നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ബില്‍ ക്രൗഡര്‍

ഒരു ശക്തമായ ഹൃദയം

ഫിലിപ്പ് യാന്‍സിയുമായി സഹകരിച്ച് എഴുതിയ ഫീയര്‍ഫുളി ആന്‍ഡ് വണ്ടര്‍ഫുളി മെയ്ഡ് (ഭയങ്കരവും അതിശയകരവുമായി സൃഷ്ടിക്കപ്പെട്ടത്) എന്ന ഗ്രന്ഥത്തില്‍ ഡോ. പോള്‍ ബ്രാന്‍ഡ്, ഇങ്ങനെ നിരീക്ഷിച്ചിരിക്കുന്നു: 'ഒരു ഹമ്മിംഗ്‌ബേര്‍ഡിന്റെ ഹൃദയം ഒരു ഔണ്‍സിന്റെ ചെറിയൊരു ഭാഗം മാത്രം ഭാരമുള്ളതാണെങ്കിലും, ഒരു മിനിറ്റില്‍ എണ്ണൂറു തവണ മിടിക്കുന്നു; ഒരു നീലത്തിമിംഗലത്തിന്റെ ഹൃദയത്തിന് അര ടണ്‍ ഭാരം, മിനിറ്റില്‍ പത്തു തവണ മാത്രം മിടിക്കുന്നു, അതു രണ്ടു മൈല്‍ അകലെവരെ കേള്‍ക്കാന്‍ കഴിയും. രണ്ടില്‍നിന്നും വ്യത്യസ്തമായി, മനുഷ്യഹൃദയം മോശമായ നിലയില്‍ പ്രവര്‍ത്തിക്കുന്നതായിത്തോന്നുന്നു. എങ്കിലും, വിശ്രമമില്ലാതെ, ഒരു ദിവസം 100,000 പ്രാവശ്യം (മിനിറ്റില്‍ 65-70 പ്രാവശ്യം) മിടിക്കുകയും എഴുപതു വര്‍ഷമോ അതില്‍ കൂടുതലോ കാലം പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് അതിന്റെ ജോലി ചെയ്യുന്നു.''  

ഈ അതിശയകരമായ ഹൃദയം, ജീവിതകാലം മുഴുവനും നമ്മെ സമഗ്രമായി ശക്തിപ്പെടുത്തുന്നതിനാല്‍, അതു നമ്മുടെ മൊത്തത്തിലുള്ള ആന്തരികക്ഷേമത്തിന്റെ ഒരു രൂപകമായി മാറിയിരിക്കുന്നു. എന്നിരുന്നാലും, നമ്മുടെ ശാരീരികവും സാദൃശ്യവുമായ ഹൃദയങ്ങള്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട്. നമുക്ക് എന്തു ചെയ്യാന്‍ കഴിയും?

യിസ്രായേലിന്റെ ആരാധനാനേതാവായ സങ്കീര്‍ത്തനക്കാരനായ ആസാഫ് 73-ാം സങ്കീര്‍ത്തനത്തില്‍ യഥാര്‍ത്ഥ ശക്തി മറ്റെവിടെ നിന്നോ - മറ്റൊരാളില്‍ നിന്നോ - ആണു വരുന്നതെന്ന് അംഗീകരിക്കുന്നു. അവന്‍ എഴുതി: 'എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു'' (വാ. 26). ആസാഫ് പറഞ്ഞതു ശരിയായിരുന്നു. ജീവനുള്ള ദൈവമാണ് നമ്മുടെ ആത്യന്തികവും ശാശ്വതവുമായ ശക്തി. ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവെന്ന നിലയില്‍, തന്റെ പൂര്‍ണ്ണശക്തിക്ക് അത്തരം പരിമിതികളൊന്നും അവനില്ല.  

നമ്മുടെ പ്രയാസത്തിന്റെയും വെല്ലുവിളിയുടെയും കാലഘട്ടത്തില്‍, ആസാഫ് സ്വന്തം പോരാട്ടങ്ങളിലൂടെ പഠിച്ച കാര്യങ്ങള്‍ നമുക്കു കണ്ടെത്താം: ദൈവം നമ്മുടെ ഹൃദയത്തിന്റെ യഥാര്‍ത്ഥശക്തിയാണ്. നമുക്ക് ഓരോ ദിവസവും ആ ശക്തിയില്‍ വിശ്രമിക്കാം.

യേശുവിനെപ്പോലെ

ദൈവശാസ്ത്രജ്ഞനായ ബ്രൂസ് വെയര്‍ ബാലനായിരുന്നപ്പോള്‍, 1 പത്രൊസ് 2:21-23 നമ്മെ യേശുവിനെപ്പോലെയാകാന്‍ വിളിക്കുന്നതില്‍ നിരാശനായി. തന്റെ ചെറുപ്പകാലത്തെ പ്രകോപനത്തെക്കുറിച്ച് വെയര്‍ തന്റെ ദി മാന്‍ ക്രൈസ്റ്റ് ജീസസ് എന്ന പുസ്തകത്തില്‍ എഴുതി, 'ഇതു ശരിയല്ല, ഞാന്‍ തീരുമാനിച്ചു. 'പാപം ചെയ്യാത്തവന്റെ' ചുവടുകള്‍ പിന്തുടരാന്‍ ഈ ഭാഗം പറയുമ്പോള്‍ പ്രത്യേകിച്ചും. ഇത് തികച്ചും വിചിത്രമാണ്. . . . നാം അതിനെ ഗൗരവമായി എടുക്കണമെന്നു പറയുമ്പോള്‍ ദൈവത്തിന് എങ്ങനെ അത് അര്‍ത്ഥമാക്കാന്‍ കഴിയുമെന്ന് എനിക്ക് കാണാന്‍ കഴിഞ്ഞില്ല.'

എന്തുകൊണ്ടാണ് വെയര്‍ ഇത്തരത്തിലുള്ള ഒരു ബൈബിള്‍ ആഹ്വാനത്തെ ഇത്ര ഭയപ്പെടുന്നതെന്ന് എനിക്കു മനസ്സിലാകും! ഒരു പഴയ ഗാനം പറയുന്നു, 'യേശുവിനെപ്പോലെയാകാന്‍, യേശുവിനെപ്പോലെയാകാന്‍. അവനെപ്പോലെ ആകാന്‍ എന്നാഗ്രഹം.'' എന്നാല്‍ വെയര്‍ ശരിയായി സൂചിപ്പിച്ചതുപോലെ, നമുക്ക് അത് ചെയ്യാന്‍ കഴിവില്ല. നമുക്ക് സ്വയമായി ഒരിക്കലും യേശുവിനെപ്പോലെയാകാന്‍ കഴിയില്ല.

എന്നാല്‍, നമ്മെ അങ്ങനെ കൈവിടുന്നില്ല. ക്രിസ്തു നമ്മില്‍ ഉരുവാകുന്നതിന്റെ ഭാഗമായി പരിശുദ്ധാത്മാവിനെ നമുക്കു നല്‍കിയിരിക്കുന്നു (ഗലാത്യര്‍ 4:19). അതിനാല്‍, ആത്മാവിനെക്കുറിച്ചുള്ള പൗലൊസിന്റെ മഹത്തായ അധ്യായത്തില്‍ ഇപ്രകാരം നാം വായിക്കുന്നതില്‍ അതിശയിക്കേണ്ടതില്ല, 'അവന്‍ മുന്നറിഞ്ഞവരെ തന്റെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേണ്ടതിന് അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാന്‍ മുന്‍നിയമിച്ചുമിരിക്കുന്നു'' (റോമര്‍ 8:29). ദൈവം തന്റെ പ്രവൃത്തി നമ്മില്‍ പൂര്‍ത്തീകരിക്ക തന്നെ ചെയ്യും. നമ്മില്‍ വസിക്കുന്ന യേശുവിന്റെ ആത്മാവിലൂടെ അവന്‍ അത് ചെയ്യുന്നു.

നമ്മിലുള്ള ആത്മാവിന്റെ പ്രവര്‍ത്തനത്തിന് നാം വഴങ്ങുമ്പോള്‍, നാം യഥാര്‍ത്ഥത്തില്‍ യേശുവിനെപ്പോലെയാകും. അത് നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ വലിയ ആഗ്രഹമാണെന്ന് അറിയുന്നത് എത്ര ആശ്വാസകരമാണ്!

ആഴമേറിയ ഇടങ്ങള്‍

പത്തൊന്‍പതാം നൂറ്റാണ്ടിലെ ഫ്രാന്‍സിന്റെ സാമൂഹിക, രാഷ്ട്രീയ പ്രക്ഷോഭകാലത്തെ കവിയും നോവലിസ്റ്റുമായിരുന്ന വിക്ടര്‍ ഹ്യൂഗോയുടെ (1802-1885), ഏറ്റവും പ്രശസ്തമായ ക്ലാസ്സിക് കൃതിയാണ് ലേ മിസറാബ്ല (പാവങ്ങള്‍). ഒരു നൂറ്റാണ്ടിനുശേഷം, അദ്ദേഹത്തിന്റെ നോവലിന്റെ ഒരു സംഗീത ആവിഷ്‌കാരം നമ്മുടെ തലമുറയിലെ ഏറ്റവും ജനപ്രിയ സംഗീതശില്പങ്ങളിലൊന്നായി മാറി. ഇത് നമ്മെ ആശ്ചര്യപ്പെടുത്തേണ്ട കാര്യമില്ല. ഹ്യൂഗോ ഒരിക്കല്‍ പറഞ്ഞതുപോലെ, ''പറയാന്‍ കഴിയാത്തതും നിശബ്ദത പാലിക്കാന്‍ കഴിയാത്തതുമായതിനെ സംഗീതം പ്രകടിപ്പിക്കുന്നു.''

സങ്കീര്‍ത്തനക്കാര്‍ അതിനോടു യോജിച്ചേക്കാം. അവരുടെ പാട്ടുകളും പ്രാര്‍ത്ഥനകളും ജീവിതത്തെക്കുറിച്ചും അതിന്റെ അനിവാര്യമായ വേദനയെക്കുറിച്ചും സത്യസന്ധമായ പ്രതിഫലനങ്ങള്‍ നല്‍കുന്നു. നമുക്ക് പ്രവേശനം അസാധ്യമായ ഇടങ്ങളില്‍ അവ നമ്മെ സ്പര്‍ശിക്കുന്നു. ഉദാഹരണത്തിന്, സങ്കീര്‍ത്തനം 6:6-ല്‍ ദാവീദ് നിലവിളിക്കുന്നു, 'എന്റെ ഞരക്കംകൊണ്ടു ഞാന്‍ തകര്‍ന്നിരിക്കുന്നു; രാത്രി മുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീര്‍കൊണ്ടു ഞാന്‍ എന്റെ കട്ടിലിനെ നനയ്ക്കുന്നു.'

അത്തരം പരുക്കനായ സത്യസന്ധത തിരുവെഴുത്തുകളുടെ പ്രചോദനാത്മകമായ ഗാനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് നമുക്ക് വലിയ പ്രോത്സാഹനം നല്‍കുന്നു. ആശ്വാസത്തിനും സഹായത്തിനുമായി നമ്മെ അവിടുത്തെ സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്ന ദൈവത്തിങ്കലേക്ക് നമ്മുടെ ഭയങ്ങളെ കൊണ്ടുവരാന്‍ അത് നമ്മെ ക്ഷണിക്കുന്നു. നമ്മുടെ ഹൃദയംഗമമായ സത്യസന്ധതയില്‍ അവന്‍ നമ്മെ ആശ്ലേഷിക്കുന്നു.

വാക്കുകള്‍ പുറത്തുവരാന്‍ പ്രയാസമുള്ളപ്പോള്‍ നമ്മുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സംഗീതത്തിന് കഴിയും. എന്നിരുന്നാലും നമ്മുടെ വാക്കുകള്‍ നാം ആലപിക്കുകയോ പ്രാര്‍ത്ഥിക്കുകയോ നിശബ്ദമായി കരയുകയോ ചെയ്താലും നമ്മുടെ ദൈവം നമ്മുടെ ഹൃദയത്തിലെ ആഴമേറിയ ഇടങ്ങളില്‍ എത്തിച്ചേരുകയും അവന്റെ സമാധാനം നല്‍കുകയും ചെയ്യുന്നു.

ക്രൂശിന്റെ ഭാഷ

പാസ്റ്റര്‍ ടിം കെല്ലര്‍ പറഞ്ഞു, ''അവര്‍ ആരാണെന്ന് പറഞ്ഞതുകൊണ്ട് ആരും ഒരിക്കലും പഠിക്കുന്നില്ല. അവര്‍ക്കു കാണിച്ചു കൊടുക്കണം.' ഒരര്‍ത്ഥത്തില്‍, ''പ്രവൃത്തികള്‍ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു'' എന്ന പഴഞ്ചൊല്ലിന്റെ ഒരു പ്രയോഗമാണിത്. ജീവിതപങ്കാളികള്‍ അവരുടെ കൂട്ടാളികളെ കേള്‍ക്കുകയും അവരെ സ്‌നേഹിക്കുകയും ചെയ്യുന്നതിലൂടെ അവര്‍ അഭിനന്ദനാര്‍ഹരാണെന്ന് കാണിക്കുന്നു. മാതാപിതാക്കള്‍ മക്കളെ സ്‌നേഹപൂര്‍വ്വം പരിപാലിക്കുന്നതിലൂടെ തങ്ങള്‍ക്ക് അവര്‍ വിലപ്പെട്ടവരാണെന്നു കാണിക്കുന്നു. കോച്ചുകള്‍ അത്ലറ്റുകളുടെ വളര്‍ച്ചയ്ക്കായി നിക്ഷേപം നടത്തുന്നതിലൂടെ അവര്‍ക്കു കഴിവുണ്ടെന്ന് കാണിക്കുന്നു. അതേ നിലയില്‍, വ്യത്യസ്ത നിലയിലുള്ള ഒരു പ്രവൃത്തി, കൂടുതല്‍ ഇരുണ്ട സന്ദേശങ്ങള്‍ ആശയവിനിമയം ചെയ്യുന്ന വേദനാജനകമായ കാര്യങ്ങള്‍ ആളുകള്‍ക്കു കാണിച്ചുകൊടുക്കുന്നു.

പ്രപഞ്ചത്തിലെ എല്ലാ പ്രവൃത്തി-അധിഷ്ഠിത സന്ദേശങ്ങളിലും ഏറ്റവും പ്രധാനപ്പെട്ട ഒരെണ്ണം ഉണ്ട്. ദൈവത്തിന്റെ ദൃഷ്ടിയില്‍ നാം ആരാണെന്ന് കാണിക്കേണ്ടിവരുമ്പോള്‍, ക്രൂശിലെ അവന്റെ പ്രവൃത്തികള്‍ക്ക് അപ്പുറത്തേക്കു നാം നോക്കേണ്ടതില്ല. റോമര്‍ 5:8-ല്‍ പൗലൊസ് എഴുതി, ''ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നേ നമുക്കു വേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്‌നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു.' നാം ആരാണെന്നു ക്രൂശ് കാണിച്ചുതരുന്നു: സ്വന്ത പുത്രനെ നല്‍കുവാന്‍ തക്കവണ്ണം ദൈവം അത്യധികമായി സ്‌നേഹിച്ചവര്‍! (യോഹന്നാന്‍ 3:16).

തകര്‍ന്ന സംസ്‌കാരത്തിലെ തകര്‍ന്ന ആളുകളുടെ സമ്മിശ്ര സന്ദേശങ്ങളുടയും ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രവൃത്തികളുടെയും പശ്ചാത്തലത്തില്‍, ദൈവ ഹൃദയത്തിന്റെ സന്ദേശം വ്യക്തമായി മുഴങ്ങുന്നു. നിങ്ങള്‍ ആരാണ്? നിങ്ങളുടെ രക്ഷയ്ക്കായി ദൈവം തന്റെ പുത്രനെ നല്‍കുവാന്‍ തക്കവിധം ദൈവം അത്രയ്ക്കു സ്‌നേഹിച്ച വ്യക്തികള്‍. അവന്‍ നിങ്ങള്‍ക്കായി നല്‍കിയ വിലയും അവനെ സംബന്ധിച്ച് നിങ്ങള്‍ എത്രമാത്രം വിലപ്പെട്ടവരാണെന്ന യാഥാര്‍ത്ഥ്യവും കാണുക.

സമാധാനത്തിന്റെ ഉപകരണങ്ങള്‍

1914 ല്‍ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞന്‍ സര്‍ എഡ്വേര്‍ഡ് ഗ്രേ ഇങ്ങനെ പ്രഖ്യാപിച്ചു, ''യൂറോപ്പിലുടനീളം വിളക്കുകള്‍ അണയുന്നു; നമ്മുടെ ജീവിതകാലത്ത് അവ വീണ്ടും കത്തിക്കുന്നത് നാം കണ്ടെന്നുവരില്ല'' ഗ്രേ പറഞ്ഞത് ശരിയായിരുന്നു. ''എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനുള്ള യുദ്ധം'' അവസാനിച്ചപ്പോള്‍ ഏകദേശം 20 ദശലക്ഷം പേര്‍ കൊല്ലപ്പെട്ടു (അവരില്‍ 10 ദശലക്ഷം പേര്‍ സാധാരണക്കാരായിരുന്നു). മറ്റൊരു 21 ദശലക്ഷം പേര്‍ക്ക് പരിക്കേറ്റു.

ഇതേ അളവിലോ വലുപ്പത്തിലോ അല്ലെങ്കിലും, നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും നാശം സംഭവിക്കാം. നമ്മുടെ വീട്, ജോലിസ്ഥലം, സഭ അല്ലെങ്കില്‍ അയല്‍പക്കം എന്നിവയെയും സംഘര്‍ഷത്തിന്റെ ഇരുണ്ട ഭൂതം മറച്ചേക്കാം. ലോകത്തിന് വ്യത്യാസമുണ്ടാക്കുന്നവരാകാന്‍ ദൈവം നമ്മെ വിളിക്കുന്നതിന്റെ ഒരു കാരണം ഇതാണ്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ നാം അവന്റെ ജ്ഞാനത്തില്‍ ആശ്രയിക്കണം. അപ്പൊസ്തലനായ യാക്കോബ് എഴുതി, ''ഉയരത്തില്‍നിന്നുള്ള ജ്ഞാനമോ ഒന്നാമതു നിര്‍മ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സല്‍ഫലവും നിറഞ്ഞതും പക്ഷപാതവും കപടവും
ഇല്ലാത്തതുമാകുന്നു. എന്നാല്‍ സമാധാനം ഉണ്ടാക്കുന്നവര്‍ സമാധാനത്തില്‍ വിതച്ചു നീതി എന്ന ഫലം കൊയ്യും' (യാക്കോബ് 3:17-18).

സമാധാന നിര്‍മ്മാതാവിന്റെ പങ്ക് പ്രധാനമായിരിക്കുന്നത് അതിന്റെ കൊയ്ത്തു കാരണമാണ്. നീതി എന്ന വാക്കിന്റെ അര്‍ത്ഥം ''ശരിയായ നില'' അല്ലെങ്കില്‍ ''ശരിയായ ബന്ധം'' എന്നാണ്. ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സമാധാനം ഉണ്ടാക്കുന്നവര്‍ക്ക് കഴിയും . ''സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും'' (മത്തായി 5:9) എന്ന് യേശു പറഞ്ഞതില്‍ അതിശയിക്കാനില്ല. അവന്റെ മക്കള്‍, അവന്റെ ജ്ഞാനത്തില്‍ ആശ്രയിച്ച്, സമാധാനം ഏറ്റവും ആവശ്യമായിരിക്കുന്നിടത്ത് അതു നിര്‍മ്മിക്കുന്ന ഉപകരണങ്ങളായി മാറുന്നു.

ജീവിതത്തിലെ വ്യാളികളുമായി പോരാടുക

നിങ്ങള്‍ എപ്പോഴെങ്കിലും ഒരു വ്യാളിയോടു യുദ്ധം ചെയ്തിട്ടുണ്ടോ? ഇല്ല എന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍, എഴുത്തുകാരന്‍ യൂജിന്‍ പീറ്റേഴ്സണ്‍ നിങ്ങളോട് വിയോജിക്കുന്നു. എ ലോംഗ് ഒബീഡിയന്‍സ് ഇന്‍ ദി സെയിം ഡയറക്ഷന്‍ എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നു, നമ്മുടെ ഭയങ്ങളുടെ രേഖാചിത്രമാണ് വ്യാളികള്‍, നമ്മെ അപകടപ്പെടുത്താന്‍ കഴിയുന്ന എല്ലാറ്റിനെയും ചേര്‍ത്തുള്ള ഭയാനകമായ നിര്‍മ്മിതിയാണത്... അതിഗംഭീരമായ ഒരു വ്യാളിയെ നേരിടുന്ന ഒരു കര്‍ഷകന്‍ പൂര്‍ണ്ണമായും ഒരു ഉയര്‍ന്ന തലത്തിലെത്തുന്നു.' അദ്ദേഹം വ്യക്തമാക്കുന്നത്? ജീവിതം വ്യാളികളാല്‍ നിറഞ്ഞിരിക്കുന്നു: ജീവന്‍ അപകടപ്പെടുത്തുന്ന ആരോഗ്യ പ്രശ്‌നം, പെട്ടെന്നുള്ള തൊഴില്‍ നഷ്ടം, പരാജയപ്പെട്ട ദാമ്പത്യം, അന്യപ്പെട്ടുപോകുന്ന മുടിയനായ പുത്രന്‍. ഈ ''വ്യാളികള്‍'' നമുക്ക് ഒറ്റയ്ക്ക് പോരാടാന്‍ കഴിയാത്ത ജീവിതത്തിലെ അപകടങ്ങളും ദുര്‍ബലതകളുമാണ്.

എന്നാല്‍ ആ യുദ്ധങ്ങളില്‍ നമുക്ക്് ഒരു യോദ്ധാവ് ഉണ്ട്. ഒരു യക്ഷിക്കഥയിലെ വീരനല്ല - നമുക്കുവേണ്ടി പോരാടി നമ്മെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യാളികളെ കീഴടക്കിയ ആത്യന്തിക യോദ്ധാവ്. അവ നമ്മുടെ പരാജയങ്ങളുടെ വ്യാളിയായാലും നമ്മുടെ നാശത്തെ ആഗ്രഹിക്കുന്ന ആത്മീയ ശത്രുക്കളായാലും, നമ്മുടെ യോദ്ധാവ് വലിയവനാണ്. യേശുവിനെക്കുറിച്ച് പൗലൊസ് ഇപ്രകാരം എഴുതി, ''വാഴ്ചകളെയും അധികാരങ്ങളെയും ആയുധവര്‍ഗ്ഗം വയ്പ്പിച്ചു ക്രൂശില്‍ അവരുടെമേല്‍ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി' (കൊലൊസ്യര്‍ 2:15). തകര്‍ന്ന ഈ ലോകത്തിലെ വിനാശകരമായ ശക്തികള്‍ക്ക് അവനോടു പിടിച്ചുനില്‍ക്കാനാവില്ല!

ജീവിതത്തിലെ വ്യാളികള്‍ നമുക്ക് തോല്‍പ്പിക്കാനാവാത്തത്ര വളരെ വലുതാണെന്ന് നാം മനസ്സിലാക്കുന്ന നിമിഷമാണ് ക്രിസ്തുവിന്റെ രക്ഷയില്‍ വിശ്രമിക്കാന്‍ നാം തുടങ്ങുന്ന നിമിഷം. നമുക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും, ''നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിനു സ്‌തോത്രം' (1 കൊരിന്ത്യര്‍ 15:57).

വിടവാങ്ങലുകളും അഭിവാദനങ്ങളും

എന്റെ സഹോദരന്‍ ഡേവിഡ് ഹൃദയാഘാതത്തെത്തുടര്‍ന്ന് പെട്ടെന്ന് മരിച്ചപ്പോള്‍, ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ ഗണ്യമായി മാറി. ഏഴു മക്കളില്‍ നാലാമനായിരുന്നു ഡേവ്, എങ്കിലും ഞങ്ങളില്‍ നിന്ന് ആദ്യം അദ്ദേഹമാണു കടന്നുപോയത് - ആ കടന്നുപോക്കിന്റെ അപ്രതീക്ഷിത സ്വഭാവം എന്നെക്കുറിച്ചു തന്നെ ചിന്തിക്കാന്‍ വളരെയധികം സഹായിച്ചു. ഞങ്ങള്‍ക്കു പ്രായം വര്‍ദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളുടെ കുടുംബത്തിന്റെ ഭാവി, നേട്ടത്തേക്കാള്‍ അധികം നഷ്ടത്താല്‍ അടയാളപ്പെടുത്താന്‍ പോകുന്നുവെന്ന് ഞങ്ങള്‍ക്കു വ്യക്തമായി. ഇനി അഭിവാദനങ്ങളെക്കാള്‍ അധികം വിടപറയലുകളാണു വരാന്‍ പോകുന്നത്.

ഇതൊന്നും ബുദ്ധിപരമായി ആശ്ചര്യകരമല്ല, കാരണം അങ്ങനെയാണു ജീവിതം മുമ്പോട്ടുപോകുന്നത്. എന്നാല്‍ ഈ തിരിച്ചറിവ് തലച്ചോറിലേക്കുള്ള ഒരു വൈകാരിക മിന്നല്‍പ്പിണര്‍ പോലെ ആയിരുന്നു. ജീവിതം നമുക്ക് നല്‍കുന്ന ഓരോ അവസരത്തിനും ഇത് പുതിയ പ്രാധാന്യം നല്‍കി. ഭാവിയിലെ പുനഃസമാഗമം എന്ന യാഥാര്‍ത്ഥ്യത്തിന് ഇത് വലിയതും പുതിയതുമായ മൂല്യം നല്‍കി, കാരണം അവിടെ ഒരിക്കലും വിടപറയലിന്റെ ആവശ്യമില്ല.

വെളിപ്പാട് 21:3-4 ല്‍ നാം കാണുന്നതിന്റെ കാതലാണ് ഈ ആത്യന്തിക യാഥാര്‍ത്ഥ്യം: ''ദൈവം താന്‍ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവന്‍ അവരുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേത് കഴിഞ്ഞുപോയി.'

നീണ്ട വിടവാങ്ങലുകളുടെ കാലഘട്ടങ്ങള്‍ നാം അനുഭവിച്ചേക്കാമെങ്കിലും, ക്രിസ്തുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലുമുള്ള നമ്മുടെ വിശ്വാസം അഭിവാദനങ്ങള്‍ കൊണ്ടു നിറഞ്ഞ ഒരു നിത്യത നമുക്കു വാഗ്ദത്തം ചെയ്യുന്നു.

അവന്റെ മരണം ജീവന്‍ നല്‍കുന്നു

തെക്കേ അമേരിക്കയിലെ ജോവാന എന്ന സ്ത്രീ, ക്രിസ്തുവിന്റെ സുവിശേഷത്തിലൂടെ ജയിലുകളിലെ തടവുകാര്‍ക്ക് പ്രത്യാശ നല്‍കുന്നതില്‍ ശ്രദ്ധാലുവായിരുന്നു. തടവുകാര്‍ക്ക് ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും ലളിതമായ ഒരു സുവിശേഷ സന്ദേശം എത്തിക്കുന്നതിനായി ജൊവാന ദിനംപ്രതി തടവുകാരെ സന്ദര്‍ശിക്കാന്‍ തുടങ്ങി. അവള്‍ അവരുടെ വിശ്വാസം നേടി, അവരുടെ മോശമായ ബാല്യകാലത്തെക്കുറിച്ച് അവളോടു സംസാരിക്കാന്‍ അതവരെ പ്രേരിപ്പിച്ചു. ഒപ്പം ഭിന്നതകള്‍ പരിഹരിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗം അവള്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു. അവളുടെ സന്ദര്‍ശനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പുള്ള വര്‍ഷം ജയിലില്‍ തടവുകാര്‍ക്കും കാവല്‍ക്കാര്‍ക്കുമെതിരെ 279 അക്രമ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്; അടുത്ത വര്‍ഷം അതു കേവലം രണ്ടെണ്ണം മാത്രമായിരുന്നു.

അപ്പൊസ്തലനായ പൗലൊസ് എഴുതി, ''ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അത് പുതിയതായി തീര്‍ന്നിരിക്കുന്നു!'' (2 കൊരിന്ത്യര്‍ 5:17). ഫ്‌ളാന്‍ഡര്‍സ് തോമസ് രേഖപ്പെടുത്തിയതുപോലെ ആ പുതുക്കത്തെ അത്യധികം നാടകീയമായി നമുക്ക് എല്ലായ്‌പ്പോഴും കാണാന്‍ കഴിഞ്ഞില്ലെന്നു വന്നേക്കാം എങ്കിലും രൂപാന്തരം വരുത്താനുള്ള സുവിശേഷത്തിന്റെ ശക്തി തന്നെയാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ പ്രത്യാശ നല്‍കുന്ന ബലം. പുതിയ സൃഷ്ടികള്‍. എന്തൊരു അത്ഭുതകരമായ ചിന്ത! യേശുവിന്റെ മരണം അവനെപ്പോലെയാകാനുള്ള നമ്മുടെ യാത്രയ്ക്കു - അവനെ നാം മുഖാമുഖം കാണുമ്പോള്‍ അവസാനിക്കുന്ന ഒരു യാത്ര (1 യോഹന്നാന്‍ 3:1-3 കാണുക) - തുടക്കം കുറിക്കുന്നു.

യേശുവിലുള്ള വിശ്വാസികള്‍ എന്ന നിലയില്‍ നാം നമ്മുടെ ജീവിതത്തെ പുതിയ സൃഷ്ടികളെന്ന നിലയില്‍ ആഘോഷിക്കുന്നു. എന്നിരുന്നാലും ഇതിനുവേണ്ടി ക്രിസ്തു എന്തു വിലകൊടുത്തു എന്ന കാര്യം നാം ഒരിക്കലും മറക്കരുത്. അവന്റെ മരണം നമുക്ക് ജീവന്‍ നല്‍കുന്നു. 'പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്റെ നീതി ആകേണ്ടതിന് അവന്‍ നമുക്കു വേണ്ടി പാപം ആക്കി'' (2 കൊരിന്ത്യര്‍ 5:21).

നിറങ്ങളുടെ ഘോഷയാത്ര

പതിറ്റാണ്ടുകളായി ലണ്ടന്‍ ലോകത്തിലെ ഏറ്റവും വലിയ കോസ്‌മോപൊളിറ്റന്‍ നഗരങ്ങളിലൊന്നായിരുന്നു. 1933-ല്‍ ഒരു പത്രപ്രവര്‍ത്തകന്‍ ഇംഗ്ലണ്ടിന്റെ മഹത്തായ തലസ്ഥാനത്തെക്കുറിച്ച് ഇപ്രകാരം എഴുതി, ''ജനങ്ങളുടെയും നിറങ്ങളുടെയും ഭാഷകളുടെയും ഘോഷയാത്രയാണ് ലണ്ടനെ സംബന്ധിച്ച് ഏറ്റവും മികച്ച കാര്യമെന്നു ഞാന്‍ ഇപ്പോഴും കരുതുന്നു.'' ആഗോള സമൂഹത്തിന്റെ മിശ്രിത വാസനകളും ശബ്ദങ്ങളും കാഴ്ചകളും ഉള്ള ആ ''ഘോഷയാത്ര'' ഇന്നും ഇവിടെ കാണാം. ലോകത്തിലെ ഏറ്റവും മഹത്തായ നഗരങ്ങളിലൊന്നിന്റെ ആശ്ചര്യകരമായ ആകര്‍ഷണീയതയുടെ ഭാഗമാണ് വൈവിധ്യത്തിന്റെ സൗന്ദര്യം.

എന്നിരുന്നാലും, മനുഷ്യര്‍ വസിക്കുന്ന ഏതൊരു നഗരത്തെയും പോലെ, ലണ്ടനും പ്രശ്‌നങ്ങളില്ലാത്തതല്ല. മാറ്റം വെല്ലുവിളികള്‍ കൊണ്ടുവരുന്നു. സംസ്‌കാരങ്ങള്‍ ചിലപ്പോള്‍ ഏറ്റുമുട്ടുന്നു. മനുഷ്യന്റെ കൈകൊണ്ട് നിര്‍മ്മിച്ച ഒരു നഗരത്തെയും നമ്മുടെ നിത്യഭവനത്തിന്റെ അതിശയവുമായി താരതമ്യം ചെയ്യാന്‍ കഴിയാത്തതിന്റെ ഒരു കാരണം അതാണ്.

അപ്പൊസ്തലനായ യോഹന്നാന്‍ ദൈവസന്നിധിയില്‍ കയറിച്ചെന്നപ്പോള്‍, വൈവിധ്യം സ്വര്‍ഗ്ഗീയ ആരാധനയുടെ ഒരു ഘടകമാണെന്നു കണ്ടു, അതിനുദാഹരണമായിരുന്നു വീണ്ടെടുക്കപ്പെട്ടവരുടെ പാട്ട്: ''പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിക്കുവാനും നീ യോഗ്യന്‍; നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സര്‍വ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിനായി വിലയ്ക്കു വാങ്ങി; ഞങ്ങളുടെ ദൈവത്തിന് അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവച്ചു; അവര്‍ ഭൂമിയില്‍ വാഴുന്നു' (വെളിപ്പാട് 5:9-10).

സ്വര്‍ഗ്ഗത്തെക്കുറിച്ച് സങ്കല്‍പ്പിക്കുക: ജീവനുള്ള ദൈവത്തിന്റെ മക്കളെന്ന അത്ഭുതത്തെ ആഘോഷിക്കുന്ന ലോകത്തിലെ എല്ലാ ആളുകളുടെയും ഒരുമിച്ചുള്ള ഘോഷയാത്ര! യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍, ഇന്ന് നമുക്ക് ആ വൈവിധ്യം ആഘോഷിക്കാം.

അവന്റെ നടത്തിപ്പ് ആവശ്യമാകുമ്പോള്‍

പണ്ഡിതനായ കെന്നത്ത് ബെയ്ലിക്ക് സാക്കി അങ്കിള്‍ ഒരു സ്‌നേഹിതനെക്കാള്‍ അധികമായിരുന്നു; വിശാലമായ സഹാറ മരുഭൂമിയിലേക്കുള്ള അദ്ദേഹത്തിന്റെ സഹസിക യാത്രകളില്‍ വിശ്വസ്തനായ വഴികാട്ടിയായിരുന്നു അദ്ദേഹം. സാക്കി അങ്കിളിനെ പിന്തുടരുന്നതിലൂടെ, താനും സംഘവും അദ്ദേഹത്തിലുള്ള സമ്പൂര്‍ണ്ണ വിശ്വാസം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ബെയ്ലി പറയുന്നു. ചുരുക്കത്തില്‍ , ''ഞങ്ങള്‍ പോകുന്നിടത്തേക്കുള്ള വഴി ഞങ്ങള്‍ക്ക് അറിയില്ല, നിങ്ങള്‍ ഞങ്ങളെ വഴിതെറ്റിച്ചാല്‍ ഞങ്ങള്‍ എല്ലാവരും മരിക്കും. നിങ്ങളുടെ നേതൃത്വത്തില്‍ ഞങ്ങള്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ചു' എന്ന്് അവര്‍ സ്ഥിരീകരിക്കുകയായിരുന്നു.

വളരെ തളര്‍ച്ചയും ഹൃദയവേദനയും അനുഭവിച്ച ഒരു കാലഘട്ടത്തില്‍, ദാവീദ് ഏതൊരു മനുഷ്യ വഴികാട്ടിക്കും അപ്പുറത്തേക്ക് നോക്കി, താന്‍ സേവിക്കുന്ന ദൈവത്തിന്റെ നടത്തിപ്പ് അന്വേഷിച്ചു. സങ്കീര്‍ത്തനം 61:2-ല്‍ നാം ഇങ്ങനെ വായിക്കുന്നു: ''എന്റെ ഹൃദയം ക്ഷീണിക്കുമ്പോള്‍ ഞാന്‍ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിങ്കലേക്ക് എന്നെ നടത്തണമേ.' ദൈവസന്നിധിയില്‍ പുതുതായി പ്രവേശിക്കപ്പെടുന്നതിന്റെ സുരക്ഷിതത്വത്തിനും ആശ്വാസത്തിനും അവന്‍ ആഗ്രഹിച്ചു (വാ. 3-4).

'വഴിതെറ്റിപ്പോയ ആടുകള്‍'' എന്ന് തിരുവെഴുത്തുകള്‍ വിശേഷിപ്പിക്കുന്ന ആളുകള്‍ക്ക് ജീവിതത്തില്‍ ദൈവത്തിന്റെ മാര്‍ഗനിര്‍ദേശം വളരെ ആവശ്യമാണ് (യെശയ്യാവ് 53:6). നമ്മെ തനിയെ വിട്ടാല്‍, തകര്‍ന്ന ലോകത്തിന്റെ മരുഭൂമിയില്‍ നാം പ്രതീക്ഷകളില്ലാതെ നഷ്ടപ്പെട്ടുപോകും.

എന്നാല്‍ നമ്മെ തനിയെ വിടുന്നില്ല! നമ്മെ 'സ്വസ്ഥതയുള്ള വെള്ളത്തിനരികിലേക്ക്' നയിക്കുകയും നമ്മുടെ പ്രാണനെ തണുപ്പിക്കുകയും നമ്മെ നടത്തുകയും ചെയ്യുന്ന ഒരു ഇടയന്‍ നമുക്കുണ്ട്. (സങ്കീര്‍ത്തനം 23:2-3).

ഇന്ന് നിങ്ങള്‍ക്ക് അവിടുത്തെ നടത്തിപ്പ് എവിടെയാണ് വേണ്ടത്? അവനെ വിളിച്ചപേക്ഷിക്കുക. അവന്‍ ഒരിക്കലും നിങ്ങളെ കൈവിടുകയില്ല.