പൂർണ്ണമായും തുടച്ചു മാറ്റി
ബ്രിട്ടീഷ് എൻജിനീയറായിരുന്ന എഡ്വേർഡ് നെയിർനെ പെൻസിൽ റബ്ബർ കണ്ടുപിടിച്ചപ്പോൾ, അത് റൊട്ടിക്കഷണങ്ങൾക്ക് പകരമാകുകയായിരുന്നു. 1770-ൽ, കടലാസ്സിലെ അടയാളം മായ്ക്കുന്നതിന് ബ്രെഡ് കഷണങ്ങൾ ഉപയോഗിച്ചിരുന്നു. റബ്ബർക്കറയുടെ കഷണം അബദ്ധത്തിൽ ഉപയോഗിച്ചത്, തന്റെ പിശക് മായിച്ചു കളഞ്ഞതായ് നെയിർനെ കണ്ടെത്തി, കൈ കൊണ്ട് എളുപ്പത്തിൽ തുടച്ചുകളയുവാൻ സാധിക്കുന്ന തരത്തിലുള്ള, റബ്ബറിനാലുള്ള "കഷണങ്ങൾ" അവശേഷിപ്പിച്ചു കൊണ്ട്.
നമ്മുടെ ജീവിതത്തിലുള്ള വളരെ മോശമായ പിശകുകൾ തുടച്ചുമാറ്റുവാൻ കഴിയും. അതു നമ്മുടെ കർത്താവ് - ജീവന്റെ അപ്പം – തന്റെ ജീവിതം കൊണ്ട് അവയെ കഴുകുകയും നമ്മുടെ പാപങ്ങളെ ഒരിക്കലും ഓർമ്മിക്കുകയും ഇല്ലായെന്ന് വാഗ്ദത്തം നൽകുകയും ചെയ്തു. "എന്റെ നിമിത്തം ഞാൻ, ഞാൻ തന്നേ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു," യെശയ്യാവു 43:25 ൽ നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല." എന്ന് പറയുന്നു.
ഇത് ശ്രദ്ധേയമായ ഒരു പരിഹാരമായി തോന്നാം - മാത്രവുമല്ല അത് അനർഹവുമാണ്. അനേകർക്ക്, ദൈവം നമ്മുടെ കഴിഞ്ഞ പാപങ്ങൾ, "പ്രഭാതത്തിലെ മഞ്ഞു പോലെ" മായിച്ചു കളയും എന്ന വസ്തുത, വിശ്വസിക്കുവാൻ പ്രയാസമുള്ള വസ്തുതയാണ്. എല്ലാം അറിയുന്നവനായ ദൈവം, അവയെ ഇത്ര എളുപ്പത്തിൽ മറക്കുമോ?
അതാണ് യേശുവിനെ നമ്മുടെ രക്ഷകനായി നാം സ്വീകരിക്കുമ്പോൾ ദൈവം കൃത്യമായും ചെയ്യുന്നത്. നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും "ഇനി അവയെ ഒരിക്കലും ഓർക്കാതിരിക്കുകയും" ചെയ്യുന്നതിലൂടെ, നമ്മുടെ സ്വർഗീയപിതാവ്, മുന്നോട്ടു ചലിക്കുവാൻ നമ്മെ സ്വതന്ത്രരാക്കുന്നു. പൂർവ്വകാലതെറ്റുകളാൽ വീണ്ടും വലിച്ചിഴയ്ക്കപ്പെടുന്നില്ല, നാം അവശിഷ്ടമുക്തരും, ഇന്നും എന്നെന്നേയ്ക്കുമായുള്ള സേവയ്ക്കായ് വൃത്തിയാക്കപ്പെട്ടവരുമാണ്.
അതെ, പരിണതഫലങ്ങൾ നിലനിൽക്കുമായിരിക്കാം. എന്നാൽ ദൈവം നമ്മുടെ പാപങ്ങളെ തുടച്ചുമാറ്റിക്കൊണ്ട്, ഒരു നവ ശുദ്ധമായ ജീവിതത്തിനായ്, അവനിലേയ്ക്ക് മടങ്ങി വരുവാൻ നമ്മെ ക്ഷണിക്കുന്നു. പൂർണ്ണമായും തുടച്ചുമാറ്റപ്പെടുന്നതിനായി, മറ്റൊരു മികച്ച വഴിയുമില്ല.
ഏറ്റവും ഉന്നതമായ രക്ഷാദൗത്യം
1952 ഫെബ്രുവരി 18-ന്, മസ്സാച്യൂസെറ്റ്സ് തീരത്തിനു 10 മൈൽ ദൂരത്തായി, എസ്.എസ്. പെൻഡ്ലെറ്റൺ എന്ന ടാങ്കർ കപ്പൽ, ശക്തമായ കൊടുങ്കാറ്റിൽ രണ്ടായി പിളർന്നു പോയി. ഘോരമായ കൊടുങ്കാറ്റിനും തീക്ഷണമായ തിരമാലകൾക്കും മദ്ധ്യേ, കപ്പലിന്റെ, മുങ്ങിക്കൊണ്ടിരിക്കുന്ന പിൻഭാഗത്ത് നാല്പതിലധികം വരുന്ന നാവികർ കുടുങ്ങിപ്പോയിരുന്നു, .
ദുരന്തത്തെത്തുറിച്ചുള്ള വാർത്ത, മസ്സാച്യൂസെറ്റ്സിലെ, ചത്തമിലുള്ള തീരദേശ സുരക്ഷാ സ്റ്റേഷനിൽ ലഭിച്ചപ്പോൾ, ബോട്ട്സ്വെയിൻസ് മെയ്റ്റ് ദൗത്യവിഭാഗം ഒന്നാം ശ്രേണിയിലെ ബെർന്നീ വെബ്ബർ, മൂന്ന് പേരെ ലൈഫ്ബോട്ടിലാക്കി, തീർത്തും അസാദ്ധ്യമായ പ്രതിബദ്ധങ്ങളെ തരണം ചെയ്തു കൊണ്ട്, കുടുങ്ങിപ്പോയ നാവികരെ രക്ഷിക്കുവാൻ ശ്രമിക്കുകയും – മരിച്ചു പോയി എന്നു കരുതിയ 32 നാവികരെ സുരക്ഷിതസ്ഥാനത്തേയ്ക്കു തിരികെ കൊണ്ടു വരികയും ചെയ്തു. അവരുടെ ധീരമായ നേട്ടം അമേരിക്കൻ തീരസംരക്ഷണ ചരിത്രത്തിലെ ഏറ്റവും മഹത്തായ രക്ഷാ ദൗത്യമായി കണക്കാക്കപ്പെടുന്നു. 2016-ലെ ദി ഫൈനെസ്റ്റ് അവേഴ്സ്, എന്ന പേരിലുള്ള സിനിമയുടെ വിഷയം ഇതായിരുന്നു.
ലൂക്കോസ് 19:10 ൽ യേശു തന്റെ രക്ഷാ ദൗത്യം പ്രഖ്യാപിച്ചു: "കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു." യേശു നമ്മുടെ പാപങ്ങൾ തന്റെമേൽ ഏറ്റെടുക്കുകയും തന്നിൽ ആശ്രയിക്കുന്നവരെ പിതാവിങ്കലേക്ക് യഥാസ്ഥാനപ്പെടുത്തുകയും ചെയ്യുന്നതിനാൽ, ക്രൂശും പുനരുത്ഥാനവും രക്ഷയുടെ ആത്യന്തിക അടയാളമായി മാറി. 2,000 വർഷക്കാലം ജനങ്ങൾ, ദൈവീക വാഗ്ദത്തമായ, ഇപ്പോഴുള്ള സമൃദ്ധമായ ജീവനും, ദൈവത്തോടുകൂടെയുള്ള നിത്യജീവനും സ്വീകരിച്ചിരിക്കുന്നു. രക്ഷിക്കപ്പെട്ടു!
യേശുവിന്റെ അനുഗാമികൾ എന്ന നിലയിൽ, പരിശുദ്ധാത്മാവിന്റെ സഹായത്തോടെ എല്ലാവരുടെയും മഹത്തായ രക്ഷ എന്ന ദൗത്യത്തിൽ നമ്മുടെ രക്ഷകനോടൊപ്പം ചേരുവാനുള്ള ഭാഗ്യം നമുക്കുണ്ട്. നിങ്ങളുടെ ജീവിതത്തിൽ ആർക്കാണ് അവന്റെ രക്ഷാകരമായ സ്നേഹം ആവശ്യമായിരിക്കുന്നത്?
അപരിചിതരെ സ്വാഗതം ചെയ്യുക
യൂറോപ്പിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നായ മോൾഡോവയിൽ ജീവിച്ചിരുന്ന കാലത്ത്, എന്റെ സുഹൃത്തുക്കൾക്ക് ലഭിച്ച സ്വീകരണം, പ്രത്യേകിച്ച് മറ്റു ക്രിസ്ത്യാനികളിൽ നിന്ന് കിട്ടിയ ഹൃദ്യമായ സ്വീകരണം മതിപ്പുളവാക്കുന്നതായിരുന്നു. ഒരിക്കൽ അവർ അവരുടെ പള്ളിയിൽ നിന്നും കുറച്ച് വസ്ത്രവും ഭക്ഷണപദാർത്ഥങ്ങളും; ദരിദ്രരായിരുന്നുവെങ്കിലും അനവധി കുട്ടികളെ പരിപോഷിപ്പിച്ചിരുന്ന ഒരു ദമ്പതികൾക്കു വേണ്ടി കൊണ്ടുപോയി. ഈ ദമ്പതികൾ എന്റെ സുഹൃത്തുക്കളെ ആദരണീയരായ അതിഥികളായി കണക്കാക്കി; മാധുര്യമേറിയ ചായയും, അവരുടെ പ്രതിഷേധങ്ങൾ വകവയ്ക്കാതെ, ഭക്ഷണവും അവർക്കു നൽകി. അവർ സമ്മാനിച്ച, തണ്ണിമത്തനും മറ്റു പഴങ്ങളും പച്ചക്കറികളും കൊണ്ട് എന്റെ സുഹൃത്തുക്കൾ അവിടം വിട്ടുപോന്നപ്പോൾ, തങ്ങൾ അനുഭവിച്ച ആതിഥ്യമര്യാദയിൽ അവർ ആശ്ചര്യപ്പെട്ടു.
തന്റെ ജനമായ യിസ്രായേല്യർ പ്രദർശിപ്പിക്കണം എന്ന് ദൈവം കൽപ്പിച്ച വിധത്തിലുള്ള, സ്വാഗതത്തിന്റെ മൂർത്തീഭാവമായിരുന്നു ഈ വിശ്വാസികൾ. "ദൈവത്തോടുള്ള അനുസരണത്തിൽ നടക്കുകയും, അവനെ സ്നേഹിക്കുകയും, നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സേവിക്കുകയും" വേണം എന്ന് അവൻ അവരോട് കൽപിച്ചു (ആവർത്തനം 10:12). യിസ്രായേല്യർക്ക് എങ്ങനെയാണ് ഇതനുസരിച്ച് ജീവിക്കുവാൻ കഴിയുക? ഇതിനുള്ള മറുപടി ഏതാനും വാക്യങ്ങൾക്കു ശേഷം കാണാം: "ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പിൻ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ." (വാക്യം 19). അപരിചിതരെ സ്വാഗതം ചെയ്യുന്നതിലൂടെ അവർ ദൈവത്തെ സേവിക്കുകയും ആദരിക്കുകയും ചെയ്യുമായിരുന്നു. സ്നേഹവും കരുതലും പ്രകടിപ്പിക്കുന്നതിലൂടെ അവർ അവനിലുള്ള ആശ്രയം പ്രകടിപ്പിക്കുമായിരുന്നു.
നമ്മുടെ സാഹചര്യങ്ങൾ മോൾഡോവരിൽ നിന്നും യിസ്രായേല്യരിൽ നിന്നും വ്യത്യസ്തമായിരിക്കാം, എന്നാൽ, മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതിലൂടെ നമുക്കും ദൈവത്തോടുള്ള നമ്മുടെ സ്നേഹം ജീവിതത്തിൽ അനുഭവിക്കുവാൻ കഴിയും. നമ്മുടെ ഭവനങ്ങൾ തുറന്നുകൊടുക്കുന്നതിലൂടെയോ, കണ്ടുമുട്ടുന്നവരെ പുഞ്ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്യുന്നതിലൂടെയോ, ഏകാന്തവും മുറിപ്പെടുത്തുന്നതുമായ ലോകത്തിൽ, ദൈവീക കരുതലും ആതിഥ്യവും പകർന്നു നൽകുവാൻ നമുക്ക് സാധിക്കും.
സൗമ്യം എങ്കിലും സുശക്തം
നെതർലാന്റിന്മേലുള്ള ശത്രുവിന്റെ അധിനിവേശം വർദ്ധിച്ചതോടെ ആപത്തിൽ നിന്ന് രക്ഷപ്പെടുവാനായി, ആൻ ഫ്രാങ്ക് ധീരമായ തയ്യാറെടുപ്പുകളോടെ അവളുടെ കുടുംബത്തോടൊപ്പം ഒരു രഹസ്യസ്ഥാനത്തേയ്ക്ക് നീങ്ങി. രണ്ടാം ലോകമഹായുദ്ധക്കാലത്ത്, അവരെ കണ്ടെത്തി തടങ്കൽപ്പാളയങ്ങളിലേയ്ക്ക് അയക്കുന്നതിനു മുമ്പ് രണ്ടു വർഷം അവിടെ ഒളിച്ചു പാർത്തു. എങ്കിലും തന്റെ പ്രശസ്തമായിത്തീർന്ന ഒരു ചെറുപ്പക്കാരിയുടെ ഡയറിയിൽ അവൾ പറഞ്ഞു: "ദീർഘകാലാടിസ്ഥാനത്തിൽ, എല്ലാവരുടെയും ഏറ്റവും മൂർച്ചയേറിയ ആയുധം ദയയും, സൗമ്യതയുമുള്ള ആത്മാവാണ്."
യഥാർത്ഥ ജീവിതവുമായി ബന്ധിപ്പിച്ചാൽ സൗമ്യത എന്നത് സങ്കീർണ്ണമായ ഒരു വിഷയമായിരിക്കും.
യെശയ്യാവ് 40 ൽ ദൈവം ഒരേ സമയം സൗമ്യനും ശക്തനുമാണ് എന്ന ഒരു ചിത്രം നമുക്ക് ലഭിക്കുന്നു. 11-ആം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു: "ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻ കൂട്ടത്തെ മേയിക്കുന്നു: കുഞ്ഞാടുകളെ ഭുജത്തിൽ എടുക്കുന്നു." എന്നാൽ ആ വാക്യം ഇതിനുശേഷം വരുന്നതാണ്: "ഇതാ, യഹോവയായ കർത്താവു ബലശാലിയായി വരുന്നു; അവന്റെ ഭുജം അവന്നു വേണ്ടി ഭരണം ചെയ്യുന്നു" (വാക്യം 10). സർവ്വശക്തിയുള്ളതാണെങ്കിലും, ദുർബലമായതിനെ സംരക്ഷിക്കുവാൻ വരുമ്പോൾ അത് സൗമ്യതയുള്ളതാകുന്നു.
യേശുവിനെക്കുറിച്ച് ഓർക്കുക, അവൻ ഒരു ചമ്മട്ടി ഉണ്ടാക്കുകയും അത് വീശി ദൈവാലയത്തിലെ പൊൻ-വാണിഭക്കാരുടെ മേശകൾ മറിച്ചിടുകയും അതേസമയം കുട്ടികളെ സൗമ്യതയോടെ കരുതുകയും ചെയ്തു. പരീശന്മാരെ അപലപിക്കുവാൻ ശക്തമായ വാക്കുകൾ അവൻ ഉപയോഗിച്ചു (മത്തായി 23), പക്ഷേ, തന്റെ കരുണാർദ്രമായ സൗമ്യത ആവശ്യമായിരുന്ന സ്ത്രീയോട് അവൻ ക്ഷമിക്കുകയും ചെയ്തു (യോഹന്നാൻ 8:1-11).
ദുർബലർക്കുവേണ്ടി, അധികാരത്തോടെ എഴുന്നേറ്റ്, നീതിയെ പിന്തുടരുവാൻ മറ്റുള്ളവരോട് ആഹ്വാനം ചെയ്യുന്ന അവസരങ്ങൾ ഉണ്ടാകുമ്പോഴും- "നിങ്ങളുടെ സൗമ്യത സകല മനുഷ്യരും അറിയട്ടെ" (ഫിലിപ്പിയർ 4:5). നാം ദൈവത്തെ സേവിക്കുന്നതിനാൽ, നമ്മുടെ അതിമഹത്തായ ശക്തി, പലപ്പോഴും, ആവശ്യങ്ങളിലിരിക്കുന്നവർക്ക് സൗമ്യതയുടെ ഒരു ഹൃദയത്തെ വെളിപ്പെടുത്തുന്നു.
ശബ്ദകോലാഹലങ്ങളിൽനിന്നുള്ള രക്ഷപ്പെടൽ
ചില വർഷങ്ങൾക്ക് മുമ്പ്, ഒരു കോളേജ് അധ്യക്ഷ തന്റെ വിദ്യാർത്ഥികളോട്, അവരുടെ പ്രവൃത്തികളെല്ലാം “മന്ദീഭവിപ്പിച്ച്”, ഒരു വൈകുന്നേരം അവളോടൊപ്പം ചേരുവാൻ നിർദ്ദേശിച്ചു. വിദ്യാർത്ഥികൾ സമ്മതിച്ചെങ്കിലും, വളരെ വിമുഖതയോടെയാണ് അവർ തങ്ങളുടെ സെൽ ഫോണുകൾ മാറ്റിവെച്ച്, ചാപ്പലിൽ പ്രവേശിച്ചത്. അടുത്ത ഒരു മണിക്കൂർ അവർ സംഗീതം, പ്രാർത്ഥന എന്നിവ ഉൾപ്പെട്ട ആരാധനയിൽ ശാന്തമായി ഇരുന്നു. തഥനന്തരം, ഒരു സഹകാരി ആ അനുഭവത്തെ, "ശാന്തമാക്കുവാനുള്ള ഒരു അത്ഭുതകരമായ അവസരം....... ആവശ്യത്തിൽ കവിഞ്ഞ ആരവത്തെ മുഴുവൻ പുറത്താക്കുന്നതിനുള്ള ഒരു സ്ഥലം" എന്നാണ് വിശദീകരിച്ചത്.
ചിലപ്പോൾ, “അതിരുകടന്ന ബഹളത്തിൽ” നിന്ന് രക്ഷപ്പെടുക വളരെ ആയാസകരമാണ്. നമ്മുടെ ബാഹ്യ, ആന്തരിക ലോകങ്ങളുടെ ആരവം നമ്മുടെ ചെകിടടപ്പിക്കുന്നതായി മാറാം. എന്നാൽ, ദൈവത്തെ അറിയുവാൻ മൗനതയിൽ ആയിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള സങ്കീർത്തനക്കാരന്റെ ഓർമ്മപ്പെടുത്തൽ നാം ഗ്രഹിക്കുവാനാരംഭിക്കുന്നത്, നമ്മുടെ പ്രവൃത്തികളെ “മന്ദീഭവിപ്പിക്കുവാൻ” തയ്യാറാകുമ്പോഴാണ് (സങ്കീ. 46:10). 1 രാജാക്കന്മാർ 19-ൽ, ഏലിയാവ്, കൊടുങ്കാറ്റിന്റെ ഒച്ചപ്പാടിലും, ഭൂകമ്പത്തിലും, തീയിലും കർത്താവിനെ അന്വേഷിച്ചു എങ്കിലും കണ്ടെത്തുവാൻ സാധിച്ചില്ല എന്ന് (വാക്യങ്ങൾ 9-13) നാം കാണുന്നു. പകരം, ദൈവത്തിന്റെ മൃദു മന്ത്രണമാണ് ഏലിയാവ് ശ്രവിച്ചത് (വാക്യം 12).
സാധാരണഗതിയിൽ, ആഘോഷങ്ങളിൽ അമിത ശബ്ദം ഉറപ്പാണ്. കുടുംബങ്ങളും സുഹൃത്തുക്കളും ഒന്നിച്ചു കൂടുന്നത്, സചേതന സംഭാഷണങ്ങളുടെയും അമിതമായ ഭക്ഷണത്തിന്റെയും, ശബ്ദമുഖരിതമായ ചിരിയുടെയും സ്നേഹത്തിന്റെ മാധുര്യപ്രകടനങ്ങളുടെയും ഒരു വേളയായിരിക്കും. എന്നാൽ നാം നമ്മുടെ ഹൃദയത്തെ ശാന്തമായി തുറക്കുമ്പോൾ, ദൈവവുമായി ചിലവഴിക്കുന്ന ആ സമയം അതീവ മാധുര്യമുള്ളതാണെന്ന് നാം മനസ്സിലാക്കുന്നു. ഏലീയാവിനെപ്പോലെ, നാമും ശാന്തതയിൽ ദൈവത്തെ കണ്ടുമുട്ടുവാനാണ് കൂടുതൽ സാദ്ധ്യത. ചിലപ്പോൾ, നാം ശ്രദ്ധിക്കുകയാണെങ്കിൽ, നമുക്കും ആ മൃദുസ്വരം കേൾക്കുവാനാകും.
നിക്ഷേപത്തിലെ ആദായം
1995 ൽ അമേരിക്കയിലെ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകർ ഏറ്റവും ഉയർന്ന വരുമാനം നേടി – ഡോളറിൽ, ശരാശരി 37.6 ശതമാനം വരുമാനം നേടി. പിന്നീട്, 2008 ൽ നിക്ഷേപകർക്ക് ഏതാണ്ട് അതേ അളവിൽ നഷ്ടം ഉണ്ടായി: 37.0 ശതമാനം കുറവ്. ചില വർഷങ്ങൾക്കിടയിൽ ലഭിച്ച വ്യത്യസ്തമായ ആദായം, ഓഹരി വിപണികളിൽ പണം നിക്ഷേപിച്ചവരെ-ചിലപ്പോൾ ഭയത്തോടെ-അവരുടെ നിക്ഷേപത്തിന് എന്തു സംഭവിക്കും എന്ന് അതിശയിപ്പിക്കുന്നതിനു കാരണമായി.
തങ്ങളുടെ ജീവിതം യേശുവിൽ നിക്ഷേപിച്ചാൽ, അവിശ്വസനീയമാംവിധം ആദായം ലഭിക്കുമെന്ന്, യേശു തന്റെ അനുയായികൾക്ക് ഉറപ്പു നൽകി. അവർ "അവനെ പിന്തുടരുന്ന തിനായി സകലതും ഉപേക്ഷിച്ചു" - തങ്ങളുടെ ജീവിതങ്ങൾ തന്നെ നിക്ഷേപമാക്കുവാൻ, അവർ അവരുടെ ഭവനങ്ങളും തൊഴിലും പദവിയും കുടുംബങ്ങളും എല്ലാം ഉപേക്ഷിച്ചു (വാക്യം 28). എന്നാൽ, തന്റെ മേൽ ഉണ്ടായിരുന്ന ലൗകിക വസ്തുക്കളുടെ പ്രഭാവം മൂലം പ്രയാസം അനുഭവിച്ച ഒരു ധനവാനെ കണ്ടുകഴിഞ്ഞപ്പോൾ, തങ്ങളുടെ നിക്ഷേപത്തിൽ നിന്ന് ആദായം ലഭിക്കാതെ വരുമോയെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു. അതിന് യേശുവിന്റെ മറുപടി ഇങ്ങനെയായിരുന്നു, എന്നിരുന്നാലും, തനിക്കുവേണ്ടി ത്യാഗം സഹിക്കുവാൻ മനസ്സൊരുക്കമുള്ള ആർക്കും "ഈ കാലത്തിൽ സകലതും നൂറുമടങ്ങു ലഭിക്കും... വരുവാനുള്ള കാലത്തിൽ അവൻ നിത്യജീവനെയും അവകാശമാക്കും." (വാക്യം 30). ഏതൊരു ഓഹരി വിപണിയ്ക്കും താരതമ്യം ചെയ്യുവാൻ കഴിയുന്നതിലും എത്രയോ മെച്ചപ്പെട്ട പ്രതിഫലമാണ് ഇത്.
ദൈവം നൽകുന്നത് സമാനതകളില്ലാത്ത ഒരു ഉറപ്പായതിനാൽ, നമ്മുടെ ആത്മീക നിക്ഷേപത്തിന്റെ "പലിശ നിരക്കിനെ" സംബന്ധിച്ച്, നാം ഉത്കണ്ഠപ്പെടേണ്ടതില്ല. പണം കൊണ്ട്, നമ്മുടെ നിക്ഷേപത്തിൽ നിന്ന് പരമാവധി സാമ്പത്തിക ലാഭം കൊയ്യുകയെന്നതാണ് നമ്മുടെ ലക്ഷ്യം. എന്നാൽ ദൈവത്തോടുള്ള ബന്ധത്തിൽ, നമ്മുടെ ആദായം ഡോളറിലോ, രൂപയിലോ അല്ല, പ്രത്യുത, അവനെ ഇപ്പോഴും എപ്പോഴും അറിയുന്നതിലൂടെ ലഭ്യമാകുന്ന സന്തോഷത്തിലൂടെയും – ആ സന്തോഷം മറ്റുള്ളവരുമായി പങ്കിടുന്നതിലൂടെയും ആണ് അളക്കപ്പെടുന്നത്.
നിങ്ങൾ തിരഞ്ഞെടുക്കപ്പെടാതിരിക്കുമ്പോൾ
എന്റെ സുഹൃത്ത് ഒരു പ്രോജക്റ്റ് പൂർത്തിയാക്കിയതായി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ, പ്രഖ്യാപിച്ചു. മറ്റുള്ളവർ അദ്ദേഹത്തെ അഭിനന്ദിച്ചു, പക്ഷേ അദ്ദേഹത്തിന്റെ പോസ്റ്റ് എന്റെ ഹൃദയത്തെ കീറിമുറിച്ചു. ആ പ്രോജക്റ്റ് വാസ്തവത്തിൽ എന്റേതായിരിക്കേണ്ടതായിരുന്നു. അത് എന്നെ കടന്നു പോയിരിക്കുന്നു, എന്നാൽ എന്തുകൊണ്ടാണെന്ന് എനിക്ക് തീർച്ചയില്ല.
പാവം യോസേഫ്. ദൈവം അവനെ കടന്നുപോയി, എന്നാൽ അത് എന്തിനാണെന്ന് അവന് അറിയാമായിരുന്നു. യൂദായ്ക്ക് പകരം തിരഞ്ഞെടുക്കപ്പെടുവാനിരുന്ന രണ്ടുപേരിൽ ഒരാൾ ആയിരുന്നു, യോസേഫ്. ശിഷ്യന്മാർ പ്രാർഥിച്ചു: "സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ" (അപ്പൊ. 1:24). ദൈവം അടുത്ത വ്യക്തിയെ തിരഞ്ഞെടുത്തു. തുടർന്ന്, "ചീട്ടു മത്ഥിയാസിനു വീണപ്പോൾ", അവൻ തന്റെ തീരുമാനം കൂട്ടത്തെ അറിയിച്ചു (വാക്യം. 26).
ശിഷ്യന്മാർ മത്ഥിയാസിനെ അഭിനന്ദിച്ചപ്പോൾ, യോസേഫിനെക്കുറിച്ച് എനിക്ക് അതിശയം തോന്നുന്നു. തന്റെ തിരസ്കരണം അവൻ എങ്ങനെയായിരിക്കും നേരിട്ടത്? അയാൾക്ക്, താൻ വഞ്ചിക്കപ്പെട്ടവനായി തോന്നിയോ?, സ്വയാനുകമ്പയിൽ മുഴുകി മറ്റുള്ളവരിൽ നിന്ന് അകന്നുപോയോ? അതോ അവൻ ദൈവത്തിൽ ആശ്രയിക്കുകയും പിന്തുണാത്മക പങ്കു വഹിച്ച് സന്തോഷത്തോടെ നിലകൊള്ളുകയും ചെയ്തിരുന്നോ?
ഏതാണ് നല്ല തിരഞ്ഞെടുപ്പ് എന്ന് എനിക്കറിയാം. ഞാൻ ഏതു തിരഞ്ഞെടുക്കുവാൻ ആഗ്രഹിക്കുന്നു എന്നും എനിക്കറിയാം. എത്ര ലജ്ജാകരമാണ്! നിങ്ങൾക്ക് എന്നെ ആവശ്യമില്ലെങ്കിൽ, ശരി. എന്നെക്കൂടാതെ നിങ്ങൾ എപ്രകാരം ചെയ്യും എന്ന് നമുക്ക് നോക്കാം. ആ തിരഞ്ഞെടുപ്പ് മെച്ചപ്പെട്ടതായി തോന്നിയേക്കാം, എന്നാൽ ഇത് സ്വാർത്ഥത കൊണ്ടു മാത്രമാണ്.
ഈ യോസഫിനെക്കുറിച്ച് തിരുവെഴുത്തിൽ വീണ്ടും പരാമർശിച്ചു കാണുന്നില്ല, ആയതിനാൽ അദ്ദേഹം എങ്ങനെ പ്രതികരിച്ചു എന്ന് നാം അറിയുന്നില്ല. നമ്മെ തിരഞ്ഞെടുക്കാത്ത വേളയിലുള്ള നമ്മുടെ പ്രതികരണം കൂടുതൽ പ്രസക്തമാണ്. നമ്മുടെ ജയത്തേക്കാൾ പ്രധാനം, യേശുവിന്റെ രാജ്യമാണെന്ന കാര്യം നാം ഓർക്കുന്നുണ്ടോ?, അവൻ തിരഞ്ഞെടുക്കുന്ന ഏതു കർത്തവ്യത്തിലും നമുക്ക് സന്തോഷപൂർവം അവനെ സേവിക്കാം.
അവിടെയും നമ്മോടു കൂടെ
സ്പഗെറ്റി സോസ് വെച്ചിരുന്ന അലമാരയുടെ മുകളിലത്തെ തട്ടിലേയ്ക്കു തന്നെ പൂർണ്ണ ഏകാഗ്രതയോടെ നോക്കി നിൽക്കുകയായിരുന്നു അവൾ. ഏതെടുക്കണം എന്ന് തീരുമാനിക്കുവാൻ ശ്രമിച്ചുകൊണ്ട്, ഞാനും, ഒന്നോ രണ്ടോ മിനിട്ടുകൾ അതേ അലമാരയിലേയ്ക്കു തന്നേ നോക്കി, പലവ്യഞ്ജനങ്ങളുടെ ഇടനാഴിയിൽ അവളുടെ അരികിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ അവൾ എന്റെ സാന്നിധ്യം വിസ്മരിച്ച്, സ്വന്തം വിഷമാവസ്ഥയിൽ, നഷ്ടപ്പെട്ടതു പോലെ ആയിരുന്നു. എനിക്ക് അത്യാവശ്യം പൊക്കം ഉണ്ടായിരുന്നതിനാൽ, ഉയരമുള്ള അലമാര എനിക്ക് ഒരു പ്രശ്നം ആയിരുന്നില്ല. എന്നാൽ, അവൾക്ക് അധികം ഉയരം ഉണ്ടായിരുന്നില്ല. ഞാൻ സംസാരിക്കുവാൻ ആരംഭിക്കുകയും സഹായസന്നദ്ധത അറിയിക്കുകയും ചെയ്തു. ഞെട്ടലോടെ അവൾ പറഞ്ഞു, "ഭാഗ്യം, നിങ്ങൾ ഇവിടെ നിന്നിരുന്നത് പോലും ഞാൻ അറിഞ്ഞില്ല. അതേ, ദയവായി എന്നെ സഹായിക്കൂ."
സാഹചര്യം പൂർണ്ണമായും ശിഷ്യന്മാരുടെ കൈകളിൽ ആയിരുന്നു -വിശന്നു വലഞ്ഞ ജനക്കൂട്ടം, വിജനമായ ഒരു സ്ഥലം, സമയം പോയ്ക്കൊണ്ടിരിക്കുന്നു- "നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം." (മത്തായി 14:15). ജനങ്ങളെ പരിചരിക്കുന്നതിനായി യേശു ആഹ്വാനം ചെയ്യുമ്പോൾ, അവർ ഇപ്രകാരം പ്രതിവചിച്ചു: "ഞങ്ങൾക്ക് ഇവിടെ ഉള്ളത് ഇത്ര മാത്രം... (വാക്യം 17). തങ്ങളുടെ ഇല്ലായ്മയെക്കുറിച്ചു മാത്രം അവർക്ക് ബോധ്യം ഉണ്ടായിരുന്നതു പോലെ കാണപ്പെട്ടു. എങ്കിലും അപ്പം ഇരട്ടിപ്പിക്കുന്നവൻ മാത്രമല്ല, സാക്ഷാൽ ജീവന്റെ അപ്പവും ആയ യേശു അവരോടൊപ്പം നിൽക്കുന്നുണ്ടായിരുന്നു.
പലപ്പോഴും വെല്ലുവിളികളാൽ ചുറ്റിവരിയപ്പെട്ടവരായി, നമ്മുടെ പരിമിത കാഴ്ചപ്പാടുകളിലൂടെ നാം തന്നെ അവയെ ഗ്രഹിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സുസ്ഥിരസാന്നിധ്യം നാം വിട്ടു പോകുന്നു. വിദൂര മലയിടുക്കുകൾ മുതൽ പലചരക്ക് കടകളുടെ ഇടവഴികൾ വരെ, ഇതിനിടയിലുള്ള മറ്റെവിടെയായാലും, അവൻ ഇമ്മാനുവേൽ ആണ്- കഷ്ടങ്ങളിൽ അടുത്ത തുണയായിരിക്കുന്ന ദൈവം അവിടെ നമ്മോടൊപ്പമുണ്ട്.
വേദനയിലും ഒരു ഉദ്ദേശ്യമോ?
തന്റെ വൃക്ക തകരാറിലാണെന്നും ജീവിതകാലം മുഴുവൻ തനിക്ക് ഡയാലിസിസ് വേണ്ടിവരുമെന്നും സ്യൂ ഫെൻ കണ്ടുപിടിച്ചപ്പോൾ, അവൾ എല്ലാം അവസാനിപ്പിക്കുവാൻ ആഗ്രഹിച്ചു. വിരമിച്ചവളും ഏകാകിയും, എന്നാൽ, യേശുവിൽ ദീർഘകാല വിശ്വാസിയുമായ അവൾക്ക്, തന്റെ ജീവിതം നീട്ടിക്കൊണ്ടുപോകുന്നതിൽ അർത്ഥമൊന്നും തോന്നിയില്ല. പക്ഷേ, സ്ഥിരോത്സാഹത്തോടെ ഡയാലിസിസ് ചെയ്യുവാനും, സഹായലഭ്യതയ്ക്ക് ദൈവത്തിൽ ആശ്രയിക്കുവാനും അവളുടെ സുഹൃത്തുക്കൾ അവൾക്ക് ബോധ്യം വരുത്തി.
രണ്ടു വർഷത്തിനു ശേഷം, തന്റെ സഭയിലെ, ശാരീരിക ദൗർബല്യം നേരിടുന്ന ഒരു സുഹൃത്തിനെ സന്ദർശിച്ചപ്പോൾ അവളുടെ അനുഭവം പ്രയോജനപ്പെടുന്നതായി അവൾ കണ്ടു. താൻ കടന്നു പോകുന്ന അവസ്ഥ യഥാർത്ഥത്തിൽ മനസ്സിലാക്കുവാൻ കഴിഞ്ഞത് വളരെ കുറച്ചുപേർക്കുമാത്രമായിരുന്നു; അതിനാൽ, ആ സ്ത്രീയ്ക്ക് ഏകാന്തത അനുഭവപ്പെട്ടു. എന്നാൽ, സ്യൂ ഫെൻ അവളുടെ ശാരീരികവും വൈകാരികവുമായ വേദന തിരിച്ചറിയുകയും അവളോട് വ്യക്തിപരമായ രീതിയിൽ ബന്ധപ്പെടുകയും ചെയ്തു. ആ സ്ത്രീയോടൊപ്പം നടന്ന്, മറ്റാർക്കും നൽകുവാൻ കഴിയാത്ത വിധം ഒരു പ്രത്യേക അളവിലുള്ള ആശ്വാസം അവർക്കു നൽകുവാൻ, അവളുടെ സ്വന്തം ജീവിതയാത്ര അവളെ പ്രാപ്തയാക്കി. അവൾ ഇങ്ങനെ പറഞ്ഞു, "ദൈവത്തിന്, ഇപ്പോഴും എന്നെ എപ്രകാരം ഉപയോഗിക്കാനാകും എന്ന് ഞാൻ ഇപ്പോൾ കാണുന്നു”.
നാം ക്ലേശമനുഭവിക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കുവാൻ വളരെ ബുദ്ധിമുട്ടായിരിക്കാം. എങ്കിലും, തികച്ചും അപ്രതീക്ഷിതമായ വിധത്തിൽ നമ്മുടെ ദുഃഖാവസ്ഥയെ ഉപയോഗിക്കുവാൻ ദൈവത്തിനു കഴിയും. നമ്മുടെ ശോധനകളുടെ മദ്ധ്യത്തിൽ, ആശ്വാസത്തിനും സ്നേഹത്തിനും വേണ്ടി നാം അവനിലേക്കു തിരിയുമ്പോൾ, മറ്റുള്ളവരെ സഹായിക്കുവാൻ അത് നമ്മെ ശക്തീകരിക്കുന്നു. സ്വന്തം കഷ്ടപ്പാടുകളിലെ ഉദ്ദേശ്യം കണ്ടെത്തുവാൻ പൌലോസ് പഠിച്ചതിൽ, തെല്ലും അതിശയോക്തിയില്ല: ദൈവീക ആശ്വാസം പ്രാപിക്കുന്നതിനുള്ള അവസരം അതു നൽകുകയും, പിന്നീട്, അതുപയോഗിച്ച് മറ്റുള്ളവരെ അനുഗ്രഹിക്കുവാൻ സാധിക്കുകയും ചെയ്തു. (2 കൊരിന്ത്യർ 1:3-5). നമ്മുടെ വേദനയും കഷ്ടപ്പാടും നിഷേധിക്കുന്നതിനല്ല നാം വിളിക്കപ്പെട്ടിരിക്കുന്നത്, പ്രത്യുത, അത് നൻമയ്ക്കായി ഉപയോഗിക്കുവാനുള്ള ദൈവീകകഴിവിൽ ധൈര്യം കണ്ടെത്തുന്നതിനാണ്.
നിധിയ്ക്കു വേണ്ടിയുള്ള അന്വേഷണം
കുഴിച്ചിട്ട നിധി. ഇത് കുട്ടികളുടെ ഒരു കഥാ പുസ്തകത്തിൽ നിന്ന് എടുത്തതുപോലെ തോന്നുന്നു. 2 മില്ല്യൺ ഡോളർ വിലമതിക്കുന്ന ആഭരണങ്ങളും സ്വർണ്ണവും നിറഞ്ഞ ഒരു പെട്ടി, പാറകൾ നിറഞ്ഞ മലയിടുക്കുകളിൽ എവിടെയോ താൻ ഉപേക്ഷിച്ചതായി, വിചിത്രപ്രകൃതമുള്ള കോടീശ്വരനായ ഫോറെസ്റ്റ് ഫെൻ അവകാശപ്പെടുന്നു. അനേകർ ഇത് അന്വേഷിച്ചു പോയി. വാസ്തവത്തിൽ, മറച്ചുവെച്ച ഈ നിധി കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിൽ, നാല് പേർക്ക് തങ്ങളുടെ ജീവൻ പോലും നഷ്ടമായിരിക്കുന്നു.
സദൃശവാക്യരചയിതാവ്, അല്പം നിർത്തിചിന്തിക്കുന്നതിനുള്ള കാരണം നമുക്കു നൽകുന്നു: ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം ഇത്തരം ഒരു അന്വേഷണത്തിന് യോഗ്യമാണോ? സദൃശവാക്യങ്ങൾ 4-ൽ, ഒരു പിതാവ് തന്റെ മക്കൾക്ക്, എങ്ങനെ നന്നായി ജീവിക്കാം എന്നതിനെക്കുറിച്ച് രേഖപ്പെടുത്തുന്നതിൽ, എന്തു വിലനൽകിയും നേടിയെടുക്കേണ്ട അന്വേഷണയോഗ്യമായ ഒന്നാണ് ജ്ഞാനം (വാക്യം 7) എന്ന് അഭിപ്രായപ്പെടുന്നു. ജ്ഞാനം നമ്മെ ജീവിതത്തിൽ വഴി നയിക്കുകയും, ഇടർച്ചയിൽനിന്നു നമ്മെ സൂക്ഷിക്കുകയും, ബഹുമാനത്താൽ മഹത്വകിരീടം ചൂടിക്കുകയും ചെയ്യും (വാക്യം 8-12). യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളായ യാക്കോബും, നൂറുകണക്കിനു വർഷങ്ങൾക്കു ശേഷം, ജ്ഞാനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരിക്കുന്നു. "ഉയരത്തിൽനിന്നുള്ള ജ്ഞാനമോ, ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു." (യാക്കോബ് 3:17) എന്നു അദ്ദേഹം എഴുതുന്നു. നാം ജ്ഞാനം അന്വേഷിക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽ ആവശ്യമായ എല്ലാ നല്ല കാര്യങ്ങളാലും നാം അഭിവൃദ്ധി പ്രാപിക്കുന്നു.
ജ്ഞാനം അന്വേഷിക്കുകയെന്നാൽ, ആത്യന്തികമായി, സർവ്വജ്ഞാനത്തിന്റെയും അറിവിന്റെയും ഉറവിടമായ ദൈവത്തെ അന്വേഷിക്കുക എന്നതാണ്. ഉയരത്തിൽ നിന്നു വരുന്ന ജ്ഞാനത്തെ അന്വേഷിക്കുന്നത്, നമുക്ക് സങ്കൽപിക്കുവാനാകുന്ന, കുഴിച്ചിടപ്പെട്ട ഏതെങ്കിലും നിധിയുടെ വിലയേക്കാൾ അധികമാണ്.