Category  |  odb

പ്രാർത്ഥനയിൽ ഓർത്തു

ആഫ്രിക്കയിലെ ഒരു വലിയ പള്ളിയിൽ അവിടുത്തെ പാസ്റ്റർ മുട്ടിൽ നിന്ന് ദൈവത്തോടു പ്രാർത്ഥിച്ചു. “ഞങ്ങളെ ഓർക്കേണമേ”. പാസ്റ്ററുടെ അപേക്ഷ കേട്ടപ്പോൾ, ജനങ്ങളും കരഞ്ഞു കൊണ്ട് “ദൈവമേ, ഞങ്ങളെ ഓർക്കേണമേ” എന്ന് പ്രതിവാക്യം പറഞ്ഞു. യൂട്യൂബിൽ ഈ ദൃശ്യം കണ്ടുകൊണ്ടിരിക്കുമ്പോൾ ഞാനും അത്ഭുതപ്പെട്ട് കണ്ണീർ വാർത്തു. കുറച്ച് മാസങ്ങൾക്ക് മുൻപാണ് ഈ പ്രാർത്ഥന റെക്കോർഡ് ചെയ്തിട്ടുള്ളത്. എന്റെ ബാല്യകാലത്ത് ഞങ്ങളുടെ  കുടുംബത്തിന്റെ പാസ്റ്ററും ഇതേ അപേക്ഷ തന്നെയാണ് ദൈവത്തോട് ചെയ്തിരുന്നത്. “ദൈവമേ, ഞങ്ങളെ ഓർക്കേണമേ!”  എന്ന് കേട്ടിട്ടുള്ളത് ഞാൻ ഇപ്പോഴും ഓർക്കുന്നു.

ചെറിയ കുട്ടി എന്ന നിലക്ക് ,ആ പ്രാർത്ഥന കേൾക്കുമ്പോൾ ദൈവം പലപ്പോഴും നമ്മെ മറന്നു പോകുന്നുണ്ടോ എന്ന് ഞാൻ തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷെ ദൈവം എല്ലാം അറിയുന്നവനാണ് (സങ്കീർത്തനം  147:5; 1 യോഹന്നാൻ 3:20), അവൻ നമ്മെ എപ്പോഴും കണുന്നു (സങ്കീർത്തനം 3: 13-15),അളക്കാൻ കഴിയുന്നതിലും അപ്പുറം  നമ്മെ അവൻ സ്നേഹിക്കുന്നു (സങ്കീർത്തനം 33: 17- 19).

 ഹീബ്രു വാക്കായ സക്കാർ എന്ന് വെച്ചാൽ, ഓർക്കുക  എന്നാണർത്ഥമെങ്കിലും ദൈവം നമ്മെ”ഓർക്കുന്നു”, എന്നതിന് നമുക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് കൂടി വിവക്ഷയുണ്ട്. സക്കാർ എന്ന വാക്കിന് ഒരാൾക്കു വേണ്ടി പ്രവർത്തിക്കുക എന്ന അർത്ഥവുമുണ്ട്.. അതുകൊണ്ട്, ദൈവം നോഹയേയും അവന്റെ കൂടെ പെട്ടകത്തിൽ ഉണ്ടായിരുന്ന എല്ലാ കാട്ടുമൃഗങ്ങളേയും കന്നുകാലികളേയും “ഓർത്തപ്പോൾ”           “ ദൈവം ഭൂമിയിൽ ഒരു കാറ്റു അടിപ്പിച്ചു, വെള്ളം നിലച്ചു”(ഉല്പത്തി 8:1). മച്ചിയായിരുന്ന റാഹേലിനെ ദൈവം “ഓർത്തപ്പോൾ” “ ദൈവം അവളുടെ അപേക്ഷ കേട്ടു അവളുടെ ഗർഭത്തെ തുറന്നു. അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു” (30: 22-23). 

ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, ഞങ്ങളെ ഓർക്കേണമേ എന്നുള്ളത് എത്ര വലിയ ദൈവാശ്രയത്വത്തിന്റെ അപേക്ഷയാണ്! എങ്ങിനെയാണ് ഉത്തരം തരേണ്ടത് എന്ന് അവനാണ് തീരുമാനിക്കുന്നത്. നമ്മുടെ എളിയ പ്രാർത്ഥനകൾ ദൈവത്തെ ചലിപ്പിക്കാൻ കഴിയുന്നതാണെന്ന് അറിഞ്ഞു കൊണ്ട് നമുക്ക് പ്രാർത്ഥിക്കാം.

നന്നായി ചെയ്തു!

എന്റെ കൂട്ടുകാരനായ വിജയൻ എന്ന ഫുട്ട്ബോൾ കോച്ച് പരിശീലിപ്പിച്ചിരുന്ന സ്കൂൾ, സംസ്ഥാനതല മത്സരത്തിൽ നന്നായി പൊരുതി എങ്കിലും, തോറ്റുപോയി. എതിരാളികൾ കഴിഞ്ഞ രണ്ടു വർഷമായി തോറ്റു കൊടുക്കാത്തവരായിരുന്നു. ഞാൻ സഹതപിച്ചുകൊണ്ട്, വിജയന് ഒരു കത്തയച്ചു. അവൻ വളരെ ചുരുക്കത്തിൽ “ കുട്ടികൾ പൊരുതി!” എന്ന് മറുപടി തന്നു.

ഒരു പരിശീലകനും കളിക്ക് ശേഷം കളിക്കാരെ കളിയാക്കാറില്ല.കളിയിൽ അവർ എടുത്ത തെറ്റായ തീരുമാനങ്ങളേയോ, തെറ്റുകളേയോ , കുറിച്ച് ആരും വഴക്ക് പറയാറില്ല. മറിച്ച്  ചെറുപ്പക്കാരയ കളിക്കാരെ പ്രശംസിക്കേണ്ടിടത്തെല്ലാം  പരിശീലകർ പ്രശംസകൾ ചൊരിഞ്ഞു.

അതുപോലെ തന്നെ യേശുവിൽ വിശ്വസിക്കുന്നവർക്ക്, അവനിൽ നിന്ന് കഠിനമായ വാക്കുകളോ, വിധികളോ ഉണ്ടായിരിക്കുകയില്ല എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ക്രിസ്തുവിന്റെ വരവിൽ, നാം അവന്റെ മുന്നിൽ നിൽക്കുമ്പോൾ, അവൻ നമ്മെ നാണിപ്പിക്കുകയില്ല. അവനെ പിന്തുടരുന്നവരായ നാം എന്തു ചെയ്യുന്നു എന്ന് അവൻ കാണുന്നു (2 കൊരിന്ത്യർ 5:10; എഫേസ്യർ 6:8 . “നിങ്ങൾ പൊരുതി! നന്നായി ചെയ്തു”ഇതുപോലെ എന്തെങ്കിലും പറയുമായിരിക്കും എന്നാണ് ഞാൻ വിചാരിക്കുന്നത്. അപ്പോസ്തലനായ പൗലോസ്, “ഞാൻ നല്ല പോർ പൊരുതു”,  ദൈവത്തിന്റെ അംഗീകാരത്തിനായി നോക്കി പാർത്തിരിക്കുന്നു എന്നും സാക്ഷ്യപ്പെടുത്തുന്നു (2 തിമോത്തി 4: 7-8).

ജീവിതം എന്നത് നമ്മെ നശിപ്പിക്കാൻ വേണ്ടി  ഒരുങ്ങി നിൽക്കുന്ന  ക്രൂരനും ഒരിക്കലും വഴങ്ങാത്തവനുമായ സാത്താനോടുള്ള നിരന്തരമായ ഒരു യുദ്ധമാണ്. യേശുവിനെ പോലെയാകുവാനും മററുള്ളവരെ സ്നേഹിക്കുവാനുമുള്ള  നമ്മുടെ ഓരോ പരിശ്രമത്തെയും  സാത്താൻ എതിർത്തു കൊണ്ടേയിരിക്കും. അവിടെ കുറച്ച്  നല്ല ജയങ്ങളും, കുറേ ഹൃദയഭേദകമായ നഷ്ടങ്ങളും ഉണ്ടാകും; ദൈവത്തിന് അറിയാം - എന്നാൽ ക്രിസ്തുയേശുവിലുള്ളവർക്ക് ശാശ്വതമായ ശിക്ഷാവിധി ഉണ്ടാകുകയില്ല (റോമർ 8:1). ദൈവത്തിന്റെ പുത്രനിലുള്ള യോഗ്യതയുടെ അടിസ്ഥാനത്തിൽ  നാം അവന്റെ മുമ്പിൽ നിൽക്കേണ്ടി വരുമ്പോൾ, നാം ഓരോരുത്തർക്കും ദൈവത്തിൽനിന്നും “ പുകഴ്ച ലഭിക്കും” (1 കൊരിന്ത്യർ 4: 5)

മനോഹരമായി തകർന്നത്

ഞങ്ങളുടെ ബസ്സ് അവസാനം ഞങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേർന്നു – ഇസ്രായേലിലെ ഒരു പുരാവസ്തു ഗവേഷണ കേന്ദ്രത്തിൽ, ഞങ്ങൾക്കു തന്നെ കുറച്ച് ഖനനം ചെയ്യാവുന്ന സ്ഥലത്ത്. ഞങ്ങളുടേതായി ഖനനം ചെയ്ത് എടുത്തതെല്ലാം ആയിരം വർഷങ്ങളോളമായി ആരും സ്പർശിക്കാത്തതായിരുന്നെന്ന് അവിടുത്തെ ഡയറക്ടർ വിവരിച്ച് തന്നു.കളിമൺ പാത്രങ്ങളുടെ കഷ്ണങ്ങൾ കുഴിച്ചെടുക്കുമ്പോൾ ഞങ്ങളും ചരിത്രത്തെ തൊടുകയാണെന്ന ഒരു വൈകാരികത തോന്നി. കുറേ നീണ്ട സമയത്തിനു ശേഷം ഞങ്ങളെ അവർ വേറൊരു ജോലി സ്ഥലത്തേക്ക് കൊണ്ടുപോയി; അവിടെ വളരെയധികം വർഷങ്ങൾക്ക് മുമ്പ് തകർന്നു പോയ വലിയ പൂപ്പാത്രങ്ങളുടെ പൊട്ടി വേർപെട്ട കഷ്ണങ്ങൾ എല്ലാം തിരികെ ഒരുമിച്ചു ചേർത്തുകൊണ്ടിരിക്കുകയായിരുന്നു.

ഇതൊരു പ്രതീകാത്മക കാര്യമായിരിക്കുന്നു! വർഷങ്ങൾക്ക് മുമ്പ് തകർന്ന മൺപാത്രങ്ങളുടെ പുന:സൃഷ്ടി നടത്തുന്ന ആ കരകൗശല വിദഗ്ദർ, തകർന്നതിനെ യഥാസ്ഥാനപ്പെടുത്താൻ ഇഷ്ടപ്പെടുന്ന ദൈവത്തെ ഓർമ്മിപ്പിക്കുന്നു.  സങ്കീർത്തനം 31:12ൽ, ദാവീദ് എഴുതി: “മരിച്ചു പോയവനെപ്പോലെ എന്നെ മറന്നു കളഞ്ഞിരിക്കുന്നു. ഞാൻ ഒരു ഉടഞ്ഞ പാത്രം പോലെ ആയിരിക്കുന്നു”. ഈ സങ്കീർത്തനം എഴുതിയ സന്ദർഭം ഇവിടെ സൂചിപ്പിക്കുന്നില്ലെങ്കിലും,  ദാവീദിന്റെ ജീവിതത്തിലെ പ്രയാസങ്ങളാണ് പലപ്പോഴും അവന്റെ വിലാപത്തിന്റെ ധ്വനിയായി മാറുന്നത് എന്നത്  ഈ സങ്കീർത്തനത്തിന്റെ കാര്യത്തിലും ശരിയാകാം. ഇതിൽ വിവരിക്കുന്നത് അപകടങ്ങളും, ശത്രുക്കളും, നിരാശയും നിമിത്തം അവൻ തകർന്നു പോയിരിക്കുന്നു എന്നാണ്.

അതുകൊണ്ട്, സഹായത്തിനായി എവിടെയ്ക്കാണ് അവൻ ശ്രദ്ധ തിരിച്ചത്? വാക്യം 16 ൽ ദാവീദ് ദൈവത്തോട്  കരയുന്നുണ്ട്, “ അടിയന്റെ മേൽ തിരുമുഖം പ്രകാശിപ്പിക്കേണമേ ; നിന്റെ ദയയാൽ എന്നെ രക്ഷിക്കേണമേ.”

ദാവീദിന്റെ വിശ്വാസത്തിന്റെ ശരണമായിരുന്ന ആ ദൈവം തന്നെയാണ്  ഇന്നും തകർന്ന് പോയതിനെ കൂട്ടിച്ചേർക്കുന്നവൻ. അതിനായി അവനെ വിളിച്ച് അപേക്ഷിക്കുവാനും, അവന്റെ മാറ്റമില്ലാത്ത സ്നേഹത്തിൽ വിശ്വസിക്കുവാനും മാത്രമാണ് അവൻ ആവശ്യപ്പെടുന്നത്.

ദൈവത്തിന്റെ മക്കൾ

എസ്തേർ , കഠിനമായ ശാരീരിക വൈകല്യമുള്ള തന്റെ മകളുമായി ഒരു തുണിക്കടയിൽ കയറി ചെന്നു. കൗണ്ടറിന്റെ പുറകിലിരുന്ന മനുഷ്യൻ അവരെ ദ്വേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു, അയാളുടെ കണ്ണുകളിൽ ആ കുട്ടിയുടെ സാന്നിദ്ധ്യത്തോടുള്ള നിശബ്ദ പ്രതിഷേധം പ്രകടമായിരുന്നു – അതിന്റെ കാരണം അവൾ ഒരു ഓട്ടിസം ബാധിച്ച കുട്ടിയായിരുന്നു.

ഇത്തരം കഠിനമായ തുറിച്ചു നോട്ടങ്ങൾ എസ്തേറിന് വളരെ പരിചിതമായിരുന്നു. തന്റെ മകളുടെ ഈ അവസ്ഥമൂലം അടുത്ത ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നുപോലുമുള്ള പെരുമാറ്റം അവളിൽ ദ്വേഷ്യവും മനോവ്യഥയും ഉണ്ടാക്കിയിട്ടുണ്ട്; ആളുകൾക്ക് ഈ പെരുമാറ്റമൊന്നും ഉൾക്കൊള്ളാൻ കഴിയില്ല എന്നത് ഒരു അമ്മ എന്ന നിലയിലുള്ള തന്റെ സ്ഥിതിയിൽ  അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. തന്റെ മകളെ ബലമായി പിടിച്ച് നിർത്തി, വിൽപ്പനക്കാരനെ രൂക്ഷമായി നോക്കിക്കൊണ്ട് , സാധനങ്ങൾ വാങ്ങി രോഷത്തോടെ കാറിന്റെ അടുത്തേക്ക് പോയി.

 കാറിൽ ഇരിക്കുമ്പോൾ തനിക്ക് തോന്നിയ വിദ്വേഷത്തെ കുറിച്ച് കുറ്റബോധം തോന്നി. മകളുടെ കുറവുകളെ കണ്ട് അവരെ മാറ്റി നിർത്താൻ ശ്രമിക്കുന്നവരോടു ക്ഷമിക്കുവാൻ കഴിയുന്ന മനസ്സ് നൽകേണമേ, എന്ന് അവൾ ദൈവത്തോട് പ്രാർത്ഥിച്ചു. ഒരു അമ്മ എന്ന നിലക്ക് ഒന്നിനും കൊള്ളാത്തവൾ എന്ന് തോന്നുന്ന അവസ്ഥയെ മറികടക്കാൻ അവളെ സഹായിക്കണമേ എന്നും  ദൈവത്തിന്റെ പ്രിയ മകളാണെന്ന അവളുടെ ശരിയായ വ്യക്തിത്വത്തെ അംഗീകരിക്കുവാൻ സഹായിക്കേണമേ എന്നും ദൈവത്തോട് പ്രാർത്ഥിച്ചു.

അപ്പോസ്തലനായ പൗലോസ് പ്രഖ്യാപിക്കുന്നത് യേശുവിൽ വിശ്വസിക്കുന്നവർ എല്ലാം “ വിശ്വാസത്താൽ ദൈവത്തിന്റെ മക്കൾ ആകുന്നു”, എന്നും ഒരുപോലെ വിലയുള്ളവരും മനോഹരമായി വിഭിന്നരുമാണെന്നാണ്. ഒന്നിച്ച് പ്രയത്നിക്കുവാനായി ദൃഢമായി ബന്ധിപ്പിക്കപ്പെട്ടവരും മനപ്പൂർവ്വമായി രൂപകല്പന ചെയ്യപ്പെട്ടവരുമാണ്  നാം. (ഗലാത്യർ3:26-29). ദൈവം സ്വന്തം പുത്രനെ നമ്മെ വീണ്ടെടുക്കുന്നതിനായിട്ടാണ് അയച്ചിരിക്കുന്നത്, നമ്മുടെ പാപമോചനത്തിനായി ക്രൂശിൽ ചിന്തപ്പെട്ട രക്തത്താൽ നാം ഏവരും ഒരു കുടുംബമായി തീർന്നു (4 : 4-7). ദൈവത്തിന്റെ പ്രതിച്ഛായയുള്ള നമ്മുടെ വില നിർണ്ണയിക്കുന്നത് മറ്റുള്ളവരുടെ അഭിപ്രായങ്ങളോ, പ്രതീക്ഷകളോ, മുൻ വിധികളോ ഒന്നുമല്ല.

നമ്മൾ എന്താകുന്നു ?  നാം ദൈവത്തിന്റെ മക്കളാകുന്നു.

ഞാൻ അവന്റെ കൈകളാകുന്നു

ജിയ ഹൈക്സിയക്ക് 2000-ൽ കാഴ്ച നഷ്ടപ്പെട്ടു. അവന്റെ കൂട്ടുകാരൻ ജിയാ വെൻക്വിക്ക് ബാല്യത്തിൽ തന്നെ അവന്റെ കയ്യുകൾ നഷ്ടപ്പെട്ടിരുന്നു. അവരുടെ പരിമിതികളിൽ നിന്നും കൊണ്ടുതന്നെ അവർ ഒരു വഴി കണ്ടുപിടിച്ചു. – “ഞാൻ അവന്റെ കൈകളും അവൻ എന്റെ കണ്ണുകളും” ആണെന്നായിരുന്നു ഹൈക്സിയ പറയുന്നത്. അവർ രണ്ടുപേരും ചേർന്ന് ചൈനയിലെ അവരുടെ ഗ്രാമത്തെ തന്നെ രൂപാന്തരപ്പെടുത്തി.

2002 മുതൽ, ഈ കൂട്ടുകാർ അവരുടെ അടുത്തുള്ള ഒരു തരിശുനിലം പുനർജീവിപ്പിക്കുന്ന ഒരു ദൗത്യത്തിലായിരുന്നു. ഓരോ ദിവസവും ഹൈക്സിയ, വെൻക്വിയുടെ പുറത്തു കയറി ഒരു നദി കടന്നാണ് ഈ സ്ഥലത്തേക്ക് പോയിരുന്നത്. വെൻക്വിയുടെ തോളിന്റെയും കവിളിന്റെയും ഇടയിൽ വെച്ചിരിക്കുന്ന ഒരു വടിയിൽ ഒരു ബക്കറ്റ് വെച്ച് കെട്ടി കൊടുക്കുന്നതിനു മുൻപ്, വെൻക്വി അവന്റെ കാലുകൊണ്ട് ഒരു ഷവൽ ഹൈക്സിയയുടെ കൈകളിൽ കൊടുക്കും. ഒരാൾ കുഴിക്കും മറ്റേ ആൾ വെള്ളം ഒഴിക്കും, രണ്ടു പേരും ചേർന്ന് – 10000-ൽ അധികം ചെടികൾ നട്ടു പിടിപ്പിച്ചു. “ഒരുമിച്ച് ജോലി ചെയ്യുമ്പോൾ, ഞങ്ങൾ കുറവുള്ളവരാണെന്ന് തോന്നുകയേയില്ല” എന്നും “ഞങ്ങൾ ഒരു ടീം ആണ്” എന്നും ഹൈക്സിയ പറഞ്ഞു.

അപ്പോസ്തലനായ പൗലോസ് സഭയെ ഒരു ശരീരമായാണ് കാണുന്നത്. ഓരോ ഭാഗവും പ്രവർത്തിക്കുന്നതിന് മറ്റൊന്നിനെ ആവശ്യമുണ്ട്. സഭ മുഴുവൻ കണ്ണ് ആണെങ്കിൽ, ആരും കേൾക്കില്ല. എല്ലാം ചെവി ആണെങ്കിൽ മണമെന്തെന്ന് മനസ്സിലാവുകയില്ല (1 കൊരിന്ത്യർ 12:14-17). “കണ്ണിന് കൈയോടു: നിന്നെകൊണ്ടു എനിക്ക് ആവശ്യമില്ല എന്ന് പറഞ്ഞു കൂടാ” എന്ന് പൗലോസ് പറയുന്നു (വാ. 21). നാം ഓരോരുത്തരും അവരവരുടെ ആത്മീയ വരങ്ങൾക്കനുസരിച്ച് ഓരോ കർത്തവ്യം ചെയ്യുന്നു(വാ.7-11, 18 ). ജിയ ഹൈക്സിയുടേയും ജിയ വെൻക്വിയുടേയും പോലെ നാം നമ്മുടെ ശക്തികളെ സംയോജിപ്പിച്ചാൽ ഈ ലോകത്തിൻ മാറ്റങ്ങൾ കൊണ്ടു വരുവാൻ കഴിയും. 

രണ്ടു പേർ അവരുടെ കഴിവുകളെ സംയോജിപ്പിച്ചപ്പോൾ ഒരു തരിശുഭൂമി പുനർജീവിച്ചു. ഒരു സഭ മുഴുവനായി പ്രവർത്തിച്ചാൽ എന്തെല്ലാം ചെയ്യുവാൻ സാധിക്കും!