ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല
1957 ല്‍, വെള്ളക്കാര്‍ മാത്രം പഠിച്ചിരുന്ന അര്‍ക്കന്‍സാസിലെ ലിറ്റില്‍ റോക്കിലുള്ള സെന്‍ട്രല്‍ ഹൈസ്കൂളിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് ആഫ്രിക്കന്‍ അമേരിക്കന്‍ വിദ്യാര്ത്ഥികളിലൊരുവളായിരുന്നു മെല്‍ബാ പാറ്റിലോ ബീല്‍സ്. ഐ വില്‍ നോട്ട് ഫീയര്‍: മൈ സ്റ്റോറി ഓഫ് എ ലൈഫ്ടൈം ഓഫ് ബില്‍ഡിംഗ് ഫെയ്ത്ത് അണ്ടര്‍ ഫയര്‍ (ഞാന്‍ ഭയപ്പെടുകയില്ല: ഒരു ജീവിതകാലം മുഴവനും അഗ്നിയില്‍ വിശ്വാസം പടുത്തുയര്‍ത്തിയ എന്റെ ജീവിതകഥ) എന്ന അവളുടെ 2018 ലെ സ്മരണികയില്‍, പതിനഞ്ചു വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ഓരോ ദിവസവും താന്‍ ധൈര്യപൂര്‍വ്വം നേരിടേണ്ടിവന്ന അനീതികളെയും പീഡനങ്ങളെയും കുറിച്ചുള്ള ഹൃദയസ്പൃക്കായ വിവരണം നല്‍കുന്നുണ്ട്.
അതോടൊപ്പം ദൈവത്തിലുള്ള തന്റെ ആഴമായ വിശ്വാസത്തെക്കുറിച്ചും അവള് പറയുന്നു. അവളുടെ ജീവിതത്തിലെ അന്ധകാരമയമായ സമയങ്ങളില്‍, ഭയം അവളെ കീഴ്പ്പെടുത്തിയെന്നു തോന്നിയ സമയങ്ങളില്‍, കുഞ്ഞു പ്രായത്തില്‍ തന്റെ മുത്തശ്ശി അവളെ പഠിപ്പിച്ച ബൈബിള്‍ വാക്യങ്ങള്‍ അവള് ഉരുവിടുമായിരുന്നു. അവള് അവ ആവര്‍ത്തിക്കുമ്പോള്‍, ദൈവസാന്നിധ്യം തന്നോടുകൂടെയുണ്ടെന്നവള്ക്കനുഭവപ്പെടുകയും, സഹിക്കാനുള്ള കൃപ ദൈവവചനം അവള്‍ക്കു നല്‍കുകയും ചെയ്യുമായിരുന്നു.
ബീല്‍സ് കൂടെക്കൂടെ ഉരുവിടുന്ന ഭാഗമായിരുന്നു 23-ാം സങ്കീര്‍ത്തനത്തിലെ 'കൂരിരുള്‍ താഴ്വരയില്‍ക്കൂടി നടന്നാലും ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ' (വാ. 4) എന്ന വാക്യം. ദൈവം നിന്റെ ത്വക്കുപോലെ നിന്നോടു ചേര്‍ന്നിരിക്കുന്നു, സഹായത്തിനായി നീ അവനെ വിളിക്കേണ്ട കാര്യമേയുള്ളു' എന്ന അവളുടെ മുത്തശ്ശിയുടെ പ്രോത്സാഹനം അവളുടെ കാതുകളില്‍ മുഴങ്ങുമായിരുന്നു.
നമ്മുടെ പ്രത്യേകമായ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നേക്കാം. നാമെല്ലാം നമ്മെ പെട്ടെന്നു ഭയചികതരാക്കുന്ന പ്രയാസകരമായ പോരാട്ടങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും സഹിക്കേണ്ടിവന്നേക്കാം. ആ നിമിഷങ്ങളില്‍, ദൈവത്തിന്റെ ശക്തമായ സാന്നിധ്യം എല്ലായ്പ്പോഴും നമ്മോടുകൂടെയുണ്ട് എന്ന സത്യത്തില്‍ നിങ്ങളുടെ ഹൃദയം ധൈര്യം കണ്ടെത്തട്ടെ.
ആരാണ് ജയിക്കുന്നത് എന്നു നാം അറിയുമ്പോള്‍
എന്റെ സൂപ്പര്‍വൈസര്‍ ഒരു കോളജ് ബാസ്കറ്റ്ബോള്‍ ടീമിന്റെ കടുത്ത ആരാധകനാണ്. ഈ വര്‍ഷം അവര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് നേടി, അതിനാല്‍ മറ്റൊരു സഹപ്രവര്ത്തകന് അദ്ദേഹത്തിന് ആശംസകള്‍ ടെക്സ്റ്റ് ചെയ്തു. ഏക പ്രശ്നം എന്റെ ബോസിന് ഫൈനല്‍ കളി കാണാന്‍ അവസരം ലഭിച്ചില്ല എന്നതാണ്. അദ്ദേഹം ആകെ അസ്വസ്ഥനായി, എങ്കിലും ഫലം എന്തായിരിക്കുമെന്ന് മുന്നമേ അറിയാമായിരുന്നു എന്നദ്ദേഹം പറഞ്ഞു. എങ്കിലും, പിന്നീട് കളി കണ്ടുകൊണ്ടിരുന്നപ്പോള്‍, അവസാനം വരെ സ്കോര്‍ അടുത്തടുത്തു നിന്നിട്ടും താന്‍ അസ്വസ്ഥനായില്ല എന്ന് അദ്ദേഹം പറഞ്ഞു. ആരാണ് ജയിച്ചതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു!
നാളെ എന്താണു സംഭവിക്കുക എന്നു നമുക്കറിയില്ല. ചില ദിവസങ്ങള്‍ മുഷിപ്പനും വിരസവുമായിരിക്കും, മറ്റു ചില ദിവസങ്ങള്‍ സന്തോഷത്താല്‍ നിറഞ്ഞതായിരിക്കും. ചിലപ്പോഴാകട്ടെ കഠിനമായതും നീണ്ട കാലം വേദന നിറഞ്ഞതും ആയിരിക്കും.
എങ്കിലും ജീവിതത്തിന്റെ പ്രവചനാതീതമായ ഉയര്‍ച്ച താഴ്ചകള്‍ക്കു നടുവിലും, നമുക്കു ദൈവത്തിന്റെ സമാധാനത്തില്‍ സുരക്ഷിതമായി അടിയുറച്ചു നില്ക്കാന് കഴിയും. കാരണം എന്റെ സൂപ്പര്‍വൈസറെപ്പോലെ, കഥയുടെ അന്ത്യം നമുക്കറിയാം. ആരു 'ജയിക്കും' എന്നു നമുക്കറിയാം.
ബൈബിളിലെ അവസാന പുസ്തകമായ വെളിപ്പാട് മഹത്തായ ഫിനാലെയിലേക്ക് തിരശ്ശീല ഉയര്‍ത്തുന്നു. മരണത്തിന്റെയും തിന്മയുടെയും അന്ത്യ പരാജയത്തിനുശേഷം (20:10, 14) മനോഹരമായ ഒരു വിജയ രംഗം യോഹന്നാന് വിവരിക്കുന്നു (21:1-3). അവിടെ ദൈവം തന്റെ ജനത്തിന്റെ ഇടയില്‍ വസിക്കുകയും (വാ. 3) 'അവരുടെ കണ്ണില്‍നിന്നു കണ്ണുനീര് എല്ലാം തുടച്ചുകളയുകയും' ചെയ്യും. അവിടെ 'മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല' (വാ. 4).
പ്രയാസകരമായ ദിനങ്ങളില്‍, നമുക്ക് ഈ വാഗ്ദത്തത്തില്‍ ആശ്രയിക്കുവാന്‍ കഴിയും. ഇനിമേല്‍ 'എങ്കില്‍-എന്ത്' കളോ തകര്‍ന്ന ഹൃയങ്ങളോ ഇല്ല. പകരം, നാം നമ്മുടെ രക്ഷകനോടൊത്ത് നിത്യത ചിലവഴിക്കും. എന്തൊരു മഹത്വകരമായ ആഘോഷമായിരിക്കും അത്!
നീല രേഖകള്‍
മലഞ്ചരിവിലൂടെ താഴേക്കുള്ള സ്കീയിംഗ് പലപ്പോഴും അടയാളപ്പെടുത്തുന്നത് മഞ്ഞില്‍ നീല പെയിന്റ് സ്പ്രേ ചെയ്തുണ്ടാക്കുന്ന രേഖകളിലൂടെയാണ്. പരുക്കന്‍ വളവുകള്‍ കാഴ്ചക്കാരുടെ ശ്രദ്ധ തിരിച്ചുകളയുമെങ്കിലും മത്സരാര്‍ത്ഥികളെ സംബന്ധിച്ച് അവരുടെ വിജയത്തിനും സുരക്ഷിതത്വത്തിനും അവ നിര്‍ണ്ണായകമാണ്. ഏറ്റവും വേഗത്തില്‍ മലയടിവാരത്തിലെത്തുന്നതിനുള്ള മാര്‍ഗ്ഗം കാണിച്ചുകൊടുക്കാന്‍ ഈ പെയിന്റ് പ്രയോജനപ്പെടുന്നു. കൂടാതെ, മഞ്ഞിന്റെ പശ്ചാത്തലത്തിലുള്ള പെയിന്റ് മത്സരാര്‍ത്ഥികള്‍ക്ക് ആഴമായ ഉള്‍ക്കാഴ്ച നല്കുന്നു - അതിവേഗതയില്‍ സഞ്ചരിക്കുന്ന അവര്‍ക്ക് ആ ഉള്‍ക്കാഴ്ച അത്യാവശ്യമാണ്.
ജീവിതത്തിന്റെ ഓട്ടത്തില്‍ തന്റെ പുത്രന്മാര് സുരക്ഷിതരായിരിക്കണം എന്ന പ്രതീക്ഷയില്‍ അവര്‍ ജ്ഞാനം അന്വേഷിക്കുവാന്‍ ശലോമോന് തന്റെ പുത്രന്മാരോട് അപേക്ഷിക്കുന്നു. നീല രേഖകള്‍ പോലെ, ജ്ഞാനം 'നേരെയുള്ള പാതയില്‍' അവരെ നടത്തുകയും ഇടറാതെ അവരെ സൂക്ഷിക്കുകയും ചെയ്യും (സദൃശവാക്യങ്ങള്‍ 4:1-12). പിതാവെന്ന നിലയിലുള്ള അവന്റെ ആഴമായ പ്രതീക്ഷ തന്റെ പുത്രന്മാര് ദൈവിക ജ്ഞാനത്തില്നിന്നകലുന്നതുകൊണ്ടു സംഭവിക്കുന്ന തകര്‍ച്ചകളെ ഒഴിവാക്കി സമ്പന്നമായ ജീവിതം നയിക്കണമെന്നതാകുന്നു.
നമ്മുടെ സ്നേഹസമ്പന്നനായ പിതാവായ ദൈവം, വേദപുസ്തകത്തില്‍ ഒരു 'നീല-രേഖ' സഹായി നല്കിയിരിക്കുന്നു. നമുക്കിഷ്ടമുള്ളിടത്ത് 'സ്കീയിംഗ്' നടത്തുവാന്‍ അവന് നമുക്കു സ്വാതന്ത്ര്യം നല്കിയിരിക്കുമ്പോള് തന്നേ, തിരുവെഴുത്തില്‍ അവന് വാഗ്ദാനം ചെയ്തിരിക്കുന്ന ജ്ഞാനം 'അവയെ കിട്ടുന്നവര്‍ക്ക് അവ ജീവന്' ആകുന്നു (വാ. 22). നാം തിന്മകളെ വെടിഞ്ഞ് പകരം അവനോടൊപ്പം നടക്കുമ്പോള്‍, നമ്മുടെ പാതകള്‍ അവന്റെ നീതിയാല്‍ പ്രകാശിതമാകുകയും നമ്മുടെ കാലുകള്‍ ഇടറാതെ ഓരോ ദിവസവും നമ്മെ വഴിനടത്തുകയും ചെയ്യും (വാ. 12, 18).
പുറകോട്ടു നടക്കുക
1932 ല്‍ ആറു വയസ്സുകാരി ഫ്ളാനറി ഒ'കോണറിനെ അവളുടെ കുടുംബ ഫാമില്‍വെച്ച് ചിത്രീകരിച്ച ബ്രിട്ടീഷ് ന്യൂസ്റീല്‍ ക്രൂവില്‍ നിന്നുള്ള ദൃശ്യഭാഗത്ത് ഞാന്‍ സംശയിച്ചുനിന്നു. പില്ക്കാലത്ത് പ്രസിദ്ധ അമേരിക്കന്‍ എഴുത്തുകാരിയായി മാറിയ ഫ്ളാനറി ഫിലിം ക്രൂവിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണം അവള് ഒരു കോഴിക്കുഞ്ഞിനെ പുറകോട്ടു നടക്കാന്‍ പഠിപ്പിച്ചു എന്നതാണ്. ആ ശ്രമത്തിന്റെ പുതുമയ്ക്കപ്പുറത്തായി, ചരിത്രത്തിന്റെ ഈ കാഴ്ച മികച്ച ഒരു രൂപകമായി തോന്നി. തന്റെ സാഹിത്യവാസനയും ആത്മീയ ബോധ്യങ്ങളും കാരണം ഫ്ളാനറി തന്റെ 39 വര്‍ഷങ്ങള്‍ പുറകോട്ടു നടക്കുകയായിരുന്നു-അതായത് സംസ്കാരത്തിന് എതിരായി ചിന്തിക്കുകയും എഴുതുകയും ചെയ്തു. അവളുടെ വേദപുസ്തക രചനാ വിഷയങ്ങള്‍ എങ്ങനെ അവര്‍ പ്രതീക്ഷിച്ച മതപരമായ വീക്ഷണങ്ങള്‍ക്കെതിരായി നില്ക്കുന്നു എന്നതില്‍ പ്രസാധകരും വായനക്കാരും സ്തബ്ധരായി.
യേശുവിനെ യഥാര്‍ത്ഥമായി അനുകരിക്കുന്നവര്‍ക്ക് പ്രമാണങ്ങള്‍ക്കെതിരായി നീങ്ങുന്ന ഒരു ജീവിതം അനിവാര്യമാണ്. ദൈവരൂപത്തില്‍ ഇരുന്ന യേശുവില്‍ നിന്ന് നാം പ്രതീക്ഷിക്കുന്ന തരത്തിലല്ല മുന്നോട്ടു പോയതെന്ന് ഫിലിപ്പിയര്‍ നമ്മോടു പറയുന്നു (2:7). അവന് തന്റെ അധികാരം 'തന്റെ സ്വന്ത ഗുണത്തിന്' ഉപയോഗിച്ചില്ല, മറിച്ച് ഒരു ദാസന്റെ രൂപം സ്വീകരിച്ചുകൊണ്ട് തന്നെത്താന്‍ ശുന്യനാക്കി (വാ. 7-8). സൃഷ്ടിയുടെ കര്‍ത്താവായ ക്രിസ്തു, സ്നേഹം നിമിത്തം മരണത്തിനു കീഴടങ്ങി. അവന് പദവി മുറുകെപ്പിടിക്കാതെ താഴ്മ ധരിച്ചു. അവന് അധികാരം കൈയാളിയില്ല, മറിച്ച് നിയന്ത്രണം കൈവിട്ടു. ചുരുക്കത്തില്‍, യേശു, ലോകത്തിന്റെ അധികാരത്താല്‍ നയിക്കപ്പെടുന്ന മാര്‍ഗ്ഗങ്ങള്‍ക്കെതിരായി പുറകോട്ടു നടന്നു.
നാമും അങ്ങനെ തന്നെ ചെയ്യണമെന്നു ബൈബിള്‍ പറയുന്നു (വാ. 5). യേശുവിനെപ്പോലെ, നാം അധികാരം നടത്തുന്നതിനു പകരം ശുശ്രൂഷിക്കണം. ഔന്നത്യത്തിലേക്കു നടക്കുന്നതിനു പകരം നാം താഴ്മയിലേക്കു നടക്കണം. വാങ്ങുന്നതിനു പകരം കൊടുക്കണം. യേശുവിന്റെ ശക്തിയാല്‍ നാം പുറകോട്ടു നടക്കണം.
ഞാന്‍ ആകാം
ഒരു നീണ്ട പകലിനുശേഷം ഷേര്‍ലി ചാരുകസേരയില്‍ ചാഞ്ഞു കിടന്നു. അവള് ജനലിലൂടെ നോക്കിയപ്പോള്‍ ഒരു വൃദ്ധ ദമ്പതികള്‍, 'സൗജന്യം' എന്നെഴുതി ഒരു പറമ്പില്‍ ഇട്ടിരുന്ന ഒരു പഴയ വേലിയുടെ ഒരു ഭാഗം വലിച്ചുകൊണ്ടുവരുവാന്‍ പാടുപെടുന്നതു കണ്ടു. ഷേര്‍ലി ഭര്‍ത്താവിന്റെ കൈക്കു പിടിച്ചു, സഹായിക്കാനായി അവരുടെയടുത്തേക്കു ചെന്നു. നാലുപേരും ചേര്‍ന്ന് വളരെ വിഷമിച്ച് വേലിയുടെ ഭാഗം ഒരു ഉന്തുവണ്ടിയില്‍ കയറ്റി നഗരവീഥിയിലൂടെ തള്ളി, ഒരു മൂലയിലൂടെ കടന്ന് ദമ്പതികളുടെ വീട്ടിലെത്തിച്ചു. കാഴ്ചകണ്ട് ആളുകള്‍ ശ്രദ്ധിക്കുന്നതു കണ്ട് വഴിയിലുടനീളം ചിരിച്ചുകൊണ്ടായിരുന്നു അവരുടെ യാത്ര. വേലിയുടെ മറ്റെ ഭാഗം എടുക്കുവാനായി വീണ്ടും പോകുമ്പോള്‍ ആ സ്ത്രീ ഷേര്‍ലിയോടു ചോദിച്ചു, 'എന്റെ സ്നേഹിത ആകാമോ?' 'ശരി, ഞാന്‍ ആകാം' അവള് മറുപടി നല്കി. തന്റെ പുതിയ വിയറ്റ്നാം സ്നേഹിതയ്ക്ക് കാര്യമായി ഇംഗ്ലീഷ് അറിയില്ല എന്നും അവരുടെ പ്രായപൂര്‍ത്തിയായ മക്കള്‍ ദൂരേയ്ക്കു താമസം മാറ്റിയതിനാല്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരാണെന്നും ഷേര്‍ലി പിന്നീടു മനസ്സിലാക്കി.
ലേവ്യാപുസ്തകത്തില്‍, പരദേശികളായിരിക്കുന്നതിന്റെ വിഷമതകള്‍ അനുഭവിച്ചരാണ് യിസ്രായേല്‍ എന്നു ദൈവം അവരെ ഓര്‍പ്പിക്കുകയും (19:34) അതിനാല്‍ പരദേശികളോട് എങ്ങനെ പെരുമാറണം എന്ന നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു (വാ. 9-18). തന്റെ സ്വന്തജനം ആയിരിക്കുവാന്‍ ദൈവം അവരെ വേര്‍തിരിച്ചു, അതിനു പകരമായി അവര്‍ തങ്ങളുടെ 'അയല്‍ക്കാരെ' തങ്ങളെപ്പോലെ തന്നേ സ്നേഹിച്ച് അനുഗ്രഹിക്കണം. രാജ്യങ്ങള്‍ക്കുള്ള ദൈവത്തിന്റെ ഏറ്റവും മഹത്തായ അനുഗ്രഹമായ യേശു പില്ക്കാലത്ത് തന്റെ പിതാവിന്റെ പ്രസ്താവനയെ പുനരുദ്ധരിച്ച് നമുക്കെല്ലാം ബാധകമാക്കി: 'നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിക്കണം...കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കണം' (മത്തായി 22:37-39).
നമ്മില്‍ വസിക്കുന്ന ക്രിസ്തുവിന് ആത്മാവിലൂടെ, നമുക്കു ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കുവാന്‍ കഴിയും കാരണം അവന് നമ്മെ ആദ്യം സ്നേഹിച്ചു (ഗലാത്യര്‍ 5:22-23; 1 യോഹന്നാന് 4:19).
'ശരി, ഞാന്‍ ചെയ്യാം' എന്നു ഷേര്‍ലിയെപ്പോലെ നമുക്കും പറയാന്‍ കഴിയുമോ?