തിളങ്ങുന്ന നക്ഷത്രങ്ങള്‍
എനിക്കു കണ്ണുകള്‍ അടച്ചുകൊണ്ട് ഞാന്‍ വളര്‍ന്ന വീട്ടിലേക്കു തിരികെ പോകാന്‍ കഴിയും. ഞാന്‍ എന്റെ പിതാവിനോടൊപ്പം നക്ഷത്രനിരീക്ഷണം നടത്തിയത് ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ബൈനോക്കുലര്‍ ഞങ്ങള്‍ മാറിമാറി ഉപയോഗിച്ചുകൊണ്ട് മിന്നിത്തിളങ്ങുന്ന കൊച്ചുകൊച്ചു പൊട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ചൂടും തീയും ആയി ജനിച്ച ഈ പ്രകാശത്തിന്റെ പൊട്ടുകള്‍ മിനുസമാര്‍ന്ന, മഷിക്കറുപ്പുള്ള ആകാശത്തിന്റെ പശ്ചാത്തലത്തില്‍ വേറിട്ടു നിന്നു.
നിങ്ങളെത്തന്നെ ഒരു തിളങ്ങുന്ന നക്ഷത്രമായി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ സംസാരിക്കുന്നത് മനുഷ്യനേട്ടത്തിന്റെ ഉയരങ്ങളിലെത്തുന്നതിനെക്കുറിച്ചല്ല, മറിച്ച് തകര്‍ച്ചയുടെയും തിന്മയുടെയും ഇരുണ്ട പശ്ചാത്തലത്തിനെതിരെ നില്‍ക്കുന്നതിനെക്കുറിച്ചാണ്. “അവര്‍ ജീവന്റെ വചനം പ്രമാണിക്കുകയും'' പിറുപിറുപ്പും തര്‍ക്കവും ഒഴിവാക്കുകയും ചെയ്താല്‍ ദൈവം അവരിലും അവരിലൂടെയും പ്രകാശിക്കുമെന്ന് അപ്പൊസ്തലനായ പൗലൊസ് ഫിലിപ്പിയിലെ വിശ്വാസികളോടു പറഞ്ഞു (ഫിലിപ്പിയര്‍ 2:14-16).
മറ്റ് വിശ്വാസികളുമായുള്ള നമ്മുടെ ഐക്യവും ദൈവത്തോടുള്ള വിശ്വസ്തതയും നമ്മെ ലോകത്തില്‍നിന്ന് അകറ്റുന്നു. ഇവ സ്വാഭാവികമായി വരുന്നില്ല എന്നതാണ് പ്രശ്‌നം. പ്രലോഭനങ്ങളെ മറികടക്കാന്‍ നാം നിരന്തരം പരിശ്രമിക്കുന്നതിനാല്‍, ദൈവവുമായി അടുത്ത ബന്ധം നിലനിര്‍ത്താന്‍ കഴിയും. നമ്മുടെ ആത്മീയ സഹോദരീസഹോദരന്മാരുമായി ഐക്യപ്പെടാന്‍ നാം സ്വാര്‍ത്ഥതയ്‌ക്കെതിരെ പോരാടുന്നു.
എന്നിട്ടും പ്രത്യാശയ്ക്കു വകയുണ്ട്. ഓരോ വിശ്വാസിയിലും ജീവിക്കുന്ന ദൈവത്തിന്റെ ആത്മാവ് സ്വയനിയന്ത്രണമുള്ളവരും ദയയുള്ളവരും വിശ്വസ്തരുമായിരിക്കാന്‍ നമ്മെ ശക്തിപ്പെടുത്തുന്നു (ഗലാത്യര്‍ 5:22-23). നമ്മുടെ സ്വാഭാവിക ശേഷിക്ക് അപ്പുറത്തേക്കു ജീവിക്കാന്‍ നമ്മെ വിളിച്ചിരിക്കുന്നതിനാല്‍ ദൈവത്തിന്റെ അമാനുഷിക സഹായം ഇതു സാധ്യമാക്കുന്നു (ഫിലിപ്പിയര്‍ 2:13). ഓരോ വിശ്വാസിയും ആത്മാവിന്റെ ശക്തിയാല്‍ ഒരു 'തിളങ്ങുന്ന നക്ഷത്രം' ആയിത്തീര്‍ന്നാല്‍, ദൈവത്തിന്റെ വെളിച്ചം നമുക്കു ചുറ്റുമുള്ള അന്ധകാരത്തെ എങ്ങനെ അകറ്റുമെന്നു ചിന്തിക്കുക!

അകത്തേക്കു സ്വീകരിക്കപ്പെട്ടു
എന്റെ പ്രായംചെന്ന നായ, എന്റെ അരികിലിരുന്ന് ആകാശത്തേക്ക് ഉറ്റുനോക്കുമായിരുന്നു. എന്തായിരിക്കും അവള്‍ ചിന്തിച്ചിരുന്നത്? ഞാന്‍. അവളുടെ ചിന്തകളെക്കുറിച്ച് എനിക്കറിയാവുന്ന ഒരു കാര്യം, അവള്‍ മരണത്തെക്കുറിച്ചായിരുന്നില്ല ചിന്തിച്ചിരുന്നത് എന്നതാണ്. കാരണം നായ്ക്കള്‍ക്ക് “അറിവില്ല.'' അവ ഭാവി കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ല. പക്ഷേ നാം ചിന്തിക്കുന്നു. നമ്മുടെ പ്രായമോ ആരോഗ്യമോ സമ്പത്തോ എന്തുതന്നെയായിരുന്നാലും, ചിലപ്പോഴൊക്കെ മരിക്കുന്നതിനെക്കുറിച്ചു നാം ചിന്തിക്കാറുണ്ട്. അതിനു കാരണം, സങ്കീര്‍ത്തനം 49:20 അനുസരിച്ച് മൃഗങ്ങളില്‍നിന്നു വ്യത്യസ്തമായി, നമുക്ക് 'അറിവുണ്ട്.' നാം മരിക്കുമെന്നു നമുക്കറിയാം, അതിനെക്കുറിച്ചു നമുക്ക് ഒന്നും ചെയ്യാനാകില്ല. “അവനെ വീെണ്ടടുക്കുവാനോ ദൈവത്തിനു വീെണ്ടടുപ്പുവില കൊടുക്കുവാനോ ആര്‍ക്കും കഴിയുകയില്ല’’ (വാ. 7). ശവക്കുഴിയില്‍ നിന്നു സ്വയം വാങ്ങാന്‍ ആര്‍ക്കും മതിയായ പണമില്ല.
എന്നാല്‍ മരണത്തിന്റെ അന്തിമാവസ്ഥയില്‍ നിന്നു രക്ഷപെടാന്‍ ഒരു വഴിയുണ്ട്: “എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തില്‍നിന്നു വീെണ്ടടുക്കും’’ എന്നു സങ്കീര്‍ത്തനക്കാരന്‍ പറയുന്നു. 'അവന്‍ എന്നെ കൈക്കൊള്ളും'' (“അവിടുന്ന് എന്നെ തന്നിലേക്കു എടുക്കും’’ എന്ന് അക്ഷരീയാര്‍ത്ഥം). റോബര്‍ട്ട് ഫ്രോസ്റ്റ് പറഞ്ഞു, നിങ്ങള്‍ അവിടെ പോകേണ്ടിവരുമ്പോള്‍, അവര്‍ നിങ്ങളെ അകത്തേക്കു കൊണ്ടുപോകേണ്ടുന്ന സ്ഥലമാണു വീട്. ''എല്ലാവര്‍ക്കും വേണ്ടി മറുവിലയായി തന്നെത്താന്‍ കൊടുത്ത'' തന്റെ പുത്രനിലൂടെ ദൈവം നമ്മെ മരണത്തില്‍നിന്നു വീണ്ടെടുത്തു (1 തിമൊ. 2:6). അങ്ങനെ നമ്മുടെ സമയം വരുമ്പോള്‍ അവിടുന്നു നമ്മെ അഭിവാദ്യം ചെയ്യുകയും നമ്മെ അകത്തേക്കു സ്വീകരിക്കുകയും ചെയ്യുമെന്ന് യേശു വാഗ്ദത്തം ചെയ്തു (യോഹന്നാന്‍ 14:3).
എന്റെ സമയം വരുമ്പോള്‍, എന്റെ ജീവിതത്തിന്റെ വില ദൈവത്തിനു നല്‍കിയ യേശു, നീട്ടിയ കൈകളുമായി എന്നെ പിതാവിന്റെ ഭവനത്തിലേക്ക് സ്വാഗതം ചെയ്യും.

സമൃദ്ധിയായ ജലം
കഠിനമായ വരള്‍ച്ചയുടെയും ചൂടിന്റെയും തീയുടെയും 'കദന കഥയാണ്' റിപ്പോര്‍ട്ടില്‍ വിവരിച്ചിരിക്കുന്നത്. വളരെക്കുറവു മാത്രം മഴ ലഭിച്ച, ഉണങ്ങിവരണ്ട പാടത്തെ തീപടരാന്‍ സഹായിക്കുന്ന ഇന്ധനമാക്കി മാറ്റിയ ഭയാനകമായ ഒരു വര്‍ഷത്തെക്കുറിച്ച് റിപ്പോര്‍ട്ടു വിവരിച്ചു. മത്സ്യങ്ങള്‍ ചത്തു. ആളിപ്പടര്‍ന്ന അഗ്നി നാട്ടിന്‍പുറങ്ങളെ ചാമ്പലാക്കി. മത്സ്യങ്ങള്‍ ചത്തു. കൃഷി പരാജയപ്പെട്ടു. എല്ലാം സംഭവിച്ചത് നമ്മള്‍ പലപ്പോഴും നിസ്സാരമായി എടുക്കുന്ന ലളിതമായ ഒന്ന് (വെള്ളം) അവര്‍ക്കില്ലായിരുന്നു. നമുക്കെല്ലാവര്‍ക്കും ജീവിക്കാന്‍ അതാവശ്യമാണ്.
യിസ്രായേലിനും ഭയപ്പെടുത്തുന്ന ആ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. പൊടി നിറഞ്ഞതും തരിശായതുമായ മരുഭൂമിയില്‍ ആളുകള്‍ പാളയമടിച്ചിരിക്കുമ്പോള്‍, ഭയപ്പെടുത്തുന്ന ഈ വരികള്‍ നാം വായിക്കുന്നുു: “അവിടെ ജനത്തിനു കുടിപ്പാന്‍ വെള്ളമില്ലായിരുന്നു’’ (പുറപ്പാട് 17:1). ജനങ്ങള്‍ ഭയപ്പെട്ടു. അവരുടെ തൊണ്ട വരണ്ടു. മണല്‍ അവരെ പൊള്ളിച്ചു. അവരുടെ മക്കള്‍ക്കു ദാഹിച്ചു. പരിഭ്രാന്തരായ ആളുകള്‍ വെള്ളം ആവശ്യപ്പെട്ട് “മോശെയോടു കലഹിച്ചു’’ (വാ. 2). എന്നാല്‍ മോശയ്ക്ക് എന്തു ചെയ്യാന്‍ കഴിയും? മോശെക്കു ദൈവത്തിങ്കലേക്കു ചെല്ലാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.
ദൈവം മോശയ്ക്കു വിചിത്രമായ ഒരു നിര്‍ദ്ദേശം നല്‍കി: “വടിയും കൈയില്‍ എടുത്തു ... കടന്നുപോകുക.... നീ പാറയെ അടിക്കണം; ഉടനെ ജനത്തിനു കുടിക്കുവാന്‍ വെള്ളം അതില്‍നിന്നു പുറപ്പെടും'' (വാ. 5-6). മോശെ പാറയെ അടിച്ചു, ഒരു നദി ഒഴുകി, ജനങ്ങള്‍ക്കും അവരുടെ കന്നുകാലികള്‍ക്കും സമൃദ്ധിയായി ജലം ലഭിച്ചു. തങ്ങളുടെ ദൈവം തങ്ങളെ സ്‌നേഹിക്കുന്നുവെന്ന് ആ ദിവസം യിസ്രായേല്‍ അറിഞ്ഞു. അവരുടെ ദൈവം സമൃദ്ധമായ വെള്ളം നല്‍കി.
നിങ്ങള്‍ ജീവിതത്തില്‍ വരള്‍ച്ചയോ മരുഭൂമിയുടെ അനുഭവമോ അനുഭവിക്കുകയാണെങ്കില്‍, ദൈവം അതിനെക്കുറിച്ച് ബോധവാനാണെന്നും അവന്‍ നിങ്ങളോടൊപ്പമുണ്ടെന്നും മനസ്സിലാക്കുക. നിങ്ങളുടെ ആവശ്യം എന്തുതന്നെയായാലും, നിങ്ങളുടെ ഇല്ലായ്മ എന്തുതന്നെയായാലും, അവന്റെ സമൃദ്ധമായ ജലത്തില്‍ നിങ്ങള്‍ പ്രത്യാശയും ഉന്മേഷവും കണ്ടെത്തും.

പുതുക്കിയ ദര്‍ശനം
എന്റെ ഇടതു കണ്ണിന്റെ വേദനാജനകമായ ഒരു ശസ്ത്രക്രിയയ്ക്കു ശേഷം, ഡോക്ടര്‍ ഒരു കാഴ്ച പരിശോധന ശുപാര്‍ശ ചെയ്തു. ആത്മവിശ്വാസത്തോടെ, ഞാന്‍ എന്റെ വലതു കണ്ണു മൂടി ചാര്‍ട്ടിലെ ഓരോ വരിയും എളുപ്പത്തില്‍ വായിച്ചു. എന്റെ ഇടതു കണ്ണു മൂടിയപ്പോള്‍ ഞാന്‍ കിതച്ചു. ഞാന്‍ ഇത്ര അന്ധയാണെന്നു ഞാന്‍ എന്തുകൊണ്ടു മനസ്സിലാക്കിയില്ല?
പുതിയ കണ്ണട വെച്ച് കാഴ്ചശക്തി വര്‍ദ്ധിപ്പിച്ചപ്പോഴാണ് എന്റെ ആത്മീയ അന്ധതയെക്കുറിച്ചു ഞാന്‍ ബോധവതിയായത്. എന്റെ വേദനയിലും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിലും, എനിക്കു കാണാന്‍ കഴിയുന്ന കാര്യങ്ങളില്‍ മാത്രം ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍, നിത്യനും മാറ്റമില്ലാത്തവനുമായ ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ചു ഞാന്‍ അന്ധയാകുകയായിരുന്നു. അത്തരമൊരു പരിമിതമായ കാഴ്ചപ്പാടില്‍, പ്രത്യാശ എന്നത് കൈവരിക്കാനാവാത്ത ഒരു വിദൂര ലക്ഷ്യമായി മാറി.
തന്റെ ഇപ്പോഴത്തെ വേദന, അനിശ്ചിതത്വം, നഷ്ടം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍, ദൈവത്തിന്റെ വിശ്വാസ്യത തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ട മറ്റൊരു സ്ത്രീയുടെ കഥ 1 ശമൂവേല്‍ 1-ാം അധ്യായം പറയുന്നു. വര്‍ഷങ്ങളോളം മക്കളില്ലാത്തതിന്റെ വേദനയും തന്റെ ഭര്‍ത്താവായ എല്ക്കാനയുടെ മറ്റൊരു ഭാര്യയായ പെനിന്നായില്‍നിന്നുള്ള അന്തമില്ലാത്ത നിന്ദയും ഹന്നാ അനുഭവിച്ചു. ഹന്നായുടെ ഭര്‍ത്താവ് അവളെ സ്‌നേഹിച്ചിരുന്നു എങ്കിലും അതവള്‍ക്കു സംതൃപ്തി നല്‍കിയില്ല. ഒരു ദിവസം അവള്‍ ഉള്ളു തുറന്നു പ്രാര്‍ത്ഥിച്ചു. പുരോഹിതനായ ഏലി അവളെ ചോദ്യം ചെയ്തപ്പോള്‍ അവള്‍ അവളുടെ അവസ്ഥ വിശദീകരിച്ചു. അവള്‍ പോകുമ്പോള്‍ ദൈവം അവളുടെ അപേക്ഷ നല്‍കണമേയെന്ന് ഏലി പ്രാര്‍ത്ഥിച്ചു (1 ശമൂവേല്‍ 1:17). ഹന്നയുടെ അവസ്ഥ ഉടനടി മാറിയില്ലെങ്കിലും, ആത്മവിശ്വാസത്തോടെ അവള്‍ മടങ്ങിപ്പോയി (വാ. 18).
1 ശമൂവേല്‍ 2:1-2 ലെ അവളുടെ പ്രാര്‍ത്ഥന ഹന്നയുടെ ശ്രദ്ധാകേന്ദ്രത്തിലുണ്ടായ മാറ്റം വെളിപ്പെടുത്തുന്നു. അവളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനു മുമ്പുതന്നെ, ഹന്നയുടെ പുതുക്കിയ ദര്‍ശനം അവളുടെ കാഴ്ചപ്പാടിനെയും മനോഭാവത്തെയും മാറ്റി. അവളുടെ പാറയും നിത്യ പ്രത്യാശയുമായ ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തില്‍ അവള്‍ സന്തോഷിച്ചു.

ജ്ഞാനോപദേശം കേള്‍ക്കുക
അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്ത്, പ്രസിഡന്റ് എബ്രഹാം ലിങ്കന്‍ ഒരിക്കല്‍, ഒരു രാഷ്ട്രീയക്കാരനെ പ്രീതിപ്പെടുത്താന്‍ ആഗ്രഹിച്ചുകൊണ്ട് ചില യൂണിയന്‍ ആര്‍മി റെജിമെന്റുകളെ സ്ഥലം മാറ്റാന്‍ കല്പന കൊടുത്തു. യുദ്ധ സെക്രട്ടറി എഡ്വിന്‍ സ്റ്റാന്റന്‍, ഉത്തരവ് കൈപ്പറ്റിയെങ്കിലും, അതു നടപ്പാക്കാന്‍ വിസമ്മതിച്ചു. പ്രസിഡന്റ് ഒരു വിഡ്ഢിയാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാന്റന്‍ പറഞ്ഞ കാര്യങ്ങള്‍ ലിങ്കനോടു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഞാന്‍ ഒരു വിഡ്ഢിയാണെന്നു സ്റ്റാന്റ്റണ്‍ പറഞ്ഞാല്‍, ഞാന്‍ ആയിരിക്കണം. കാരണം, അദ്ദേഹം പറയുന്നത് എപ്പോഴും ശരിയാണ്. ഞാന്‍ തന്നെ അതു പരിശോധിച്ചു നോക്കും.’’ രണ്ടുപേരും സംസാരിക്കുന്നതിനിടയില്‍, തന്റെ തീരുമാനം ഗുരുതരമായ തെറ്റാണെന്നു പ്രസിഡന്റ് പെട്ടെന്നു മനസ്സിലാക്കി, ഒരു മടിയും കൂടാതെ അദ്ദേഹം അതു പിന്‍വലിച്ചു. സ്റ്റാന്റന്‍ ലിങ്കനെ ഒരു വിഡ്ഢിയെന്നു വിളിച്ചപ്പോള്‍, പ്രസിഡന്റ് അദ്ദേഹത്തോടു കലഹിക്കാതെ, ബുദ്ധിമാനാണെന്നു തെളിയിച്ചു. ലിങ്കന്‍ ഉപദേശം ശ്രദ്ധിക്കുകയും അതു പരിഗണിക്കുകയും തന്റെ തീരുമാനം മാറ്റുകയും ചെയ്തു.
ബുദ്ധിപരമായ ഉപദേശം കേള്‍ക്കാത്ത ഒരാളെ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? (1 രാജാക്കന്മാര്‍ 12:1-11 കാണുക). അതു കോപം ജ്വലിപ്പിച്ചേക്കാം, അല്ലേ? അല്ലെങ്കില്‍, കൂടുതല്‍ വ്യക്തിപരമായി ചോദിച്ചാല്‍, നിങ്ങള്‍ എപ്പോഴെങ്കിലും ഉപദേശം കേള്‍ക്കാന്‍ വിസമ്മതിച്ചിട്ടുണ്ടോ? സദൃശവാക്യങ്ങള്‍ 12:15 പറയുന്നതുപോലെ, “ഭോഷനു തന്റെ വഴി ചൊവ്വായി തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു’’ ആളുകള്‍ പറയുന്നത് എപ്പോഴും ശരിയാകണമെന്നില്ല, പക്ഷേ ഇതു നമ്മെ സംബന്ധിച്ചും ബാധകമാണ്! എല്ലാവരും തെറ്റുകള്‍ വരുത്തുന്നുവെന്ന് അറിയുന്നതു ജ്ഞാനമാണ്. എന്നാല്‍ വിഡ്ഢികള്‍ മാത്രം തങ്ങള്‍ അതിനപവാദമാണെന്നു അനുമാനിക്കുന്നു. പകരം, നമുക്കു ദൈവികജ്ഞാനം പ്രയോഗിക്കുകയും മറ്റുള്ളവരുടെ ബുദ്ധിപരമായ ഉപദേശം ശ്രദ്ധിക്കുകയും ചെയ്യാം - തുടക്കത്തില്‍ നാം അതിനോടു വിയോജിച്ചാല്‍പ്പോലും. ചിലപ്പോള്‍ നമ്മുടെ നന്മയ്ക്കായി ദൈവം പ്രവര്‍ത്തിക്കുന്നത് അങ്ങനെയാണ് (വാ. 2).
