Category  |  odb

നാശത്തെ നശിപ്പിച്ചു

“പക്ഷിക്കുഞ്ഞുങ്ങൾ നാളെ പറക്കും!’’ ഞങ്ങളുടെ വീടിന്റെ പൂമുഖത്ത് ഒരു തൂക്കുകൊട്ടയിൽ കുരുവികളുടെ ഒരു കുടുംബം നടത്തുന്ന വളർച്ചയെക്കുറിച്ച് എന്റെ ഭാര്യ കാരി ആഹ്ലാദിച്ചു. അമ്മ കൂട്ടിലേയ്ക്ക് ഭക്ഷണം കൊണ്ടുവരുമ്പോൾ അവൾ ചിത്രമെടുക്കുകയും അവയെ ദിവസവും നിരീക്ഷിക്കുകയും ചെയ്തു.

അവയെ നോക്കാനായി കാരി പിറ്റേന്ന് രാവിലെ എഴുന്നേറ്റു. അവൾ കൂടിനെ മൂടിയിരുന്ന കുറച്ച് ഇലകൾ നീക്കി, പക്ഷേ കുഞ്ഞു പക്ഷികളെ കാണുന്നതിനു പകരം ഒരു പാമ്പിന്റെ ഇടുങ്ങിയ കണ്ണുകളാണ് അവളെ എതിരേറ്റത്. പാമ്പ് കൂടിന്റെ വശം തുരന്ന്, കൂടിനുള്ളിലേക്ക് കയറി, അവയെയെല്ലാം വിഴുങ്ങി.

കാരിയുടെ ഹൃദയം തകർന്നു, അവൾ കോപിച്ചു. ഞാൻ പട്ടണത്തിന് പുറത്തായിരുന്നു, അതിനാൽ പാമ്പിനെ നീക്കം ചെയ്യാൻ അവൾ ഒരു സുഹൃത്തിനെ വിളിച്ചു. എന്നാൽ നാശം സംഭവിച്ചുകഴിഞ്ഞിരുന്നു.

തന്റെ പാതയിൽ നാശം വിതച്ച മറ്റൊരു പാമ്പിനെക്കുറിച്ച്ുതിരുവെഴുത്തു പറയുന്നു. ഏദൻ തോട്ടത്തിലെ പാമ്പ് ഹവ്വയെ ചതിച്ചു: “നിങ്ങൾ മരിക്കയില്ല,’’ അവൻ കള്ളം പറഞ്ഞു. “അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു’’ (ഉല്പത്തി 3:4-5).

ദൈവത്തോടുള്ള ഹവ്വായുടെയും ആദാമിന്റെയും അനുസരണക്കേടിന്റെ ഫലമായി പാപവും മരണവും ലോകത്തിലേക്കു പ്രവേശിച്ചു, “പഴയ പാമ്പായ മഹാ സർപ്പം’’ ചെയ്ത വഞ്ചന തുടരുന്നു (വെളിപ്പാട് 20:2). എന്നാൽ യേശു വന്നത് “പിശാചിന്റെ പ്രവൃത്തികളെ അഴിക്കാനാണ്’’ (1 യോഹന്നാൻ 3:8), അവനിലൂടെ നാം ദൈവവുമായുള്ള ബന്ധത്തിലേക്കു പുനഃസ്ഥാപിക്കപ്പെടുന്നു. ഒരു ദിവസം, അവൻ “എല്ലറ്റിനെയും പുതിയതാക്കും’’ (വെളിപ്പാട് 21:5).

നിർബന്ധബുദ്ധിയായ പിസ്സ

പന്ത്രണ്ടാം വയസ്സിൽ, ഇബ്രാഹിം പശ്ചിമാഫ്രിക്കയിൽ നിന്ന് ഇറ്റലിയിൽ എത്തി, ഇറ്റാലിയൻ ഭാഷ അറിയാതെ, ആശയവിനിമയ പ്രശ്‌നവുമായി മല്ലിടുകയും, കുടിയേറ്റ വിരുദ്ധ നീക്കങ്ങൾ നേരിടാൻ നിർബന്ധിതനാകുകയും ചെയ്തു. അതൊന്നും പക്ഷേ കഠിനധ്വാനിയായ അവനെ തടഞ്ഞില്ല, തന്റെ ഇരുപതുകളിൽ, ഇറ്റലിയിലെ ട്രെന്റോയിൽ അവൻ ഒരു പിസ്സ കട തുറന്നു. ലോകത്തിലെ ഏറ്റവും മികച്ച അമ്പത് പിസേറിയകളിൽ ഒന്നായി അദ്ദേഹത്തിന്റെ ചെറിയ ബിസിനസ്സ് വളർന്നു.

ഇറ്റാലിയൻ തെരുവുകളിൽ വിശക്കുന്ന കുട്ടികൾക്ക് ഭക്ഷണം നൽകാൻ സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. അതിനാൽ ഒരു നേപ്പിൾസ് പാരമ്പര്യം വിപുലീകരിച്ചുകൊണ്ട് അദ്ദേഹം ഒരു “പിസ്സ ചാരിറ്റി’’ ആരംഭിച്ചു-അവിടെ ഉപഭോക്താക്കൾ വിശക്കുന്നവർക്കായി ഒരു അധിക കോഫി മുതൽ പിസ്സ വരെ വാങ്ങുന്നു കുടിയേറ്റക്കാരായ കുട്ടികളോട് മുൻവിധി ഉപേക്ഷിക്കാനും പിൻതിരിയാതിരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

എല്ലാവരോടും തുടർച്ചയായി നന്മ ചെയ്തുകൊണ്ട് നിർബന്ധ ബുദ്ധിയുള്ളവരായിരിക്കാൻ ഗലാത്യരെ പൗലൊസ് ഓർമ്മിപ്പിക്കുന്നു. “നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും’’ (ഗലാത്യർ 6:9). പൗലൊസ് തുടർന്നു, “ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക’’ (വാ. 10).

മുൻവിധികളും ഭാഷാ തടസ്സങ്ങളും നേരിട്ട ഒരു കുടിയേറ്റക്കാരനായ ഇബ്രാഹിം നന്മ ചെയ്യാനുള്ള അവസരം സൃഷ്ടിച്ചു. ഭക്ഷണം സഹിഷ്ണുതയിലേക്കും ധാരണയിലേക്കും നയിക്കുന്ന “പാലം’’ ആയിത്തീർന്നു. അത്തരം സ്ഥിരോത്സാഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നമുക്കും നല്ലത് ചെയ്യാനുള്ള അവസരങ്ങൾ തേടാം. അങ്ങനെയെങ്കിൽ, നമ്മുടെ നിരന്തരമായ പരിശ്രമത്തിലൂടെ ദൈവം പ്രവർത്തിക്കുമ്പോൾ അവനു മഹത്വം ലഭിക്കുന്നു.

ദൈവത്താൽ വീട്ടിലേക്ക് സ്വാഗതം ചെയ്യപ്പെട്ടു

മിയാമി യൂണിവേഴ്‌സിറ്റിക്കു വേണ്ടി അമേരിക്കൻ ഫുട്‌ബോൾ കളിക്കാൻ ഷെർമാൻ സ്മിത്ത് ഡെലാൻഡ് മക്കല്ലോയെ റിക്രൂട്ട് ചെയ്ത ശേഷം, ഷെർമാൻ അവനെ സ്‌നേഹിക്കാൻ ആരംഭിക്കുകയും ഡെലാൻഡിന് ഒരിക്കലും ഇല്ലാതിരുന്ന പിതാവായി മാറുകയും ചെയ്തു. ഡെലാന്റിന് ഷെർമാനോട് വലിയ ആരാധന ഉണ്ടായിരുന്നു, അദ്ദേഹത്തെപ്പോലെയാകാൻ അവൻ ലക്ഷ്യമിട്ടിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം, ഡെലാൻഡ് തന്റെ അമ്മയെ കണ്ടെത്തിയപ്പോൾ, “നിന്റെ പിതാവിന്റെ പേര് ഷെർമാൻ സ്മിത്ത്’’ ആണ് എന്നറിയിച്ച് അവനെ ഞെട്ടിച്ചു. അതെ, ആ ഷെർമാൻ സ്മിത്ത്. തനിക്ക് ഒരു മകനുണ്ടെന്ന് അറിഞ്ഞ് കോച്ച് സ്മിത്ത് അമ്പരന്നു, താൻ പിതൃതുല്യം കരുതുന്ന വ്യക്തി അക്ഷരാർത്ഥത്തിൽ തന്റെ പിതാവാണെന്നറിഞ്ഞ് ഡെലാൻഡ് അമ്പരന്നു!

അടുത്ത തവണ അവർ കണ്ടുമുട്ടിയപ്പോൾ, ഷെർമാൻ ഡിലാൻഡിനെ കെട്ടിപ്പിടിച്ച് പറഞ്ഞു, “എന്റെ മകൻ.’’ ഒരു പിതാവിൽ നിന്ന് ഡെലാൻഡ് അത് കേട്ടിട്ടില്ലായിരുന്നു. “ഞാൻ അഭിമാനിക്കുന്നു, ഇത് എന്റെ മകനാണ്,'' എന്ന സ്ഥാനത്തു നിന്നാണ് ഷെർമാൻ അത് പറയുന്നത് എന്ന് അവനറിയാമായിരുന്നു.

നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ പൂർണ്ണമായ സ്‌നേഹത്തിൽ നാമും മതിമറന്നവരായിരിക്കണം. യോഹന്നാൻ എഴുതുന്നു, “കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്‌നേഹം നല്കിയിരിക്കുന്നു!’’ (1 യോഹന്നാൻ 3:1). ഷെർമനെപ്പോലൊരാൾ തന്റെ അച്ഛനാകുമെന്ന് കരുതാൻ ധൈര്യപ്പെടാത്ത ഡിലാൻഡിനെപ്പോലെ നാമുംഅന്ധാളിച്ചുപോകുന്നു. അത് ശരിക്കും സത്യമാണോ? യോഹന്നാൻ ഉറപ്പിച്ചു പറയുന്നു, അതേ, 'അങ്ങനെ തന്നേ നാം ആകുന്നു!' (വാ. 1).

നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നുവെങ്കിൽ അവന്റെ പിതാവ് നിങ്ങളുടെയും പിതാവാണ്. നിങ്ങൾക്ക് അനാഥരായി, ലോകത്ത് ഒറ്റപ്പെട്ടതായി തോന്നിയേക്കാം. എന്നാൽ നിങ്ങൾക്ക് ഒരു പിതാവുണ്ട് എന്നതാണ് സത്യം - ഏക സമ്പൂർണ്ണൻ - നിങ്ങളെ അവന്റെ പൈതൽ എന്ന് വിളിക്കുന്നതിൽ അവൻ അഭിമാനിക്കുന്നു.

ദൈവത്തിന്റെ രക്ഷാപ്രവൃത്തി

അനുകമ്പയുള്ള ഒരു സന്നദ്ധസേവകൻ തന്റെ വീരോചിതമായ പ്രവൃത്തികൾക്ക് “കാവൽ മാലാഖ’’ എന്ന് വിളിക്കപ്പെട്ടു. ജെയ്ക്ക് മന്ന ജോലിസ്ഥലത്ത് സോളാർ പാനലുകൾ സ്ഥാപിച്ചുകൊണ്ടിരുന്ന ഇടത്തുനിന്നാണ്, കാണാതായ അഞ്ചു വയസ്സുകാരിയെ കണ്ടെത്താനുള്ള അടിയന്തര തിരച്ചിലിൽ പങ്കാളിയായത്. അയൽക്കാർ അവരുടെ ഗാരേജുകളിലും മുറ്റത്തും തിരഞ്ഞപ്പോൾ, മന്ന കാല്പാടുകൾ നോക്കി അടുത്തുള്ള വനപ്രദേശത്തേക്ക് നടക്കുകയും അവിടെ ഒരു ചതുപ്പിൽ അരയോളം ആഴത്തിൽ താണുപോയ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. അവൻ ആ ചേറിലേക്കിറങ്ങി കുട്ടിയെ രക്ഷിച്ച് അവളെ കേടുപാടുകൾ കൂടാതെ വീട്ടിലേക്കു കൊണ്ടുവന്നു. ചേറുപുരണ്ട കുഞ്ഞിനെ അവളുടെ അമ്മയെ ഏല്പിച്ചു. നന്ദിയോടെ അവൾ കുഞ്ഞിനെ ഏറ്റുവാങ്ങി.

ആ കൊച്ചു പെൺകുട്ടിയെപ്പോലെ ദാവീദും വിടുതൽ അനുഭവിച്ചു. കരുണയ്ക്കായുള്ള തന്റെ ഹൃദയംഗമമായ നിലവിളികളോട് ദൈവം പ്രതികരിക്കുന്നതിനായി സങ്കീർത്തനക്കാരൻ “ക്ഷമയോടെ കാത്തിരുന്നു’’ (സങ്കീർത്തനം 40:1). സഹായത്തിനായുള്ള അവന്റെ നിലവിളി ദൈവം കേട്ടു, അവന്റെ സാഹചര്യങ്ങളുടെ “നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും’’ അവനെ രക്ഷിച്ചുകൊണ്ട് പ്രതികരിച്ചു (വാ. 2) - ദാവീദിന്റെ ജീവിതത്തിന് ഉറപ്പുള്ള അടിത്തറ നൽകി. ജീവിതത്തിന്റെ ചെളി നിറഞ്ഞ ചതുപ്പിൽ നിന്ന് ഭൂതകാല രക്ഷാപ്രവർത്തനങ്ങൾ സ്തുതിഗീതങ്ങൾ ആലപിക്കാനും ഭാവി സാഹചര്യങ്ങളിൽ ദൈവത്തെ ആശ്രയിക്കാനും തന്റെ കഥ മറ്റുള്ളവരുമായി പങ്കിടാനുമുള്ള അവന്റെ ആഗ്രഹത്തെ ശക്തിപ്പെടുത്തി (വാ. 3-4).

സാമ്പത്തിക ബുദ്ധിമുട്ടുകൾ, ദാമ്പത്യ കലഹങ്ങൾ, അപര്യാപ്തതയുടെ വികാരങ്ങൾ എന്നിങ്ങനെയുള്ള ജീവിത വെല്ലുവിളികളിൽ നാം അകപ്പെടുമ്പോൾ, നമുക്ക് ദൈവത്തോട് നിലവിളിക്കുകയും അവൻ പ്രതികരിക്കുന്നതിനായി ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യാം (വാ. 1). അവിടുന്ന് അവിടെയുണ്ട്, നമ്മുടെ ആവശ്യസമയത്ത് നമ്മെ സഹായിക്കാനും നമുക്ക് നിൽക്കാൻ ഒരു ഉറച്ച ഇടം നൽകാനും അവിടുന്നു തയ്യാറാണ്.

പുത്രന്റെ വെളിച്ചം പ്രതിഫലിപ്പിക്കുക

ഞാൻ എന്റെ അമ്മയുമായി കലഹത്തിലായ ശേഷം, ഒടുവിൽ എന്റെ വീട്ടിൽ നിന്ന് ഒരു മണിക്കൂറിലധികം ദൂരെയുള്ള ഒരു സ്ഥലത്തുവെച്ച് എന്നെ കാണാൻ അമ്മ സമ്മതിച്ചു. എന്നാൽ അവിടെ എത്തിയപ്പോൾ, ഞാൻ അവിടെ എത്തുന്നതിന് മുമ്പ് അമ്മ അവിടെനിന്നു പോയി എന്ന് ഞാൻ മനസ്സിലാക്കി. എന്റെ ദേഷ്യത്തിൽ ഞാൻ അമ്മയ്ക്ക് ഒരു കുറിപ്പെഴുതി. എന്നാൽ സ്‌നേഹത്തിൽ പ്രതികരിക്കാൻ ദൈവം എന്നെ പ്രേരിപ്പിക്കുന്നതായി തോന്നിയതിനെ തുടർന്ന് ഞാൻ അത് മാറ്റിയെഴുതി. അമ്മ എന്റെ സന്ദേശം വായിച്ചതിനുശേഷം, എന്നെ വിളിച്ചു. ''നീ മാറിപ്പോയി,'' അമ്മ പറഞ്ഞു. യേശുവിനെക്കുറിച്ച് ചോദിക്കാനും ഒടുവിൽ അവനെ അവളുടെ സ്വന്ത രക്ഷകനായി സ്വീകരിക്കാനും എന്റെ അമ്മയെ നയിക്കാൻ ദൈവം എന്റെ കുറിപ്പ് ഉപയോഗിച്ചു.

മത്തായി 5-ൽ, തന്റെ ശിഷ്യന്മാർ ലോകത്തിന്റെ വെളിച്ചമാണെന്ന് യേശു സ്ഥിരീകരിക്കുന്നു (വാ. 14). അവൻ പറഞ്ഞു, “അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ’’ (വാ. 16). ക്രിസ്തുവിനെ നമ്മുടെ രക്ഷകനായി സ്വീകരിച്ചാലുടൻ നമുക്ക് പരിശുദ്ധാത്മാവിന്റെ ശക്തി ലഭിക്കുന്നു. അവൻ നമ്മെ രൂപാന്തരപ്പെടുത്തുന്നു, അങ്ങനെ നാം എവിടെ പോയാലും ദൈവത്തിന്റെ സത്യത്തിന്റെയും സ്‌നേഹത്തിന്റെയും ഉജ്ജ്വലമായ സാക്ഷികളാകാൻ നമുക്കു കഴിയും.

പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, നമുക്ക് ഓരോ ദിവസവും യേശുവിനെപ്പോലെ കൂടുതൽ കൂടുതൽ കാണപ്പെടുന്ന പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്തോഷകരമായ വെളിച്ചങ്ങളാകാം. നാം ചെയ്യുന്ന ഓരോ നല്ല കാര്യവും നന്ദിയുള്ള ആരാധനയുടെ ഒരു പ്രവൃത്തിയായി മാറുന്നു, അത് മറ്റുള്ളവർക്ക് ആകർഷകമായി തോന്നുകയും ഊർജ്ജസ്വലമായ വിശ്വാസമായി മനസ്സിലാക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിനു കീഴടങ്ങുമ്പോൾ, പുത്രന്റെ - യേശുവിന്റെ വെളിച്ചം പ്രതിഫലിപ്പിച്ചുകൊണ്ട് നമുക്ക് പിതാവിനെ ബഹുമാനിക്കാം.