഒരു നായ്ക്കുട്ടിയെ ഞങ്ങൾ അയച്ചു. പരിശീലകനായ ജെയ്‌സൺ ഞങ്ങൾക്ക് അയച്ച കത്തിൽ അദ്ദേഹത്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ഖേദം രേഖപ്പെടുത്തിയിരുന്നു. എന്നാൽ തുടർന്നദ്ദേഹം എഴുതി, ''ഞാൻ പരിശീലിപ്പിച്ച പതിനേഴാമത്തെ നായയാണ് സ്‌നിക്കേഴ്‌സ്. അവൾ ഏറ്റവും മികച്ച നായാണ്. അവൾ തലയുയർത്തി എന്നെ നോക്കുന്നത് കാണുമ്പോൾ, ഒടുവിൽ ഞാൻ എന്തെങ്കിലും ശരിയായി ചെയ്യുന്നതായി എനിക്ക് തോന്നുന്നു.''

ജെയ്‌സൺ മാത്രമല്ല കഴിഞ്ഞ കാലത്തെയോർത്തു ഖേദിക്കുന്നത്. നമുക്കെല്ലാവർക്കും ഖേദമുണ്ട്. യെഹൂദരാജാവായ മനശ്ശെയ്ക്ക് ഖേദിക്കാൻ ധാരാളം ഉണ്ടായിരുന്നു. 2 ദിനവൃത്താന്തം 33-ൽ അവന്റെ ചില ക്രൂരതകൾ വിവരിക്കുന്നു: ജാതീയ ദൈവങ്ങൾക്ക് ലൈംഗികത പ്രകടമാക്കുന്ന ബലിപീഠങ്ങൾ പണിയുക (വാ. 3), മന്ത്രവാദം ചെയ്യുക, സ്വന്തം മക്കളെ ബലിയർപ്പിക്കുക (വാ. 6) തുടങ്ങിയവ. അവൻ രാജ്യത്തെ മുഴുവൻ ഈ ദുഷിച്ച പാതയിലൂടെ നയിച്ചു (വാ. 9).

“യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല” (വാ. 10). ഒടുവിൽ അവൻ ശ്രദ്ധിച്ചു. ബാബിലോണിയർ ദേശത്തെ ആക്രമിച്ചു, ''അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി'' (വാ. 11). അടുത്തതായി, മനശ്ശെ ഒടുവിൽ ശരിയായ കാര്യം ചെയ്തു. “കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു. ... തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാർത്ഥിച്ചു” (വാക്യം 12). ദൈവം അവന്റെ പ്രാർത്ഥന കേട്ടു, അവനെ രാജാവായി യഥാസ്ഥാനപ്പെടുത്തി. മനശ്ശെ പുറജാതി ആചാരങ്ങൾക്ക് പകരം ഏക സത്യദൈവത്തെ ആരാധിച്ചു (വാ. 15-16).

നിങ്ങളുടെ ഖേദം നിങ്ങളെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടോ? ഇനിയും വൈകിയിട്ടില്ല. മാനസാന്തരത്തിന്റെ താഴ്മയുള്ള നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കുന്നു.