Category  |  odb

താഴ്‌വരയിലൂടെ

അതിര്‍ത്തി കടന്ന് ചൈനയില്‍ പ്രവേശിച്ചതിന് പിടിക്കപ്പട്ട ഹെയ് വൂ (അവളുടെ യഥാര്‍ത്ഥ നാമമല്ല) ഉത്തര കൊറിയന്‍ ലേബര്‍ ക്യാമ്പില്‍ തടവിലാക്കപ്പെട്ടു. രാവും പകലും പീഡനമേറ്റു, ക്രൂരരായ ഗാര്‍ഡുകള്‍, പുറംപൊളിയുന്ന ജോലി, എലിയും പേനും നിറഞ്ഞ ഐസുപോലെ തണുത്ത തറയില്‍ ഉറക്കം, അവള്‍ പറഞ്ഞു. എങ്കിലും ദൈവം അവളുടെ കൂടെയിരുന്നു, ഏതു തടവുകാരനോടു സൗഹൃദം പുലര്‍ത്തണമെന്നും വിശ്വാസം പങ്കുവയ്ക്കണമെന്നും ദിനംപ്രതി അവള്‍ക്ക് കാണിച്ചുകൊടുത്തു.

ക്യാമ്പില്‍നിന്നു മോചിതയായ ശേഷം ദക്ഷിണ കൊറിയയില്‍ പാര്‍ക്കുന്ന വൂ തന്റെ തടവുജീവിതം അയവിറക്കിക്കൊണ്ട് 23-ാം സങ്കീര്‍ത്തനമാണ് തന്റെ അനുഭവങ്ങളുടെ ആകെത്തുക എന്നു വിവരിക്കുന്നു. കൂരിരുള്‍ താഴ്‌വരയില്‍ താന്‍ അടയ്ക്കപ്പെട്ടില്ലെങ്കിലും, യേശു അവളുടെ ഇടയനായി അവള്‍ക്കു സമാധാനം നല്‍കി: 'അക്ഷരാര്‍ത്ഥത്തില്‍ മരണനിഴല്‍ നിറഞ്ഞ താഴ്‌വരയില്‍ ഞാനായിരുന്നതുപോലെ എനിക്കനുഭവപ്പെട്ടെങ്കിലും ഞാന്‍ ഒന്നിനെയും ഭയപ്പെട്ടില്ല, ദൈവം എന്നെ എല്ലാ ദിവസവും ആശ്വസിപ്പിച്ചു.'' ദൈവത്തിന്റെ നന്മയും സ്‌നേഹവും അവള്‍ അനുഭവിച്ചു, അവള്‍ അവന്റെ പ്രിയ മകളാണെന്ന് അവന്‍ സദാ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. 'ഞാന്‍ കഠിന സ്ഥലത്തായിരുന്നു എങ്കിലും ... ദൈവത്തിന്റെ നന്മയും സ്‌നേഹവും ഞാന്‍ അനുഭവിക്കുമെന്നു ഞാന്‍ അറിഞ്ഞു.' കര്‍ത്താവിന്റെ സാന്നിധ്യത്തില്‍ താന്‍ എല്ലാക്കാലത്തും തുടരുമെന്നും അവളറിഞ്ഞു.

നമുക്കും വൂവിന്റെ അനുഭവത്തില്‍ നിന്നും പ്രോത്സാഹനം നേടാന്‍ കഴിയും. അവളുടെ പ്രതികൂല സാഹചര്യത്തിന്റെ മധ്യത്തിലും ദൈവത്തിന്റെ സ്‌നേഹവും നടത്തിപ്പും അവള്‍ അനുഭവിച്ചു. അവന്‍ അവളെ നിലനിര്‍ത്തുകയും അവളുടെ ഭയത്തെ എടുത്തുകളയുകയും ചെയ്തു. നാം യേശുവിനെ അനുഗമിച്ചാല്‍ അവന്‍ നമ്മെ നമ്മുടെ പ്രയാസ ഘട്ടങ്ങളിലൂടെ സുരക്ഷിതമായി നടത്തും. നാം ഭയപ്പെടേണ്ടതില്ല, കാരണം 'നാം യഹോവയുടെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കും' (23:6).

പറയേണ്ടതായ സുവിശേഷം

'നിങ്ങളുടെ പേരെന്താണ്?'' ഇറാനിയന്‍ വിദ്യാര്‍ത്ഥിയായ അര്‍മാന്‍ ചോദിച്ചു. എന്റെ പേര് എസ്റ്റേറാ എന്നാണെന്ന് ഞാന്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ വിടര്‍ന്ന മുഖത്തോടെ അവന്‍ പറഞ്ഞു, 'ഞങ്ങള്‍ക്ക് ഫാര്‍സിയില്‍ സമാനമായ ഒരു പേരുണ്ട്, സെറ്റാറെ എന്നാണ്.'' ആ ചെറിയ ബന്ധം അതിശയകരമായ ഒരു സംഭാഷണത്തിനു വഴി തുറന്നു. പേര്‍ഷ്യയിലെ (ഇന്നത്തെ ഇറാന്‍) യെഹൂദാ രാജ്ഞിയായിരുന്ന 'എസ്‌തേര്‍'' എന്ന ബൈബിള്‍ കഥാപാത്രത്തിന്റെ പേരാണ് എനിക്കിട്ടതെന്ന് ഞാന്‍ അവനോട് പറഞ്ഞു. അവളുടെ കഥയില്‍ തുടങ്ങി യേശുക്രിസ്തുവിന്റെ സുവിശേഷം ഞാന്‍ പങ്കുവെച്ചു. ഞങ്ങളുടെ സംഭാഷണ ഫലമായി, ക്രിസ്തുവിനെക്കുറിച്ചു കൂടുതല്‍ പഠിക്കുന്നതിനായി ആഴ്ചതോറുമുള്ള ഒരു ബൈബിള്‍ പഠന ക്ലാസ്സില്‍ അര്‍മാന്‍ ചേര്‍ന്നു.

യേശുവിന്റെ ശിഷ്യന്മാരിലൊരാളായ ഫിലിപ്പൊസ്, പരിശുദ്ധാത്മ നിയോഗത്താല്‍, തന്റെ രഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന എത്യോപ്യന്‍ ഉദ്യോഗസ്ഥനുമായി ഒരു ചോദ്യം ചോദിച്ചുകൊണ്ട് സംഭാഷണമാരംഭിച്ചു: ''നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ?'' (പ്രവൃത്തികള്‍ 8:30).

എത്യോപ്യക്കാരന്‍ യെശയ്യാപ്രവചനത്തില്‍ നിന്നൊരു ഭാഗം വായിച്ച് ആത്മീയ ഉള്‍ക്കാഴ്ച തിരയുകയായിരുന്നു. അതുകൊണ്ട് ഫിലിപ്പൊസിന്റെ ചോദ്യം തക്കസമയത്താണുണ്ടായത്. അവന്‍ ഫിലിപ്പൊസിനെ തന്റെ കൂടെ രഥത്തില്‍ കയറ്റുകയും താഴ്മയോടെ ശ്രദ്ധിക്കുകയും ചെയ്തു. എത്ര അതിശയകരമായ അവസരമാണു തനിക്ക് ലഭിച്ചതെന്നു മനസ്സിലാക്കിയ ഫിലിപ്പൊസ്, 'ഈ തിരുവെഴുത്തു ആധാരമാക്കി അവനോട് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാന്‍ തുടങ്ങി'' (വാ.35).

ഫിലിപ്പൊസിനെപ്പോലെ, നമുക്കും പറയാനൊരു സുവിശേഷം ഉണ്ട്. നമ്മുടെ ജോലി സ്ഥലത്തും, പലചരക്കു കടയിലും അല്ലെങ്കില്‍ അയല്‍പക്കങ്ങളിലും ലഭിക്കുന്ന ദൈനംദിന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക. നമ്മുടെ ചുവടുകള്‍ നിയന്ത്രിക്കാനും യേശുവിലുള്ള നമ്മുടെ പ്രത്യാശയും സന്തോഷവും പങ്കിടാനുള്ള വാക്കുകള്‍ നല്‍കാനും പരിശുദ്ധാത്മാവിനെ അനുവദിക്കുക.

അപ്രതീക്ഷിത വിജയികള്‍

ഒരുപക്ഷേ ഏറ്റവുമധികം യുക്തിക്കു നിരക്കാത്തതും മോഹവലയത്തില്‍ നിര്‍ത്തിയതുമായ നിമിഷങ്ങള്‍ 2018 വിന്റര്‍ ഒളിമ്പിക്സില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ലോക ചാമ്പ്യന്‍ സ്‌നോബോര്‍ഡര്‍ എസ്റ്റര്‍ ലെഡക്കാ തികച്ചും വ്യത്യസ്തമായ ഒരു കായിക ഇനത്തില്‍ - സ്‌കീയിങ് - വിജയിയായതാണ്! സ്‌കീയിങ്ങില്‍ ഏറ്റവും പിന്നോക്കമായ 26-ാം സ്ഥാനത്തു നിന്നിട്ടും അവള്‍ ഒന്നാമതെത്തി സ്വര്‍ണ്ണ മെഡല്‍ നേടിയെന്നതാണ് അവിശ്വസനീയം - അടിസ്ഥാനപരമായി അസാധ്യമെന്നു തോന്നുന്ന ഒരു വിജയം.

അത്ഭുതമെന്നു പറയട്ടെ, ലെഡെക്കാ സ്ത്രീകളുടെ സൂപ്പര്‍ ജി റേസിന് യോഗ്യത നേടി - ഡൗണ്‍ഹില്‍ സ്‌കീയിങ്ങും സ്ലാലോ കോഴ്സും ചേര്‍ന്ന മത്സരമായിരുന്നു അത്. കടം വാങ്ങിയ സ്‌കീസ് ഉപയോഗിച്ച് 0.01 സെക്കന്റിന് വിജയിച്ച അവള്‍ മാധ്യമങ്ങളെയും മറ്റു മത്സരാര്‍ത്ഥികളെയും ഞെട്ടിച്ചു കളഞ്ഞു. അവരെല്ലാം വിചാരിച്ചത് അവള്‍ ഒന്നാം നമ്പര്‍ സ്‌കീയര്‍മാരിലൊരാളായിരിക്കുമെന്നാണ്.

ഇങ്ങനെയാണ് ലോകം പ്രവര്‍ത്തിക്കുന്നത്. വിജയികള്‍ വിജയിച്ചുകൊണ്ടേയിരിക്കുമെന്നും മറ്റുള്ളവര്‍ തോല്‍ക്കുമെന്നുമാണ് നാം ചിന്തിക്കുന്നത്. ആ ചിന്തയെ മാറ്റിമറിക്കുന്നതായിരുന്നു യേശുവിന്റെ പ്രസ്താവന, 'ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതു പ്രയാസം തന്നേ' (മത്തായി 19:23). യേശു സകലത്തെയും കീഴ്‌മേല്‍ മരിച്ചു. സമ്പന്നനായിരിക്കുന്നത് (ഒരു വിജയി) എങ്ങനെയാണ് തടസ്സമാകുന്നത്? നമുക്കുള്ളതില്‍ നാം ആശ്രയിക്കുമ്പോള്‍ (നമുക്ക് കഴിയുന്നതില്‍, നാം ആരെയാണ് എന്നതില്‍) ദൈവത്തില്‍ ആശ്രയിക്കുന്നത് പ്രയാസകരമാകുമെന്നു മാത്രമല്ല അസാധ്യവും ആകും.

ദൈവരാജ്യം നമ്മുടെ പ്രമാണങ്ങള്‍ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. 'മുമ്പന്മാര്‍ പലര്‍ പിന്‍പന്മാരും പിന്‍പന്മാര്‍ മുമ്പന്മാരും ആകും' (വാ. 30) യേശു പറഞ്ഞു. മാത്രമല്ല, നിങ്ങള്‍ ഒന്നാമതോ, അവസാനമോ ആയാലും നാം പ്രാപിക്കുന്നതെല്ലാം കൃപയാല്‍ മാത്രമാണ് - നമുക്ക് അനര്‍ഹമായ ദൈവകൃപയാല്‍ മാത്രം.

മാറ്റം സാധ്യമാണ്

ഒരു ശനിയാഴ്ച ഉച്ചകഴിഞ്ഞ് എന്റെ ചര്‍ച്ചിലെ ചില യൂത്ത് ഗ്രൂപ്പംഗങ്ങള്‍, ഫിലിപ്പിയര്‍ 2:3-4 ലെ 'ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തന്‍ മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്ന് എണ്ണിക്കൊള്‍വിന്‍. ഓരോരുത്തന്‍ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കണം' എന്ന വാക്യത്തെ ആധാരമാക്കി ചില കഠിനമായ ചോദ്യങ്ങള്‍ അന്യോന്യം ചോദിക്കുന്നതിനായി ഒരുമിച്ചു കൂടി. 2:3-4 ലെ പ്രയാസകരമായ ചോദ്യങ്ങളില്‍ ചിലത് ഇവയായിരുന്നു. എത്രമാത്രം കൂടെക്കൂടെയാണ് നിങ്ങള്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ താല്പര്യം കാണിക്കാറുള്ളത്? മറ്റൊരാള്‍ നിങ്ങളെ താഴ്മയുള്ളവനെന്നോ അഹങ്കാരിയെന്നോ ആണോ വിശേഷിപ്പിക്കാറുള്ളത്? എന്തുകൊണ്ട്?

ഞാന്‍ ശ്രദ്ധിച്ചപ്പോള്‍, അവരുടെ സത്യസന്ധമായ ഉത്തരങ്ങള്‍ എന്നെ പ്രോത്സാഹിപ്പിച്ചു. നമ്മുടെ പരാജയങ്ങള്‍ അംഗീകരിക്കുന്നത് വളരെ എളുപ്പമാണെന്നും എന്നാല്‍ മാറ്റം അല്ലെങ്കില്‍ മാറ്റത്തിനുള്ള ആഗ്രഹം പ്രയാസകരമാണെന്നും കൗമാരക്കാര്‍ സമ്മതിച്ചു. 'സ്വാര്‍ത്ഥത എന്റെ രക്തത്തിലുണ്ട്' എന്ന് ഒരു കൗമാരക്കാരന്‍ വിലപിച്ചു.

മറ്റുള്ളവരെ സേവിക്കുന്നതിനായി സ്വയത്തിലുള്ള കേന്ദ്രീകൃതത്വം ഉപേക്ഷിക്കുവാനുള്ള ആഗ്രഹം, യേശുവിന്റെ ആത്മാവ് നമ്മില്‍ ജീവിക്കുന്നതിലൂടെ മാത്രമേ സാധ്യമാകയുള്ളു. അക്കാരണത്താലാണ് ദൈവം അവര്‍ക്കുവേണ്ടി ചെയ്തതും അവര്‍ക്കു വേണ്ടി സാധ്യമാക്കിയതുമായ കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പൗലൊസ് ഫിലിപ്പിയ സഭയെ ഓര്‍മ്മിപ്പിച്ചത്. അവന്‍ കരുണാപൂര്‍വ്വം അവരെ ആശ്വസിപ്പിക്കുകയും അവരെ സഹായിക്കാന്‍ തന്റെ ആത്മാവിനെ അവര്‍ക്ക് നല്‍കുകയും ചെയ്തു (ഫിലിപ്പിയര്‍ 2:1-2). എങ്ങനെ അവര്‍ക്ക് - നമുക്കും - അത്തരം കൃപയോട് താഴ്മയില്‍ കുറഞ്ഞ എന്തെങ്കിലും കൊണ്ട് പ്രതികരിക്കാന്‍ കഴിയും?

അതേ, ദൈവമാണ് മാറ്റത്തിനുള്ള നമ്മുടെ കാരണം, അവനു മാത്രമേ നമ്മെ മാറ്റാന്‍ കഴിയൂ. 'അവനു പ്രസാദകരമായത് ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും' (വാ. 13 NLT) അവന്‍ നമ്മില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ട് നമുക്ക് സ്വയത്തിലേക്കുള്ള ശ്രദ്ധ മാറ്റി താഴ്മയോടെ മറ്റുള്ളവരെ സേവിക്കാന്‍ കഴിയും.

അസഹനീയമായതിനെ അതിജീവിക്കുക

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സമൂഹങ്ങളിലൊന്നായ ദി എക്‌സ്പിരിയന്‍സ് പ്രൊജക്റ്റ്, മുമ്പ് ദശലക്ഷക്കണക്കിനാളുകള്‍ തങ്ങളുടെ വേദനാജനകമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു സൈറ്റായിരുന്നു. ഹൃദയഭേദകമായ അനുഭവങ്ങള്‍ ഞാന്‍ വായിക്കുമ്പോള്‍, നമ്മുടെ വേദന കാണാന്‍ - മനസ്സിലാക്കാനും - കഴിയുന്ന ഒരാള്‍ക്കുവേണ്ടി നമ്മുടെ ഹൃദയങ്ങള്‍ എത്ര പരിതാപകരമായി ആഗ്രഹിക്കുന്നു എന്ന് ഞാന്‍ ചിന്തിച്ചു.

ഉല്പത്തി പുസ്തകത്തില്‍, ഒരു യുവദാസിയുടെ കഥ, ഈ കഴിവ് എത്രമാത്രം ജീവദായകമാണെന്നു വെളിപ്പെടുത്തുന്നു. മിസ്രയീമിലെ ഫറവോന്‍ അബ്രഹാമിന് സമ്മാനിച്ചിരിക്കാന്‍ സാധ്യതയുള്ള അടിമയായിരുന്നു ഹാഗാര്‍ (ഉല്പത്തി 12:16; 16:1 കാണുക). അബ്രാമിന്റെ ഭാര്യ സാറായിക്ക് ഗര്‍ഭധാരണത്തിന് കഴിവില്ലാതിരുന്നതിനാല്‍, ഹാഗാറില്‍ ഒരു സന്തതിയെ ഉളവാക്കുവാന്‍ അവള്‍ അബ്രാമിനെ നിര്‍ബന്ധിച്ചു - അസ്വസ്ഥജനകമെങ്കിലും അന്ന് നിലവിലിരുന്ന ഒരു ആചാരമായിരുന്നു അത്. എങ്കിലും ഹാഗാര്‍ ഗര്‍ഭിണിയായപ്പോള്‍, സംഘര്‍ഷം ഉടലെടുക്കുകയും സാറായിയുടെ പീഡനത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ഹാഗാര്‍ മരുഭൂമിയിലേക്ക് ഓടിപ്പോകുകയും ചെയ്തു (16:1-6).

എന്നാല്‍ ഹാഗാറിന്റെ കഷ്ടസ്ഥിതി - ഗര്‍ഭിണിയും ഏകയായി കഠിനമായ മരുഭൂമിയില്‍ കഴിയുന്നതും - സ്വര്‍ഗ്ഗീയ കണ്ണുകള്‍ക്ക് മറവായിരുന്നില്ല. സ്വര്‍ഗ്ഗീയ ദൂതന്‍ ഹാഗാറിനെ ധൈര്യപ്പെടുത്തിയതിനെത്തുടര്‍ന്ന് (വാ. 7-12) അവള്‍ പ്രഖ്യാപിച്ചു 'ദൈവമേ നീ എന്നെ കാണുന്നു'' (വാ. 13). പുറമെ കാണുന്ന വസ്തുതകള്‍ക്കപ്പുറത്തേക്ക് കാണുന്നവനെ ഹാഗാര്‍ സ്തുതിക്കുകയായിരുന്നു. ഇതേ ദൈവം യേശുവില്‍ വെളിപ്പെട്ടു, അവന്‍ 'പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ട് അവരെക്കുറിച്ച് മനസ്സലിഞ്ഞു' (മത്തായി 9:36). മനസ്സിലാക്കുന്നവനായ ഒരു ദൈവത്തെയാണ് ഹാഗാര്‍ കണ്ടുമുട്ടിയത്.

ഹാഗാറിന്റെ വേദന കണ്ടവനും മനസ്സിലാക്കിയവനുമായവന്‍ നമ്മുടേതും കാണുന്നു (എബ്രായര്‍ 4:15-16). സ്വര്‍ഗ്ഗത്തിന്റെ സഹാനുഭൂതി അനുഭവിക്കുന്നത് അസഹനീയമായത് കൂടുതല്‍ സഹനീയമാകുവാന്‍ സഹായിക്കും.

ഒരു പുതിയ ഹൃദയം ആവശ്യമുണ്ടോ?

വാര്‍ത്ത നിരാശാജനകമായിരുന്നു. എന്റെ പിതാവിന് നെഞ്ചു വേദനയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ഹൃദയ പരിശോധന ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഫലമോ? മൂന്ന് ഹൃദയ ധമനികളില്‍ ബ്ലോക്ക്.

ട്രിപ്പിള്‍ - ബൈപ്പാസ് സര്‍ജറി ഫെബ്രുവരി 14 നു നടത്താന്‍ നിശ്ചയിച്ചു. ഡാഡി, ഉത്കണ്ഠാകുലനായിരുന്നു

വെങ്കിലും ആ തീയതിയെ പ്രതീക്ഷാ ലക്ഷണമായി കണ്ടു: 'വാലെന്റൈന്‍ ദിനത്തില്‍ എനിക്കൊരു പുതിയ ഹൃദയം ലഭിക്കാന്‍ പോകുന്നു!'' അത് സംഭവിച്ചു. സര്‍ജറി വിജയകരമായിരുന്നു. രോഗാതുരമായിരുന്ന ഹൃദയത്തിലൂടെ - ഇപ്പോള്‍ 'പുതുക്കപ്പെട്ട' ഹൃദയത്തിലൂടെ - ജീവദായ രക്തം ഒഴുകിത്തുടങ്ങി.

ദൈവം നമുക്കും ഒരു പുതുജീവിതം വാഗ്ദാനം ചെയ്യുന്നു എന്നാണ് എന്റെ പിതാവിന്റെ സര്‍ജറി എന്നെ ഓര്‍മ്മിപ്പിച്ചത്. പാപം നമ്മുടെ ആത്മീയ 'ധമനി' കളെ - ദൈവവുമായി ബന്ധം പുലര്‍ത്താനുള്ള നമ്മുടെ കഴിവിനെ - തടസ്സപ്പെടുത്തിയതിനാല്‍, അവയുടെ തടസ്സം നീക്കുവാന്‍ നമുക്ക് ആത്മീയ 'ശസ്ത്രക്രിയ'' ആവശ്യമാണ്.

അതാണ് യെഹെസ്‌കേല്‍ 36:26 ല്‍ ദൈവം തന്റെ ജനത്തിനു വാഗ്ദത്തം ചെയ്തത്. അവന്‍ യിസ്രായേല്യര്‍ക്ക് ഉറപ്പ് കൊടുത്തു: 'ഞാന്‍ നിങ്ങളുടെമേല്‍ നിര്‍മ്മലജലം തളിക്കും; നിങ്ങള്‍ നിര്‍മ്മലരായിത്തീരും, ഞാന്‍ നിങ്ങളുടെ സകലമലിനതയെയും സകല വിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കും' (വാ. 25). വീണ്ടും അവന്‍ അവര്‍ക്ക് ഉറപ്പു കൊടുത്തു, 'ഞാന്‍ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളില്‍ ആക്കും'' (വാ. 27). പ്രത്യാശ നഷ്ടപ്പെട്ട ഒരു ജനത്തിന്, അവരുടെ ജീവിതങ്ങളെ പുതുക്കാന്‍ കഴിവുള്ളവന്‍ എന്ന നിലയില്‍ ദൈവം പുതിയ തുടക്കം വാഗ്ദാനം ചെയ്തു.

ആ വാഗ്ദത്തം യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ആത്യന്തികമായി നിറവേറി. നാം അവനില്‍ ആശ്രയിക്കുമ്പോള്‍ നമ്മുടെ പാപത്തില്‍ നിന്നും പ്രതീക്ഷയറ്റ അവസ്ഥയില്‍ നിന്നും മോചനവും ശുദ്ധീകരണവും പ്രാപിച്ച ഒരു പുതിയ ആത്മീയ ഹൃദയം നാം പ്രാപിക്കുന്നു. ക്രിസ്തുവിന്റെ ആത്മാവിനാല്‍ നിറയപ്പെട്ട നമ്മുടെ പുതിയ ഹൃദയം, ദൈവത്തിന്റെ ആത്മീയ ജീവരക്തത്താല്‍ 'ജീവന്റെ പുതുക്കത്തില്‍ ജീവിക്കുന്നു'' (റോമര്‍ 6:4).

സൂക്ഷിക്കുക!

ചൂടുള്ള ദക്ഷിണ നഗരങ്ങളില്‍ വളര്‍ന്ന എനിക്ക് വടക്കെ മേഖലയിലേക്ക് താമസം മാറിയപ്പോള്‍, ദൈര്‍ഘ്യമേറിയ മഞ്ഞുവീഴ്ചയുള്ള മാസങ്ങളില്‍ സുരക്ഷിതമായി വാഹനമോടിക്കുന്നത് പഠിക്കാന്‍ വളരെ സമയം വേണ്ടിവന്നു. എന്റെ ആദ്യത്തെ കഠിനമായ ശരത്കാലത്ത്, മൂന്ന് പ്രാവശ്യം ഞാന്‍ മഞ്ഞില്‍ പൂഴ്ന്നുപോയി. എന്നാല്‍ ദീര്‍ഘവര്‍ഷങ്ങളിലെ പരിശീലന ഫലമായി, ഇത്തരം സാഹചര്യങ്ങളില്‍ വാഹനമോടിക്കുന്നത് എനിക്ക് പ്രയാസകരമല്ലാതായി. വാസ്തവത്തില്‍, കുറേ കൂടുതല്‍ സുഖകരമായിട്ടെനിക്കതു തോന്നി. തല്‍ഫലമായി ജാഗ്രത പുലര്‍ത്തുന്നത് ഞാന്‍ നിര്‍ത്തി. അപ്പോഴാണ് ഒരു മഞ്ഞുകൂമ്പാരത്തില്‍ കാര്‍ ഇടിച്ചു തെന്നി വഴിയരികിലെ ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ചത്.

ആര്‍ക്കും പരുക്കുണ്ടായില്ല എന്നതില്‍ ഞാന്‍ നന്ദിയുള്ളവളാണ്. എങ്കിലും സുപ്രധാനമായ ഒരു കാര്യം ഞാന്‍ അന്ന് പഠിച്ചു. സുഖകരമെന്നു തോന്നുന്നത് എത്ര അപകടകരമാകാം എന്നു ഞാന്‍ ഗ്രഹിച്ചു, സൂക്ഷിക്കുന്നതിന് പകരം, ഞാന്‍ 'ഓട്ടോ പൈലറ്റില്‍'' യാത്ര ചെയ്തു.

നമ്മുടെ ആത്മീയ ജീവിതത്തിലും ഇതേ വിധത്തിലുള്ള ജാഗ്രത നാം പാലിക്കേണ്ടതാണ്. ജീവിതത്തില്‍ ആലോചനയില്ലാതെ കാറ്റിനനുകൂലമായി ഒഴുകാതെ 'ഉണര്‍ന്നിരിപ്പിന്‍'' എന്ന് പത്രൊസ് വിശ്വാസികള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നു (1 പത്രൊസ് 5:8). പിശാച് നമ്മെ നശിപ്പിക്കാന്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ നാമും ജാഗരൂകരായിരിക്കുകയും പരീക്ഷകളില്‍ എതിര്‍ത്തുനിന്നുകൊണ്ട് വിശ്വാസത്തില്‍ സ്ഥിരതയുള്ളവരായിരിക്കുകയും വേണം (വാ. 9). അത് നമ്മുടെ സ്വന്ത ശക്തിയില്‍ നാം ചെയ്യേണ്ടുന്ന ഒന്നല്ല. നമ്മുടെ കഷ്ടതകളില്‍ നമ്മോടു കൂടിയിരിക്കാമെന്ന്, ആത്യന്തികമായി, നമ്മെ 'യഥാസ്ഥാനപ്പെടുത്തി, ഉറപ്പിച്ചു, ശക്തീകരിക്കാമെന്ന്'' ദൈവം വാഗ്ദത്തം ചെയ്യുന്നു (വാ. 10). അവന്റെ ശക്തിയാല്‍, പിശാചിനോടെതിര്‍ക്കുന്നതിലും കര്‍ത്താവിനെ പിന്തുടരുന്നതിലും ജാഗ്രതയുള്ളവരും സൂക്ഷ്മതയുള്ളവരുമായി നില്‍ക്കാന്‍ നാം പഠിക്കുന്നു.

സാഹചര്യത്തെക്കുറിച്ചുള്ള ബോധ്യം

എന്റെ കുടുബം, ഞങ്ങള്‍ അഞ്ചുപേരും ക്രിസ്മസ് അവധി ദിനങ്ങളില്‍ റോം സന്ദര്‍ശിച്ചു. ഇത്രയധികം ആളുകള്‍ ഒരു സ്ഥലത്ത് തിങ്ങിക്കൂടുന്നത് ഇതിനുമുമ്പ് ഞാന്‍ കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. വത്തിക്കാനും കൊളോസിയവും മറ്റും കാണുന്നതിനായി ആള്‍ക്കൂട്ടത്തിനിടയിലൂടെ ഊളിയിട്ട് നടക്കുമ്പോള്‍, 'സാഹചര്യത്തെക്കുറിച്ചുള്ള ബോധ്യത്തെക്കുറിച്ച്'' - നിങ്ങള്‍ എവിടെയാണ്, ആരാണ് നിങ്ങളുടെ ചുറ്റുമുള്ളത്, എന്താണ് നടക്കുന്നത് എന്നീ കാര്യങ്ങളെ ശ്രദ്ധിക്കുക - ഞാന്‍ എന്റെ മക്കളെ കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. നാട്ടിലും വിദേശത്തും, നമ്മുടെ ലോകം സുരക്ഷിതമല്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. മൊബൈല്‍ ഫോണിന്റെയും ഇയര്‍ബഡിന്റെയും ഉപയോഗം നിമിത്തം കുട്ടികള്‍ (മുതിര്‍ന്നവരും) ചുറ്റുപാടുകളെക്കുറിച്ചു ബോധമുള്ളവരായി എപ്പോഴും പെരുമാറുന്നില്ല.

സാഹചര്യത്തെക്കുറിച്ചുള്ള ബോധ്യം. ഫിലിപ്പിയര്‍ 1:9-11 ല്‍ രേഖപ്പെടുത്തിയിരിക്കുന്ന, ഫിലിപ്പിയയിലുള്ള വിശ്വാസികള്‍ക്കുവേണ്ടിയുള്ള പൗലൊസിന്റെ പ്രാര്‍ത്ഥനയുടെ ഒരു വിഷയമാണിത്. അവരെക്കുറിച്ചുള്ള പൗലൊസിന്റെ ആഗ്രഹം അവരുടെ സാഹചര്യത്തെക്കുറിച്ച് ആര്, എന്ത്, എവിടെ എന്നതിനെക്കുറിച്ച് വര്‍ദ്ധിച്ച രീതിയിലുള്ള ഒരു തിരിച്ചറിവ് അവര്‍ക്കുണ്ടായിരിക്കണമെന്നതാണ്. ദൈവത്തിന്റെ വിശുദ്ധജനം അവര്‍ പ്രാപിച്ച ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ നല്ല ഗൃഹവിചാരകന്മാരായിരിക്കണമെന്നും 'മികച്ചത് എന്ത്'' എന്നു വിവേചിക്കുന്നവരും 'വിശുദ്ധരും നിഷ്‌കളങ്കരും'' ആയി ജീവിക്കുന്നവരും യേശുവിന് മാത്രം ഉല്പാദിപ്പിക്കാന്‍ കഴിയുന്ന നല്ല ഗുണങ്ങളാല്‍ നിറഞ്ഞവരായിരിക്കണമെന്നും ഉള്ള ഉന്നതമായ ഉദ്ദേശ്യത്തോടെയാണ് പൗലൊസ് പ്രാര്‍ത്ഥിക്കുന്നത്. ദൈവമാണ് നമ്മില്‍ ജീവിക്കുന്നതെന്നും അവനിലുള്ള നമ്മുടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആശ്രയമാണ് അവനു സന്തോഷം നല്‍കുന്നതെന്നും ഉള്ള ബോധ്യത്തില്‍ നിന്നും ഉളവാകുന്നതാണ് ഇത്തരത്തിലുള്ള ജീവിതം. അവന്റെ മഹാസ്‌നേഹത്തിന്റെ കവിഞ്ഞൊഴുക്കില്‍ നിന്നും ഏത് സാഹചര്യത്തിലും എല്ലാ സാഹചര്യത്തിലും നമുക്ക് പങ്കുവയ്ക്കാന്‍ കഴിയും.

വിശദീകരിക്കാനാവാത്ത സ്‌നേഹം

എന്റെ മകന്റെ ആറാം പിറന്നാളിന് അവനെ അത്ഭുതപ്പെടുത്താന്‍ ഞങ്ങളുടെ ചെറിയ സഭ തീരുമാനിച്ചു. സഭാംഗങ്ങള്‍ അവന്റെ സണ്‍ഡേസ്‌കൂള്‍ ക്ലാസ് മുറി ബലൂണുകള്‍ കൊണ്ടലങ്കരിക്കുകയും ഒരു ചെറിയ മേശമേല്‍ ഒരു കേക്ക് വെയ്ക്കുകയും ചെയ്തു. എന്റെ മകന്‍ മുറി തുറന്നപ്പോള്‍ എല്ലാവരും ചേര്‍ന്ന് 'ഹാപ്പി ബര്‍ത്ത്‌ഡേ'' പറഞ്ഞു.

പിന്നീട്, ഞാന്‍ കേക്ക് മുറിച്ചുകൊണ്ടിരുന്നപ്പോള്‍, എന്റെ മകന്‍ അടുത്ത് വന്ന് എന്റെ ചെവിയില്‍ ചോദിച്ചു, 'മമ്മീ, എന്തുകൊണ്ടാണ് ഇവിടെ എല്ലാവരും എന്നെ സ്‌നേഹിക്കുന്നത്?'' എനിക്കും അതേ ചോദ്യമാണുണ്ടായിരുന്നത്! ഈയാളുകള്‍ക്ക് ഞങ്ങളെ ആറുമാസത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും ദീര്‍ഘകാല സ്‌നേഹിതരെപ്പോലെയാണ് അവര്‍ ഞങ്ങളോടിടപെട്ടിരുന്നത്.

എന്റെ മകനോടുള്ള അവരുടെ സ്‌നേഹം, ഞങ്ങളോടുള്ള ദൈവത്തിന്റെ സ്‌നേഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അവന്‍ ഞങ്ങളെ സ്‌നേഹിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല, എങ്കിലും അവന്‍ സ്‌നേഹിക്കുന്നു - അവന്റെ സ്‌നേഹം സൗജന്യമാണ്. മാത്രമല്ല അവന്റെ സ്‌നേഹം ആര്‍ജ്ജിക്കുവാന്‍ ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല, എന്നിട്ടും അവന്‍ ഞങ്ങളുടെമേല്‍ സ്‌നേഹം കോരിച്ചൊരിയുന്നു. തിരുവചനം നമ്മോട് പറയുന്നു: 'ദൈവം സ്‌നേഹം ആകുന്നു'' (1 യോഹന്നാന്‍ 4:8). അവന്‍ ആരാണോ അതിന്റെ ഭാഗമാണത്.

ദൈവം തന്റെ സ്‌നേഹം നമ്മുടെമേല്‍ പകര്‍ന്നത് അതേ സ്‌നേഹം നാം മറ്റുള്ളവരുടെമേല്‍ പകരുന്നതിനു വേണ്ടിയാണ്. യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു, 'ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്‌നേഹിക്കണം എന്നു തന്നേ. നിങ്ങള്‍ക്കു തമ്മില്‍ തമ്മില്‍ സ്‌നേഹം ഉെണ്ടങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാര്‍ എന്ന് എല്ലാവരും അറിയും'' (യോഹന്നാന്‍ 13:34-35).

ഞങ്ങളുടെ ചെറിയ സഭാസമൂഹത്തിലെ ആളുകള്‍ ഞങ്ങളെ സ്‌നേഹിക്കുന്നത് ദൈവസ്‌നേഹം അവരിലുള്ളതുകൊണ്ടാണ്. അത് അവരില്‍ തിളങ്ങുകയും അവര്‍ യേശുവിന്റെ ശിഷ്യന്മാരാണെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. ദൈവസ്‌നേഹത്തെ പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ നമുക്ക് കഴികയില്ല. എങ്കിലും അത് മറ്റുള്ളവരിലേക്ക് പകരാനും - അവന്റെ വിശദീകരിക്കാനാവാത്ത സ്‌നേഹത്തിന്റെ മാതൃകകളായിരിക്കാനും - നമുക്ക് കഴിയും.

കടം വാങ്ങിയ അനുഗ്രഹങ്ങള്‍

ഉച്ച ഭക്ഷണത്തിനു മുമ്പില്‍ ഞങ്ങള്‍ തലവണക്കിയപ്പോള്‍, എന്റെ സ്‌നേഹിതന്‍ ജെഫ് പ്രാര്‍ത്ഥിച്ചു, 'പിതാവേ, നിന്റെ വായു ശ്വസിക്കുന്നതിനും നിന്റെ ആഹാരം ഭക്ഷിക്കുന്നതിനും ഞങ്ങളെ അനുവദിക്കുന്നതിന് നന്ദി.'' ജെഫ് ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നു പോയതേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ ദൈവത്തിലുള്ള അവന്റെ ഹൃദയംഗമായ ആശ്രയവും സകലവും അവന്റേതാണെന്ന തിരിച്ചറിവും എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും അടിസ്ഥാനപരമായ ദൈനംദിന കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റേതാണെന്നും അവ ഉപയോഗിക്കാന്‍ അവന്‍ നമ്മെ അനുവദിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഞാന്‍ ആത്മാര്‍ത്ഥമായി മനസ്സിലാക്കിയിട്ടുണ്ടോ? ഞാന്‍ ചിന്തിച്ചു.

ദാവീദ് രാജാവ്, യെരുശലേം ദൈവാലയ നിര്‍മ്മിതിക്കുവേണ്ടി യിസ്രായേല്‍ ജനത്തില്‍ നിന്ന് വഴിപാടുകള്‍ സ്വീകരിച്ചപ്പോള്‍, ഇങ്ങനെ പ്രാര്‍ത്ഥിച്ചു: 'എന്നാല്‍ ഞങ്ങള്‍ ഇങ്ങനെ ഇത്ര മനഃപൂര്‍വ്വമായി ദാനം ചെയ്യേണ്ടതിനു പ്രാപ്തരാകുവാന്‍ ഞാന്‍ ആര്? എന്റെ ജനവും എന്തുള്ളൂ? സകലവും നിങ്കല്‍ നിന്നല്ലോ വരുന്നത്; നിന്റെ കൈയില്‍നിന്നു വാങ്ങി ഞങ്ങള്‍ നിനക്കു തന്നതേയുള്ളൂ. തുടര്‍ന്ന് അവന്‍ ഇപ്രകാരം കൂട്ടിച്ചേര്‍ത്തു, 'സകലവും നിനക്കുള്ളതാകുന്നു' (2 ദിനവൃത്താന്തങ്ങള്‍ 29:14,16).

'സമ്പത്തുണ്ടാക്കുന്നതിനുള്ള പ്രാപ്തിയും' ഉപജീവനത്തിനുള്ള വക സമ്പാദിക്കുന്നതും അവനില്‍ നിന്നാണ് വരുന്നത് എന്ന് തിരുവചനം പറയുന്നു (ആവര്‍ത്തനം 8:18). നമുക്കുള്ളതെല്ലാം കടം വാങ്ങിയതാണ് എന്ന തിരിച്ചറിവ്, ഈ ലോകത്തിലെ വസ്തുക്കളിലുള്ള പിടി അയച്ച് തുറന്ന കരങ്ങളോടും ഹൃദയത്തോടും കൂടെ - ദിനംതോറും നാം സ്വീകരിക്കുന്ന ദയാവായ്പ്പുകള്‍ക്ക് നാം ആഴമായി നന്ദിയുള്ളവരാകയാല്‍ ധാരാളമായി പങ്കിട്ടുകൊണ്ട് - ജീവിക്കാന്‍ നമ്മെ സഹായിക്കും.
ദൈവം ഔദാര്യമായി നല്‍കുന്നവനാണ് - 'നമുക്കെല്ലാവര്‍ക്കും വേണ്ടി'' തന്റെ പുത്രനെ നല്‍കുവാന്‍ തക്കവണ്ണം സ്‌നേഹമുള്ളവന്‍ (റോമര്‍ 8:32). ഇത്രയധികം നമുക്ക് നല്‍കപ്പെട്ടിരിക്കുന്നതിനാല്‍, ചെറുതും വലുതുമായ അനുഗ്രഹങ്ങള്‍ക്ക് നമ്മുടെ ഹൃദയംഗമായ നന്ദി നമുക്ക് അവനു നല്‍കാം.