Category  |  odb

ഭയരഹിത സ്‌നേഹം

വര്‍ഷങ്ങളോളം എന്റെ ഹൃദയത്തെ സംരക്ഷിക്കുവാന്‍ ഭയത്തിന്റെ കവചം ഞാന്‍ ധരിച്ചിരുന്നു. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നതും എന്റെ സ്വപ്‌നങ്ങള്‍ പിന്തുടരുന്നതും ദൈവത്തെ അനുസരിക്കുന്നതും ഒഴിവാക്കുന്നതിനുള്ള ഒരു ഒഴികഴിവായി അതു മാറി. എങ്കിലും നഷ്ടഭയവും ഹൃദയവേദനയും തിരസ്‌കരണവും, ദൈവമായും മറ്റുള്ളവരുമായും സ്‌നേഹമസൃണ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നിന്നെന്നെ തടഞ്ഞു. ഭയം എന്നെ അരക്ഷിതയും ഉത്കണ്ഠാകുലയും അസുയാലുവുമായ ഒരു ഭാര്യയും അമിത സംരക്ഷണം കൊടുക്കുന്നവളും ആകുലചിത്തയുമായ മാതാവും ആക്കി മാറ്റി. എന്നിരുന്നാലും ദൈവം എന്നെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നു ഞാന്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അവനോടും മറ്റുള്ളവരോടും ബന്ധപ്പെടുന്ന…

ശൂന്യമായ കിടക്ക

ജമൈക്കയിലെ മോണ്ടിഗോ ബേയിലുള്ള സെന്റ് ജെയിംസ് ആതുരശാലയിലേക്ക്, എത്രയുംവേഗം മടങ്ങിച്ചെന്ന് രണ്ടു വര്‍ഷം മുമ്പ് യേശുവിനു തന്നോടുള്ള സ്‌നേഹത്തെക്കുറിച്ച് മനസ്സിലാക്കിയ റെന്‍ഡലിനെ കാണാന്‍ എനിക്ക് തിടുക്കമായിരുന്നു. ഓരോ വസന്തകാലത്തിലും എന്നോടൊപ്പം യാത്ര ചെയ്തിരുന്ന ഹൈസ്‌കൂള്‍ സംഗീത ഗ്രൂപ്പിലെ കൗമാരക്കാരിയായ ഈവി റെന്‍ഡലിനൊപ്പം തിരുവചനം വായിക്കുകയും സുവിശേഷം വിശദീകരിക്കുകയും ചെയ്തപ്പോള്‍ അവന്‍ വ്യക്തിപരമായി യേശുവിനെ രക്ഷകനായി കൈക്കൊണ്ടു.

ഹോമിലെ പുരുഷവിഭാഗത്തില്‍ ഞാന്‍ പ്രവേശിച്ച് റെന്‍ഡലിന്റെ കിടക്ക അന്വേഷിച്ചു. എങ്കിലും അത് ശൂന്യമായി കിടക്കുന്നതാണ് കണ്ടത്. നഴ്‌സിന്റെ മുറിയിലെത്തി തിരക്കിയപ്പോള്‍, ഞാന്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാതിരുന്നതാണ് കേട്ടത് - അദ്ദേഹം മരിച്ചുപോയി. ഞങ്ങള്‍ വരുന്നതിന് അഞ്ചു ദിവസം മുമ്പ്.

കണ്ണുനീരോടെ ഈവിക്കു ഞാന്‍ വാര്‍ത്ത അയച്ചു. അവളുടെ പ്രതികരണം ലളിതമായിരുന്നു: 'റെന്‍ഡല്‍ യേശുവിനോടൊപ്പം ആഘോഷിക്കുന്നു.' പിന്നീടവള്‍ പറഞ്ഞു, 'കഴിഞ്ഞ പ്രാവശ്യം അദ്ദേഹത്തോട് യേശുവിനെക്കുറിച്ചു പറഞ്ഞത് നല്ല കാര്യമായി.'

ക്രിസ്തുവില്‍ നമുക്ക് പ്രത്യാശയെക്കുറിച്ചു മറ്റുള്ളവരോട് സ്‌നേഹപൂര്‍വ്വം പങ്കുവയ്ക്കാന്‍ തയ്യാറാകുന്നത് സുപ്രധാനമാണെന്ന് അവളുടെ വാക്കുകള്‍ എന്നെ ഓര്‍മ്മിപ്പിച്ചു. എല്ലായ്‌പ്പോഴും നമ്മോടു കൂടെയിരിക്കുന്നവനെക്കുറിച്ചുള്ള സുവിശേഷ സന്ദേശം പ്രസ്താവിക്കുന്നത് എല്ലായ്‌പ്പോഴും എളുപ്പമല്ല (മത്തായി 28:20). എങ്കിലും അത് നമ്മിലും റെന്‍ഡലിനെപ്പോലെയുള്ള ആളുകളിലും വരുത്തുന്ന വ്യത്യാസത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍, ഒരുപക്ഷേ, നാം പോകുന്നിടത്തെല്ലാം 'ആളുകളെ ശിഷ്യരാക്കുവാന്‍' നാം കൂടുതല്‍ തയ്യാറാകുവാന്‍ ധൈര്യം പ്രാപിക്കും (വാ. 19).

ആ ശൂന്യമായ കിടക്ക കണ്ടപ്പോഴുണ്ടായ ദുഃഖം - ഒപ്പം ഒരു വിശ്വസ്തയായ കൗമാരക്കാരി റെന്‍ഡലിന്റെ എന്നേക്കുമുള്ള ജീവിതത്തില്‍ വരുത്തിയ വ്യത്യാസത്തെ അറിയുന്നതിലുള്ള സന്തോഷവും - ഞാന്‍ ഒരിക്കലും മറക്കുകയില്ല.

ഒരിക്കലും ഒറ്റയ്ക്കല്ല

ഇന്‍ഡോനേഷ്യയിലെ പാസ്റ്റര്‍മാര്‍ക്കു വേണ്ടി ഒരു ബൈബിള്‍ പഠന സഹായി എഴുതിക്കൊണ്ടിരിക്കുമ്പോള്‍, എഴുത്തുകാരനായ സുഹൃത്ത്, ഒന്നിച്ചിരിക്കുന്നതു സംബന്ധിച്ച ആ രാജ്യത്തിന്റെ സംസ്‌കാരത്തില്‍ ആകൃഷ്ടനാകാന്‍ തുടങ്ങി. ഗോട്ടോംഗ് റോയോംഗ് - 'പരസ്പര പിന്താങ്ങല്‍' എന്നര്‍ത്ഥം - എന്നു വിളിക്കുന്ന ഈ ആശയം ഗ്രാമങ്ങളിലാണ് നടപ്പാക്കിയിരിക്കുന്നത്: അയല്‍ക്കാര്‍ ചേര്‍ന്ന് ഒരുവന്റെ മേല്‍ക്കൂര നന്നാക്കുകയോ ഒരു പാലമോ, റോഡ് പണിയുകയോ ചെയ്യും. എന്റെ സുഹൃത്ത് പറഞ്ഞത് നഗരങ്ങളിലും 'ആളുകള്‍ എല്ലായ്‌പ്പോഴും മറ്റൊരാളെക്കൂടി കൂട്ടിയാണ് പോകാറുള്ളത്. ഉദാ. ഡോക്ടറെ കാണാനും മറ്റും. അത് സാംസ്‌കാരിക നിയമമാണ്. അതുകൊണ്ട് നിങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കല്ല.

ലോകവ്യാപകമായി, യേശുവിലുള്ള വിശ്വാസികള്‍ തങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കല്ല എന്നറിയുന്നതില്‍ സന്തോഷിക്കുന്നു. നമ്മുടെ നിരന്തരവും എന്നെന്നേക്കുമുള്ള കൂട്ടാളി ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവാണ്. ഒരു വിശ്വസ്ത സ്‌നേഹിതന്‍ എന്നതിലുപരി, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് തന്റെ പരിശുദ്ധാത്മാവിനെ ക്രിസ്തുവിന്റെ ഓരോ അനുയായിക്കും നല്‍കിയിരിക്കുന്നത്, 'നിങ്ങളോടുകൂടെ ഇരിക്കയും നിങ്ങളില്‍ വസിക്കയും' ചെയ്യേണ്ടതിനാണ് (യോഹന്നാന്‍ 14:16).

ഭൂമിയിലെ തന്റെ വാസം അവസാനിച്ചാലുടനെ പരിശുദ്ധാത്മാവ് വരും എന്ന് യേശു വാഗ്ദത്തം ചെയ്തു. 'ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല' (വാ. 18) യേശു പറഞ്ഞു. പകരം പരിശുദ്ധാത്മാവ് - 'നിങ്ങളോടുകൂടെ ഇരിക്കയും നിങ്ങളില്‍ വസിക്കയും' ചെയ്യുന്ന 'സത്യത്തിന്റെ ആത്മാവ്' - ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്ന നമ്മിലോരോരുത്തരിലും വസിക്കുന്നു (വാ.17).

പരിശുദ്ധാത്മാവാണ് നമ്മുടെ സഹായിയും ആശ്വാസകനും പ്രോത്സാഹകനും ആലോചനക്കാരനും - പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ആളുകളെപ്പോലും ഏകാന്തത ബുദ്ധിമുട്ടിക്കുന്ന ഒരു ലോകത്തില്‍ - നമ്മുടെ സന്തത സഹചാരിയും. നമുക്ക് എന്നെന്നേക്കും അവന്റെ ആശ്വസിപ്പിക്കുന്ന സ്‌നേഹത്തിലും സഹായത്തിലും വസിക്കാം.

ദയയുടെ ഒരു ജീവിക്കുന്ന സ്മാരകം

പാരമ്പര്യങ്ങള്‍ നിറഞ്ഞ ഒരു സഭയിലാണ് ഞാന്‍ വളര്‍ന്നത്. ഒരു പ്രിയപ്പെട്ട കുടുംബാംഗമോ സുഹൃത്തോ മരിക്കുമ്പോള്‍ ഇതിലൊന്ന് കാണാന്‍ കഴിയും. അധികം താമസിയാതെ ഒരു ചാരുബഞ്ചിലോ അല്ലെങ്കില്‍ ഹാളില്‍ തൂക്കിയ പെയിന്റിംഗിലോ ഒരു പിച്ചളത്തകിടില്‍ കൊത്തിയ ലിഖിതം കാണാം: '... ന്റെ ഓര്‍മ്മയ്ക്ക്'. മരിച്ച വ്യക്തിയുടെ പേര്, കടന്നുപോയ ഒരു ജീവിതത്തിന്റെ തിളങ്ങുന്ന ഓര്‍മ്മപ്പെടുത്തലായി തെളിഞ്ഞു നില്‍ക്കും. ആ സ്മരണകളെ ഞാന്‍ എന്നും അഭിനന്ദിച്ചിരുന്നു. ഇപ്പോഴും അങ്ങനെ ചെയ്യുന്നു. എങ്കിലും അതേ സമയം തന്നെ, അവയെല്ലാം നിശ്ചലമായ, നിര്‍ജ്ജീവമായ വസ്തുക്കളാണെന്നാണ് അതെന്നെ ഓര്‍മ്മിപ്പിക്കാറുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ 'ജീവനില്ലാത്തവ.' ഒരു സ്മാരകത്തിനു 'ജീവന്‍' കൊടുക്കാന്‍ കഴിയുന്ന മാര്‍ഗ്ഗമുണ്ടോ?

തന്റെ പ്രിയ സ്‌നേഹിതനായ യോനാഥാന്റെ മരണത്തിനുശേഷം അവനെ ഓര്‍മ്മിക്കാനും അവനോടുള്ള ഒരു വാഗ്ദാനം പാലിക്കുവാനും ദാവീദ് ആഗ്രഹിച്ചു (1 ശമുവേല്‍ 20:12-17). കേവലം നിര്‍ജ്ജീവമായ ഒന്ന് അന്വേഷിക്കുന്നതിന് പകരം ദാവീദ് ജീവനുള്ള ഒന്നിനെ അന്വേഷിച്ചു കണ്ടെത്തി - യോനാഥാന്റെ ഒരു മകനെ (2 ശമുവേല്‍ 9:3). ഇവിടെ ദാവീദിന്റെ തീരുമാനം നാടകീയമാണ്. അവന്റെ വസ്തുവക തിരികെ കൊടുത്തുകൊണ്ടും ('നിന്റെ അപ്പനായ ശൗലിന്റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു'), തുടര്‍മാനമായി അവനാവശ്യമായ ഭക്ഷണ പാനീയങ്ങള്‍ നല്‍കിക്കൊണ്ടും ('നീയോ നിത്യം എന്റെ മേശയിങ്കല്‍ നിന്നു ഭക്ഷണം കഴിച്ചു കൊള്ളേണം') (വാ. 6-7) മെഫിബോശത്തിനു ദയ കാണിക്കാന്‍ (വാ. 1) അവന്‍ തീരുമാനിച്ചു.

മരിച്ചുപോയവരെ തുടര്‍ന്നും നാം ഓര്‍മ്മക്കുറിപ്പുകളും പെയിന്റിങ്ങുകളും കൊണ്ട് സ്മരിക്കുമ്പോള്‍ തന്നേ, നമുക്ക് ദാവീദിന്റെ മാതൃക ഓര്‍ക്കുകയും ഇപ്പോഴും ജീവിച്ചിരിക്കുന്നവര്‍ക്ക് ദയ കാണിക്കുകയും ചെയ്യാം.

ധൈര്യത്തിനുള്ള ആഹ്വാനം

ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ പദര്‍ശിപ്പിച്ചിരിക്കുന്ന പുരുഷ പ്രതിമകള്‍ക്കിടയില്‍ (നെല്‍സണ്‍ മണ്ടേല, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, മഹാത്മാഗാന്ധി, മറ്റുള്ളവര്‍) ഒരു വനിതയുടെ ഒറ്റപ്പെട്ട ഒരു പ്രതിമയുണ്ട്. ആ ഏകാന്ത വനിത മില്ലിസെന്റ് ഫോസെറ്റ് ആണ് - സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടി പോരാടിയ വനിത. പിത്തളയില്‍ നിര്‍മ്മിച്ച പ്രതിമയുടെ കൈയ്യില്‍ ഒരു കൊടിയുണ്ട്. അതിലെഴുതിയിരിക്കുന്നത്, തനിക്കൊപ്പം പോരാടിയ മറ്റൊരു വനിതയെ ആദരിച്ചു പറഞ്ഞ വാചകമാണ്: 'ധൈര്യം ആവശ്യപ്പെടുന്നത് എല്ലായിടത്തും ധൈര്യം കാണിക്കാനാണ്.'' ഒരു വ്യക്തിയുടെ ധൈര്യം മറ്റുള്ളവരെയും ധൈര്യപ്പെടുത്തണം - ഭയമുള്ളവരെ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നതാകണം എന്നു ഫോസെറ്റ് നിര്‍ബന്ധിച്ചു.

ദാവീദ് തന്റെ സിംഹാസനം മകനായ ശലോമോനു കൈമാറാന്‍ ഒരുക്കങ്ങള്‍ ചെയ്തു കഴിഞ്ഞപ്പോള്‍, അവന്റെ തോളില്‍ വരാന്‍ പോകുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ചു അവന്‍ വിശദീകരിച്ചു. താന്‍ ചുമക്കുന്ന ഭാരത്തിനു മുമ്പില്‍ അവന്‍ വിറയ്ക്കുമെന്നുറപ്പായിരുന്നു: ദൈവത്തിന്റെ പ്രമാണങ്ങള്‍ എല്ലാം അനുസരിക്കാന്‍ യിസ്രായേലിനെ നയിക്കുക, ദൈവം അവര്‍ക്ക് നല്‍കിയ ദേശം പരിപാലിക്കുക, ദൈവാലയ നിര്‍മ്മിതിക്കു മേല്‍നോട്ടം വഹിക്കുക (1 ദിനവൃത്താന്തങ്ങള്‍ 28:8-10).

ശലോമോന്റെ വിറയ്ക്കുന്ന ഹൃദയം മനസ്സിലാക്കി ദാവീദ് തന്റെ മകന് ശക്തമായ വചനങ്ങള്‍ നല്‍കി. 'ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവര്‍ത്തിച്ചുകൊള്‍ക; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ട്'' (വാ. 20). യഥാര്‍ത്ഥ ധൈര്യം ശലോമോന്റെ സ്വന്തം വൈദഗ്ധ്യത്തില്‍ നിന്നോ ആത്മവിശ്വാസത്തില്‍ നിന്നോ വരുന്നതല്ല, മറിച്ച് ദൈവത്തിന്റെ സാന്നിധ്യത്തിലും ശക്തിയിലും ആശ്രയിക്കുന്നതില്‍ നിന്നു വരുന്നതാണ്. ശലോമോന് ആവശ്യമായ ധൈര്യം ദൈവം നല്‍കി.

നാം പ്രതിസന്ധികളെ നേരിടുമ്പോള്‍, നാം പലപ്പോഴും സ്വയം ധൈര്യം സംഭരിക്കാനോ അല്ലെങ്കില്‍ ശൂരത്വം ഉള്ളവരാകാന്‍ നമ്മോട് തന്നെ സംസാരിക്കാനോ ശ്രമിക്കാറുണ്ട്. എന്നാല്‍, ദൈവമാണ് നമ്മുടെ വിശ്വാസത്തെ പുതുക്കുന്നത്. അവന്‍ നമ്മോട് കൂടെയിരിക്കും. അവന്റെ സാന്നിധ്യം ധൈര്യപ്പെടുവാന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു.

ബന്ധിതനെങ്കിലും നിശബ്ദനല്ല

1963 വേനല്‍ക്കാലത്ത്, രാത്രി മുഴുവനും നീണ്ട ബസ് യാത്രയ്ക്കുശേഷം പൗരാവകാശ പ്രവര്‍ത്തകയായ ഫാനി ലൂ ഹാമറും മറ്റ് ആറ് കറുത്ത വര്‍ഗ്ഗക്കാരായ യാത്രക്കാരും ഭക്ഷണം കഴിക്കാനായി മിസ്സിസിപ്പിയിലെ വിനോനയിലുള്ള ഒരു ഭക്ഷണശാലയിലേക്കു കയറി. പോലീസുകാര്‍ അവരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട ശേഷം അവരെ അറസ്റ്റു ചെയ്തു ജയിലിലാക്കി. എന്നാല്‍ നിയമരഹിത അറസ്‌റ്റോടു കൂടി അപമാനിക്കല്‍ അവസാനിച്ചില്ല. എല്ലാവരെയും കഠിനമായി തല്ലി. ഫാനിയെയാണ് കൂടുതല്‍ തല്ലിയത്. മരണത്തിന്റെ വക്കോളമെത്തിയ ക്രൂര മര്‍ദ്ദനം അവസാനിച്ചപ്പോള്‍ അവള്‍ പാടി: 'പൗലൊസും ശീലാസും ജയിലിലടക്കപ്പെട്ടു, എന്റെ ജനത്തെ വിട്ടയ്ക്ക.'' അവള്‍ ഒറ്റയ്ക്കല്ല പാടിയത്. മറ്റ് തടവുകാരും - ശരീരം കൊണ്ടു ബന്ധിതരെങ്കിലും ആത്മാവില്‍ സ്വാതന്ത്രരായവര്‍ - ആരാധനയില്‍ അവളോടൊപ്പം ചേര്‍ന്നു.

അപ്പൊ. പ്രവൃത്തികള്‍ 16 അനുസരിച്ച്, പൗലൊസും ശീലാസും യേശുവിനെക്കുറിച്ചു മറ്റുള്ളവരോടു പറഞ്ഞതിന് തടവിലാക്കപ്പെട്ട് പ്രയാസകരമായ ഒരു സ്ഥലത്തായി. എന്നാല്‍ അസൗകര്യങ്ങള്‍ അവരുടെ വിശ്വാസത്തെ ക്ഷീണിപ്പിച്ചില്ല. 'അര്‍ദ്ധരാത്രിയ്ക്ക് പൗലൊസും ശീലാസും പ്രാര്‍ത്ഥിച്ച് ദൈവത്തെ പാടി സ്തുതിച്ചു'' (വാ. 25). അവരുടെ ധൈര്യപൂര്‍വ്വമുള്ള ആരാധന യേശുവിനെക്കുറിച്ചു തുടര്‍ന്നും സംസാരിക്കുന്നതിനുള്ള അവസരം അവര്‍ക്ക് നല്‍കി. 'പിന്നെ അവര്‍ കര്‍ത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു'' (വാ. 32).

നമ്മില്‍ മിക്കവരും പൗലൊസും ശീലാസും അല്ലെങ്കില്‍ ഫാനിയും നേരിട്ടതുപോലെയുള്ള തീവ്രമായ സാഹചര്യങ്ങളെ നേരിട്ടെന്നു വരികയില്ല. പക്ഷേ നാമോരോരുത്തരും അസ്വസ്ഥ ജനകമായ സാഹചര്യങ്ങളെ നേരിടുന്നവരാണ്. അത് സംഭവിക്കുമ്പോള്‍, നമ്മുടെ ശക്തി വരുന്നത് വിശ്വസ്തനായ നമ്മുടെ ദൈവത്തില്‍ നിന്നാണ്. പ്രതിസന്ധിയുടെ നടുവിലും അവനെ മഹത്വപ്പെടുത്തുന്നതും അവനുവേണ്ടി സംസാരിക്കാന്‍ നമുക്ക് ധൈര്യം തരുന്നതുമായ ഒരു പാട്ട് നമ്മുടെ ഹൃദയങ്ങളിലുണ്ടായിരിക്കട്ടെ.

'ദൈവം എന്റെ ജീവന്‍ രക്ഷിച്ചു'

ആരോണിന് (യഥാര്‍ത്ഥ നാമമല്ല) 15 വയസ്സുള്ളപ്പോള്‍, അവന്‍ സാത്താനോടു പ്രാര്‍ത്ഥിക്കാനാരംഭിച്ചു: 'അവനും എനിക്കും തമ്മില്‍ ഒരു പങ്കാളിത്തം ഉള്ളതായി എനിക്കനുഭവപ്പെട്ടു.' ആരോണ്‍ നുണ പറയാനും മോഷ്ടിക്കാനും കുടുംബാംഗങ്ങളെയും സ്‌നേഹിതരെയും ദുരുപയോഗം ചെയ്യാനും തുടങ്ങി, പേടിസ്വപ്‌നങ്ങള്‍ അവന്‍ കാണാന്‍ തുടങ്ങി. 'ഒരു രാവിലെ ഞാന്‍ ഉണര്‍ന്നപ്പോള്‍ പിശാച് എന്റെ കിടക്കയുടെ തലയ്ക്കല്‍ ഇരിക്കുന്നതായി കണ്ടു. ഞാന്‍ എന്റെ പരീക്ഷകള്‍ വിജയിക്കുമെന്നും തുടര്‍ന്ന് മരിക്കുമെന്നും അവന്‍ എന്നോട് പറഞ്ഞു.'' എങ്കിലും അവന്റെ പരീക്ഷകള്‍ കഴിഞ്ഞിട്ടും അവന്‍ ജീവിച്ചു. 'അവന്‍ നുണയനാണെന്ന് എനിക്ക് വ്യക്തമായി' ആരോണ്‍ പറഞ്ഞു.

പെണ്‍കുട്ടികളെ കാണാമെന്ന പ്രതീക്ഷയില്‍ ഒരു ക്രിസ്തീയ ആഘോഷത്തിന് ആരോണ്‍ പോയി. അവിടെ വച്ച് അവനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്നൊരാള്‍ പറഞ്ഞു. 'അദ്ദേഹം പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുബോള്‍ ഒരു സമാധാനം എന്റെ ശരീരത്തിലേക്കു പ്രവേശിക്കുന്നതായി എനിക്ക് തോന്നി.' സാത്താനില്‍ നിന്ന് അനുഭവിച്ചതിനേക്കാള്‍ 'കൂടുതല്‍ ശക്തിയുള്ളതും കൂടുതല്‍ സ്വന്തന്ത്രമാക്കുന്നതുമായ' ഒന്ന് അവന് അനുഭവപ്പെട്ടു. ദൈവത്തിന് അവനെക്കുറിച്ച് പദ്ധതിയുണ്ടെന്നും സാത്താന്‍ നുണയനാണെന്നും അദ്ദേഹം ആരോണോട് പറഞ്ഞു. ഈ മനുഷ്യന്റെ വാക്കുകള്‍, തന്നെ എതിര്‍ത്തവരോട് സാത്താനെക്കുറിച്ചു യേശു പറഞ്ഞ വാക്കുകളെ പ്രതിധ്വനിപ്പിക്കുന്നതായിരുന്നു: 'അവന്‍ ഭോഷക് പറയുന്നവനും അതിന്റെ അപ്പനും ആകുന്നു'' (യോഹന്നാന്‍ 8:44).

ആരോണ്‍ സാത്താന്‍ സേവയില്‍ നിന്നു ക്രിസ്തുവിങ്കലേക്കു തിരിഞ്ഞു. ഇപ്പോള്‍ 'ദൈവത്തിന്റെ വക' ആണ് (വാ. 47). ഒരു നഗര വാസികള്‍ക്കിടയില്‍ അവനിപ്പോള്‍ ശുശ്രൂഷിക്കുന്നു; യേശുവിനെ അനുഗമിക്കുന്നതു നല്‍കുന്ന വ്യത്യാസത്തെക്കുറിച്ചു പങ്കുവയ്ക്കുന്നു. ദൈവത്തിന്റെ രക്ഷിപ്പിന്‍ ശക്തിയുടെ ജീവിക്കുന്ന സാക്ഷിയാണദ്ദേഹം: 'ദൈവം എന്റെ ജീവന്‍ രക്ഷിച്ചു എന്നെനിക്ക് ഉറപ്പോടെ പറയാന്‍ സാധിക്കും.'

നന്മയും വിശുദ്ധവും സത്യവുമായ എല്ലാറ്റിന്റെയും ഉറവിടമാണ് ദൈവം. സത്യം കണ്ടെത്തുന്നതിനായി അവങ്കലേക്കു തിരിയാന്‍ നമുക്ക് കഴിയും.

എറിയുന്ന കല്ലുകള്‍

തങ്ങളുടെ ജീവിത പങ്കാളികളെ ചതിക്കുന്നവരോട് ഒരു സഹതാപവും ലിസയ്ക്ക് തോന്നിയിരുന്നില്ല... എന്നാല്‍ അവള്‍ തന്നെ വിവാഹജീവിതത്തില്‍ അസംതൃപ്തയാകുകയും അപകടകരമായ ഒരു ആകര്‍ഷണത്തെ പ്രതിരോധിക്കാന്‍ പാടുപെടുകയും ചെയ്യുന്നതുവരെയേ ആ മനോഭാവം നീണ്ടുനിന്നുള്ളു. ആ വേദനാജനകമായ അനുഭവം മറ്റുള്ളവരോട് ഒരു പുതിയ സഹാനുഭൂതി ആര്‍ജ്ജിക്കാനും 'നിങ്ങളില്‍ പാപമില്ലാത്തവര്‍ അവളെ ഒന്നാമത് കല്ലെറിയട്ടെ' (യോഹന്നാന്‍ 8:7) എന്ന ക്രിസ്തുവിന്റെ വാക്കുകളെ ആഴത്തില്‍ മനസ്സിലാക്കാനും അവളെ സഹായിച്ചു.

യേശു ദൈവാലയ പ്രാകാരത്തില്‍ ഉപദേശിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു ആ പ്രസ്താവന നടത്തിയത്. ഒരു കൂട്ടം ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാര കുറ്റത്തില്‍ പിടിച്ച ഒരു സ്ത്രീയെ വലിച്ചിഴച്ച് യേശുവിന്റെ മുമ്പില്‍ കൊണ്ടുവന്നു: 'ഇങ്ങനെയുള്ളവരെ കല്ലെറിയണം എന്നു മോശയുടെ ന്യായപ്രമാണത്തില്‍ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്ത് പറയുന്നു?' (വാ.5).
യേശുവിനെ തങ്ങളുടെ അധികാരത്തിനു ഭീഷണിയായി അവര്‍ കണ്ടിരുന്നതിനാല്‍, ഈ ചോദ്യം 'അവനെ കുറ്റം ചുമത്തുവാന്‍ സംഗതി കിട്ടേണ്ടതിനുള്ള' (വാ.6) കെണിയായിരുന്നു.

എന്നാല്‍ 'നിങ്ങളില്‍ പാപമില്ലാത്തവര്‍ അവളെ ഒന്നാമത് കല്ലെറിയട്ടെ'' എന്ന് യേശു മറുപടി പറഞ്ഞപ്പോള്‍ ആ സ്ത്രീയെ കുറ്റം ചുമത്തിയ ഒരാളും കുനിഞ്ഞ് കല്ലെടുത്തില്ല. ഓരോരുത്തരായി അവിടെനിന്നു പോയി.

നാം നമ്മുടെ സ്വന്തം പാപത്തെ ചെറുതായി കാണുകയും മറ്റൊരാളുടെ പെരുമാറ്റത്തെ വിമര്‍ശനപരമായി വിലയിരുത്തുകയും ചെയ്യുന്നതിന് മുമ്പ്, 'നാം എല്ലാവരും ദൈവതേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു'' (റോമര്‍ 3:23) എന്ന് ഓര്‍ക്കുക. കുറ്റം വിധിക്കുന്നതിനു പകരം, നമ്മുടെ രക്ഷകന്‍ ഈ സ്ത്രീക്ക് - നിങ്ങള്‍ക്കും എനിക്കും - കൃപയും പ്രത്യാശയും കാണിച്ചുകൊടുത്തു (യോഹന്നാന്‍ 3:16; 8:10-11). മറ്റുള്ളവര്‍ക്കുവേണ്ടി നമുക്കും അതെങ്ങനെ ചെയ്യാതിരിക്കാന്‍ കഴിയും?

ഉപവാസത്തിന്റെ ആന്തരികാര്‍ത്ഥം

വിശപ്പ് എന്റെ ഉള്ളിനെ കാര്‍ന്നു തിന്നു. ദൈവത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് ഉപവാസം എന്ന് എന്റെ മെന്റര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പകല്‍ മുന്നോട്ടുപോയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു: യേശു എങ്ങനെയാണിത് നാല്‍പ്പത് ദിവസം ചെയ്തത്? സമാധാനത്തിനും ശക്തിക്കും ക്ഷമയ്ക്കുമായി പരിശുദ്ധാത്മാവില്‍ ആശ്രയിക്കാന്‍ ഞാന്‍ പണിപ്പെട്ടു. പ്രത്യേകിച്ചും ക്ഷമയ്ക്ക്.

നാം ശാരീരികമായി കഴിവുള്ളവരെങ്കില്‍, നമ്മുടെ ആത്മീകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കാന്‍ ഉപവാസത്തിനു കഴിയും. യേശു പറഞ്ഞതുപോലെ, 'മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായില്‍ക്കൂടി വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു'' (മത്തായി 4:4). എങ്കിലും ഞാന്‍ നേരിട്ടു പഠിച്ചതുപോലെ, ഉപവാസം അതില്‍ തന്നെ നമ്മെ ദൈവത്തോടടുപ്പിക്കയില്ല!

വാസ്തവത്തില്‍, ദൈവം ഒരിക്കല്‍ പ്രവാചകനായ സെഖര്യാവിലൂടെ തന്റെ ജനത്തോട് പറഞ്ഞത്, അവരുടെ ഉപവാസം ദരിദ്രരെ സേവിക്കുന്നതിലേക്ക് അവരെ നയിക്കാത്തതിനാല്‍ പ്രയോജന രഹിതമാണെന്നാണ്. 'എനിക്കുവേണ്ടിയോ നിങ്ങള്‍ ഉപവസിക്കുന്നത്?'' ദൈവം ചോദിച്ചു (സെഖര്യാവ് 7:5).

ദൈവത്തിന്റെ ചോദ്യം വെളിപ്പെടുത്തുന്നത് പ്രാഥമിക പ്രശ്‌നം അവരുടെ വയര്‍ അല്ലെന്നാണ്; അവരുടെ തണുത്തുറഞ്ഞ ഹൃദയമാണ് പ്രശ്‌നം. തങ്ങളെത്തന്നെ സേവിക്കുന്നതിലൂടെ, ദൈവഹൃദയത്തോട് അടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിരിക്കുന്നു. അതിനാല്‍ അവന്‍ അവരെ നിര്‍ബന്ധിക്കുന്നത്, 'നേരോടെ ന്യായം പാലിക്കുകയും ഓരോരുത്തന്‍ താന്താന്റെ സഹോദരനോടു ദയയും കരുണയും കാണിക്കുകയും ചെയ്യുവിന്‍. വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്'' (വാ. 9-10).

ഏത് ആത്മീയ ശിക്ഷണത്തിലും നമ്മുടെ ലക്ഷ്യം യേശുവിനോട് അടുക്കുന്നതായിരിക്കേണം. അവന്റെ സാദൃശ്യത്തില്‍ നാം വളരുമ്പോള്‍, അവന്‍ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടിയും ഒരു ഹൃദയം നമുക്കുണ്ടാകും.

അതിശയകരമാംവിധം അതുല്യം

മനുഷ്യന്‍ സവിശേഷജീവിയല്ല - കുറഞ്ഞപക്ഷം ലണ്ടന്‍ മൃഗശാല പറയുന്ന പ്രകാരമെങ്കിലും. 2005 ല്‍ 'മനുഷ്യന്‍ അവരുടെ സ്വാഭാവിക പരിസ്ഥിതിയില്‍'' എന്ന പേരില്‍ ഒരു ചതുര്‍ദിന പ്രദര്‍ശനം മൃഗശാല ഒരുക്കി. ഒരു ഓണ്‍ലൈന്‍ മത്സരത്തിലൂടെ മനുഷ്യ 'തടവുകാരെ'' തിരഞ്ഞെടുത്തു. സന്ദര്‍ശകര്‍ക്കു മനുഷ്യരെ മനസ്സിലാക്കുന്നതിനുവേണ്ടി, മൃഗശാലാധികൃതര്‍, അവരുടെ ഭക്ഷണരീതി, ആവാസ സ്ഥാനം എന്നിവ വിവരിക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചു. മൃഗശാലാ വക്താവ് പറയുന്നതനുസരിച്ച്, പ്രദര്‍ശനത്തിന്റെ ലക്ഷ്യം മനുഷ്യരുടെ അതുല്യത കുറച്ചുകാണിക്കുക എന്നതായിരുന്നു. പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഒരാള്‍ അതിനോട് യോജിക്കുന്നതായി തോന്നി. 'മനുഷ്യരെ ഇവിടെ അവര്‍ മൃഗങ്ങളായി കാണുമ്പോള്‍, നാം അത്ര വിശേഷതയുള്ളവരല്ല എന്ന് ഓര്‍മ്മിപ്പിക്കുന്നതായി തോന്നും.''

മനുഷ്യനെപ്പറ്റി ബൈബിള്‍ പറയുന്നതില്‍ നിന്നും എത്ര കടുത്ത വൈരുദ്ധ്യമാണിത്. ദൈവം തന്റെ 'സ്വരൂപത്തില്‍'' നമ്മെ 'ഭയങ്കരവും അതിശയകരവും'' ആയി സൃഷ്ടിച്ചു (ഉല്പത്തി 1:26-27; സങ്കീര്‍ത്തനം 139:14).

ദാവീദ് 139-ാം സങ്കീര്‍ത്തനം ആരംഭിക്കുന്നത് തന്നെക്കുറിച്ചുള്ള ദൈവത്തിന്റെ ആഴമായ അറിവിനെയും (വാ.1-6), സകലത്തെയും വലയം ചെയ്യുന്ന അവന്റെ സാന്നിധ്യത്തെയും (വാ. 7-12) ആഘോഷിച്ചു കൊണ്ടാണ്. ഒരു പ്രധാന നെയ്ത്തുകാരനെപ്പോലെ, ദൈവം ദാവീദിന്റെ ആന്തരികവും ബാഹ്യവുമായ സവിശേഷതകളെ നിര്‍മ്മിക്കുക മാത്രമല്ല (വാ. 13-14), അവനെ ഒരു ജീവനുള്ള ദേഹിയായി നിര്‍മ്മിച്ച് അവന് ആത്മീയ ജീവനും ദൈവവുമായി ആഴമായി ബന്ധപ്പെടുന്നതിനുള്ള കഴിവും നല്‍കി. ദൈവത്തിന്റെ കരവിരുതിനെ ധ്യാനിച്ചുകൊണ്ട് ഭക്തിയോടും അതിശയത്തോടും സ്തുതിയോടും കൂടി ദാവീദ് പ്രതികരിച്ചു (വാ.14).

മനുഷ്യര്‍ സവിശേഷതയുള്ളവരാണ്, അവനുമായി ദൃഢമായ ബന്ധം സ്ഥാപിക്കുവാന്‍ അതിശയകരമായ അതുല്യതയോടും മഹത്തായ കഴിവുകളോടും കൂടെ ദൈവം നമ്മെ സൃഷ്ടിച്ചു. നാം അവന്റെ സ്‌നേഹമുള്ള കരങ്ങളുടെ പണിയാകയാല്‍ ദാവീദിനെപ്പോലെ അവനെ സ്തുതിക്കാന്‍ നമുക്ക് കഴിയും.