Month: മെയ് 2022

കൊടുങ്കാറ്റിനെ അതിജീവിക്കുന്ന പ്രതീക്ഷകൾ

2021 ലെ വസന്തകാലത്ത്, ടെക്സാസിൽ ചുഴലിക്കാറ്റും മഴവില്ലും ഒരുമിച്ചുണ്ടായപ്പോൾ നിരവധിപ്പേർ അതിന്റെ ഫോട്ടോയും വീഡിയോയും എടുക്കുവാൻ ശ്രമിച്ചു. ഒരു വീഡിയോയിൽ, വയലിലെ ഗോതമ്പിന്റെ നീണ്ട തണ്ടുകൾ ചുഴലിക്കാറ്റിന്റെ ശക്തിയാൽ വളയുന്നതായി കാണപ്പെട്ടു. മനോഹരമായ ഒരു മഴവില്ല് ചാരനിറത്തിലുള്ള ആകാശത്തിന്റെ പശ്ചാത്തലത്തിൽ ആ വളഞ്ഞ ഗോതമ്പു ചെടികളെ തൊടുന്നതായി തോന്നി. മറ്റൊരു വീഡിയോയിൽ കാഴ്ചക്കാർ റോഡിന്റെ അരികിൽ നിന്നുകൊണ്ട് ഫണൽ ആകൃതിയിൽ കറങ്ങുന്ന മേഘത്തിനരികിൽ പ്രതീക്ഷയുടെ ആ ചിഹ്നം നോക്കുന്നതായി കാണുന്നു.
സങ്കീർത്തനം 107 ൽ, സങ്കീർത്തനക്കാരൻ പ്രത്യാശ വാഗ്ദാനം ചെയ്യുകയും പ്രയാസകരമായ സമയങ്ങളിൽ ദൈവത്തിലേക്ക് തിരിയാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൊടുങ്കാറ്റിന് നടുവിലായിരുന്ന ചിലരെ അദ്ദേഹം വിവരിക്കുന്നു, "അവരുടെ ബുദ്ധി പൊയ്പ്പോയിരുന്നു. " ( വാ . 27 ) "അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു." (വാ. 28).
ജീവിതം കൊടുങ്കാറ്റായി തോന്നുമ്പോൾ തന്റെ മക്കൾ ചിലപ്പോൾ പ്രത്യാശ അനുഭവിക്കുവാൻ പാടുപെടും എന്ന് ദൈവത്തിനറിയാം. ചക്രവാളം ഇരുണ്ടതും പ്രക്ഷുബ്ധവുമായി കാണപ്പെടുമ്പോൾ, അവന്റെ വിശ്വസ്തതയുടെ ഓർമ്മപ്പെടുത്തലുകൾ നമുക്ക് ആവശ്യമാണ്.
നമ്മുടെ കൊടുങ്കാറ്റുകൾ ജീവിതത്തിലെ ഗണ്യമായ തടസ്സങ്ങളായാലും, വൈകാരിക പ്രക്ഷുബ്ധതകളായാലും, മാനസിക പിരിമുറുക്കങ്ങളായാലും, ദൈവത്തിന് എപ്പോഴും നമ്മുടെ കൊടുങ്കാറ്റുകളെ “ശാന്തമാക്കി,” നാം “ആഗ്രഹിച്ച തുറമുഖത്ത് എത്തിക്കുവാൻ” കഴിയും (വാ. 29-30). നമുക്ക് ഇഷ്ടമുള്ള രീതിയിലോ സമയത്തിലോ നമുക്ക് ആശ്വാസം അനുഭവപ്പെട്ടില്ലെങ്കിലും, വചനത്തിൽ അവൻ നൽകിയ വാഗ്ദാനങ്ങൾ അവൻ പാലിക്കുമെന്ന് നമുക്ക് ദൈവത്തെ വിശ്വസിക്കാം. അവന്റെ ശാശ്വതമായ പ്രത്യാശ ഏത് കൊടുങ്കാറ്റിനെയും മറികടക്കും.

മുഴുവൻ ലോകത്തിനും രോഗശാന്തി

രണ്ടാം ലോകമഹായുദ്ധസമയത്ത് പടിഞ്ഞാറൻ സ്ലൊവേനിയയിലെ ഒരു വിദൂര മലയിടുക്കിൽ, ഒരു രഹസ്യ മെഡിക്കൽ സങ്കേതത്തിൽ (ഫ്രാൻജാ പാർടിസൻ ഹോസ്പിറ്റൽ), നാസികളിൽ നിന്ന് മറഞ്ഞിരുന്ന്, പരിക്കേറ്റ ആയിരക്കണക്കിന് സൈനികരെ പരിചരിക്കുന്ന കുറെ ജീവനക്കാർ ഉണ്ടായിരുന്നു. സ്ലൊവേനിയ പ്രതിരോധ പ്രസ്ഥാനം സ്ഥാപിച്ച ഈ സ്ഥാപനം കണ്ടെത്താനുള്ള നാസികളുടെ നിരവധി ശ്രമങ്ങളെ അവർ പരാജയപ്പെടുത്തി എന്നതു ശ്രദ്ധേയമായ ഒരു നേട്ടമാണെങ്കിലും, അതിലും ശ്രദ്ധേയമാണ് ഈ ആശുപത്രിയിൽ സഖ്യകക്ഷികളുടെയും അച്ചുതണ്ട് കക്ഷികളുടെയും സൈനികരെ ഒരു പോലെ അവർ ശുശ്രൂഷിച്ചിരുന്നു എന്നത്. ആ ആശുപത്രി എല്ലാവരെയും സ്വാഗതം ചെയ്തു!
സകല ലോകത്തിന്റെയും ആത്മീയ സൗഖ്യത്തിനായി സഹായിക്കുവാൻ തിരുവെഴുത്ത് നമ്മെ ആഹ്വാനം ചെയ്യുന്നു. ഇതിനർത്ഥം നമുക്ക് എല്ലാവരോടും - അവരുടെ കാഴ്ചപ്പാടുകൾ പരിഗണിക്കാതെ – അനുകമ്പയുണ്ടായിരിക്കണം എന്നാണ്. അവരുടെ പ്രത്യയശാസ്ത്രം എന്തുതന്നെയായാലും, ക്രിസ്തുവിന്റെ ദയയും സ്നേഹവും ഏവരും അർഹിക്കുന്നു. പൗലോസ് പറയുന്നു, “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു;...അവൻ എല്ലാവർക്കുംവേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.” (2 കൊരി. 5:14-15). നമ്മളെല്ലാവരും പാപമെന്ന രോഗത്താൽ ബാധിതരാണ്. യേശുവിന്റെ പാപക്ഷമയുടെ സൗഖ്യം നമുക്കെല്ലാവർക്കും ആവശ്യമാണ്. നമുക്കു സൗഖ്യമുണ്ടാകുവാൻ അവൻ നമുക്കരികിലേക്കു വന്നു.
അത്ഭുതകരമായ രീതിയിൽ, ദൈവം നമ്മെ "ഈ നിരപ്പിന്റെ വചനം ഭരമേല്പിച്ചുമിരിക്കുന്നു" (വാ. 19). (നമ്മേപ്പോലെ ) മുറിവേറ്റവരും തകർന്നവരുമായ ആളുകളെ ശുശ്രൂഷിക്കുവാൻ ദൈവം നമ്മെ ക്ഷണിക്കുന്നു. അവനുമായുള്ള കൂട്ടായ്മ വഴി 'രോഗികൾക്ക് ആരോഗ്യം' ലഭിക്കുന്ന നിരപ്പിന്റെ ശുശ്രൂഷയിൽ നാമും പങ്കാളികളായിരിക്കുന്നു. ഈ നിരപ്പ്, ഈ സൗഖ്യം, അവനെ സ്വീകരിക്കുന്ന ഏവർക്കും ഉള്ളതാണ്.

പ്രാർത്ഥിക്കുവാൻ സാവകാശം എടുക്കുക.

പൈപ്പ് പൊട്ടി വെള്ളം തെരുവിലേക്ക് ചീറ്റിക്കൊണ്ടിരുന്നു. എന്റെ മുന്നിൽ നിരവധി കാറുകൾ വെള്ളത്തിലൂടെ കടന്നുപോയി. അത് നല്ല ഒരു അവസരമായി എനിക്കു തോന്നി. എന്റെ കാർ ഒരു മാസമായി കഴുകാതെ പൊടിപിടിച്ചിരുന്നു. ഞാൻ ചിന്തിച്ചു, സൗജന്യമായി കാർ കഴുകാൻ പറ്റിയ മാർഗ്ഗം! ഞാൻ വെള്ളച്ചാട്ടത്തിനു നേരെ കാർ ഓടിച്ചു.
ഠപ്പെ! പെട്ടന്ന് കണ്ണാടി പൊട്ടുന്ന ശബ്ദം. അന്നു രാവിലെ എന്റെ കാറിനുമേൽ സൂര്യപ്രകാശം നന്നായി അടിച്ചിരുന്നതിന്നാൽ, അതിന്റെ ഗ്ലാസും ഉൾഭാഗവും നല്ല ചൂടായിരുന്നു. പൈപ്പിൽ നിന്നുള്ള തണുത്ത വെള്ളം ചൂടുള്ള വിൻഡ്‌ഷീൽഡിൽ പതിച്ചയുടനെ, അതിന്റെ മുകളിൽ നിന്ന് താഴേക്ക് മിന്നൽ പോലെ ഒരു വിള്ളൽ വീണു. എന്റെ "സൗജന്യ കാർ വാഷ്" എനിക്ക് വളരെ ചെലവുള്ളതായി മാറി.
ഒരൽപ്പം ചിന്തിക്കാനോ ഒന്ന് പ്രാർത്ഥിക്കാനോ ഞാൻ സമയം എടുത്തിരുന്നെങ്കിൽ അതു സംഭവിക്കുകയില്ലായിരുന്നു. നിങ്ങൾക്കിങ്ങനെ എപ്പോഴെങ്കിലും അബദ്ധം ഉണ്ടായിട്ടുണ്ടോ? വളരെ നിർണായകമായ സമയത്ത് ഇസ്രായേൽ ജനങ്ങൾക്കു അങ്ങനെ സംഭവിച്ചു. ദൈവം അവർക്കു നൽകിയ ദേശത്തേക്ക് പ്രവേശിക്കുമ്പോൾ മറ്റ് ജാതികളെ നീക്കിക്കളയണമെന്ന് ദൈവം പറഞ്ഞിരുന്നു (യോശുവ 3:10). അതവർ അന്യദൈവങ്ങളാൽ പ്രലോഭിപ്പിക്കപ്പെടാതിരിക്കുവാനായിരുന്നു (ആവ. 20: 16-18). എന്നാൽ വളരെ അടുത്തു വസിച്ചിരുന്ന ഒരു ജാതി, ഇസ്രായേലിന്റെ വിജയങ്ങൾ കണ്ട്, അവർ വളരെ ദൂരെയാണ് താമസിക്കുന്നതെന്നവരെ വിശ്വസിപ്പിക്കുവാൻ പഴകിയ അപ്പം ഉപയോഗിച്ചു. "യിസ്രായേൽപുരുഷന്മാർ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനം വാങ്ങി ആസ്വദിച്ചു. യോശുവ അവരോടു സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്ന് ഉടമ്പടിയും ചെയ്തു”(യോശുവ 9: 14-15). അറിയാതെ അവർ, ദൈവത്തിന്റെ നിർദ്ദേശങ്ങൾ ലംഘിക്കുവാൻ ഇടയായി.
പ്രാർത്ഥനയെ അവസാനത്തേതിനുപകരം ആദ്യത്തെ ആശ്രയമാക്കുമ്പോൾ, നമ്മൾ ദൈവത്തിന്റെ മാർഗ്ഗനിർദേശവും ജ്ഞാനവും അനുഗ്രഹവും ക്ഷണിക്കുകയാണ്. ഒരു നിമിഷം പ്രാർത്ഥനാപൂർവം നിന്നിട്ട് മുന്നോട്ട് പോകണമെന്ന കാര്യം ഓർമ്മിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.

ഇടുക്കുവാതിൽ കഫെ

ആ ‘ഇടുക്കുവാതിൽ കഫെ’ കണ്ടെത്തി പ്രവേശിക്കുന്നവരെ എല്ലാത്തരം രുചികരമായ ഭക്ഷണങ്ങളും കാത്തിരിക്കുന്നു. തായ്‌വാൻ നഗരമായ തായ്‌നാനിൽ സ്ഥിതിചെയ്യുന്ന ഈ കഫെ അക്ഷരാർത്ഥത്തിൽ മതിലിലെ ഒരു ദ്വാരമാണ്. അതിന്റെ പ്രവേശന കവാടത്തിന് കഷ്ടിച്ച് നാല്പത് സെന്റിമീറ്റർ വീതിയാണ് (പതിനാറ് ഇഞ്ചിൽ താഴെ). ഒരു ശരാശരി വ്യക്തിക്ക് ഇതിൽ കൂടി ഞെരുങ്ങി മാത്രമേ അകത്തു കടക്കുവാൻ കഴിയൂ! ഇത്രത്തോളം വെല്ലുവിളി ഉണ്ടായിരുന്നിട്ടും, ഈ പ്രത്യേക കഫെ വലിയ ജനക്കൂട്ടത്തെ ആകർഷിച്ചു.
ലൂക്കോസ് 13: 22-30 ൽ വിവരിച്ചിരിക്കുന്ന ഇടുങ്ങിയ വാതിലിന്റെ കാര്യത്തിൽ ഇത് സത്യമായിരിക്കുമോ? ആരോ യേശുവിനോട് ചോദിച്ചു, “കർത്താവേ, രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ?” (വാ. 23). അതിനു മറുപടിയായി, ദൈവരാജ്യത്തിലേക്കുള്ള "ഇടുക്കുവാതിലിലൂടെ കടക്കാൻ പോരാടുവിൻ" എന്ന് യേശു ആ വ്യക്തിയോട് ആഹ്വാനം ചെയ്തു (വാ. 24). യേശു യഥാർത്ഥത്തിൽ ചോദിക്കുകയായിരുന്നു, "രക്ഷിക്കപ്പെട്ടവരിൽ നീയും ഉൾപ്പെടുമോ?" എന്ന് . യഹൂദന്മാർ അഹങ്കരിക്കേണ്ട ആവശ്യമില്ലെന്നു പറയാൻ യേശു ഈ സാദൃശ്യം ഉപയോഗിച്ചു. അബ്രഹാമിന്റെ സന്തതികളായതിനാലോ അല്ലെങ്കിൽ നിയമം പാലിച്ചതിനാലോ ദൈവരാജ്യത്തിൽ ഉൾപ്പെടുമെന്ന് അവരിൽ പലരും വിശ്വസിച്ചു. പക്ഷേ, “വീട്ടുടയവൻ എഴുന്നേറ്റു വാതിൽ അടയ്ക്കുന്നത്തിന് മുമ്പായി” മാനസാന്തരപ്പെടുവാൻ യേശു അവരെ ആഹ്വാനം ചെയ്തു.
നമ്മുടെ കുടുംബ പശ്ചാത്തലത്തിനോ പ്രവൃത്തികൾക്കോ ​​നമ്മെ ദൈവവുമായി അടുപ്പിക്കുവാൻ കഴിയില്ല. യേശുവിലുള്ള വിശ്വാസത്തിന് മാത്രമേ നമ്മെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കുവാൻ കഴിയൂ (എഫെസ്യർ 2: 8-9; തീത്തൊസ് 3: 5-7). വാതിൽ ഇടുങ്ങിയതാണ്, എന്നാൽ യേശുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടി അത് വിശാലമായി തുറന്നിട്ടിരിക്കുന്നു. തന്റെ രാജ്യത്തിലേക്കുള്ള ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താൻ ഇന്ന് അവൻ നമ്മെ ക്ഷണിക്കുന്നു.

കാഴ്ചപ്പാടിൽ ഒരു മാറ്റം

1854 -ൽ, ഒരു യുവ റഷ്യൻ പീരങ്കി ഉദ്യോഗസ്ഥൻ പീരങ്കികൾ സ്ഥാപിക്കപ്പെട്ട കുന്നിൻ മുകളിലിരുന്ന് അങ്ങ്‌ താഴെയുള്ള ഒരു യുദ്ധക്കളത്തിലെ കൂട്ടക്കുരുതി കണ്ടുകൊണ്ടിരിക്കുമായിരുന്നു. "ആളുകൾ പരസ്പരം കൊല്ലുന്നത് ഒരുതരം പ്രത്യേകമായ ആനന്ദത്തോടെ കണ്ടുകൊണ്ടിരുന്നു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അതു കാണാൻ കുറെ മണിക്കൂറുകൾ ചെലവഴിക്കുക പതിവായിരുന്നു" ലിയോ ടോൾസ്റ്റോയ് എഴുതി.
ടോൾസ്റ്റോയിയുടെ കാഴ്ചപ്പാട് പെട്ടെന്ന് മാറി. സെവാസ്റ്റോപോൾ നഗരത്തിലെ നാശനഷ്ടങ്ങളും കഷ്ടപ്പാടുകളും നേരിട്ട് കണ്ടതിനുശേഷം അദ്ദേഹം എഴുതി, "മുമ്പുണ്ടായിരുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായി, നഗരത്തിൽ കേട്ട വെടിയൊച്ചകളുടെ ഗൗരവം നിങ്ങൾക്കിപ്പോൾ മനസ്സിലാവും."
പ്രവാചകനായ യോനാ ഒരിക്കൽ നിനെവേയുടെ നാശം കാണാൻ ഒരു കുന്നിൻ മുകളിൽ കയറി (യോനാ 4: 5). ദൈവത്തിന്റെ ന്യായവിധിയുടെ മുന്നറിയിപ്പ് ആ നിഷ്ഠൂരമായ നഗരത്തിന് അദ്ദേഹം നൽകി. എന്നാൽ നിനെവേക്കാർ അനുതപിച്ചു. ഇതിൽ യോനാ നിരാശനായി. എന്നിരുന്നാലും, നഗരം വീണ്ടും തിന്മയിലേക്ക് തിരിഞ്ഞു. ഒരു നൂറ്റാണ്ടിന് ശേഷം, നഹൂം പ്രവാചകൻ അതിന്റെ നാശത്തെക്കുറിച്ച് വിവരിച്ചു: "അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്ക്കുന്നു; അവന്റെ ഒരുക്കദിവസത്തിൽ രഥങ്ങൾ ഉലയിൽ പഴുപ്പിച്ച ഇരുമ്പുപോലെ ജ്വലിക്കുന്നു; കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു" (നഹൂം 2: 3 IRV).
നിനെവേയുടെ നിരന്തരമായ പാപം നിമിത്തം ദൈവം ശിക്ഷ അയച്ചു. പക്ഷേ, അവൻ യോനയോട് പറഞ്ഞു, “വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽ അധികം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നിനെവേയോട് എനിക്ക് സഹതാപം തോന്നരുതോ” (യോനാ 4:11 IRV).
ദൈവത്തിന്റെ നീതിയും സ്നേഹവും ഒരുമിച്ച് പോകുന്നു. തിന്മയുടെ അനന്തരഫലങ്ങൾ നഹൂം പ്രവചനം കാണിക്കുന്നു. നമ്മളിൽ ഏറ്റവും മോശപ്പെട്ടവരോടുപോലുമുള്ള ദൈവത്തിന്റെ തീവ്രമായ അനുകമ്പ യോനായുടെ പുസ്തകവും വെളിപ്പെടുത്തുന്നു. നാം അനുതപിക്കുകയും ദൈവികമായ അനുകമ്പ മറ്റുള്ളവരോട് കാണിക്കുകയും ചെയ്യണമെന്നാണ് ദൈവത്തിന്റെ ഹൃദയത്തിന്റെ ആഗ്രഹം.