Month: ജൂലൈ 2022

തിരുത്തപ്പെടാവുന്ന മനസ്സ്

അഭിപ്രായങ്ങളെ മാത്രമല്ല വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരെത്തന്നെ ആക്രമിക്കുന്നത് സാധാരണ കാര്യമായി മാറിയിരിക്കുന്നു എന്നത് സങ്കടകരമാണ്. വൈജ്ഞാനിക മേഖലയിലും ഇതു തന്നെയാണ് സ്ഥിതി. അപ്പോഴാണ് താൻ തന്നെ പണ്ട് എഴുതിയ ഒരു പ്രബന്ധത്തെ ഖണ്ഡിച്ചു കൊണ്ട് പണ്ഡിതനും വേദശാസ്ത്രിയുമായ റിച്ചാർഡ് ബി ഹെയ്സ് ഒരു പുതിയ പ്രബന്ധമെഴുതിയ കാര്യം എന്നെ അതിശയിപ്പിച്ചത്. വചനമെന്ന വിത്ത് വായിക്കുമ്പോൾ എന്ന പ്രബന്ധമെഴുതിയതിലൂടെ, പഠിക്കുവാനുള്ള തന്റെ ജീവിത സമർപ്പണത്തിൽ നിന്നും രൂപപ്പെട്ട വലിയ താഴ്മയാണ്, തന്റെ സ്വന്തം പഴയ ചിന്തകളെത്തന്നെ തിരുത്തുവാൻ ഹെയ്സ് പ്രകടിപ്പിക്കുന്നത്.

സദൃശ്യവാക്യങ്ങൾ എന്ന പുസ്തകത്തിലൂടെ ശലോമോൻ രാജാവ് നിരവധി വിഷയങ്ങളിലുള്ള ജ്ഞാന വചനങ്ങൾ അവതരിപ്പിക്കുകയാണ്. എന്നാൽ അതിനിടയിൽ തന്നെ ഈ നിർദ്ദേശവും അദ്ദേഹം വെക്കുന്നു, "ജ്ഞാനി കേട്ടിട്ട് വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുവാനും" ഇവ ഉതകുന്നു (സദൃശ്യവാക്യങ്ങൾ 1:5). ഇതുപോലെ അപ്പസ്തോലനായ പൗലോസും പറഞ്ഞത്: ദശാബ്ദങ്ങൾ കർത്താവിനെ അനുകരിച്ച് ജീവിച്ചിട്ട് പിന്നെയും ക്രിസ്തുവിനെ അറിയാനുള്ള ഉദ്യമത്തിലാണ് താൻ (ഫിലിപ്പിയർ 3:10). ജ്ഞാനിയാണെങ്കിലും, ശ്രദ്ധിക്കുകയും പഠിക്കുകയും വളരുകയും ചെയ്യണമെന്ന് ശലോമോൻ ആഹ്വാനം ചെയ്യുന്നു.

തിരുത്തപ്പെടാൻ മനസ്സുള്ളവരെ മറ്റുള്ളവർക്ക് വേദനിപ്പിക്കുവാൻ കഴിയില്ല. വിശ്വാസ കാര്യങ്ങളും ജീവിത വിഷയങ്ങളും ഇനിയും പഠിക്കാനും വളരാനും മനസ്സ് കാണിക്കുന്നത് സത്യങ്ങളിലേക്ക് നമ്മെ നയിക്കുവാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുകയാണ് (യോഹന്നാൻ 16:13). അതുവഴി നല്ലവനും വലിയവനുമായ നമ്മുടെ ദൈവത്തിന്റെ അത്ഭുതങ്ങളെ  കൂടുതൽ ഗ്രഹിക്കുന്നവരാകും നാം.

 

യഥാർത്ഥ സ്വാതന്ത്ര്യം

ഓരോരുത്തൻ സ്വന്ത ഗുണമല്ല; മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ. 1 കൊരിന്ത്യർ 10:24

ട്രെയിനിൽ വായനക്കിടെ ജാൻവി പുസ്തകത്തിന്റെ മാർജിനിൽ കുറിപ്പെഴുതുന്നുണ്ടായിരുന്നു. അടുത്തിരുന്ന ഒരു അമ്മയുടെയും കുഞ്ഞിന്റെയും സംഭാഷണം കേട്ട അവൾ വായന നിർത്തി. തന്റെ ലൈബ്രറി പുസ്തകത്തിൽ കുത്തിവരച്ചതിന് അമ്മ കുഞ്ഞിനെ ശകാരിക്കുകയായിരുന്നു. ജാൻവി പെട്ടെന്ന് തന്റെ പേന മാറ്റിവെച്ചു; തന്നെ അനുകരിച്ചുകൊണ്ടാണ് ആ കുഞ്ഞ് അങ്ങനെ ചെയ്തത് എന്നവൾക്ക് മനസ്സിലായി. ലൈബ്രറിയിൽ നിന്ന് എടുത്ത പുസ്തകത്തിൽ വരക്കുന്നതും സ്വന്തം പുസ്തകത്തിൽ എഴുതുന്നതും തമ്മിലുള്ള വ്യത്യാസം ആ കുഞ്ഞിന് തിരിച്ചറിയാനാകില്ല എന്ന് ജാൻവിക്ക് മനസ്സിലായി.

ജാൻവിയുടെ ഈ പ്രവൃത്തി പൗലോസ് അപ്പസ്തോലന്റെ, 1 കൊരിന്ത്യർ 10:23, 24 വചനങ്ങളെ ഓർമിപ്പിച്ചു: "സകലത്തിനും എനിക്ക് കർത്തവ്യം ഉണ്ട്, എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിനും എനിക്ക് കർത്തവ്യം ഉണ്ട്, എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല. ഓരോരുത്തൻ സ്വന്തഗുണമല്ല, മററുള്ളവന്റെ ഗുണം അന്വേക്ഷിക്കട്ടെ.” 

കൊരിന്തിലെ പുതിയ സഭയിലെ വിശ്വാസികൾ ക്രിസ്തുവിലുള്ള അവരുടെ സ്വാതന്ത്ര്യം സ്വന്തം താല്പര്യങ്ങൾക്കുള്ള അവസരമായി കണ്ടു. എന്നാൽ ഇത് മറ്റുള്ളവരുടെ പ്രയോജനത്തിനും വളർച്ചക്കും ഉപയുക്തമായ അവസരമായി കാണണമെന്ന് പൗലോസ് എഴുതി. യഥാർത്ഥ സ്വാതന്ത്ര്യം ഒരാൾക്ക് ബോധിച്ചതുപോലെ ചെയ്യാനുള്ള അവകാശമല്ല, മറിച്ച്, ദൈവത്തിനെന്നപോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമാണെന്ന് പഠിപ്പിച്ചു.

നാം നമ്മെത്തന്നെ ശുശ്രൂഷിക്കാതെ മറ്റുള്ളവരെ പണിതുയർത്താനായി നമ്മുടെ സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോഴാണ് കർത്താവിന്റെ പാത പിൻതുടരുന്നത്.

 

അന്യോന്യം കരുതുക

ജാനകി കോയമ്പത്തൂരിലെ ഒരു വില്ലേജിൽ ഡോക്ടറായി സേവനം ചെയ്തിരുന്നു. വർഷങ്ങൾക്കു മുമ്പ്, കേവലം 14 വയസ്സിൽ വിവാഹിതയായി ഗർഭിണിയായ ഒരു പെൺകുട്ടിയെ അവർ ചികിത്സിച്ചു. അവൾ  ഒരു പെൺകുഞ്ഞിന് ജന്മം നല്കി. പെൺകുഞ്ഞുങ്ങളെക്കുറിച്ചുള്ള അന്ധവിശ്വാസം മൂലം അവർ ആ ശിശുവിനെ അടുത്തുള്ള നദിയിൽ കളയാൻ ഒരുങ്ങി. ഈ ക്രൂരമായ പദ്ധതി മനസ്സിലാക്കിയ ജാനകി, രഹസ്യമായി അമ്മയെയും കുഞ്ഞിനെയും ഒരു സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അവർക്ക് അഭയവും സുരക്ഷിതത്വവും അമ്മക്ക് തന്റെ വീട്ടിൽ ജോലിയും നൽകി, അവരെ സ്വന്തം കുടുംബത്തിന്റെ ഭാഗമായി കരുതി. ജാനകി ആ ശിശുവിനെ രക്ഷിക്കുക മാത്രമല്ല, ഒരു ഡോക്ടറായി തീരും വിധം അവളെ വളർത്തുകയും ചെയ്തു.

മററുള്ളവർക്ക് വേണ്ടി കരുതണം എന്നത് തിരുവചനം ആവർത്തിച്ച് നിർദ്ദേശിക്കുന്നുണ്ടെങ്കിലും നമ്മുടെ ചെയ്തികൾ പലപ്പോഴും അതിനെതിരാണ്. ദൈവത്തെ ആരാധിക്കുകയോ മറ്റുള്ളവരെ സേവിക്കുകയോ ചെയ്യാതെ, സ്വയം "തിന്നുകയും കുടിക്കുകയും ചെയ്യുന്ന" ഇസ്രായേലിനെ സെഖര്യാ പ്രവാചകൻ ശാസിക്കുന്നുണ്ട്(സെഖര്യാവ് 7:6). ഒരുമിച്ചുള്ള സാമൂഹ്യ ജീവിതക്രമത്തെ അവഗണിച്ച് അവർ അയല്ക്കാരന്റെ ആവശ്യം കണ്ടില്ലെന്ന് നടിച്ചു. സെഖര്യാവ് ദൈവത്തിന്റെ കല്പന വ്യക്തമാക്കി: "നേരോടെ ന്യായം പാലിക്കുകയും ഓരോരുത്തൻ തന്റെ സഹോദരനോട് ദയയും കരുണയും കാണിക്കുകയും ചെയ്യുവിൻ... വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത് " (വാ.9 - 10).

നമുക്കെല്ലാം സ്വന്തം കാര്യങ്ങളിൽ മുഴുകാനാണ് താല്പര്യമെങ്കിലും മററുള്ളവരുടെ ആവശ്യങ്ങളും കൂടെ പരിഗണിക്കണമെന്ന് വിശ്വസ്തത നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവിക സാമ്പത്തിക ക്രമത്തിൽ എല്ലാവർക്കും സമൃദ്ധിക്കുള്ള വകയുണ്ട്. ദൈവം, തന്റെ കരുണയിൽ, നമുക്കുള്ളതു കൂടി ഉൾപ്പെടുത്തിയാണ് തന്റെ സമൃദ്ധിയെ പങ്കുവെക്കുവാൻ ഹിതമാകുന്നത്.

 

 

 

സ്വപ്ന സംഘം

സുഹൃത്തുക്കളായ മെലാനിയും ട്രെവറും ഒരുമിച്ച് അനേക മൈൽ ദുർഘടപാതകൾ താണ്ടിയിട്ടുണ്ട്. ഒരുമിച്ചല്ലാതെ ഇവരിലാർക്കും ഒറ്റക്കത് കഴിയില്ല. നട്ടെല്ലിന് ബലമില്ലാതെ ജനിച്ച മെലാനി വീൽ ചെയറിലാണ്. ഗ്ലൂക്കോമ മൂലം കാഴ്ച നഷ്ടപ്പെട്ടയാളാണ് ട്രെവർ. കൊളറാഡോയിലെ വനപാതകൾ ആസ്വദിക്കുന്നതിന് അവരന്യോന്യം പരസ്പര പൂരകങ്ങളാണെന്ന് ഈ ജോടി തിരിച്ചറിഞ്ഞു. വനപഥങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ട്രെവർ മെലാനിയെ ചുമലിലേറ്റുന്നു; മെലാനി അവന് വഴി പറഞ്ഞു കൊടുക്കുന്നു. അവർ തങ്ങളെ ഒരു "സ്വപ്ന സംഘം" എന്ന് സ്വയം വിശേഷിപ്പിക്കുന്നു.

പൗലോസ്, യേശുവിൽ വിശ്വസിക്കുന്നവരെ - ക്രിസ്തുവിന്റെ ശരീരം ആയവരെ - ഇതുപോലൊരു "സ്വപ്ന സംഘ" മെന്ന് വിശേഷിപ്പിക്കുന്നു. തങ്ങളുടെ വ്യക്തിപരമായ കൃപാവരങ്ങൾ എല്ലാവർക്കും പ്രയോജനകരമാക്കണമെന്ന് അദ്ദേഹം റോമൻ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. നമ്മുടെ ശരീരം വിവിധ അവയവങ്ങൾ ചേർന്ന് ഉണ്ടായിരിക്കുന്നതുപോലെ, വിവിധ ദൗത്യങ്ങൾ ഉള്ള നാമെല്ലാം ചേർന്ന് ഒരു "ആത്മീയ ശരീരം" ആയിരിക്കുകയും, സഭയുടെ പൊതുപ്രയോജനത്തിനായി ആത്മവരങ്ങൾ നല്കപ്പെട്ടിരിക്കുകയും ചെയ്യുന്നു (റോമർ 12:5). ദാനം ചെയ്യുവാനുള്ള വരം, പ്രോത്സാഹിപ്പിക്കാനുള്ള വരം, പഠിപ്പിക്കാനുള്ള വരം എന്നിങ്ങനെ ഏതു ആത്മവരമായാലും അതൊക്കെയും മറ്റുള്ളവരുടെ പ്രയോജനത്തിനായിട്ടുള്ളതാണെന്ന് കണക്കാക്കണമെന്ന് പൗലോസ് നിർദ്ദേശിക്കുന്നു (വാ. 5-8).

മെലാനിയും ട്രെവറും തങ്ങൾക്കില്ലാത്ത കാര്യങ്ങളെക്കുറിച്ച് പ്രയാസപ്പെട്ടില്ല; മറ്റെയാൾക്ക് ഇല്ലാത്തതും തനിക്കുള്ളതുമായ കഴിവിനെയോർത്ത് അഹങ്കരിച്ചുമില്ല. മറിച്ച്, അവർക്കുള്ള "കൃപാവര"ത്തെ സന്തോഷത്തോടെ മറ്റെയാൾക്കുവേണ്ടി ഉപയോഗിക്കുന്നു; ഒരുമിച്ച് പ്രവർത്തിക്കുന്നത് അന്യോന്യം എത്ര പ്രയോജനകരമാണെന്നവർ തിരിച്ചറിയുന്നു. നമുക്കും, ദൈവം നല്കിയ കൃപാവരങ്ങളെ  മറ്റുള്ളവരുടെതിനൊപ്പം നിസ്വാർത്ഥമായി ഒരുമിച്ച് ഉപയോഗിക്കാം – ക്രിസ്തുവിനെ പ്രതി.

സ്നേഹിക്കുന്നു എന്നറിയിക്കുന്ന ആഹാരം

ഞാൻ ഒരു പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. അവിടെ അലങ്കാരങ്ങളും സമ്മാനങ്ങളും വിശേഷ ഭക്ഷണവും ഒരുക്കിയിരുന്നു. ജന്മദിനം ആഘോഷിക്കുന്ന പെൺകുട്ടിക്ക് പനീറും പഴങ്ങളും ചുവന്ന വെൽവെറ്റ് കേക്കും പ്രിയങ്കരമായിരുന്നതുകൊണ്ട് അതെല്ലാം തയ്യാറാക്കിയിരുന്നു. ഒരാൾക്ക് ഇഷ്ടവിഭവമായ ഭക്ഷണം ഒരുക്കുമ്പോൾ നാം വിളിച്ചോതുന്നത്, "ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്നാണ്.

ബൈബിളിൽ വിരുന്നും ആഘോഷങ്ങളും ഉത്സവങ്ങളും ഒക്കെ പരാമർശിക്കപ്പെടുന്നുണ്ട്; ഇതിനെയൊക്കെ ദൈവത്തിന്റെ വിശ്വസ്തതയുടെ ആഘോഷവുമായി ബന്ധിപ്പിക്കുന്നുണ്ട്. ഇസ്രായേലിന്റെ യാഗാർപ്പണങ്ങളോടനുബന്ധിച്ച് വിരുന്നിന് വലിയ സ്ഥാനമുണ്ടായിരുന്നു. (സംഖ്യ 28:11-31). പെസഹ, വാരോത്സവം, മാസം തോറുമുള്ള അമാവാസി എന്നീ ആഘോഷങ്ങളിലൊക്കെ വിരുന്നുണ്ടായിരുന്നു. സങ്കീർത്തനം 23:5-ൽ, നന്മയും കരുണയും കവിഞ്ഞൊഴുകുന്ന പാനപാത്രവും സമൃദ്ധമായ ഭക്ഷണവും ഒക്കെയായി ദൈവം മേശയൊരുക്കുന്നതിനെപ്പറ്റി പറയുന്നു. യേശു ഒരു അപ്പം നുറുക്കി, പാനപാത്രം എടുത്ത്, നമ്മുടെ രക്ഷക്കായുള്ള തന്റെ ക്രൂശുമരണത്തെ സൂചിപ്പിച്ച് സംസാരിച്ചതാകും ഭക്ഷണ പാനീയങ്ങളെ സംബന്ധിച്ച ഏറ്റവും മനോഹരമായ ചിത്രീകരണം. "എന്റെ ഓർമ്മക്കായി ഇത് ചെയ്യുവിൻ" എന്ന് അവൻ ആഹ്വാനവും നല്കി. (ലൂക്കൊസ് 22:19)

ഇന്ന് നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ, തന്റെ സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും പ്രദർശനമായി നമുക്ക് ഭക്ഷണം നൽകിയ, വായും വയറും സൃഷ്ടിച്ച, ദൈവത്തെ ഓർക്കുവാൻ ഒരു നിമിഷം മാറ്റി വെക്കണം. നമ്മുടെ ദൈവം തന്റെ വിശ്വസ്തരോടു കൂടെ ഭക്ഷണം കഴിക്കുന്നവനാണ്; നമ്മുടെ ഏറ്റവും വലിയ ആവശ്യത്തിന് അനിവാര്യമായ നന്മ പ്രദാനം ചെയ്ത് "ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്ന് പറയുന്നവനാണ്.

അതിവേഗം, കാത്തിരിപ്പോടെ

"നിങ്ങളുടെ അധികസമയം നിങ്ങൾ എങ്ങനെ ചെലവഴിക്കുന്നു?" 1930-ൽ സാമ്പത്തിക വിദഗ്ദൻ ജോൺ മെയ്നാർഡ് കെയിൻസ് പ്രസിദ്ധീകരിച്ച പ്രബന്ധത്തിന്റെ കേന്ദ്രമായ ചോദ്യമായിരുന്നു ഇത്. അതിൽ അദ്ദേഹം പറഞ്ഞത് 100 വർഷത്തിനുള്ളിൽ, സാങ്കേതികവും സാമ്പത്തികവുമായ പുരോഗതി കൈവരിക്കുന്ന മനുഷ്യൻ, ഒരു ദിവസം 3 മണിക്കൂറും ആഴ്ചയിൽ 15 മണിക്കൂറും മാത്രം ജോലി ചെയ്യുന്ന സ്ഥിതി വരും എന്നാണ്.

ഈ പ്രസിദ്ധമായ ലേഖനം പ്രസിദ്ധീകരിച്ചിട്ട് ഇപ്പോൾ 90 വർഷം കഴിഞ്ഞു. എന്നാൽ സാങ്കേതിക പുരോഗതി, കൂടുതൽ വിശ്രമമല്ല, മറിച്ച് കൂടുതൽ തിരക്കാണ് നമുക്ക് സമ്മാനിച്ചിരിക്കുന്നത്. ആർക്കും ദിവസം തികയുന്നില്ല. യാത്രയും ഭക്ഷണം തയ്യാറാക്കലും കൂടുതൽ എളുപ്പമായെങ്കിലും എല്ലാവരും വല്ലാത്ത തിരക്കിലാണ്.

ജീവിതത്തിന്റെ വലിയ തിരക്കിനിടയിലും എങ്ങനെ സമചിത്തതയോടെയിരിക്കാമെന്ന് ദാവീദിന്റെ ജീവിതത്തിലെ ഒരു സംഭവം കാണിച്ചു തരുന്നു. തന്നെ കൊല്ലാൻ അന്വേക്ഷിച്ച ശൗൽ രാജാവിൽ നിന്നും ഓടിയൊളിച്ചു കൊണ്ടിരുന്ന ഒരു സമയം ദാവീദ് മൊവാബ് രാജാവിനോട് ചോദിച്ചു, "ദൈവം എനിക്കു വേണ്ടി എന്തു ചെയ്യും എന്നറിയുവോളം എന്റെ അപ്പനും അമ്മയും നിങ്ങളുടെയടുക്കൽ വന്നു പാർക്കുവാൻ അനുവദിക്കണമേ" (1ശമുവേൽ 22:3). ദാവീദ് വലിയ പ്രതിസന്ധിയിലായിരുന്നു. തന്നെ കൊല്ലുവാനുള്ള ശൗലിന്റെ നീക്കങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതോടൊപ്പം കുടുംബത്തെ സംരക്ഷിക്കേണ്ടിയുമിരുന്നു. ഈ തിരക്കിനിടയിലും ദൈവത്തിന്റെ ഇടപെടലിനെ കാത്തിരിക്കുവാൻ ദാവീദിന് കഴിഞ്ഞു.

ജീവിതത്തിന്റെ സംഭ്രമകരമായ സംഭവങ്ങൾ നമ്മെ കീഴ്മേൽ മറിക്കുവാൻ ശ്രമിക്കുമ്പോൾ സമാധാനത്തിൽ കാക്കുവാൻ കഴിയുന്നവനെ നമുക്ക് ആശ്രയിക്കാം (യെശയ്യാവ് 26:3). ദാവീദിന്റെ വാക്കുകൾ തന്നെ ഇക്കാര്യം ഉചിതമായി പ്രസ്താവിക്കുന്നു: "യഹോവയിൽ പ്രത്യാശ വെക്കുക; ധൈര്യപ്പെട്ടിരിക്കുക. നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ" (സങ്കീർത്തനങ്ങൾ 27:14).