ഏകാന്തതാകാര്യ മന്ത്രി
തന്റെ ഭര്‍ത്താവിന്റെ മരണശേഷം ബറ്റ്‌സി മിക്ക ദിവസങ്ങളിലും ടെലിവിഷന്‍ കണ്ടും ഒരാള്‍ക്കുവേണ്ടി മാത്രം ചായ തിളപ്പിച്ചും കൊണ്ട് ഫ്‌ളാറ്റില്‍ ഒതുങ്ങിക്കൂടി. തന്റെ ഏകാന്തതയില്‍ അവള്‍ തനിച്ചായിരുന്നില്ല. 90 ലക്ഷത്തിലധികം ബ്രിട്ടീഷുകാര്‍ (ജനസംഖ്യയുടെ 15 ശതമാനം), തങ്ങള്‍ മിക്കപ്പോഴും അല്ലെങ്കില്‍ എല്ലായ്‌പ്പോഴും ഏകാന്തതയനുഭവിക്കുന്നു എന്നു പറയുന്നവരാണ്.
എന്തുകൊണ്ടാണിതെന്നു കണ്ടെത്താനും എങ്ങനെ സഹായിക്കാമെന്നു കണ്ടെത്താനുമായി ഏകാന്തതാകാര്യ മന്ത്രിയെ ഗ്രേറ്റ് ബ്രിട്ടന്‍ നിയമിച്ചിട്ടുണ്ട്.
ഏകാന്തതയുടെ ചില കാരണങ്ങള്‍ പരിചിതമാണ്: വേരുകള്‍ അറുക്കാന്‍ നാം വേഗം തയ്യാറാകുന്നു. നമുക്ക് നമ്മുടെ കാര്യം നോക്കാന്‍ കഴിയുമെന്നു നാം വിശ്വസിക്കുന്നു, മറ്റുള്ളവരിലേക്കു കൈനീട്ടാന്‍ നമുക്ക് കാരണവുമില്ല. സാങ്കേതിക വിദ്യ നമ്മെ അകറ്റിയിരിക്കുന്നു - നാം ഓരോരുത്തരും നമ്മുടെ മിന്നുന്ന സ്‌ക്രീനില്‍ മുഴുകിയിരിക്കുന്നു.
ഏകാന്തതയുടെ ഇരുണ്ടവശം ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളും കണ്ടിട്ടുണ്ടാകണം. ഇക്കാരണത്താലാണ് നമുക്ക് കൂട്ടുവിശ്വാസികളെ ആവശ്യമായിരിക്കുന്നത്. തുടര്‍ച്ചയായി ഒരുമിച്ചു കൂടുവാന്‍ നമ്മെ ഉത്സാഹിപ്പിച്ചുകൊണ്ടാണ് യേശുവിന്റെ യാഗത്തെക്കുറിച്ചുള്ള ചര്‍ച്ച എബ്രായലേഖനം ഉപസംഹരിക്കുന്നത് (10:25). നാം ദൈവ ഭവനത്തിലെ അംഗങ്ങളാണ്, അതിനാല്‍ നാം ''സഹോദര പ്രീതി'' ഉള്ളവരും ''അതിഥി സല്‍ക്കാരം'' ചെയ്യുന്നവരും ആയിരിക്കണം (13:12). നാം ഓരോരുത്തരും അതിനു ശ്രമിച്ചാല്‍, തങ്ങളെ മറ്റുള്ളവര്‍ കരുതുന്നു എന്ന് എല്ലാവരും മനസ്സിലാക്കും.
ഏകാന്തതയനുഭവിക്കുന്നവര്‍ നമ്മുടെ ദയ തിരിച്ചു തന്നെന്നു വരില്ല, എന്നാല്‍ അത് നിര്‍ത്താനുള്ള കാരണമല്ല. നമ്മെ കൈവിടുകയും ഉപേക്ഷിക്കയുമില്ല എന്ന് യേശു വാഗ്ദത്തം ചെയ്തിട്ടുണ്ട് (13:5). മറ്റുള്ളവരോടുള്ള നമ്മുടെ സ്‌നേഹത്തെ ആളിക്കത്തിക്കാന്‍ അവന്റെ സൗഹൃദത്തെ നമുക്കുപയോഗിക്കാന്‍ കഴിയും. നിങ്ങള്‍ ഏകാന്തതയനുഭവിക്കുന്നോ? ഏതു വിധത്തില്‍ ദൈവകുടുംബത്തെ സേവിക്കാന്‍ നിങ്ങള്‍ക്ക് കഴിയും? യേശുവില്‍ നിങ്ങള്‍ ഉണ്ടാക്കുന്ന സ്‌നേഹിതര്‍ എന്നേക്കും നിലനില്‍ക്കും, ഈ ജീവിതത്തിലും അതിനപ്പുറവും.
ജീവിതത്തിനുള്ള മികച്ച തന്ത്രം
ഗാലറിയിലിരുന്നുകൊണ്ട് എന്റെ മകളുടെ ബാസ്‌കറ്റ്‌ബോള്‍ കളി ഞങ്ങള്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍, കോര്‍ട്ടിലുള്ള പെണ്‍കുട്ടികളോട് കോച്ച് ഒരു വാക്ക് പറയുന്നത് കേട്ടു: ''ഡബിള്‍സ്.'' പെട്ടെന്ന് അവരുടെ പ്രതിരോധ തന്ത്രം ഒരാള്‍ ഒരാളോട് എന്നത് മാറിയിട്ട് രണ്ടു കളിക്കാര്‍ ഒരുമിച്ചു പന്ത് പിടിച്ചിരിക്കുന്ന ഉയരമുള്ള എതിരാളിക്കെതിരെ തിരിഞ്ഞു. ഷൂട്ട് ചെയ്ത് സ്‌കോര്‍ ചെയ്യാനുള്ള അവളുടെ ശ്രമത്തെ തടയുന്നതില്‍ അവര്‍ വിജയിക്കുകയും തുടര്‍ന്ന് പന്ത് തങ്ങളുടെ ബാസ്‌കറ്റിലെത്തിക്കുകയും ചെയ്തു.
സഭാപ്രസംഗിയുടെ രചയിതാവായ ശലോമോന്‍, ലോകത്തിലെ കഷ്ടപ്പാടുകളോടും ഇച്ഛഭംഗങ്ങളോടും മല്ലിടുമ്പോള്‍ മനസ്സിലാക്കിയത്, നമ്മുടെ കഷ്ടപ്പാടുകളില്‍ ഒരു കൂട്ടാളിയുണ്ടാകുന്നത് ''നല്ല പ്രതിഫലം'' കിട്ടാന്‍ സഹായിക്കുമെന്നാണ് (4:9). ഒറ്റയ്ക്ക് പോരാടുന്ന ഒരുവന്‍ ''ആക്രമിക്കപ്പെട്ടേക്കാം'' പക്ഷേ രണ്ടുപേരായാല്‍ ''അവനോട് എതിര്‍ത്ത് നില്‍ക്കാം'' (വാ.12). സമീപത്തുള്ള സ്‌നേഹിതന്, നാം വീണാല്‍ നമ്മെ എഴുന്നേല്പ്പിക്കാന്‍ സാധിക്കും (വാ. 10).
ജീവിത പ്രതിസന്ധികളെ നാം ഒറ്റയ്ക്ക് നേരിടാതിരിക്കേണ്ടതിന് നമ്മുടെ യാത്രയില്‍ മറ്റുള്ളവരെ കൂടെക്കൂട്ടാന്‍ ശലോമോന്റെ വാക്കുകള്‍ നമ്മെ പ്രബോധിപ്പിക്കുന്നു: അത് നമ്മില്‍ ചിലര്‍ക്ക്, പരിചിതമോ സുഖകരമോ അല്ലാത്ത നിലയില്‍ മറ്റൊരാള്‍ നമ്മുടെ ജീവിതത്തിലേക്ക് കടക്കാന്‍ അനുവാദം കൊടുക്കലായിരിക്കും. മറ്റു ചിലര്‍ അത്തരമൊരു അടുപ്പത്തിനായി കൊതിക്കുന്നവരും പങ്കുവയ്ക്കാന്‍ കഴിയുന്ന ഒരു സുഹൃത്തിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവരും ആയിരിക്കും. എന്തായിരുന്നാലും ശ്രമം നാം ഉപേക്ഷിക്കരുത്.
ടീമംഗങ്ങള്‍ കുടെയുള്ളതാണ് കളിക്കളത്തിലായാലും ജീവിതത്തിലായാലും ഉയര്‍ന്നുവരുന്ന വലിയ പോരാട്ടങ്ങളെ നേരിടുവാനുള്ള മികച്ച തന്ത്രം എന്ന കാര്യത്തില്‍ ശലോമോനും ബാസ്‌കറ്റ് ബോള്‍ കോച്ചുകളും ഏകാഭിപ്രായക്കാരാണ്. കര്‍ത്താവേ, ഞങ്ങളെ പ്രോത്സാഹിപ്പിക്കുവാനും പിന്തുണയ്ക്കുവാനും ഞങ്ങളുടെ ജീവിതത്തില്‍ അങ്ങ് ആളുകളെ വെച്ചിരിക്കുന്നതിന് നന്ദി.
കണ്ണുനീരിന്റെ പാത്രം
1840 കളുടെ ഒടുവില്‍ അയര്‍ലണ്ടിലുണ്ടായ ദുരന്തപൂര്‍ണ്ണമായ ഉരുളക്കിഴങ്ങു ക്ഷാമം നിമിത്തമുള്ള മരണത്തെ അതിജീവിക്കുവാന്‍ അറ്റ്‌ലാന്റിക് കടന്നവരെ അനുസ്മരിക്കുന്ന ''കണ്ണുനീരിന്റെ പാത്രം കടക്കുക'' എന്നെഴുതിയ ഒരു പ്ലക്കാര്‍ഡ് മസാച്ചുസെറ്റ്‌സിലെ ബോസ്റ്റണില്‍ കാണാം. ആ ദുരന്തത്തില്‍ പത്തു ലക്ഷത്തിലധികം പേര്‍ മരിക്കുകയും മറ്റൊരു പത്തുലക്ഷത്തിലധികം പേര്‍ സമുദ്രം കടക്കുന്നതിനായി ഭവനമുപേക്ഷിക്കുകയും ചെയ്തു. ഈ സമുദ്രത്തെ ബോയ്ല്‍ ഒ'റെയ്‌ലി കാവ്യ ശൈലിയില്‍ വിളിച്ചതാണ് ''കണ്ണുനീരിന്റെ ഒരു പാത്രം.'' വിശപ്പിനാലും ഹൃദയവേദനയാലും ഓടിക്കപ്പെട്ട ഈ സഞ്ചാരികള്‍ പരിതാപകരമായ ഘട്ടത്തില്‍ അല്പം പ്രത്യാശ തേടുകയാണുണ്ടായത്.
സങ്കീര്‍ത്തനം 55 ല്‍, താന്‍ എങ്ങനെയാണ് പ്രത്യാശ തേടിയതെന്നു ദാവീദ് പറയുന്നു. അവന്‍ നേരിട്ട ഭീഷണിയുടെ വിശദാംശങ്ങള്‍ നമുക്കറിയില്ലെങ്കിലും, തന്റെ അനുഭവത്തിന്റെ ഭാരം തന്നെ മാനസികമായി തകര്‍ക്കാന്‍ പര്യാപ്തമായിരുന്നു (വാ. 4-5). അവന്റെ സ്വാഭാവിക പ്രതികരണം പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു. ''പ്രാവിനുള്ളതുപോലെ എനിക്ക് ചിറകുണ്ടായിരുന്നുവെങ്കില്‍, എന്നാല്‍ ഞാന്‍ പറന്നുപോയി വിശ്രമിക്കുമായിരുന്നു'' (വാ. 6).
ദാവീദിനെപ്പോലെ, വേദനാജനകമായ അന്തരീക്ഷത്തില്‍ സുരക്ഷിതത്വത്തിലേക്കു പറന്നുപോകാന്‍ നാമും ആഗ്രഹിക്കും. എന്നിരുന്നാലും, തന്റെ ഓടിപ്പോക്കിനെക്കുറിച്ചു ചിന്തിച്ചശേഷം ദാവീദ് തന്റെ വേദനയില്‍ നിന്ന് ഓടിപ്പോകുന്നതിനു പകരം തന്റെ ദൈവത്തിങ്കലേക്കു ഓടിച്ചെല്ലുന്നതു തിരഞ്ഞെടുത്തു, അവന്‍ പാടി, ''ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും'' (വാ. 16).
പ്രശ്‌നങ്ങള്‍ വരുമ്പോള്‍, സര്‍വ്വാശ്വാസങ്ങളുടെയും ദൈവം നിങ്ങളുടെ അന്ധകാര നിമിഷങ്ങളിലും ആഴമായ ഭയങ്ങളിലും നിങ്ങളെ വഹിക്കാന്‍ പ്രാപ്തനാണെന്ന് ഓര്‍ക്കുക. ഒരു ദിവസം അവന്‍ നമ്മുടെ കണ്ണില്‍ നിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയുമെന്ന് അവന്‍ വാഗ്ദത്തം ചെയ്യുന്നു (വെളിപ്പാട് 21:4). ആ ഉറപ്പില്‍ ശക്തിപ്പെട്ടുകൊണ്ട് ഇന്ന് നമ്മുടെ കണ്ണുനീരിന്റെ നടുവില്‍ നമുക്ക് ഉറപ്പോടെ അവനില്‍ ആശ്രയിക്കാം.
നയിക്കുന്ന ഒരുവന്‍
മെന്റര്‍ എന്ന പദം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നതെന്താണ്? എനിക്ക് അത് പാസ്റ്റര്‍ റിച്ച് ആണ്. എനിക്ക് എന്നില്‍ വിശ്വാസമില്ലാതിരുന്നപ്പോള്‍ അദ്ദേഹം എന്റെ കഴിവുകള്‍ കാണുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്തു. താഴ്മയിലും സ്‌നേഹത്തിലും ശുശ്രൂഷിക്കുന്നതിലൂടെ എങ്ങനെ നയിക്കാമെന്ന് അദ്ദേഹം മാതൃക കാണിച്ചു തന്നു. തല്‍ഫലമായി, ഞാനിപ്പോള്‍ മറ്റുള്ളവര്‍ക്ക് ശിഷ്യത്വ പരിശീലനം നല്‍കുന്നതിലൂടെ ദൈവത്തെ സേവിക്കുന്നു.
ഒരു നേതാവെന്ന നിലയിലേക്കുള്ള എലീശായുടെ വളര്‍ച്ചയില്‍ പ്രവാചകനായ ഏലീയാവ് നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. അവനെ അഭിഷേകം ചെയ്യാന്‍ ദൈവം പറഞ്ഞ പ്രകാരം അവന്‍ നിലമുഴുതു കൊണ്ടിരിക്കുമ്പോള്‍ ഏലിയാവ് അവനെ കണ്ടെത്തുകയും തന്റെ പിന്‍ഗാമിയായി അവനെ ക്ഷണിക്കുകയും ചെയ്തു (1 രാജാക്കന്മാര്‍ 19:16,19). തന്റെ ഗുരു അസാധാരണ അത്ഭുതങ്ങള്‍ ചെയ്യുന്നതും എന്ത് വിഷയത്തിലും ദൈവത്ത അനുസരിക്കുന്നതും യുവ ശിഷ്യന്‍ ശ്രദ്ധിച്ചു. ഒരു ആജീവനാന്ത ശുശ്രൂഷയ്ക്കുവേണ്ടി എലീശയെ ഒരുക്കുന്നതിനായി ഏലീയാവിനെ ദൈവം ഉപയോഗിച്ചു. ഏലീയാവിന്റെ ജീവിതാന്ത്യത്തില്‍ മടങ്ങിപ്പോകാന്‍ എലീശയ്ക്ക് അവസരം ലഭിച്ചു. പകരം തന്റെ ഗുരുവിനോടുള്ള സമര്‍പ്പണം പുതുക്കാനാണ് ആ അവസരം അവന്‍ ഉപയോഗിച്ചത്. എലീശയ്ക്ക് തന്റെ ശുശ്രൂഷയില്‍ നിന്ന് വിടുതല്‍ നല്‍കാമെന്ന് മൂന്ന് പ്രാവശ്യം ഏലീയാവ് വാഗ്ദാനം ചെയ്തിട്ടും ഓരോ പ്രാവശ്യവും അവന്‍ നിരസിച്ചുകൊണ്ട് പറഞ്ഞു, 'യഹോവയാണ, നിന്റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല' (2 രാജാക്കന്മാര്‍ 2:2,4,6). എലീശയുടെ വിശ്വസ്തത നിമിത്തം അവനും അസാധാരണമായ നിലകളില്‍ ദൈവത്താല്‍ ഉപയോഗിക്കപ്പെട്ടു.
യേശുവിനെ അനുഗമിക്കുന്നതിന്റെ അര്‍ത്ഥമെന്തെന്ന് മാതൃക കാണിച്ചു തരുന്ന ഒരുവനെ നമുക്കെല്ലാം ആവശ്യമാണ്. ആത്മീയമായി വളരുന്നതിനു നമ്മെ സഹായിക്കുന്ന ഭക്തരായ സ്ത്രീകളെയും പുരുഷന്മാരെയും ദൈവം നമുക്ക് നല്‍കട്ടെ. നമുക്കും അവന്റെ ആത്മാവിന്റെ ശക്തിയാല്‍ മറ്റുള്ളവര്‍ക്കായി നമ്മുടെ ജീവിതത്തെ ചിലവാക്കാം.
വന്നു വാങ്ങുക!
ഞങ്ങളുടെ വീടിനു പിന്നിലുള്ള മുന്തിരിവള്ളി പടര്‍ന്ന വേലിക്കു മുകളിലൂടെ ഞാന്‍ എത്തിനോക്കി. ഞങ്ങളുടെ വീടിനു പുറകിലുള്ള പാര്‍ക്കിനു ചുറ്റും നിര്‍മ്മിച്ചിട്ടുള്ള ട്രാക്കിലൂടെ ആളുകള്‍ ഓടുകയും ജോഗ് ചെയ്യുകയും നടക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. എനിക്ക് ആരോഗ്യമുണ്ടായിരുന്നപ്പോള്‍ ഞാനും അത് ചെയ്തിരുന്നു, എന്നു ഞാന്‍ ചിന്തിച്ചു. നിരാശയുടെ ഓളങ്ങള്‍ എന്നെ വല്ലാതെ മൂടി.
പിന്നീട്, വചനം വായിച്ചുകൊണ്ടിരുന്നപ്പോള്‍ യെശയ്യാവ് 55:1 എന്റെ ശ്രദ്ധയാകര്‍ഷിച്ചു, 'അല്ലയോ ദാഹിക്കുന്ന ഏവരും... വരുവിന്‍.'' അസംതൃപ്തി (ദാഹം) ആണ് ഈ ജീവിതത്തിന്റെ നിയമം അല്ലാതെ ഒഴിവാക്കലല്ല എന്നു ഞാന്‍ ഗ്രഹിച്ചു.
ഒന്നും, ജീവിതത്തിലെ നല്ല കാര്യങ്ങള്‍പോലും പൂര്‍ണ്ണ സംതൃപ്തി നല്‍കുകയില്ല. ഒരു ഷേര്‍പ്പായെപ്പോലെ (പര്‍വ്വതാരോഹക സഹായി) ശക്തമായ കാലുകള്‍ എനിക്കുണ്ടെങ്കിലും എന്നെ അസന്തുഷ്ടനാക്കുന്ന മറ്റെന്തെങ്കിലും എന്റെ ജീവിതത്തിലുണ്ടായിരിക്കും.
നാം ചെയ്യുന്നതും, വാങ്ങുന്നതും ധരിക്കുന്നതും സ്‌പ്രേ ചെയ്യുന്നതും പുരട്ടുന്നതും സഞ്ചരിക്കുന്ന വാഹനവും നമുക്ക് അന്തമില്ലാത്ത സന്തോഷം തരും എന്ന് നമ്മുടെ സംസ്‌കാരം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നമ്മോട് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ അതൊരു നുണയാണ്. നാം ചെയ്യുന്നത് എന്ത് തന്നെയായാലും ഇവിടെ ഇപ്പോഴുള്ള ഒന്നില്‍ നിന്നും നമുക്ക് പൂര്‍ണ്ണ സംതൃപ്തി ലഭിക്കുകയില്ല.
മറിച്ച്, ദൈവം പറയുന്നതെന്താണെന്ന് കേള്‍ക്കാന്‍ ദൈവത്തിങ്കലേക്കും തിരുവചനത്തിങ്കലേക്കും വീണ്ടും വീണ്ടും വരുവാന്‍ യെശയ്യാവ് നമ്മെ ക്ഷണിക്കുന്നു. അവന്‍ എന്താണ് പറയുന്നത്? പഴയകാലത്തെ ദാവീദിനോടുള്ള അവന്റെ സ്‌നേഹം ശാശ്വതവും വിശ്വസ്തവും ആയിരുന്നു (വാ. 3). നമ്മോടും അങ്ങനെ തന്നെയാണ്! നമുക്ക് അവന്റെ അടുത്ത് 'വരുവാന്‍'' കഴിയും.
ചെറുതെങ്കിലും പ്രാധാന്യമുള്ളത്
എന്നത്തേയും പോലെയാണ് ആ ദിവസവും ആരംഭിച്ചതെങ്കിലും ഒരു പേടിസ്വപ്നം പോലെയാണത് അവസാനിച്ചത്. എസ്‌തേറിനെയും (ശരിയായ പേരല്ല) മറ്റു നൂറുകണക്കിന് സ്ത്രീകളെയും ഒരു മതതീവ്രവാദ സംഘടന അവരുടെ ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി. ഒരു മാസത്തിനുശേഷം എല്ലാവരെയും വിട്ടയച്ചു - എസ്ഥേറിനെ ഒഴികെ. ക്രിസ്തുവിനെ തള്ളിപ്പറയാന്‍ അവള്‍ വിസമ്മതിച്ചതാണു കാരണം. വിശ്വാസത്തിനു വേണ്ടി പീഡിപ്പിക്കപ്പെട്ട അവളെയും മറ്റുള്ളവരെയും കുറിച്ച് ഞാനും എന്റെ സ്‌നേഹിതയും വായിച്ചപ്പോള്‍ ഞങ്ങളുടെ ഹൃദയം തകര്‍ന്നു. എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങളാഗ്രഹിച്ചു.
പക്ഷേ, എന്ത്?
കൊരിന്തിലെ സഭയ്‌ക്കെഴുതുമ്പോള്‍, ആസ്യ പ്രവിശ്യയില്‍ വെച്ച് താന്‍ അനുഭവിച്ച പ്രതിസന്ധിയെക്കുറിച്ചു അപ്പൊസ്തലനായ പൗലൊസ് പങ്കുവയ്ക്കുന്നുണ്ട്. പീഡനം അതികഠിനമായിരുന്നതിനാല്‍ 'ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറ്'' (2 കൊരിന്ത്യര്‍ 1:8) താനും കൂട്ടാളികളും ആയിത്തീര്‍ന്നു എന്നവന്‍ എഴുതി. എന്നിരുന്നാലും വിശ്വാസികളുടെ പ്രാര്‍ത്ഥന പൗലൊസിന് തുണയായി (വാ. 11). കൊരിന്ത്യസഭ പൗലൊസില്‍ നിന്നും വളരെ ദൂരെയായിരുന്നെങ്കിലും അവരുടെ പ്രാര്‍ത്ഥന ഫലവത്തായിരുന്നു, ദൈവം അത് കേട്ടു. ഇവിടെയാണ് അതിശയകരമായ ഒരു മര്‍മ്മം ഉള്ളത്: പരമാധികാരിയായ ദൈവം തന്റെ ഉദ്ദേശ്യം നിവര്‍ത്തിക്കുന്നതിനായി നമ്മുടെ പ്രാര്‍ത്ഥനകളെ ഉപയോഗിക്കുന്നു.
എന്തൊരു ഭാഗ്യപദവിയാണത്!
തങ്ങളുടെ വിശ്വാസത്തിനു വേണ്ടി കഷ്ടത സഹിക്കുന്ന ക്രിസ്തുവില്‍ നമ്മുടെ സഹോദരീ സഹോദരന്മാരെ ഇന്നു നമ്മുടെ പ്രാര്‍ത്ഥനയില്‍ നമുക്കോര്‍ക്കാന്‍ കഴിയും. നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, പീഡിക്കപ്പെടുന്നവര്‍, മര്‍ദ്ദനമേല്‍ക്കുന്നവര്‍, ഉപദ്രവം സഹിക്കുന്നവര്‍, ക്രിസ്തുവിലെ വിശ്വാസം നിമിത്തം കൊല്ലപ്പെടുന്നവര്‍ക്ക് വേണ്ടി പോലും പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് കഴിയും. അവര്‍ ദൈവീകാശ്വാസവും ധൈര്യവും അനുഭവിക്കേണ്ടതിനും ക്രിസ്തുവില്‍ ഉറപ്പോടെ നില്‍ക്കുമ്പോള്‍ പ്രത്യാശയാല്‍ ശക്തിപ്പെടേണ്ടതിനും അവര്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
വെറുതെ കാത്തിരിക്കുന്നതിലുമധികം
റോഡില്‍ നിന്നും നടപ്പാതയിലേക്കു കയറ്റി കാറോടിച്ചതിന് ഒരു സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു. കുട്ടികളെ ഇറക്കിക്കൊണ്ടിരുന്ന ഒരു സ്‌കൂള്‍ ബസിനു പിന്നില്‍ കാത്തുനില്‍ക്കാന്‍ മനസ്സില്ലാത്തതുകൊണ്ടാണ് അവള്‍ ഈ സാഹസത്തിനു മുതിര്‍ന്നത്.
കാത്തിരിപ്പ് നമ്മെ അക്ഷമരാക്കും എന്നതു സത്യമായിരിക്കുമ്പോള്‍ തന്നേ, കാത്തിരിപ്പില്‍ ചെയ്യാനും പഠിക്കാനും കഴിയുന്ന നല്ല കാര്യങ്ങള്‍ ഉണ്ട്. 'യെരുശലേം വിട്ടുപോകരുത്' (പ്രവൃ. 1:4) എന്നു ശിഷ്യന്മാരോടു പറഞ്ഞപ്പോള്‍ യേശു ഇക്കാര്യം അറിഞ്ഞിരുന്നു. 'പരിശുദ്ധാത്മാവു കൊണ്ടുള്ള സ്‌നാനത്തിനായി'' അവര്‍ കാത്തിരിക്കുകയായിരുന്നു (വാ. 5).
ആവേശത്തിന്റെയും പ്രതീക്ഷയുടെയുമായ ഒരു അവസ്ഥയില്‍ മാളിക മുറിയില്‍ കൂടിയിരുന്ന അവരോട് കാത്തിരിക്കാന്‍ യേശു പറഞ്ഞപ്പോള്‍, ഒന്നും ചെയ്യാതെ ഇരിക്കുക എന്നല്ല അവന്‍ അര്‍ത്ഥമാക്കിയത് എന്നവര്‍ മനസ്സിലാക്കി. അവര്‍ പ്രാര്‍ത്ഥനയില്‍ സമയം ചിലവഴിച്ചു (വാ. 14): വചനം പറയുന്നതുപോലെ, യൂദായുടെ സ്ഥാനത്തേക്ക് പുതിയൊരു ശിഷ്യനെ അവര്‍ തിരഞ്ഞെടുത്തു (വാ. 26). ആരാധനയിലും പ്രാര്‍ത്ഥനയിലും അവര്‍ ഐകമത്യപ്പെട്ടപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ ഇറങ്ങിവന്നു (2:1-4).
ശിഷ്യന്മാര്‍ വെറുതെ കാത്തിരിക്കുകയായിരുന്നില്ല. അവര്‍ തയ്യാറെടുക്കുകയായിരുന്നു. നാം ദൈവത്തിനായി കാത്തിരിക്കുമ്പോള്‍, ഒന്നും ചെയ്യാതെ വെറുതെയിരിക്കുക എന്നോ അല്ലെങ്കില്‍ അക്ഷമരായി മുന്നോട്ട് കുതിക്കുക എന്നോ അല്ല അര്‍ത്ഥം. മറിച്ച് അവന്‍ പ്രവര്‍ത്തിക്കുന്നതിനായി പ്രതീക്ഷിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കാനും ആരാധിക്കാനും കൂട്ടായ്മ ആസ്വദിക്കാനും നമുക്ക് കഴിയും. കാത്തിരിപ്പ് നമ്മുടെ ഹൃദയങ്ങളെയും മനസ്സുകളെയും ശരീരങ്ങളെയും വരാന്‍ പോകുന്ന കാര്യത്തിനായി ഒരുക്കും.
അതേ, കാത്തിരിക്കാന്‍ ദൈവം നമ്മോടാവശ്യപ്പെടുമ്പോള്‍, നമുക്ക് അവനിലും നമുക്കുവേണ്ടി അവന്‍ തയ്യറാക്കുന്ന പദ്ധതികളിലും നമുക്കാശ്രയിക്കാം കഴിയും എന്നറിഞ്ഞുകൊണ്ട് നമുക്ക് ആവേശഭരിതരാകാം.
അയല്പക്കത്തിനുമപ്പുറം
2017 വേനല്‍ക്കാലത്ത്, ഹാര്‍വി ചുഴലിക്കൊടുങ്കാറ്റ് യു.എസിന്റെ ഗള്‍ഫ് തീരത്ത് വന്‍ നാശനഷ്ടങ്ങളും ദാരുണമാംവിധം ജീവഹാനിയും വരുത്തുകയുണ്ടായി. അടിയന്തിരാവശ്യത്തിലിരിക്കുന്നവര്‍ക്ക് അനേകയാളുകള്‍ ഭക്ഷണവും വെള്ളവും വസ്ത്രവും പാര്‍പ്പിടവും നല്‍കുകയുണ്ടായി.
മെരിലാന്‍ഡിലെ ഒരു പിയാനോ സ്‌റ്റോറിന്റെ ഉടമയ്ക്ക് കൂടുതലായി എന്തെങ്കിലും ചെയ്യുവാന്‍ പ്രേരണയുണ്ടായി. സകലവും നഷ്ടപ്പെട്ട ആളുകളെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനും പ്രത്യേക നിലയില്‍ സൗഖ്യം നല്‍കുന്നതിനും സംഗീതത്തിനുള്ള പ്രത്യേക കഴിവിനെക്കുറിച്ചദ്ദേഹം ചിന്തിച്ചു. അതിനെത്തുടര്‍ന്ന് അദ്ദേഹവും സ്റ്റാഫും പഴയ പിയാനോകള്‍ നന്നാക്കി, എവിടെയാണ് ഏറ്റവും കൂടുതല്‍ ആവശ്യം എന്നന്വേഷിച്ചു. ആ വസന്തകാലത്ത്, ഡീന്‍ ക്രാമറും ഭാര്യ ലോയിസും ട്രക്കില്‍ നിറയെ സൗജന്യ പിയാനോകളുമായി ടെക്‌സസിലെ ഹ്യൂസ്റ്റണിലേക്ക് യാത്ര ചെയ്തു. ദുരന്തബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കും സഭകള്‍ക്കും സ്‌കൂളുകള്‍ക്കും അവ വിതരണം ചെയ്തു. അവരത് നന്ദിയോടെ ഏറ്റുവാങ്ങി.
അയല്‍ക്കാരന്‍ എന്ന പദത്തിന് സമീപം പാര്‍ക്കുന്നവന്‍ അല്ലെങ്കില്‍ കുറഞ്ഞപക്ഷം നമുക്കറിയാവുന്ന ആള്‍ എന്നാണര്‍ത്ഥമെന്ന് നാം ചിലപ്പോള്‍ ചിന്തിക്കാറുണ്ട്. എന്നാല്‍ ലൂക്കൊസ് 10 ല്‍ നമ്മുടെ അയല്‍ക്കാരോടുള്ള നമ്മുടെ സ്‌നേഹത്തിന് അതിരുകള്‍ ഉണ്ടാകരുതെന്നു പഠിപ്പിക്കുന്നതിനായി നല്ല ശമര്യക്കാരന്റെ ഉപമ യേശു പറഞ്ഞു. ശമര്യയില്‍ നിന്നുള്ള മനുഷ്യന്‍ മുറിവേറ്റ അപരിചിതന് സൗജന്യമായി നല്‍കി - ആ മനുഷ്യന്‍ ശമര്യരുമായി നല്ല ബന്ധത്തിലല്ലായിരുന്ന ഒരു യെഹൂദന്‍ ആയിരുന്നിട്ടു കൂടി (വാ. 25-37).
എന്തുകൊണ്ടാണ് ഈ പിയാനോകളെല്ലാം സൗജന്യമായി നല്‍കിയതെന്ന് ചോദിച്ചപ്പോള്‍ ഡീന്‍ ക്രാമര്‍ ലളിതമായി വിശദീകരിച്ചു: 'നമ്മുടെ അയല്‍ക്കാരെ സ്‌നേഹിക്കാന്‍ നമ്മോട് പറഞ്ഞിരിക്കുന്നു. യേശുവാണ് പറഞ്ഞത്, ദൈവത്തെയും നമ്മുടെ അയല്‍ക്കാരെയും സ്‌നേഹിക്കുന്നതിലും വലിയ കല്പന വേറെയില്ല എന്ന് (മര്‍ക്കൊസ് 12:31).
അകലെ പ്രാര്‍ത്ഥിക്കുക
കെവിന്‍ കണ്ണ് തുടച്ചുകൊണ്ട് എന്റെ ഭാര്യ കേരിക്ക് വായിക്കാനായി ഒരു കടലാസ് തുണ്ട് നീട്ടി. ഞങ്ങളുടെ മകള്‍ യേശുവിലുള്ള വിശ്വാസത്തിലേക്കു മടങ്ങിവരുന്നതിനായി കേരിയും ഞാനും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണെന്ന് കെവിനറിയാം. 'എന്റെ അമ്മയുടെ മരണശേഷം അവളുടെ ബൈബിളില്‍ നിന്നു കിട്ടിയതാണ് ഈ കുറിപ്പ്. ഇത് നിങ്ങളെ ധൈര്യപ്പെടുത്തുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു' അവന്‍ പറഞ്ഞു. കുറിപ്പിന്റെ മുകളില്‍ ഇപ്രകാരം എഴുതിയിരുന്നു, 'എന്റെ മകന്‍ കെവിനുവേണ്ടി.' അതിന്റെ താഴെ അവന്റെ രക്ഷയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയായിരുന്നു.
'ഇന്നു ഞാനിത് എന്റെ ബൈബിളില്‍ കൊണ്ട് നടക്കുന്നു'' കെവിന്‍ വിശദീകരിച്ചു, 'എന്റെ അമ്മ എന്റെ രക്ഷയ്ക്കുവേണ്ടി മുപ്പത്തിയഞ്ചിലധികം വര്‍ഷങ്ങള്‍ പ്രാര്‍ത്ഥിച്ചു. ഞാന്‍ ദൈവത്തില്‍ നിന്നും അകലെയായിരുന്നു, ഇപ്പോള്‍ ഞാനൊരു വിശ്വാസിയാണ്.' അവന്‍ ആകാംക്ഷയോടെ ഞങ്ങളെ നോക്കി. എന്നിട്ട് കണ്ണുനീരിനിടയിലൂടെ പുഞ്ചിരിച്ചു: 'നിങ്ങളുടെ മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിര്‍ത്തരുത്, അതിനെത്ര കാലതാമസമുണ്ടായാലും.''
അവന്റെ പ്രോത്സാഹനത്തിന്റെ വാക്കുകള്‍, ലൂക്കൊസിന്റെ സുവിശേഷത്തില്‍ യേശു പ്രാര്‍ത്ഥനയെക്കുറിച്ചു പറഞ്ഞ ഒരു ഉപമയുടെ ആമുഖത്തിലേക്ക് എന്റെ ചിന്തയെ തിരിച്ചു. 'മടുത്തു പോകാതെ എപ്പോഴും പ്രാര്‍ത്ഥിക്കേണം എന്നതിന് അവന്‍ അവരോട് ഒരു ഉപമ പറഞ്ഞത്,'' (ലൂക്കൊസ് 18:1).
ഈ ഉപമയില്‍, തന്നെ കൂടുതല്‍ അസഹ്യപ്പെടുത്താതിരിക്കുന്നതിനു വേണ്ടി മാത്രം അപേക്ഷയ്ക്ക് പരിഹാരം ഉണ്ടാക്കുന്ന 'അനീതിയുള്ള ന്യായാധിപനെയും'' (വാ. 6) നമ്മുടെ ആവശ്യങ്ങളില്‍ ആഴമായി കരുതലുള്ളവനും നാം അവങ്കലേക്കു ചെല്ലുവാന്‍ ആഗ്രഹിക്കുന്നവനുമായ സല്‍ഗുണപൂര്‍ണ്ണനായ സ്വര്‍ഗ്ഗീയ പിതാവിനെയും താരതമ്യം ചെയ്യുന്നു. നാം പ്രാര്‍ത്ഥിക്കുന്ന സമയത്ത്, ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും നമ്മുടെ പ്രാര്‍ത്ഥനകള്‍ സ്വാഗതം ചെയ്യുകയും ചെയുന്നു എന്നുള്ളതില്‍ നമുക്ക് ധൈര്യപ്പെടാം.
വേദപുസ്തക മരുന്നുകുറിപ്പടി
ഗ്രെഗും എലിസബത്തും അവരുടെ സ്‌കൂള്‍ പ്രായത്തിലുള്ള നാലു മക്കളുമായി എല്ലാദിവസവും ''തമാശ രാത്രി' നടത്താറുണ്ട്. ഓരോ കുട്ടിയും ആ ആഴ്ചയില്‍ താന്‍ വായിച്ചതോ കേട്ടതോ അല്ലെങ്കില്‍ സ്വന്തമായി ഉണ്ടാക്കിയതോ ആയ നിരവധി തമാശകള്‍ ഭക്ഷണ മേശയില്‍ പറയാനായി കൊണ്ടുവരണം. ഈ രീതി മേശയ്ക്ക് ചുറ്റും പങ്കുവച്ച തമാശകളുടെ സന്തോഷകരമായ ഓര്‍മ്മകള്‍ സൃഷ്ടിച്ചിരുന്നു. ചിരി തങ്ങളുടെ മക്കള്‍ക്ക് ആരോഗ്യകരമാണെന്നും പ്രയാസകരമായ ദിനങ്ങളില്‍ അവരുടെ മാനസികാവസ്ഥയെ ഉയര്‍ത്തിയിരുന്നുവെന്നും ഗ്രെഗും എലിസബത്തും മനസ്സിലാക്കി.
ഡിന്നര്‍ മേശയ്ക്ക് ചുറ്റുമുള്ള സന്തോഷകരമായ സംഭാഷണത്തിന്റെ നേട്ടത്തെക്കുറിച്ച് സി.എസ്. ലൂയിസ് നിരീക്ഷിച്ചിരുന്നു. അദ്ദേഹം എഴുതി, 'ഒരു ഭക്ഷണത്തിനു ചുറ്റുമിരുന്നുള്ള ഭവനാംഗങ്ങളുടെ ചിരി പോലെ നല്ലതായ ഒന്നിന്റെ പാതിപോലും ഇല്ല സൂര്യന് കീഴിലുള്ള മറ്റൊന്നും.''
സന്തോഷമുള്ള ഒരു ഹൃദയം കാത്തുസൂക്ഷിക്കുന്നതിന്റെ ജ്ഞാനത്തെക്കുറിച്ചു സദൃശവാക്യങ്ങള്‍ 17:22 ല്‍ നാം വായിക്കുന്നു. ആരോഗ്യവും സൗഖ്യവും ഉളവാക്കുന്നതിനുള്ള ഒരു 'മരുന്ന് കുറിപ്പടി'' സാദൃശവാക്യം വാഗ്ദാനം ചെയ്യുന്നു. നമ്മുടെ ഹൃദയത്തെ നിറയ്ക്കാന്‍ സന്തോഷത്തെ അനുവദിക്കുക, വളരെ ചിലവ് കുറഞ്ഞതും മികച്ച ഫലം നല്‍കുന്നതുമായ ഒരു മരുന്നാണിത്.
നമുക്കെല്ലാം ഈ വേദപുസ്തക മരുന്ന് കുറിപ്പടി ആവശ്യമാണ്. നമ്മുടെ സംഭാഷണങ്ങളിലേക്കു നാം സന്തോഷം കൊണ്ടുവരുമ്പോള്‍, വീക്ഷണത്തില്‍ ഒരു വിയോജിപ്പ് അത് കൊണ്ടുവന്നു എന്നു വന്നേക്കാം. എങ്കിലും സ്‌കൂളിലെ സമ്മര്‍ദ്ദമുളവാക്കിയ ഒരു പരീക്ഷയ്ക്ക് ശേഷമോ ജോലി സ്ഥലത്തെ പ്രയാസകരമായ ഒരു പകലിനുശേഷമോ സമാധാനം അനുഭവിക്കാന്‍ അതിടയാക്കും. കുടുംബാംഗങ്ങളുടെയും സ്‌നേഹിതരുടെയും ഇടയിലെ ചിരിക്ക്, നാം സ്‌നേഹിക്കപ്പെടുന്നു എന്നറിയാനും അനുഭവിക്കാനും നമുക്ക് കഴിയുന്ന ഒരു സുരക്ഷിത ഇടം സൃഷ്ടിക്കാന്‍ കഴിയും.
നിങ്ങളുടെ മനസ്സിനുള്ള 'നല്ല മരുന്ന്'' ആയി ചിരിയെ നിങ്ങളുടെ ജീവിതത്തിലേക്കു സന്നിവേശിപ്പിക്കാന്‍ നിങ്ങള്‍ക്കാവശ്യമുണ്ടോ? ഓര്‍ക്കുക, ഒരു സന്തോഷ ഹൃദയം വളര്‍ത്തിയെടുക്കാനുള്ള പ്രോത്സാഹനം തിരുവചനം നല്‍കുന്നുണ്ട്.